Image

കരിമണല്‍ ഒരു നിധിയാണ്

ഡി. ബാബു പോള്‍ Published on 30 September, 2013
കരിമണല്‍ ഒരു നിധിയാണ്

തമിഴ്‌നാട്ടില്‍ വലിയ ബഹളം നടക്കുന്നുവത്രെ. തൂത്തുക്കുടിയിലെ ജില്ലാ കലക്ടര്‍ ആശീഷ്‌കുമാര്‍ ആണ് പടക്കത്തിന് തിരികൊളുത്തിയത്. ഏതോ ഒരു സ്വകാര്യകമ്പനി കാല്‍ക്കോടി ടണ്‍ ഇല്‍മനൈറ്റ് കയറ്റുമതി ചെയ്തതായി കലക്ടര്‍ കണ്ടത്തെി. ഇത്രയും ഇല്‍മനൈറ്റ് ഉണ്ടാകണമെങ്കില്‍ ഇതിന്റെ നാലിരട്ടി ധാതുമണല്‍ വേണം. തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തോതില്‍ നിയമാനുസൃതം ഖനനം നടത്തിയാല്‍ അത്രയും മണല്‍ കിട്ടുകയില്ല. പോരെങ്കില്‍ അവരുടെ മണലിന് ഗുണം പോരാ എന്നതിനാല്‍ നമ്മുടെ നാട്ടിലെ ഭക്യൂ' ഗ്രേഡ് മണല്‍ ചേര്‍ത്താണത്രെ തമിഴന്റെ പ്രയോഗം. ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് ഖനനം നിരോധിച്ചു. ഏതോ ഒരു സര്‍ദാര്‍ജിയാണ് ആ നാട്ടിലെ റവന്യൂ സെക്രട്ടറി. അദ്ദേഹത്തെ അന്വേഷണകമീഷനായി നിയോഗിച്ചു. അതിനുമുമ്പ് തന്നെ കലക്ടറെ ഉച്ചക്കഞ്ഞി കമീഷണറായി സ്ഥലംമാറ്റി; അത് സിവില്‍സര്‍വീസിന്റെ വിധി. തമിഴന്റെ കമ്പനി ഉണ്ടാക്കിയ ലാഭം ഒരുലക്ഷം കോടി രൂപ ആണത്രെ.
ഇനി കാമറ പശ്ചിമതീരത്തേക്ക് തിരിക്കാം.

ഭാരതതീരത്തെ ഏറ്റവും നല്ല ധാതുമണല്‍ കേരളത്തിലാണ്. വിശേഷിച്ചും ചവറയില്‍. അവിടെ പതിമൂന്ന് കോടി ടണ്‍ ഖന ധാതു സമ്പുഷ്ടമായ മണ്ണാണ്. അതില്‍ തന്നെ എട്ടുകോടി ഇല്‍മനൈറ്റാണ്. ഈ ഇല്‍മനൈറ്റിലെ ടൈറ്റാനിയം സാന്നിധ്യം 60 ശതമാനവും.

നമ്മുടെ നാട്ടില്‍ ഐ.ആര്‍.ഇ എന്ന കേന്ദ്ര സ്ഥാപനത്തിനും കെ.എം.എം.എല്‍ എന്ന കേരള സര്‍ക്കാര്‍ സ്ഥാപനത്തിനുമാണ് ഖനനാവകാശം. കെ.എം.എം.എല്ലിനു പുറമെ തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയും കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയും ആണ് ഈ നാട്ടിലെ ഉപഭോക്താക്കള്‍. എട്ടുകോടി ടണ്‍ ഇല്‍മനൈറ്റിനെ സാക്ഷിനിര്‍ത്തി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മണല്‍ ഉപയോഗിക്കുന്നു എന്നാണ് കേള്‍വി. കേരളതീരത്ത് ഖനനം നടത്താന്‍ നമ്മുടെ രാഷ്ട്രീയകക്ഷികളും പരിസ്ഥിതിവാദികളും അനുവദിക്കുകയില്ല. പണ്ട് ഈ നാട്ടില്‍ സ്വാശ്രയകോളജുകള്‍ തുടങ്ങിയ വേളയില്‍ ആണ്ടുതോറും പ്രവേശകാലത്ത് ഒരു നേര്‍ച്ചപോലെ രാഷ്ട്രീയകക്ഷികളും വാനരസേനകളും സമരം സംഘടിപ്പിക്കുമായിരുന്നു. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും സീറ്റുകളില്‍ മലയാളികള്‍ നിറയുമ്പോള്‍ സമരവും തീരും. ബാക്കി അടുത്ത കൊല്ലം. ആ സമരക്കാരുടെ ബക്കറ്റുകളില്‍ കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പണം നിറയുമായിരുന്നുവെന്ന് അക്കാലത്ത് കേട്ടിട്ടുണ്ട്. സമാനമായ ബക്കറ്റുകളാണോ നമ്മുടെ നാട്ടില്‍ ഖനനം നടത്താതെ പരിസ്ഥിതി സംരക്ഷിക്കണം എന്ന താല്‍പര്യത്തിന് പിന്നിലുള്ളത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തേണ്ടതില്ല.

കേരളത്തിലെ ധാതുസമ്പത്തിനെക്കുറിച്ച് പറഞ്ഞല്ലോ. അഞ്ചരലക്ഷം കോടി 5496 എന്നെഴുതിയിട്ട് ഒമ്പതു പൂജ്യങ്ങള്‍ ഇട്ടശേഷം വായിക്കാന്‍ ശ്രമിക്കുകരൂപയാണ് മൂല്യം.

ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ടണ്‍ ഇല്‍മനൈറ്റാണ് നാം ഖനനം ചെയ്‌തെടുക്കുന്നത്. അങ്ങനെയെങ്കില്‍ നിലവിലുള്ള ധാതുമണല്‍ അടുത്ത 750 വര്‍ഷത്തേക്ക് ഉണ്ടാകും. ഇത് ചവറയിലെ മാത്രം കണക്കാണ്. വടക്ക് ആറാട്ടുപുഴ വരെ ഉള്ളതും കടലിന്റെയും കായലിന്റെയും അടിത്തട്ടിലുള്ളതും കൂടി ചേര്‍ത്താല്‍ ക്രിസ്ത്വബ്ദം 3013അതേ, മൂവായിരത്തിപ്പതിമൂന്നു തന്നെഖനനം ചെയ്യാനുണ്ട്. അത്രയും വേണ്ടിവരുകയില്ല. നൂറ് കൊല്ലത്തിനകം മനുഷ്യന്‍ ഇതിനേക്കാള്‍ വില കുറഞ്ഞത് എന്തെങ്കിലും കണ്ടുപിടിക്കും. നാനോ ടെക്‌നോളജിയാണ് കൈയിലുള്ളത് എന്ന സംഗതി മറക്കണ്ട. പോകട്ടെ, 100നു പകരം 200 കൊല്ലം എന്ന് വെക്കുക. എങ്കില്‍ പോലും നമുക്ക് ഖനനം അഞ്ചിരട്ടിയാക്കാം. ആണ്ടുതോറും അഞ്ചു ലക്ഷം ടണ്‍ മണല്‍ എടുത്താല്‍ റൂട്ടൈല്‍, സിര്‍കോണ്‍, സില്ലിമിനൈറ്റ്, മോണോസൈറ്റ് എല്ലാം ചേര്‍ത്ത് സകല ചെലവും കഴിച്ച് സംസ്ഥാനത്തിന് പ്രതിവര്‍ഷം 1000 കോടി രൂപ ലാഭം കിട്ടും.

ഇതിനൊക്കെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ട്. അവയെ നേരിടാനും കൂടി നമുക്ക് കഴിയണം.
അശാസ്ത്രീയമായിരുന്നു സായിപ്പ് നടത്തിയ ഖനനം. ഫലമോ? കടലാക്രമണം രൂക്ഷമായി. നാട്ടുകാര്‍ ക്ഷുഭിതരാവുന്നത് സ്വാഭാവികം. എന്നാല്‍, പത്തിരുപത് കൊല്ലം മുമ്പ് എന്റെ സതീര്‍ഥ്യന്‍ ശശിധരന്‍ നായര്‍ ഐ.ആര്‍.ഇയുടെ തലപ്പത്തിരുന്നപ്പോള്‍ ചെയ്ത ഒരു ഖനന മാതൃക ലഭ്യമാണ്. ഖനനധാതുക്കള്‍ മാത്രം ഖനനം ചെയ്യുക. അത്തരം വസ്തുക്കളുടെ സാന്ദ്രത കൂടുതലാകയാല്‍ വെറും മണല്‍ ഏറെ മാറ്റേണ്ടിവരുകയില്ല. മണല്‍ തിരിച്ചിടുന്നതിനാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുകയില്ല. ചവറക്കടുത്ത് കോവില്‍ത്തോട്ടം, കരിത്തുറ പ്രദേശങ്ങളില്‍ ചെന്നാല്‍ ഖനനം കഴിഞ്ഞ് പുന$സജ്ജീകരിച്ച ഭൂമിയില്‍ തെങ്ങും വിവിധ വൃക്ഷങ്ങളും തഴച്ചുനില്‍ക്കുന്നത് കാണാം. അവിടെയുള്ള ജനങ്ങളുടെ വരുമാനം കൂടി. വിദ്യാഭ്യാസ നിലവാരം കൂടി.
ശശിയും ബേബിജോണും സഹകരിച്ച് നടപ്പാക്കിയ ഈ മാതൃക സ്വീകരിക്കുന്ന കാര്യം കുഞ്ഞാലിക്കുട്ടി ആലോചിക്കണം. എന്റെ കര്‍ത്താവല്ലാത്ത ഒരു കര്‍ത്താവ് കൊച്ചിയിലുണ്ട്. അദ്ദേഹത്തിന്റെയോ ആ കമ്പനിയുടെയോ നന്മതിന്മകള്‍ എനിക്കറിഞ്ഞുകൂടാ. ഖനനം എന്ന് പോയിട്ട് കൊല്ലം ജില്ലയില്‍ ആരെങ്കിലും ?ക, ഖ? എന്ന് പറഞ്ഞാല്‍ ചിലര്‍ ഉടനെ ?ച,ഛ, കര്‍ത്താവ്? എന്ന് പറയും. അങ്ങനെ ഒരു മുന്‍വിധി ഒന്നും വേണ്ടതില്ല. ഏതായാലും അഞ്ചു ലക്ഷം ടണ്‍ കര്‍ത്താവിന്റെ കര്‍മണിയില്‍ ഒതുങ്ങുകയുമില്ല. അതിന് ഒന്നുകില്‍ പൊതുമേഖല വേണം. അല്‌ളെങ്കില്‍ അന്താരാഷ്ട്രീയതലത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ച് മറ്റേര്‍പ്പാടുകള്‍ ഉണ്ടാവണം. അതുകൊണ്ട് ഖനനം സമം കര്‍ത്താവ് എന്ന് പറയേണ്ടതില്ല.
നിധി നമ്മുടെ കൈവശമുണ്ട്. അത് കാക്കുന്ന ഭൂതം ആവരുത് സര്‍ക്കാര്‍. അത്രയും ഗ്രഹിച്ചാല്‍ മതി. നമുക്ക് പഠനങ്ങള്‍ നടത്താം. പഴയ മോഡല്‍ ഒരു ചെറിയ ചുറ്റുവട്ടത്ത് ചെറിയ തോതില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. അത് ഗുണം അഞ്ച് എന്ന് പറയാവതല്ല. അഞ്ചിരട്ടിയായി ഇല്‍മനൈറ്റ് ഉല്‍പാദനം ഉയര്‍ത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ വേറെയും ഏറെയും ഉണ്ടാകാം. എന്നിരുന്നാലും തമിഴന്റെ തട്ടിപ്പിന് കുടപിടിക്കുന്നവരാകരുത് നാം എന്ന കാര്യത്തില്‍ മതഭേദം ഉണ്ടാകാനിടയില്ല.

തമിഴ്‌നാട്ടില്‍ വൈകുണ്‌ഠോളജി എന്ന് പരാമര്‍ശിക്കപ്പെടുന്ന 2ജിയിലും കൂടിയ കോടികള്‍ ജി വെളിപ്പെട്ട ഈ വേളയിലെങ്കിലും കേരളം ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി ഇപ്പോള്‍ പഠനവും ആലോചനകളും തുടങ്ങിയാലും സംഗതി നടന്നുവരുമ്പോഴേക്ക് പിണറായി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കും. വൈകുന്ന ഓരോ ദിവസം വൈകുണ്‌ഠോളജി പുഷ്ടിപ്പെടാനാണ് നാം അവസരം ഒരുക്കുന്നത്. ഉ.ചാ. തുടങ്ങി വെക്കുക; പി.വി. ഉദ്ഘാടനം ചെയ്യട്ടെ. അതാണല്‌ളോ ജനാധിപത്യരീതി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക