Image

ലാനാ കണ്‍വെന്‍ഷന്‍: വൈലോപ്പള്ളി നഗര്‍ ഒരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 16 October, 2011
ലാനാ കണ്‍വെന്‍ഷന്‍: വൈലോപ്പള്ളി നഗര്‍ ഒരുങ്ങി
ന്യൂയോര്‍ക്ക്‌: ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ എട്ടാമത്‌ നാഷണല്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വെച്ചാണ്‌ ലാനയുടെ ദേശീയ സമ്മേളനം നടന്നത്‌.

വൈലോപ്പള്ളി ശ്രീധരമേനോന്റെ ജന്മശതാബ്‌ദിയാചരിക്കുന്ന വര്‍ഷത്തില്‍ നടക്കുന്ന സമ്മേളനമെന്ന നിലയില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സമ്മേളന നഗറിന്‌ `വൈലോപ്പള്ളി നഗര്‍' എന്ന്‌ നാമകരണം ചെയ്യുവാന്‍ സാംഘാടക സമിതി തീരുമാനിച്ചു.

`മാമ്പഴ'ത്തിന്റെ മാധുര്യവും ഹൃദ്യതയും മലയാളി വായനക്കാരുടെ ഹൃദയങ്ങളിലെത്തിച്ച വൈലോപ്പള്ളി, കേരളത്തിന്റെ മഹത്വം `സഹ്യനും കടന്ന്‌ അന്യമാം ദേശങ്ങളിലെത്തിച്ച' കവിശ്രേഷ്‌ഠന്‍ പാലാ നാരായണന്‍ നായര്‍, ഇടപ്പള്ളി രാഘവന്‍ പിള്ള എന്നിവരേയും അവരുടെ ഈ ജന്മശതാബ്‌ദി വര്‍ഷത്തില്‍ ലാനാ അനുസ്‌മരിച്ച്‌ ആദരിക്കുന്നതാണ്‌.

ഒക്‌ടോബര്‍ 21-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അഞ്ചുമണിക്ക്‌ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ഔദ്യോഗികമായി ആരംഭിക്കും. സെക്രട്ടറി സാംസി കൊടുമണ്‍, ട്രഷററും കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ വാസുദേവ്‌ പുളിക്കല്‍, ലാനാ മുന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഈവര്‍ഷത്തെ കണ്‍വെന്‍ഷന്റെ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാനസി പങ്കെടുക്കും.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന്‌, ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ മാനസി, കഥാകാരി എന്ന നിലയിലും വിവര്‍ത്തകയെന്ന നിലയിലും പ്രശസ്‌തയായ എഴുത്തുകാരിയാണ്‌. മഞ്ഞിലെ പക്ഷി, ഇടിവാളിന്റെ തേങ്ങല്‍, വെളിച്ചങ്ങളുടെ താലം, മാനസിയുടെ കഥകള്‍ എന്നിങ്ങനെ നാല്‌ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മഞ്ഞിലെ പക്ഷിക്ക്‌ 1994-ലെ സാഹിത്യ അക്കാഡമി അവാര്‍ഡ്‌ നേടിയ മാനസി, ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക്‌ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. മാനസിയുടെ കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ `പുനരധിവാസം' എന്ന സിനിമ മികച്ച കഥയുള്‍പ്പടെ രണ്ട്‌ സംസ്ഥാന അവാര്‍ഡുകളും, മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം എഴുതുകയും പോരാടുകയും ചെയ്യുന്ന അവര്‍ പക്ഷെ, `ഫെമിനിസ്റ്റ്‌' എന്ന ലേബലിനേക്കാള്‍, `ഹ്യൂമനിസ്റ്റ്‌' എന്ന രീതിയില്‍ അറിയപ്പെടാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

കണ്‍വെന്‍ഷന്റെ രണ്ടാംദിവസമായ ശനിയാഴ്‌ച മികവുറ്റ ചര്‍ച്ചകളും പണ്‌ഡിതോചിതമായ പ്രഭാഷണങ്ങളുംകൊണ്ട്‌ ധന്യമായൊരു അനുഭവമായിരിക്കും സാഹിത്യസ്‌നേഹികളെ കാത്തിരിക്കുന്നത്‌. മലയാളത്തിലേയും വിദേശഭാഷകളിലേയും മികച്ച നോവലുകളും, കഥകളും, കവിതകളുമൊക്കെ ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം എഴുത്തുകാര്‍ക്ക്‌ സ്വന്തം കൃതികളെ പരിചയപ്പെടുത്തുവാനും അവയെപ്പറ്റി അവലോകനം ചെയ്യാനുമുള്ള അവസരമുണ്ടായിരിക്കും.

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്കുവേണ്ടി ലാന ആദ്യമായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ്‌ കരസ്ഥമാക്കിയവരുടെ പേരുകള്‍ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറി കണ്‍വെന്‍ഷന്‍ വേദിയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും. സമാപന സമ്മേളനത്തില്‍ അവാര്‍ഡ്‌ ജേതാക്കളെ ലാന ആദരിക്കും.

ഇനിയും രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാന്‍ ചെയര്‍ റീനി മമ്പലവുമായി ബന്ധപ്പെടുക (ഫോണ്‍: 203 775 0772). കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കെന്നഡി, ലഗോഡിയ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
ലാനാ കണ്‍വെന്‍ഷന്‍: വൈലോപ്പള്ളി നഗര്‍ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക