Image

ഷിക്കാഗോ രൂപതയുടെ വളര്‍ച്ച മാതൃകാപരം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ജോയിച്ചന്‍ പുതുക്കുളം Published on 16 October, 2011
ഷിക്കാഗോ രൂപതയുടെ വളര്‍ച്ച മാതൃകാപരം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
ഷിക്കാഗോ: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനമേറ്റതിനുശേഷം ഷിക്കാഗോയില്‍ പ്രഥമ സന്ദര്‍ശനം നടത്തുന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോ (ബെല്‍വുഡ്‌) സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കുകയും അനുമോദന സമ്മേളനം നടത്തുകയും ചെയ്‌തു.

ഞായറാഴ്‌ച കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ സമൂഹബലിയ്‌ക്കുശേഷം അഭിവന്ദ്യ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ ചെണ്ട, വാദ്യമേളങ്ങളോടെയും മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി, ഘോഷയാത്രയായി കത്തീഡല്‍ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിച്ചു.

തുടര്‍ന്ന്‌ ആരംഭിച്ച പൊതുസമ്മേളനത്തില്‍ സജി വര്‍ഗീസ്‌ ആമുഖ പ്രസംഗം നടത്തുകയും യോഗ നടപടികള്‍ നിയന്ത്രിക്കുകയും ചെയ്‌തു. മേഘാ മൂത്തേരില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ സ്വാഗതം ആശംസിച്ച്‌ പ്രസംഗിച്ചു. ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അധ്യക്ഷതവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്‌തു.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്ത്‌, ട്രസ്റ്റി ജിബു ജോസഫ്‌, ക്‌നാനായ പ്രതിനിധി ജോര്‍ജ്‌ തോട്ടപ്പുറം, കവിതാ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തനിക്ക്‌ നല്‍കിയ പ്രൗഡഗംഭീരവും സ്‌നേഹോഷ്‌മളവുമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ആലഞ്ചേരി പിതാവ്‌ മറുപടി പ്രസംഗം നടത്തി. സീറോ മലബാര്‍ സഭയ്‌ക്ക്‌ മൊത്തത്തിലും, ഭാരതത്തിനു പുറത്തുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ പ്രത്യേകിച്ചും മാതൃകയും, പ്രചോദനവും നല്‌കിക്കൊണ്ട്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സറോ മലബാര്‍ രൂപത, അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ കൈവരിച്ച വളര്‍ച്ചയും നേട്ടങ്ങളും മറ്റ്‌ വിദേശ രാജ്യങ്ങളിലും ഇടവകകളും, മിഷന്‍ സെന്ററുകളും, രൂപതകളും ആരംഭിക്കുവാന്‍ സഭാ അധികാരികള്‍ക്ക്‌ ധൈര്യവും പ്രചോദനവും നല്‍കുന്നു എന്നും അഭിവന്ദ്യ ആലഞ്ചേരി പിതാവ്‌ തന്റെ പ്രസംഗത്തില്‍ അനുസ്‌മരിച്ചു.

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ നന്ദി പ്രസംഗം നടത്തി. രൂപതാ ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ ആണ്‌ സമ്മേളന പരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌. അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി വേദിയില്‍ സന്നിഹിതനായിരുന്നു.

സമ്മേളനാനന്തരം കലാപരിപാടികളും നടത്തപ്പെട്ടു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, വിവിധ സംഘടനാ ഭാരവാഹികളും പരിപാടികളുടെ സുഗമമായ നടത്തിപ്പിന്‌ നേതൃത്വം നല്‍കി. പിതാവിന്‌ നല്‍കിയ വര്‍ണ്ണാഭമായ സ്വീകരണ ഘോഷയാത്ര മോടിപിടിപ്പിക്കുവാന്‍ ഡി.ആര്‍.ഇ സിസ്റ്റര്‍ ജസ്‌ലിന്‍ തലച്ചിറയും വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ടെസ്സി ആന്‍ഡ്രൂസും നല്‍കിയ നേതൃത്വം പ്രത്യേകം സ്‌മരണീയമാണ്‌.
ഷിക്കാഗോ രൂപതയുടെ വളര്‍ച്ച മാതൃകാപരം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക