Image

മോഡി കേരളത്തെ ലക്ഷ്യം വെക്കുന്നുവോ?

Published on 25 September, 2013
മോഡി കേരളത്തെ ലക്ഷ്യം വെക്കുന്നുവോ?
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നരേന്ദ്രമോഡി തന്റെ പ്രീയപ്പെട്ട ഇടങ്ങളിലൊന്നായി കേരളത്തെയും ലക്ഷ്യം വെക്കുന്നുവോ എന്നതാണ് ഇന്ന് കേരള രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന ചോദ്യം. ഈ ചോദ്യത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ഇടതു വലത് കക്ഷികള്‍ നരേന്ദ്രമോഡിയെ ഭയക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതിന് പിന്നില്‍ നരേന്ദ്രമോഡിയുടെ കേരളീയ സന്ദര്‍ശനവും കേരളാ ബന്ധങ്ങലും തന്നെയാണുള്ളതെന്ന് വ്യക്തം.
ശിവഗിരി മഠത്തിലാണ് കഴിഞ്ഞ തവണ നരേന്ദ്രമോഡി എത്തിയത്. ഇത്തവണ കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആത്മീയ നേതാവായ അമൃതാനന്ദമയിയൂടെ അറുപതാം പിറന്നാല്‍ ആഘോഷത്തിനാണ് മോഡി എത്തുന്നത്. ഈ അറുപതാം പിറന്നാല്‍ ആഘോഷത്തില്‍ ദേശിയ തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി പ്രമുഖര്‍ എത്തുന്നുണ്ട്. രാഷ്ട്രീയ ഇതര മണ്ഡലങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തുന്നുണ്ട്. എങ്കിലും ആഘോഷത്തിലെ താരമൂല്യം സ്വന്തമാക്കിയിരിക്കുന്നത് നരേന്ദ്രമോഡി തന്നെ.

തുടര്‍ച്ചയായി നരേന്ദ്രമോഡി കേരളത്തിലേക്ക് എത്തുന്നതിനെയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബിജെപിയുടെ ദേശിയ നേതാക്കള്‍ പൊതുവെ താത്പര്യം പ്രകടിപ്പിക്കാത്ത സംസ്ഥാനമായിരുന്നു കേരളം. കേരളത്തില്‍ ഇതുവരെ താമര വിരിയാത്തതിനാല്‍ അങ്ങനെയൊന്ന്  സംഭവിക്കാന്‍ വിദൂരസാധ്യതപോലും ഇല്ലാതിരുന്നതിനാല്‍ ബിജെപിയുടെ പരിഗണനയില്‍ കേരളമില്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ നരേന്ദ്രമോഡി കേരളത്തെയും മാറ്റിനിര്‍ത്തുന്നില്ല എന്നതാണ് മനസിലാക്കേണ്ടത്. മലയാളത്തില്‍ മലയാളികള്‍ക്ക് ഓണം ആശംസ നേര്‍ന്ന മോഡിയുടെ മൂന്ന് മിനിറ്റ് യുട്യൂബ് വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ വന്‍ ഹിറ്റായിരുന്നു. ആദ്യമായിട്ടായിരിക്കും ദേശിയ തലത്തിലെ ഒരു ഉത്തരേന്ത്യന്‍ ഹൈപ്പവറില്‍ നിന്നും മലയാളിക്ക് ഒരു ഓണം ആശംസ ലഭിക്കുന്നത്, അതും മലയാളത്തില്‍. സത്യത്തില്‍ മോഡിവിരുദ്ധര്‍ മോഡിയുടെ ഈ പ്രചരണ തന്ത്രത്തില്‍ ശരിക്കും നടുങ്ങി. രാഹുലിനെക്കൊണ്ടു പോലും ഇങ്ങനെയൊന്ന് ചെയ്യിച്ചെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിപോയിരുന്നില്ല.

ഇപ്പോള്‍ നരേന്ദ്രമോഡി ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കാന്‍ പോകുന്ന സീറ്റുകളിലൊന്ന് വാരണാസിയും മറ്റൊന്ന് സാക്ഷാല്‍ കേരളത്തിലെ തിരുവനന്തപുരവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.  കേരളത്തിലെ ഒരു ദിനപ്പത്രം തന്നെ ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡി ഇത്രയും കടന്നു ചിന്തിച്ചുകളയുമെന്ന് ഒരിക്കലും ഇടതുപക്ഷമോ കോണ്‍ഗ്രസോ കരുതിയിരിക്കില്ല. നരേന്ദ്രമോഡിയെപ്പോലെ സ്റ്റാര്‍ വാല്യു ഉള്ള ഒരാള്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തീര്‍ച്ചയായും കേരളത്തില്‍ ആദ്യമായി താമര വിരിയും എന്നുറപ്പ്. ബിജെപിക്ക് ഏറ്റവുമധികം വോട്ടുള്ള പ്രദേശം കൂടിയാണ് തിരുവനന്തപുരം. എന്നിരുന്നാലും ബിജെപിക്ക് പ്രത്യേകിച്ച് വലിയ ഗുണമൊന്നും ചെയ്യാത്ത കേരളത്തെ എന്തിന് മോഡി ലക്ഷ്യം വെക്കണമെന്നതാണ് പ്രധാന ചോദ്യം. ഇവിടെയാണ് മോഡി കമ്മ്യൂണിസ്റ്റ് അതിപ്രസരമുള്ള പ്രദേശങ്ങളിലേക്ക് കടന്നു വരുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയേണ്ടത്. കേരളം കൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോഡി താത്പര്യം പ്രകടിപ്പിച്ച മറ്റൊരു സ്റ്റേറ്റ് ബംഗാളാണ്.

ബംഗാളിലെ മമതാ ബാനര്‍ജിക്ക് മോഡിയോട് വലിയ താത്പര്യമില്ലെങ്കിലും മമതയുടെ സൗഹൃദം നേടാന്‍ മോഡി ശ്രമിക്കുന്നുമുണ്ട്. ബംഗാളില്‍ തുടര്‍ച്ചയായി മൂന്ന്  തവണ സമീപകാലത്ത് മോഡി എത്തിയിരുന്നു. ഇവിടെ നടന്ന രാഷ്ട്രീയ പ്രസംഗങ്ങളിലെല്ലാം മമതയെ പുകഴ്ത്തുന്ന നിലപാടായിരുന്നു മോഡിയുടേത്. കേരളത്തിലും ബംഗാളിലുമെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരികളെ തനിക്കൊപ്പം നിര്‍ത്തുക എന്ന തന്ത്രമാണ് ഇവിടെ മോഡി നടപ്പാക്കുന്നത്. ബംഗാളില്‍ മമതയുടെ തൃണമുല്‍ കോണ്‍ഗ്രസെങ്കില്‍ കേരളത്തില്‍ മോഡിയുടെ ലക്ഷ്യം ഇടതുപക്ഷത്തോട് എതിര്‍പ്പുള്ള ഹിന്ദു സമുദായ സംഘടനകളാണ്. അതില്‍ ദളിത് സംഘടനകള്‍ മുതല്‍ അമൃതാനന്ദമയി മഠം പോലെയുള്ള ആത്മമീയ സ്ഥാപനങ്ങള്‍ വരെ ഉള്‍പ്പെടും.

ബിജെപിയെക്കാള്‍ ജനങ്ങള്‍ക്കിടയില്‍ മോഡി വിരുദ്ധത ചര്‍ച്ചയാക്കുന്ന രാഷ്ട്രീയ തന്ത്രം കമ്മ്യൂണിസ്റ്റ് ചേരികളില്‍ നിന്നും നടപ്പാക്കപ്പെടുന്നുണ്ട്. ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി മോഡിവിരുദ്ധ പ്രചരണങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസിനേക്കാള്‍ ആത്മാര്‍ഥമായി മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തന്നെ. സോഷ്യല്‍ മീഡികളില്‍പ്പോലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളില്‍ നിന്നും വരുന്ന മോഡിവിരുദ്ധ പ്രചരണങ്ങള്‍ സജീവമാണ്. ഇവിടെയാണ് കേരളത്തിലേക്ക് കടന്നു കയറാനുള്ള മോഡിയുടെ തീരുമാനത്തിന്റെ പ്രസക്തിയും. ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ തീര്‍ച്ചയായും നരേന്ദ്രമോഡി ആഗ്രഹിക്കുന്നുണ്ട്. ഇന്ന് മോഡിയെ തിരുവന്തപുരത്ത് സന്ദര്‍ശിച്ചവരില്‍ ചില ഹിന്ദുസമുദായ സംഘടനകളുടെ നേതാക്കളുമുണ്ടായിരുന്നു എന്നതില്‍ നിന്നും മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലും കളമൊരുക്കപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട്ബാങ്കുകളായിരുന്ന ഹിന്ദുസമുദായങ്ങളില്‍ നരേന്ദ്രമോഡിക്ക് വിള്ളലുണ്ടാക്കാന്‍ കഴിയുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ മോഡിവിരുദ്ധ പ്രചരണങ്ങള്‍ ചിലപ്പോഴെങ്കിലും അപഹാസ്യമായി
ജനങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്നു എന്നത് സത്യമാണ്.  റിപ്പോര്‍ട്ട് ചാനലില്‍ നികേഷ്‌കുമാര്‍ നയിച്ച ന്യൂസ്‌നൈറ്റ് ചര്‍ച്ചയില്‍ നികേഷ്‌കുമാറിന്റെയും തോമസ് ഐസക്കിന്റെയും വാദഗതികളില്‍ നിന്നും വ്യക്തമാകുന്നതും ഇതു തന്നെ. മോഡിയുടെ ഗുജറാത്തില്‍ നടന്ന നാഷണല്‍ സെമിനാറില്‍ മുന്‍പ് ഷിബു ബേബി ജോണ്‍ പങ്കെടുത്തതും തുടര്‍ന്ന് മറ്റൊരു സെമിനാറില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കേരളത്തില്‍ നിന്നും പങ്കെടുത്തതും നികേഷ്‌കുമാറും തോമസ് ഐസക്കും വിമര്‍ശിക്കുന്നു. ന്യൂസ് നൈറ്റില്‍ ഇതിനു മറുപടി പറഞ്ഞ ഷിബു ബേബി ജോണിന്റെ വാദഗതികള്‍ അനാവശ്യമോഡിപ്പേടിയെ തള്ളിക്കളയുന്നതായിരുന്നു. ഗുജറാത്ത് എന്നത് ഒരു ഇന്ത്യന്‍  സംസ്ഥാനമാണ് എന്ന് നികേഷ്‌കുമാര്‍ മനസിലാക്കണം എന്നായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി.

 ഗുജറാത്ത് എന്നത് ഒരു വിദേശ രാജ്യമെന്ന പോലെയുള്ള പ്രചരണങ്ങള്‍ തീവ്രഹൈന്ദവ ശക്തികള്‍ക്ക്  വീണ്ടും ശക്തി നല്‍കുകയേ ഉള്ളു എന്ന ഷിബു ബേബി ജോണിന്റെ വാദഗതി യഥാര്‍ഥ രാഷ്ട്രീചിത്രം വ്യക്തമാക്കുന്നത് തന്നെ. ഗുജറാത്തിലേക്ക് പോകരുത് മോഡിയെ കേരളത്തില്‍ കയറ്റരുത് പോലെയുള്ള പ്രചരണങ്ങള്‍ മോഡിക്ക് ഇല്ലാത്ത രാഷ്ട്രീയ മേല്‍ക്കൈ നേടിക്കൊടുക്കുകയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിലയിരുത്തല്‍. ഇവിടെ ഷിബുബേബി  ജോണിന്റെ നിഗമനങ്ങള്‍ തീര്‍ത്തും ശരിയാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തില്‍ പോലും മോഡിയെ ചര്‍ച്ചയാക്കുന്നത് മോഡിവിരുദ്ധരുടെ അനാവശ്യഭയങ്ങള്‍ തന്നെയാണ്. അല്ലെങ്കില്‍ മോഡി വരുകയും വന്നതുപോലെയങ്ങ് പോകുകയും ചെയ്യുമായിരുന്നു. പക്ഷെ ഇതിപ്പോള്‍ മോഡി കേരളം കണ്ടത് ഒരു സംഭവമായി മാറിയിരിക്കുന്നു.


മോഡി കേരളത്തെ ലക്ഷ്യം വെക്കുന്നുവോ?
Join WhatsApp News
murali 2013-09-29 12:08:53
If BJP won a seat, it will be due to the Congress and CPM....Let us try BJP also
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക