Image

വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ രജതജൂബിലി: അയ്യപ്പമഹായജ്ഞവും ഭക്തസംഗമവും ഒക്‌ടോബര്‍ 12,13 തീയതികളില്‍

Published on 27 September, 2013
വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ രജതജൂബിലി: അയ്യപ്പമഹായജ്ഞവും ഭക്തസംഗമവും ഒക്‌ടോബര്‍ 12,13 തീയതികളില്‍
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അയ്യപ്പ ഭക്തിയുടെ ദീപനാളമായി പ്രകാശം പരത്തുകയും ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് ഒട്ടേറെ സേവനങ്ങള്‍ നടത്തുകയും ചെയ്യുന്ന വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് അയ്യപ്പ മഹായജ്ഞവും, ഭക്തസംഗമവും സംഘടിപ്പിക്കുന്നു.

ന്യൂജേഴ്‌സിയിലെ ഹിന്ദു സമാജ് മന്ദിറിന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ (മാവ) ഒക്‌ടോബര്‍ 12, 13 തീയതികളില്‍ നടക്കുന്ന യജ്ഞത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ഇന്ത്യാ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. യജ്ഞാചാര്യന്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ്. അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂജാരിമാരും സഹകാര്‍മികരായിരിക്കും.

ലോക നന്മ ലക്ഷ്യമാക്കി നടത്തുന്ന യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാനസീകമായി ശുദ്ധികലശം ചെയ്ത അനുഭവമാകും ലഭ്യമാകുകയെന്ന് ട്രസ്റ്റിന്റെ സ്ഥാപകനും ഗുരുസ്വാമിയുമായ പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. മതഭേദമൊന്നുമില്ലാതെ എല്ലാ അയ്യപ്പഭക്തരും ചേര്‍ന്ന് നടത്തുന്ന പൊതുനന്മയ്ക്കായുള്ള ആത്മീയ ചടങ്ങാണിത് -- 51 വര്‍ഷമായി മുടക്കമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

ഇരുമുടി ഏന്തി അഞ്ഞൂറോളം ബാലകരും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന ഘോഷയാത്ര അമേരിക്കയിലാദ്യമായിരിക്കും. ലോക നന്മയ്ക്കായുള്ള ഗണപതി ഹോമം, വനിതകള്‍ക്കുവേണ്ടിയുള്ള സുഹാസിനി പൂജ എന്നിവയാണ് എടുത്തുപറയേണ്ട ചടങ്ങുകള്‍. നവരാത്രി സമയത്ത് സുഹാസിനി പൂജ നടത്താന്‍ മുഹൂര്‍ത്തം കൈവരുന്നത് അഞ്ചു നൂറ്റാണ്ടിലൊരിക്കലാണെന്നും ഇതില്‍ പങ്കെടുക്കുന്ന വനിതകള്‍ മഹാലക്ഷ്മിക്ക് തുല്യരായി കണക്കാക്കപ്പെടുന്നുവെന്നും ട്രസ്റ്റിന്റെ യൂത്ത് കോര്‍ഡിനേറ്റര്‍ ഗണേഷ് നായര്‍ പറഞ്ഞു.

രണ്ടു ദിവസവും പൂജയ്ക്കും ചടങ്ങുകള്‍ക്കും പുറമെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും സെമിനാറുകളുമുണ്ട്. അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ടവയായിരിക്കും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍.

200 അയ്യപ്പ ഭജനകള്‍ കൂടി അടങ്ങിയ സുവനീര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

അയ്യപ്പ പുരസ്‌കാരങ്ങളും യജ്ഞവേളയില്‍ സമ്മാനിക്കും. ഫഌിംഗ് ഗണേശ ക്ഷേത്രം പ്രസിഡന്റ് ഡോ. ഉമാ മൈസുരേക്കര്‍, ന്യൂജേഴ്‌സിയിലെ മാള്‍ബറോ ക്ഷേത്ര ട്രസ്റ്റി ആര്‍.ജി. കൃഷ്ണന്‍, ഇസ്‌ലിന്‍ ക്ഷേത്രത്തിലെ പൂജാരി രഘുസ്വാമി, മാവാ ക്ഷേത്ര ഭാരവാഹികളായ മോഹന്‍ ഖന്ന, ദിനേഷ് ഖോസ് ല, സ്റ്റാറ്റന്‍ഐലന്റിലെ രാമചന്ദ്രന്‍ നായര്‍, വാഷിംഗ്ടണ്‍ ഡി.സിയിലെ ദാസന്‍ പോറ്റി, ജന്മഭൂമി ലേഖകന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് അയ്യപ്പ പുരസ്‌കാരങ്ങള്‍ നല്‍കുക. അയ്യപ്പ സേവാരത്‌ന പുരസ്‌കാരത്തിന് ഹരി ഗോകുലം അര്‍ഹനായി.

അയ്യപ്പഭക്തി വളര്‍ത്തുന്നതിനും അയ്യപ്പഭക്തര്‍ക്ക് സേവനം എത്തിക്കുന്നതിനും ഇവരൊക്കെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്ന് പാര്‍ത്ഥസാരഥി പിള്ള ചൂണ്ടിക്കാട്ടി. ഫഌിംഗ് ക്ഷേത്രത്തെ അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമാക്കിയതില്‍ ഡോ. ഉമാ മൈസൂരേക്കറുടെ പങ്ക് വലുതാണ്. മാല്‍ബറോ ക്ഷേത്രത്തില്‍ പതിനെട്ടാംപടി സ്ഥിപിച്ചതില്‍ ആര്‍.ജി. കൃഷ്ണന്‍ പ്രധാന പങ്കുവഹിച്ചു.

രഘുസ്വാമിയുടെ പൂജയില്‍ പങ്കെടുത്താല്‍ ലഭിക്കുന്ന ആത്മീയാനുഭവം വേറിട്ടതാണ്. മാവാ ടെമ്പിളില്‍ അയ്യപ്പ സന്നിധാനവും പതിനെട്ടാം പടിയും സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 33 വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ ആദ്യത്തെ അയ്യപ്പ പൂജ നടത്തിയത് ദാസന്‍ പോറ്റിയായിരുന്നുവെന്ന് പാര്‍ത്ഥസാരഥി പിള്ള അനുസ്മരിച്ചു.

അരലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. നാല്‍പ്പതില്‍പ്പരം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 400ല്‍പ്പരം പേരെ പ്രതീക്ഷിക്കുന്നു. വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ചടങ്ങില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് യജ്ഞ വസ്തുക്കള്‍ക്കും മറ്റും 74 ഡോളര്‍ വീതം ചെലവ് വരും. സൂര്യന്‍ ഭട്ടതിരിപ്പാടും രണ്ടു സഹായികളും പൂജയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങളുമായാണെത്തുന്നത്. ഇത്രയ്ക്ക് ആധികാരികമായ പൂജകള്‍ അമേരിക്കയില്‍ ചുരുക്കമായേ നടന്നിട്ടുള്ളൂ.

കാല്‍ നൂറ്റാണ്ടായി ട്രസ്റ്റ് ഒട്ടേറെ നിശബ്ദ സേവനങ്ങള്‍ അനുഷ്ഠിക്കുന്നതായി ഗുരുസ്വാമി പറഞ്ഞു. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി മേഖലയില്‍ ആറുക്ഷേത്രങ്ങളില്‍ മണ്ഡലപൂജയും മറ്റു ചടങ്ങുകളും സ്ഥിരമായി സംഘടിപ്പിക്കുന്നു. വര്‍ഷംതോറും ഇവിടെയൊക്കെ ഭക്തര്‍ കൂടിവരുന്നു.അമേരിക്കക്കാരും അതില്‍ ഉള്‍പ്പെടുന്നു.

കര്‍ക്കിടക വാവുബലി, രാമായണ പാരായണം, രോഗക്കിടക്കയിലുള്ളവര്‍ക്ക് സാന്ത്വനവുമായെത്തുക എന്നിവയെല്ലാം ട്രസ്റ്റ് നടത്തുന്നു. മതഭിന്നതയൊന്നും കണക്കിലെടുക്കാതെ് രോഗികള്‍ക്ക് ആശ്വാസവുമായെത്തുന്നത് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

മരണാനന്തര കര്‍മ്മങ്ങള്‍ വിധിപ്രകാരം ചെയ്യാന്‍ ട്രസ്റ്റ് മുന്നിലുണ്ട്. അമേരിക്കയിലെ മറ്റൊരു സംഘടനയും അത് ചെയ്യുന്നില്ല. ശബരിമലയില്‍ ഡോളിയില്‍ ആളുകളെ കൊണ്ടുപോകുന്നവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട്. ഇവയൊന്നും സംഭാവന പിരിച്ചല്ല, മറിച്ച് ട്രസ്റ്റികളും മറ്റും സ്വന്തം കയ്യില്‍ നിന്നാണ് മുടക്കുന്നത്.

ന്യൂയോര്‍ക്കില്‍ അയ്യപ്പ ക്ഷേത്രമില്ലെന്നതാണ് തങ്ങളെ അലട്ടുന്ന പ്രശ്‌നം. കാനനവാസനായ അയ്യപ്പന് ഗ്രാമാന്തരീക്ഷത്തില്‍ പതിനെട്ടാം പടി അടക്കമുള്ള ക്ഷേത്രം ന്യൂയോര്‍ക്കിലെ ഉള്‍പ്രദേശത്തോ, ന്യൂജേഴ്‌സിയിലോ സ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

യജ്ഞത്തിന്റേയും സംഗമത്തിന്റേയും വെബ്‌സൈറ്റ് പത്രസമ്മേളനത്തില്‍ വെച്ച് ഗുരുസ്വാമി ഉദ്ഘ്ടാനം ചെയ്തു. (www.worldayyappasevatrust.org) അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വസന്ത അമ്പാട്ട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

പത്രസമ്മേളനത്തില്‍ ഡോ. പ്രേമചന്ദ്രന്‍, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, ട്രസ്റ്റ് സെക്രട്ടറി പത്മാജാ പ്രേം, കണ്‍വെന്‍ഷന്‍ ചെയര്‍ പി.കെ. അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
മാധവന്‍ നായര്‍ കണ്‍വെന്‍ഷന്‍ കണ്‍വീനറാണു
പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപുറം, സെക്രട്ടറി സജി ഏബ്രഹാം, ജേക്കബ് റോയി, പ്രിന്‍സ് മാര്‍ക്കോസ്, ഏലിയാസ് വര്‍ക്കി, ഷാജന്‍, ജോര്‍ജ് ജോസഫ്, ജോസ് തയ്യില്‍ തുടങ്ങിയവരും മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ രജതജൂബിലി: അയ്യപ്പമഹായജ്ഞവും ഭക്തസംഗമവും ഒക്‌ടോബര്‍ 12,13 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക