Image

ഹിച്ച്ഹൈക്കര്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 30 September, 2013
ഹിച്ച്ഹൈക്കര്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)
    അകമ്പടിക്കാറിന്റെ പിന്‍സീറ്റിലിരുന്നുകൊണ്ട് മോളമ്മ തന്റെ ഭര്‍ത്താവിന്റെ അവസാനത്തെ യാത്ര കണ്ടു. വെയില്‍ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന കറുത്ത ലിമോസിന്റെ വിശാലതയില്‍ വിശ്രമിക്കുകയാണ് പുത്തന്‍ സ്യൂട്ടും നെക്ക് ടൈയുമണിഞ്ഞ കുര്യാക്കോസിന്റെ ജഡം. നൈല്‍സ് റോഡില്‍ നിന്നും ലിങ്കണ്‍ അവന്യൂവിലേക്ക് വാഹനവ്യൂഹം കടന്നപ്പോള്‍ അവള്‍ ശ്രദ്ധിച്ചു- ചെറിയ വാഹനനിരയാണ്. വലിയ തിരക്കുകളില്ലാത്ത സംസ്‌കാരശുശ്രൂഷയാണ് കുര്യച്ചന് വിധിക്കപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു. തലേന്നത്തെ വെയ്ക്ക് ശുശ്രൂഷയ്ക്കും പറയത്തക്ക ആള്‍ക്കൂട്ടമില്ലായിരുന്നല്ലോ.

കുര്യച്ചന്റെ സ്‌നേഹിതരും കൂട്ടുകുടിയന്മാരുമൊക്കെയെവിടെ? അവള്‍ ആശ്ചര്യപ്പെട്ടു.
തൊട്ടടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരിക്കുന്ന മകള്‍ ജെന്നിഫറിന്റെ മുടിയിഴകളില്‍ അവള്‍ വെറുതെ വിരലുകളോടിച്ചു. നനഞ്ഞു കുതിര്‍ന്ന അവളുടെ  കവിളിണകളില്‍ അനുകമ്പയോടെ തലോടുമ്പോള്‍ മോളമ്മ അതിശയിച്ചു- താനെന്താണ് കരയാത്തത്? വ്യൂയിംഗ് സെറിമണിക്കിടയിലും രാവിലത്തെ ദേവാലയ ശുശ്രൂഷകള്‍ക്കിടയിലും ബന്ധുക്കള്‍ക്കും കാഴ്ചക്കാര്‍ക്കും ഒരുപോലെ തോന്നിയ ആ ചോദ്യം അവളെയും അലട്ടി.

തന്റെ ഭര്‍ത്താവാണ് പിരിഞ്ഞുപോകുന്നത്. എന്നിട്ടുമെന്തേ തന്റെ കണ്ണുകള്‍ കലങ്ങുന്നില്ല?! പതിനഞ്ചു വര്‍ഷത്തോളം തന്റെ ജീവിതസഖാവായിരുന്നയാളാണ് പടിയിറങ്ങുന്നത്. ഓര്‍മ്മകള്‍ ഹൃദയത്തിലേക്ക് തിരയടിച്ചെത്തി…

സിരകളില്‍ മംഗല്യപ്പന്തലിലെ ആരവം… അധരങ്ങളില്‍ നാണത്തിന്റെ നറുതേനൊലിപ്പിച്ച് നമ്രശിരസ്‌കയായി, ആള്‍ക്കൂട്ടത്തിനു നടുവിലൂടെ സ്വീകരണ കവാടത്തിനരികിലേക്ക് താന്‍ നടന്നടുക്കുന്നു. ജേതാവിന്റെ തലയെടുപ്പോടെ, കൂട്ടുകാരെ നോക്കി ചിരിച്ചും കൈവീശിയും ഒപ്പം നടക്കുകയാണ് കുര്യച്ചന്‍. പന്തലില്‍ നിന്നും ഗാനമേളക്കാരുടെയും സദ്യവട്ടക്കാരുടെയും ശബ്ദഘോഷം മുഴുങ്ങുന്നു. കലവറയില്‍ നിന്നുമുയരുന്ന കൊതിപ്പിക്കുന്ന ഗന്ധം. കാരണവന്മാരുടെയും കാര്യക്കാരുടെയും തിരക്കിട്ട ഓടി നടത്തം, അലങ്കരിച്ച കവാടത്തിന്റെ മുമ്പില്‍ കാത്തുനിന്നിരുന്ന കുര്യച്ചന്റെ അമ്മ ആചാരപ്രകാരം നെറ്റിമേല്‍ കുരിശു വരച്ചുകൊണ്ട് തങ്ങളെ സ്വീകരിക്കുന്നു. പുതിയൊരു ജീവിതത്തിന്റെ പരവതാനിയിലേക്ക് നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വലതുകാല്‍ വെച്ച് നടന്നുകയറിയ നിമിഷങ്ങള്‍ … പിന്നെ, ഇരവുകളിലൂടെ, പകലറുതികളിലൂടെ, കാലഭേദങ്ങളുടെ വിഷമവൃത്തങ്ങളിലൂടെ കടന്നുപോയ പതിനഞ്ച് വര്‍ഷങ്ങള്‍ …!

മോളമ്മ വാച്ചില്‍ നോക്കി. പതിനൊന്നു മണി കഴിഞ്ഞട്ടേയുള്ളൂ. അര മണിക്കൂറിനകം ഈ ചെറിയ ഘോഷയാത്ര സെമിത്തേരിയിലെത്തും. പിന്നെ പത്തോ പതിനഞ്ചോ മിനിട്ടു നേരത്തെ അന്ത്യശുശ്രൂഷാ ചടങ്ങുകള്‍… അന്ത്യ ചുംബനങ്ങള്‍… ഒടുവില്‍ ഓക്കുമരത്തടിയില്‍ തീര്‍ത്ത അലങ്കരിച്ച പേടകത്തില്‍ കിടന്നുകൊണ്ട്  കുര്യച്ചന്‍ യാത്രയാകും. ഒറ്റ ഡോളര്‍ പോലും യാത്രകൂലി നല്‍കേണ്ടതില്ലാത്ത കുര്യച്ചന്റെ അവസാനത്തെ സൗജന്യയാത്ര!

കണ്ണുകളില്‍ തരിമ്പുപോലും ഈര്‍പ്പമണിഞ്ഞില്ലെങ്കിലും മോളമ്മയുടെ മനസ്സില്‍ കൗതുക ചിന്തകള്‍ അടിഞ്ഞുകൂടി. ജീവിതത്തില്‍ നടത്തിയിട്ടുള്ള എല്ലാ സൗജന്യയാത്രകളും പോലെ ഈ യാത്രയും കുര്യച്ചന്‍ ആസ്വദിക്കുന്നുണ്ടാവുമോ? പട്ടില്‍ പൊതിഞ്ഞ്, സുഗന്ധലേപനങ്ങളൊരുക്കിയ സുഖാനുഭൂതിയില്‍ ലിമോസിനുള്ളിലെ എയര്‍കണ്ടീഷന്‍ അന്തരീക്ഷത്തില്‍ കുര്യച്ചന് ഇതും ഒരു ഫ്രീ റൈഡ് ഫണ്‍ തന്നെയായിരിക്കുമെന്ന് മോളമ്മയ്ക്കു തോന്നി.

പതിറ്റാണ്ടിനുമപ്പുറം ആദ്യമായി അമേരിക്കയിലേക്ക്  പറന്നുവന്ന അതേ ആവേശത്തോടെയാവും കുര്യച്ചനിപ്പോഴും പറന്നുപോവുന്നത്. അന്ന്, മണിക്കൂറിന് അഞ്ചു ഡോളര്‍ മാത്രം കിട്ടിയിരുന്ന ജോലിയില്‍ നിന്നുമുള്ള കൊച്ചു സമ്പാദ്യം കൊണ്ട് ടിക്കറ്റെടുത്ത് നാട്ടിലേക്കയച്ചപ്പോള്‍, വിസാ കാത്തിരിപ്പിന്റെ നീണ്ട കാലത്തിനുശേഷം തന്റെ ഭര്‍ത്താവ് തന്നോടൊപ്പം ചേരുമ്പോഴുള്ള സുഖാനുഭൂതിയുടെ മധുരസ്വപ്നങ്ങളായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്നത്.

നേഴ്‌സിംഗ് ഹോമിലെ ഡബിള്‍ ഡ്യൂട്ടിയും വെയര്‍ ഹൗസിലെ പാര്‍ട്ട് ടൈം ജോലിയുടെ നടുവ് വളയ്ക്കുന്ന അധികഭാരവും സഹിക്കുമ്പോഴും തന്റെ തുണക്കാരനിങ്ങോട്ടെത്തുമ്പോഴുള്ള താങ്ങും തണലും മോഹിച്ചുപോയത് സ്വാഭാവികം മാത്രം. പ്രൊഫഷണല്‍ കോഴ്‌സോ ഡിഗ്രിയോ പാസാവാത്ത തനിക്ക് ചെയ്യാവുന്നത് ഡബിള്‍ ജോലിയും വീക്കെന്‍ഡിലെ പാര്‍ട്ട് ടൈം പണിയുമാണെങ്കിലും കുര്യച്ചന്‍ വന്നു കഴിയുമ്പോള്‍ കഥ മാറുമെന്നും രണ്ടുപേരും കൂടി അദ്ധ്വാനിച്ച് നല്ലൊരു സ്ഥിതിയിലെത്തുമെന്നും വെറുതെ മോഹിച്ചുപോയി. പക്ഷേ, തറവാടിയും അഭിമാനിയുമായ താന്‍, കണ്ട 'തറ ജോലി'ക്കൊന്നും പോവില്ലെന്നു പറഞ്ഞ് ടിവി കാണലും 'ടൈംപാസ് സ്‌മോളടി'യുമായി കുര്യച്ചന്‍ അപ്പാര്‍ട്ടുമെന്റിന്റെ അകത്തളങ്ങളിലൊതുങ്ങിയപ്പോള്‍ തന്റെ സ്വപ്നങ്ങള്‍ക്കേറ്റ ആദ്യത്തെ പ്രഹരമായിരുന്നു അതെന്ന് മോളമ്മ ഓര്‍മ്മിച്ചു.

ജോലിക്കൊന്നും പോകാതെ വീട്ടില്‍ തന്നെ കുത്തിയിരിക്കുന്ന ഭര്‍ത്താവിനെപ്പറ്റി തന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ കുറ്റം പറഞ്ഞു തുടങ്ങിയപ്പോള്‍ വെറുതെ ന്യായീകരിക്കാന്‍ ശ്രമിച്ച് നോക്കി:

"കുര്യച്ചന്‍ ബി.എക്കാരനല്ലേ ?. പോരെങ്കില്‍ കുടുംബത്തിലെ ഇളയ ആളും. അദ്ധ്വാനിക്കാതെ ജീവിച്ചാണ് ശീലിച്ചത്. അങ്ങനെയുള്ളപ്പോള്‍ അമേരിക്കയില്‍ വന്ന് ചെറിയ കമ്പനിപ്പണിക്കൊക്കെ പോകാന്‍ പുള്ളിക്ക് മടിയാവും… പിന്നെ ബാങ്കിലൊക്കെ ആപ്ലിക്കേഷന് കൊടുത്തിട്ടുണ്ട്. പതുക്കെ എല്ലാം പഠിച്ച് വരുമ്പോള്‍ ഇവിടെയങ്ങോട്ട് അഡ്ജസ്റ്റായിക്കോളു…”

"പിന്നെ, ഒരു ബി.എക്കാരന്‍ വന്നിരിക്കുന്നു. നാണമില്ലേടി നിനക്ക് ന്യായീകരിക്കാന്‍. എം.എക്കാരും എന്‍ജീനയര്‍മാരും വരെ വെയര്‍ഹൗസ് പണിക്കും ഗ്യാസ് സ്റ്റേഷനിലും പോകുന്നു. വന്നിട്ട് ആറു മാസമായിട്ടും ഡ്രൈവിംഗ് പോലും പഠിക്കാതെ കള്ളുംകുടിച്ച് വീട്ടില്‍ കുത്തിയിരിക്കുന്ന അവനോട് പുറത്തോട്ടിറങ്ങി വല്ല പണിയും നോക്കി ജീവിക്കാന്‍ പറ. ഇത് കേരളമല്ല അമേരിക്കയാണെന്നു പറ; ആ തറവാടിയോട്!”

ന്യായീകരിക്കുകയായിരുന്നില്ല. കീഴടങ്ങുകയായിരുന്നുവെന്നത് തനിക്കു മാത്രമറിയാവുന്ന സത്യം! ഭര്‍ത്താവിന്റെ പേരിന് ഭാര്യയെന്തിനു കളങ്കം വരുത്തണം? സങ്കടങ്ങള്‍ തന്നിലേക്ക് മാത്രമൊതുക്കി.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും ഒരു ജോലിക്കു പോലും പോകാതിരുന്ന കുര്യച്ചന്‍ പക്ഷേ, ഏറെക്കാലം കഴിയുന്നതിനു മുമ്പേ കൂട്ടുകാരെ കുറെ സമ്പാദിച്ചു. കമ്പനി കൂടാനെന്ന പേരില്‍ കുടിക്കാനും ചീട്ടുകളിക്കാനും വന്നു തുടങ്ങിയ അവരുടെ കൂടെ കൂടി മലയാളി അസോസിയേഷനുകളിലും ആഘോഷങ്ങളിലും പതുക്കെ സജീവമായി.

ആദ്യമായി കുഞ്ഞു ജനിച്ചപ്പോഴെങ്കിലും ഉത്തരവാദിത്വത്തോടെ കിട്ടുന്ന ജോലിയിലേതിലെങ്കിലും കയറി ജീവിതം കരുപ്പിടിപ്പിക്കുമെന്നാണ് കരുതിയത്. അസോസിയേഷന്റെ തലപ്പത്ത് എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്ന് മാത്രമായിരുന്നു അപ്പോഴും കുര്യച്ചന്റെ ചിന്ത. കുഞ്ഞു വളര്‍ന്ന് വലുതായിത്തുടങ്ങിയെങ്കിലും കുര്യച്ചനും അസോസിയേഷനും വളര്‍ന്നില്ല. തെറിവിളിയും തമ്മിലടിയും കാലുവാരലുമായി അസോസിയേഷന്‍ തളര്‍ന്നു തുടങ്ങിയപ്പോള്‍ എതിരാളികള്‍ക്ക് എങ്ങനെ പാര പണിയാമെന്ന് ചിന്തിച്ചുകൊണ്ട് കുര്യച്ചന്‍ ഉറക്കവും ജീവിതവും നഷ്ടപ്പെടുത്തി. വീക്കെന്‍ഡുകളില്‍ ഗ്രൂപ്പ് നേതാക്കള്‍ വന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയാല്‍ പാതി രാത്രി കഴിഞ്ഞോ പുലര്‍ച്ചയിലോ ആവും മടങ്ങിവരവ്. കുടിച്ച് സുബോധം നഷ്ടപ്പെട്ട് വീട്ടില്‍ വന്നിറങ്ങുമ്പോഴും എതിര്‍ഗ്രൂപ്പിനെ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പിക്കേണ്ടതിന്റെ വീറും വാശിയും കണ്ണുകളില്‍ കത്തി നില്‍ക്കുന്നവന് ഏക മകളുടെ റിപ്പോര്‍ട്ട് കാര്‍ഡിലെ നിലവാരക്കുറവും ക്ലാസ് ഡിറ്റന്‍ഷന്റെ വിവരങ്ങളും കാണുവാനുള്ള കാഴ്ചയില്ലായിരുന്നല്ലോ! കുടുംബം പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും സംഘടനയെ പിളര്‍ത്തിയാണെങ്കിലും എതിര്‍ ഗ്രൂപ്പിനെ മലര്‍ത്തിയടിക്കാന്‍ പെടാപ്പാടു പെടുന്നവനോട് എങ്ങനെ പരാതിപ്പെടാന്‍?!

കുടുംബത്തെ വിട്ട് സ്വന്തം ഇഷ്ടങ്ങളുടെ ഇടനാഴികളിലൂടെ ചുറ്റിതിരിഞ്ഞ് നടന്ന തന്റെ ഭര്‍ത്താവിന്റെ അധഃപതനം മകളുടെ ഹൃദയത്തില്‍ വരുത്തുന്ന മുറിവുകളായിരുന്നു താനേറെ ഭയപ്പെട്ടിരുന്നതെന്ന് മോളമ്മ ഓര്‍ത്തു. ഒന്നുകില്‍ മുഴുക്കുടി, അല്ലെങ്കില്‍ ഫോണിലൂടെ നീണ്ട നേരമുള്ള രാഷ്ട്രീയം പറച്ചിലും തെറിവിളിയും സഹികെട്ടൊരു ദിവസം അിറയാതെ പൊട്ടിത്തെറിച്ചുപോയി.

"നിങ്ങള്‍ക്ക് നാണമില്ലേ മനുഷ്യാ…? കുടുംബത്തിനും നാട്ടുകാര്‍ക്കും മാനക്കേടുണ്ടാക്കുന്ന വെറും മൃഗമായിപ്പോയല്ലോ നിങ്ങള്‍ … വല്ലവരുടെയും വണ്ടിയില്‍ വലിഞ്ഞുകയറി ചക്കാത്തില്‍ കള്ളും കുടിച്ച് അവര്‍ക്ക് വേണ്ടി തെറി വിളിച്ച് നടക്കുന്ന നിങ്ങള്‍ക്കും വീട്ടില്‍ വളര്‍ന്നുവരുന്ന ഒരു പെണ്‍കുഞ്ഞുണ്ടെന്ന ചിന്തയുണ്ടോ..? എന്റെ ജീവിതത്തിലേക്കു വലിഞ്ഞുകയറി വന്ന് കുടുംബക്കാരുടെ മുഴുവന്‍ സമാധനം കെടുത്തി. നിര്‍ത്തിക്കൂടേ ഇനിയെങ്കിലും നിങ്ങളുടെയീ ഓസ് യാത്രയും തെറിവിളിയും..!”

ഡാഡിയുടെ സ്വഭാവം കണ്ട് തഴകിയ മകള്‍ക്കത് കേളപ്പോള്‍ തമാശയാണ് തോന്നിയത്.
“മമ്മീ, യു മീന്‍ ഡാഡി ഈസ് എ ഹിച്ച് ഹൈക്കര്‍?”

ഡിക്ഷണറിയില്‍ ഹിച്ച് ഹൈക്കറിന്റെ നിര്‍വചനം വായിച്ചപ്പോള്‍ മോളുടെ നാമകരണം ശരിയായിരിക്കുന്നുവ്‌ലലോയെന്ന് അവള്‍ക്കും തോന്നി. അപൂര്‍വമായിട്ടെങ്കിലും ഡാഡിയില്‍ നിന്നും ലഭക്കുന്ന പുന്നാര വാക്കുകള്‍ കൊണ്ട് മനസ്സിന്‌റെ മുറിവുകളുണക്കുവാന്‍ അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. പത്തു വയസ്സായപ്പോള്‍ തന്നെ അടുക്കളയില്‍ കയറി ശീലിച്ച അവള്‍ക്ക്, ഡാഡിക്ക് ഇഷ്ടപ്പെട്ട അപ്പറ്റൈസറുകളും കറികളുമൊക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ കിട്ടുന്ന പ്രശംസാവചനങ്ങള്‍ കുറച്ചൊന്നുമല്ല ആഹ്ലാദം നല്‍കിയത്. മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഊറിക്കിടക്കുന്ന അത്തരം ആര്‍ദ്രചിന്തകളുടെ ഉറവ പൊട്ടലാവാം ഇപ്പോള്‍ മോളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങുന്നതെന്ന് മോളമ്മ ഓര്‍ത്തു. ഡബിള്‍ ജോലിയുടെയും ബില്ലടവുകളുടെയും സംഘര്‍ഷങ്ങളില്‍പ്പെട്ടുഴലിയ തനിക്ക് മോളെ മതിവരുവോളം കൊഞ്ചിച്ചോമനിക്കുവാന്‍ കഴിഞ്ഞിരുന്നില്ലല്ലോയെന്ന കുറ്റബോധം മനസ്സിലേക്ക് തികട്ടിയെത്തി.

തന്നിലേക്ക് ചാരിക്കിടന്നുകൊണ്ട് മുമ്പേ സഞ്ചരിക്കുന്ന ലിമോസിന്‍ കാറിലേക്ക് നോക്കി കണ്ണീരൊഴുക്കുന്ന മകളെ മോളമ്മ ചേര്‍ത്തു പിടിച്ചു. ഒപ്പമിരുന്ന മറ്റുളളവര്‍ കേള്‍ക്കാതിരിക്കാന്‍ മൗനനൊമ്പരത്തോടെയവള്‍ മനസ്സില്‍ പറഞ്ഞു: വിഷമിക്കേണ്ട മോളൂ; നിനക്ക് മമ്മിയില്ലേ?”

സെമിത്തേരിയിലെ ചടങ്ങുകള്‍ അധികം നീണ്ടുനിന്നില്ല. അവസാന ശുശ്രൂഷയിലെ കാര്‍മ്മികന്റെ ആശ്വാസവചനങ്ങള്‍ നിരര്‍ത്ഥകമായ കുറെ ജല്പനങ്ങളായി മാത്രം മോളമ്മയ്ക്കു തോന്നി.

പതിനഞ്ചാണ്ടു മുമ്പാരംഭിച്ച ബന്ധത്തിന് അന്ത്യചുംബനത്തോടെ അവസാനം കുറിക്കുമ്പോള്‍ പക്ഷേ, മോളമ്മയുടെ മനസ്സ് പതറി. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് ഈ നിമിഷം അന്ത്യം കുറിക്കുകയാണ്… കരച്ചിലും പല്ലുകടിയും നിറഞ്ഞിരുന്നതെങ്കിലും പൊട്ടിത്തെറിക്കാനും പരിഭവിക്കാനുമുണ്ടായിന്നവന്‍ ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു….!

മുമ്പില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന വലിയ ജീവിതവഴിയിലേക്ക് നോക്കിയപ്പോള്‍ അവളറിയാതെ തേങ്ങിത്തുടങ്ങി. ഏകാന്തതയും അരക്ഷിതത്വബോധവും ഭയാനകമായൊരു നൊമ്പരമായി മനസ്സിനെ പിടിമുറുക്കിയപ്പോള്‍ മോളമ്മ ഉറക്കെ കരഞ്ഞു. സ്‌നേഹത്തിന്റെ ഒരു പിന്‍വിളിയായി അവസാന യാത്രയില്‍ കുര്യാക്കോസിന്റെ ആത്മാവില്‍ അവളുടെ ഗദ്ഗദം അലിഞ്ഞുചേര്‍ന്നു.






ഹിച്ച്ഹൈക്കര്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക