Image

കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി

Published on 15 October, 2011
കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന ബഹളത്തിന്റെയും കയ്യാങ്കളിയുടേയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീഡിയോ പരിശോധനയ്ക്ക് ശേഷവും ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങളുടെ പരിശോധന മാധ്യമങ്ങളുടെ മുമ്പാകെ വേണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തത്. നിയമസഭാ നടപടിക്രമങ്ങള്‍ മുഴുവനും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറയുന്നവര്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക