Image

ബാലപീഡനം: കന്‍സാസ്‌ സിറ്റി ബിഷപ്പും കുറ്റക്കാരന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 16 October, 2011
ബാലപീഡനം: കന്‍സാസ്‌ സിറ്റി ബിഷപ്പും കുറ്റക്കാരന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
കന്‍സാസ്‌ സിറ്റി: ബാലപീഡനം നടക്കുന്നുവെന്ന്‌ അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിക്കാതിരുന്ന സംഭവത്തില്‍ കന്‍സാസ്‌ സിറ്റി ബിഷപ്‌ റോബര്‍ട്ട്‌ ഡബ്ലിയു ഫിന്‍ കുറ്റക്കാരനാണെന്ന്‌ ജാക്‌സണ്‍ കൗണ്‌ടി ജൂറി കണ്‌ടെത്തി. മിസൗറിയില്‍ നിന്നുള്ള വൈദികനായ ഷോണ്‍ റാറ്റിഗനെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ എടുത്തകേസില്‍ ഓഗസ്റ്റില്‍ കോടതി കുറ്റക്കാരനാണെന്ന്‌ കണ്‌ടെത്തിയിരുന്നു. റാറ്റിഗന്റെ സ്വഭാവദൂഷ്യത്തെപ്പറ്റി നേരത്തെ അറിയാമായിരുന്ന ഫിന്‍, ഒരു ബാലന്‍ ഇത്തരത്തില്‍ പീഡിപിക്കപ്പെടുന്ന വിവരം നേരത്തെ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കുന്നതില്‍ വീഴ്‌ചവരുത്തിയെന്നാണ്‌ ആരോപണം.

ബാലപീഡന കേസില്‍ റാറ്റിഗനെതിരെ കോടതി നേരത്തെ 13 കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്‌ടിരിക്കുകയാണ്‌. റാറ്റിഗന്റെ ലാപ്‌ടോപ്പില്‍ നിന്ന്‌ കുട്ടികളുടെ നൂറുകണക്കിന്‌ അശ്ലീല ചിത്രങ്ങള്‍ നേരത്തെ കണ്‌ടെത്തിയിരുന്നു. 2010 ഡിസംബര്‍ 16ന്‌ ഇതേക്കുറിച്ച്‌ അറിയാമായിരുന്ന ഫിന്‍ ഇക്കാര്യം അധികൃതരെ അറിയിച്ചത്‌ ഈ വര്‍ഷം മെയ്‌ മാസത്തില്‍ മാത്രമാണ്‌. കേസില്‍ കുറ്റക്കാരനാണെന്ന്‌ വിധിക്കുകയാണെങ്കില്‍ ഫിന്നിന്‌ പരമാവധി ഒരുവര്‍ഷം വരെ തടവും 1000 ഡോളര്‍ വരെ പിഴയും ശിക്ഷ ലഭിക്കാം.

അമ്മ അറിഞ്ഞില്ല; ജോബ്‌സിന്റെ മരണം

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: ആപ്പിള്‍ സ്‌ഥാപകന്‍ സ്‌റ്റീവ്‌ ജോബ്‌സിന്റെ മരണവാര്‍ത്ത ലോകമെങ്ങും വലിയ ചര്‍ച്ചയായിട്ടും ഇതൊന്നുമറിയാതെ ഒരമ്മ ലൊസ്‌ഏയ്‌ഞ്ചല്‍സിലെ കെയര്‍ ഹോമില്‍ വിശ്രമത്തിലാണ്‌. അത്‌ മറ്റാരുമല്ല സ്റ്റീവിന്റെ സ്വന്തം അമ്മ ജൊവാനി സിംസണ്‍ (79)തന്നെയാണ്‌. മറവിരോഗം ബാധിച്ചു മനോനില തകരാറിലായ ജൊവാനി സ്റ്റീവിന്റെ മരണവിവരമറിയാതെ ഗുരുതരാവസ്‌ഥയില്‍ കഴിയുന്ന വിവരം ബ്രിട്ടിഷ്‌ പത്രമായ `ഡെയ്‌ലി മെയില്‍' ആണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ജൊവാനിയെ വിവരങ്ങള്‍ ധരിപ്പിക്കാവുന്ന അവസ്‌ഥയല്ല ഇപ്പോഴെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളജ്‌ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ്‌ അവിവാഹിതയായ ജൊവാനി, സ്‌റ്റീവിനെ ഗര്‍ഭം ധരിക്കുന്നത്‌. കോളജിലയച്ചു പഠിപ്പിക്കുമെന്ന്‌ ഉറപ്പു നല്‍കിയ പോള്‍ ജോബ്‌സ്‌ - ക്ലാാര ദമ്പതികള്‍ക്കു കുഞ്ഞിനെ ദത്ത്‌ നല്‍കി. പിന്നീടു സ്‌റ്റീവിന്റെ അച്‌ഛനെത്തന്നെ വിവാഹം ചെയ്‌ത ജൊവാനിയുടെ രണ്‌ടാമത്തെ കുഞ്ഞാണ്‌ പ്രമുഖ നോവലിസ്‌റ്റായ മോണ സിംസണ്‍. സ്‌റ്റീവ്‌ ജോബ്‌സിന്റെ വിശ്വവിഖ്യാതമായ സ്‌റ്റാന്‍ഫഡ്‌ പ്രഭാഷണത്തില്‍ അമ്മയെപ്പറ്റി വൈകാരികമായ പരാമര്‍ശങ്ങളുണ്‌ട്‌. പില്‍ക്കാലത്ത്‌ അമ്മയെ കണെ്‌ടത്തിയ സ്‌റ്റീവ്‌ പക്ഷേ പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

ഓര്‍മ നശിച്ചു താനാരാണെന്നുപോലും അറിയാത്ത അവസ്‌ഥയില്‍ തെരുവിലൂടെ അലഞ്ഞിരുന്ന അമ്മയെ ആരോ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീടു വിവരമറിഞ്ഞെത്തിയ മകള്‍ അമ്മയെ ലോസ്‌എയ്‌ഞ്ചല്‍സിലെ കെയര്‍ ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ രോഗനില അറിയാമായിരുന്ന സ്‌റ്റീവ്‌ രഹസ്യമായി അമ്മയ്‌ക്കു സാമ്പത്തിക സഹായം ചെയ്‌തിരുന്നു.

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ടൈംസ്‌ക്വയറില്‍ അണിനിരന്നത്‌ ആയിരങ്ങള്‍

ന്യൂയോര്‍ക്ക്‌: രാഷ്‌ട്രീയക്കാരുടെയും കോര്‍പറേറ്റുകളുടെയും ലാഭക്കൊതിക്കും ദുര്‍ഭരണത്തിനുമെതിരെ ലോകവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്ന ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ എത്തിയത്‌ ആയിരങ്ങള്‍. `ബാങ്കുകള്‍ ബെയ്‌ല്‍ ഔട്ട്‌ ചെയ്‌തു ഞങ്ങളെ സോള്‍ഡ്‌ ഔട്ട്‌ ചെയ്‌തു' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തില്‍ നിന്ന്‌ ഊര്‍ജ്ജമുള്‍ക്കൊണ്‌ട്‌ ആയിരങ്ങളള്‍ ടൈംസ്‌ക്വയറില്‍ അണിനിരന്നത്‌. വൈകിട്ട്‌ വാഷിംഗ്‌ടണ്‍ സ്‌ക്വയര്‍പാര്‍ക്കില്‍ നിന്ന്‌ മാന്‍ഹട്ടന്‍ വഴിയാണ്‌ പ്രക്ഷോഭകാരികള്‍ ടൈംസ്‌ക്വയറിലെത്തിയത്‌.

ടൈംസ്‌ക്വയറില്‍ മണിക്കൂറുകള്‍ നീണ്‌ട്‌ പ്രകടനത്തിനുശേഷമാണ്‌ പ്രക്ഷോഭകാരികള്‍ പിരിഞ്ഞുപോയത്‌. സംഭവത്തെത്തുടര്‍ന്ന്‌ കാര്യമായ അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 80 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്‌ട്‌. പ്രക്ഷോഭം അവസാനിച്ചശേഷവും പിരിഞ്ഞുപോകാന്‍ കൂട്ടാക്കത്തവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തു നീക്കിയത്‌. പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ രണ്‌ടു പോലീസുകാര്‍ക്ക്‌ പരിക്കേറ്റു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും 50 മുതല്‍ 2000 പേര്‍വരെ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു.

കാലിഫോര്‍ണിയയില്‍ ഇന്ന്‌ സ്റ്റീവ്‌ ജോബ്‌സ്‌ ദിനം

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഇന്ന്‌ സ്റ്റീവ്‌ ജോബ്‌സ്‌ ദിനമായി ആചരിക്കുന്നു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ജോറി ബ്രൗണ്‍ അറിയിച്ചതാണ്‌ ഇക്കാര്യം. തന്റെ ജീവിതത്തിലും പ്രവര്‍ത്തിയിലും ജോബ്‌സ്‌ എപ്പോഴും കാലിഫോര്‍ണിയയെയും ഒപ്പം കൂട്ടിയിരുന്നുവെന്നത്‌ ഇന്ന്‌ ജോബ്‌സ്‌ ദിനമായി ആചരിക്കാനുള്ള പ്രധാന കാരണമായി ബ്രൗണ്‍ വിശദീകരിച്ചു.

സ്റ്റീവിന്റെ കണ്‌ടുപിടിത്തങ്ങള്‍ പ്രചോദനമായി എന്നു പറഞ്ഞാല്‍ അത്‌ അദ്ദേഹത്തിന്റെ നേട്ടങ്ങളെ വിലകുറച്ചുകാണലാവും. അദ്ദേഹത്തിന്റെ കണ്‌ടുപിടിത്തങ്ങള്‍ ഒരു വ്യവസായത്തിന്റെ മുഖച്ഛായ തന്നെമാറ്റി മറിച്ചുവെന്നും ബ്രൗണ്‍ പറഞ്ഞു. സിലിക്കണ്‍വാലിയിലെ സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇന്ന്‌ ജോബ്‌സ്‌ അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്‌ട്‌. ഈ മാസം 19ന്‌ ആപ്പിള്‍ ആസ്ഥാനമായ കുപെര്‍ട്ടിനോയിലും ജോബ്‌സ്‌ അനുസ്‌മരണ ചടങ്ങ്‌ നടക്കും.

തെരഞ്ഞെടുപ്പ്‌ ഫണ്‌ടു ശേഖരണം: ഒബാമയുടെ ക്യാമ്പില്‍ വമ്പന്‍ സ്രാവുകള്‍

ന്യൂയോര്‍ക്ക്‌: അടുത്തവര്‍ഷം നടക്കുന്ന യുഎസ്‌്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രണ്‌ടാം വട്ടവും പ്രസിഡന്റ്‌ കുപ്പായമണിയാന്‍ ഒരുങ്ങുന്ന ബറാക്‌ ഒബായുടെ ക്യാമ്പില്‍ തെരഞ്ഞെടുപ്പ്‌ ഫണ്‌ടു ശേഖരണത്തിനായി വമ്പന്‍മാരെ ഉള്‍പ്പെടുത്തിയെന്ന്‌ റിപ്പോര്‍ട്ട്‌. യുഎസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാകും അടുത്തവര്‍ഷം നടക്കുകയെന്നാണ്‌ വിലയിരുത്തിയിരിക്കുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ ഫണ്‌ടായി വലിയതുകകള്‍ സമാഹരിക്കാന്‍ കഴിവുള്ളവരെ തെരഞ്ഞുപിടിച്ച്‌ ഒബാമ സ്വന്തം സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഒബാമയുടെ ക്യാമ്പിലെ 41 വമ്പന്‍മാര്‍ ചേര്‍ന്ന്‌ 50 മില്യണ്‍ ഡോളറിനടുത്ത്‌ തെരഞ്ഞെടുപ്പ്‌ ഫണ്‌ടായി അദ്ദേഹത്തിന്‌ സമാഹരിച്ചുനല്‍കിയിരുന്നു. `ബണ്‌ടലേഴ്‌സ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വന്‍സംഭാവനക്കാരെ സ്വന്തം സംഘത്തില്‍ ഉള്‍പ്പെടുത്തി ഒബാമ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ തുടക്കത്തിലേ പ്രതിരോധത്തിലാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. മുന്‍ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ എക്‌സിക്യൂട്ടീവ്‌, ജോണ്‍ കോര്‍സൈന്‍, ഡ്രീംവര്‍ക്‌സ്‌ അനിമേഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെഫ്രി കാറ്റ്‌സെന്‍ബര്‍ഗ്‌ തുടങ്ങിയ വമ്പന്‍മാരെല്ലാം ഒബാമയുടെ സംഘത്തിലുണ്‌ട്‌.

സാമ്പത്തികമാന്ദ്യ ഭീഷണിയോ ജനപിന്തുണ കുറയുന്നതോ തൊഴിലില്ലായ്‌മ നിരക്ക്‌ ഉയരുന്നതോ ഒബാമയുടെ ഫണ്‌ടുശേഖരണത്തെ ബാധിക്കില്ലെന്നാണ്‌ സൂചന. ഒബാമയും നാഷണല്‍ ഡെമോക്രാറ്റിക്‌ കമ്മിറ്റിയും ചേര്‍ന്ന്‌ ഇതുവരെ 150 മില്യണ്‍ ഡോളറാണ്‌ തെരഞ്ഞെടുപ്പ്‌ ഫണ്‌ടായി ശേഖരിച്ചത്‌.

ന്യൂയോര്‍ക്ക്‌ ക്ലോക്ക്‌ടവര്‍ വില്‍ക്കുന്നു

ന്യൂയോര്‍ക്ക്‌: മാന്‍ഹട്ടനിലെ ആദ്യകാല അംബരചുംബികളിലൊന്നായ ക്ലോക്ക്‌ ടവര്‍ 16.5 കോടി ഡോളറിനു വില്‍ക്കാന്‍ ഉടമകളായ ധനകാര്യസ്‌ഥാപനം (ആഫ്രിക്ക ഇസ്രയേല്‍ യുഎസ്‌എ)തീരുമാനിച്ചു. 2007ല്‍ 20 കോടി ഡോളറിന്‌ അവര്‍ വാങ്ങിയതാണ്‌ ഈ 41 നില മന്ദിരം. 1889ല്‍ പണിതീര്‍ത്ത വാണിജ്യമന്ദിരമാണിത്‌. ന്യൂയോര്‍ക്ക്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയായിരുന്നു ആദ്യകാലത്ത്‌ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌.

എന്നാല്‍ ക്ലോക്‌ ടവര്‍ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിപ്പിച്ച്‌ ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. ഡിസംബറോടെ വില്‍പന പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ അധികൃതരുടെ ഇപ്പോഴത്തെ പ്രതീക്ഷ. ക്ലോക്‌ടവര്‍ വാങ്ങാനായി അടുത്തിടെ പ്രമുഖ ഡിസൈനറായ ടോമി ഹില്‍ഫിഗര്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ ജെഎസ്‌ആര്‍ ക്യാപ്പിറ്റല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്‌തിയിലെത്തിയിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക