Image

വിദ്വേഷത്തിനെതിരെ മുസ്ലീം പ്രതികരണം ശ്രദ്ധ പിടിച്ചുപറ്റി

Published on 24 September, 2013
വിദ്വേഷത്തിനെതിരെ മുസ്ലീം പ്രതികരണം ശ്രദ്ധ പിടിച്ചുപറ്റി
ന്യൂയോര്‍ക്ക്‌: 9/11 വാര്‍ഷിക ദിനത്തില്‍ 3000 ഖുര്‍ആന്‍ കത്തിക്കുമെന്നായിരുന്നു ഫ്‌ളോറിഡയിലെ പാസ്റ്റര്‍ ടെറി ജോണ്‍സിന്റെ വീരവാദം. പക്ഷെ ഖുര്‍ആന്‍ കത്തിക്കുന്നതിനു മുമ്പ്‌ പാസ്റ്റര്‍ ജോണ്‍സ്‌ അറസ്റ്റിലായി.

പരക്കെ ആക്ഷേപിക്കപ്പെട്ട നിന്ദ്യമായ ഈ നടപടിക്കെതിരേ ലോംഗ്‌ ഐലന്റിലെ ഇസ്ലാമിക്‌ സമൂഹം പ്രതികരിച്ചത്‌ സേവനത്തിന്റെ അപൂര്‍വ്വ മാതൃക കാട്ടിയാണ്‌. ഭക്ഷ്യസാധനങ്ങളുടെ 3000 പാക്കറ്റുകളും കാനുകളും അന്നു വിതരണം ചെയ്‌തുകൊണ്ടാണ്‌ വെസ്റ്റ്‌ ബറിയിലെ ഇസ്ലാമിക്‌ സെന്റര്‍ ഓഫ്‌ ലോംഗ്‌ ഐലന്റ്‌ മാതൃകയായത്‌. 3000-ത്തിനു പകരം 4000 ഭക്ഷ്യസാധനങ്ങള്‍ (കേടുവരാത്തവ) ചുരുങ്ങിയ സമയംകൊണ്ട്‌ ശേഖരിക്കാന്‍ സെന്ററിന്റെ മുന്‍ പ്രസിഡന്റ്‌ ഹബീബ്‌ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായി. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്റര്‍ഫെയ്‌ത്ത്‌ പ്രോഗ്രാമുകളില്‍ സജീവമാണ്‌ ഹബീബ്‌ അഹമ്മദ്‌.

പെട്ടികളിലായി പായ്‌ക്‌ ചെയ്‌ത സാധനങ്ങള്‍ ലോംഗ്‌ ഐലന്റിലെ നിര്‍ധന കുടുംബങ്ങള്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ വഴിയും, സെന്റ്‌ ബ്രിജിത്ത്‌സ്‌ പാന്‍ട്രി വഴയും വിതരണം ചെയ്‌തു.

ഇതു സംബന്ധിച്ച്‌ ചേര്‍ന്ന ചടങ്ങില്‍ വിവിധ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വിശുദ്ധ ഖുര്‍ആനില്‍ ദൈവം നിര്‍ദേശിച്ചതും പ്രവാചകന്‍ നല്‍കിയ മാതൃകകളും അനു
രിച്ചുള്ള പ്രവര്‍ത്തനമാണിതെന്ന്‌ സെന്റര്‍ ട്രസ്റ്റി ഡോ. ഫാറൂഖ്‌ ഖാന്‍ പറഞ്ഞു. സദ്‌പ്രവര്‍ത്തിയും ദുഷ്‌പ്രവര്‍ത്തിയും തുല്യമല്ലെന്നും തിന്മയെ നന്മകൊണ്ട്‌ നേരിടുമ്പോള്‍ ശത്രുക്കളും മിത്രങ്ങളാകുമെന്ന ഖുര്‍ആന്‍ വാക്യം അദ്ദേഹം ഉദ്ധരിച്ചു.

ഭിന്നതകളേക്കാള്‍ കൂടുതല്‍ ഐക്യമാണ്‌ മതങ്ങള്‍ തമ്മിലുള്ളതെന്നും അതിനാല്‍ മതങ്ങള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ലോംഗ്‌ ഐലന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ റവ ടോം ഗുഡ്‌ഹു, ബല്‍റോസ്‌ ജ്യൂവിഷ്‌ സെന്ററിലെ റബ്ബായി മെന്‍ഷെ ബോവിറ്റ്‌, ലോംഗ്‌ ഐലന്റ്‌ ഇന്റര്‍ ഫെയ്‌ത്ത്‌ അലയന്‍സിന്റെ റവ. മാര്‍ക്‌ ലൂക്കന്‍സ്‌ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക്‌ സെന്റര്‍ ഓഫ്‌ ഈസ്റ്റ്‌ മെഡോയിലെ ഇമാം അഹമ്മദുള്ള കമാലിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ സമാപിച്ചു. ഇസ്ലാമിക്‌ സെന്ററിലെ പീസ്‌ ഗാര്‍ഡനു സമീപം വെച്ചായിരുന്നു ചടങ്ങുകള്‍. വേള്‍ഡ്‌ ട്രേഡ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ഓര്‍മ്മയ്‌ക്കായാണ്‌ പീസ്‌ ഗാര്‍ഡന്‍ സ്ഥാപിതമായത്‌.
വിദ്വേഷത്തിനെതിരെ മുസ്ലീം പ്രതികരണം ശ്രദ്ധ പിടിച്ചുപറ്റിവിദ്വേഷത്തിനെതിരെ മുസ്ലീം പ്രതികരണം ശ്രദ്ധ പിടിച്ചുപറ്റിവിദ്വേഷത്തിനെതിരെ മുസ്ലീം പ്രതികരണം ശ്രദ്ധ പിടിച്ചുപറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക