Image

അഞ്ചാം ഓണം (ചെറുകഥ: ജെസി ജിജി, ഓര്‍ലാന്റോ)

Published on 29 September, 2013
അഞ്ചാം ഓണം (ചെറുകഥ: ജെസി ജിജി, ഓര്‍ലാന്റോ)
`മഴ ഇന്ന്‌ നേരത്തെപെയ്യുമെന്ന്‌ തോന്നുന്നല്ലോ?'. മിറ്റത്ത്‌ അയയില്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍ വേഗമെടുത്തുകൊണ്ട്‌ കാര്‍ത്യാനി അമ്മ ആത്മഗതം ചെയ്‌തു.
`എന്താ കാര്‍ത്യാനി നീ നിന്ന്‌ പിറുപിറുക്കുന്നത്‌', അപ്പുറത്തെ സരസ്വതി ആണ്‌. എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.`മോളെ ഓടരുത്‌,വീഴും, അമ്മു അവിടെ നില്‌ക്കാന്‍' കാര്‍ത്യാനിയെ നോക്കി ചിരിച്ചുകൊണ്ട്‌ അമ്മു ഓടി വന്നു സരസ്വതിയെ കെട്ടിപ്പിടിച്ചു.
`അമ്മൂമ്മേ അമ്മൂമ്മേ നോക്കമ്മൂമ്മേ എന്ത്‌ രസമാ ആ പൂമ്പാറ്റയെ കാണാന്‍., ഞാനതിനെ ഒന്ന്‌ പിടിച്ചോട്ടെ?' വേണ്ട മോളു,അതിനെ ഉപദ്രവിക്കല്ലേ മോളു നല്ല കുട്ടിയല്ലേ `കൊച്ചുമായി എങ്ങോട്ടാ സരസു'? `നാളെ ഓണമല്ലേ, ഞാനാ കടയില്‍ വരെ ഒന്ന്‌ പോകുവാ, സാധനങ്ങള്‍ക്കൊക്കെ എന്നാ തീ പിടിച്ച വിലയാ, നാളെ മോളും കെട്ട്യോനും ഒക്കെ വരുന്നുണ്ട്‌ പിന്നെ മോന്‍ പണി കഴിഞ്ഞു വരുമ്പോഴേക്കും രാത്രി ആകത്തില്ലയോ അതാ ഞാനിപ്പോള്‍ കടയിലേക്ക്‌ ഇറങ്ങിയത്‌` `മീനാക്ഷി എവിടെ', കാര്‍ത്യായനി ചോദിച്ചു.
`അവള്‍ നാളത്തേക്ക്‌ വേണ്ടി എല്ലാം അടുപ്പിക്കുന്ന തിരക്കിലാ,എല്ലാടവും ഒന്ന്‌ വൃത്തിയാക്കിഇടണ്ടേ ,പിന്നെ കാര്‍ത്യാനി, മക്കളൊക്കെ ,സുഖം ആയി ഇരിക്കുന്നുവോ'? `ങാ', കാര്‍ത്യാനി ഒന്ന്‌ മൂളി, ആ മൂളലിനു ഒരുപാടു അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. `ഓണത്തിന്‌ ആര്‍ക്കും അവധി ഒന്നും കിട്ടി കാണില്ലായിരിക്കും അല്ലെ'? `ങാ'..... വീണ്ടും ഒരു മൂളല്‍. `എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ മഴ ഉടനെ ഉണ്ടെന്നു തോന്നുന്നു'. `അമ്മൂ വാ', `ഇതാ വരുന്നൂ അമ്മൂമ്മേ ,കാര്‍ത്യാനിയെ നോക്കി ഒന്ന്‌ ചിരിച്ചിട്ട്‌ അമ്മു ഓടിപ്പോയി.

`നാളെ തിരുവോണമാണ്‌' നെടുവീര്‍പ്പെട്ടുകൊണ്ട്‌ കാര്‍ത്യനിഅമ്മ ഉണങ്ങിയ തുണികളും ആയി അകത്തേക്കുപോയി പിള്ളാരുടെ അച്ഛന്‍ പോയതില്‍പിന്നെയുള്ള അഞ്ചാംഓണം ,ചാരുകസാലയില്‍ കണ്ണടച്ച്‌ കിടന്നു കാര്‍ത്യനിഅമ്മ ദശാബ്ധങ്ങള്‍ക്ക്‌ പീന്നിലെക്കു ഓര്‍മകളെ മേയാന്‍ വിട്ടു.

അപ്പുവേട്ടന്‌ തരക്കേടില്ലാത്ത ബിസിനസ്‌ പിന്നെ തങ്ങള്‍ക്കു ഓമനിക്കാന്‍ രണ്ടു പോന്നോമോനകള്‍, `കണ്ണനും മീനുവും' എത്ര സന്തോഷകരം ആയിരുന്നു ആ കാലം. അന്നൊക്കെ ഓണം വന്നാല്‍ പിന്നെ എന്തൊരു ആഘോഷവും സന്തോഷവും ആയിരുന്നു. ഓരോ ഓണം കഴിയുമ്പോഴും കുട്ടികള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. പഠനത്തിലും മറ്റെല്ലാത്തിലും സമര്‍ത്ഥരായിരുന്നു കുഞ്ഞുങ്ങള്‍, അഹങ്കാരത്തോടെ ആയിരുന്നു താനന്ന്‌ മക്കളുടെ ഓരോ നേട്ടവും നോക്കി കണ്ടിരുന്നത്‌. കണ്ണന്‍ എഞ്ചിനീയറിംഗ്‌ കഴിഞ്ഞു അമേരിക്കയിലേക്ക്‌ ചേക്കേറിയപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആയ അമ്മ ആണ്‌ താനെന്നു കരുതി.
മീനു M .B .B S പാസ്‌ ആയപ്പോള്‍ അമേരിക്കയില്‍ ഉള്ള അരവിന്ദിന്റെ ആലോചന കൊണ്ടുവന്നത്‌ കണ്ണന്‍ ആയിരുന്നു. അങ്ങനെ മാസങ്ങള്‍ക്കു ശേഷം അമ്മുവും അമേരിക്കയിലേക്ക്‌ പോയപ്പോള്‍ അഭിമാനത്തോടൊപ്പം ഒരു നഷ്ടബോധവും തോന്നി തുടങ്ങിയിരുന്നു തനിക്കു അപ്പുവേട്ടനും, അപ്പുവേട്ടന്‌ താനും മാത്രമേ ഉള്ളൂ എന്ന്‌ തോന്നിത്തുടങ്ങി. വല്ലപ്പോഴും ഫോണിലൂടെ ഉള്ള സുഖാന്വേഷണങ്ങള്‍. വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ എല്ലാം ഒരു ഔപചാരികത മാത്രം ആയി. മക്കള്‍ അവരുടെതായ ഒരു ലോകത്തില്‍, തിരക്കുകളില്‍, തങ്ങള്‍ രണ്ടു പേരും പെട്ടെന്ന്‌ വയസര്‍ ആയതുപോലെ, ഒരു ദിവസം പെട്ടെന്നായിരുന്നു അപ്പുവേട്ടന്‌ ഒരു തലചുറ്റല്‍, ഒരു വശം തളര്‍ന്ന്‌,........ സരസുവും ഭാസ്‌കരനും കൂടിയാണ്‌ അന്ന്‌ അപ്പുവേട്ടനെ ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌ ഡോക്ടര്‍മാര്‍ stroke എന്ന്‌ വിധിയെഴുതി.
അധികമൊന്നും ഹോസ്‌പിറ്റലില്‍ ചെയ്യാന്‍ ഇല്ലായിരുന്നു. മക്കളെ കാണണമെന്ന്‌ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അപ്പുവേട്ടന്‌. പക്ഷെ മക്കളുടെ സ്‌നേഹം ഡോളറുകള്‍ ആയി ഒഴുകി എത്തി. അവധി കിട്ടില്ലത്രെ, അച്ഛന്‌ ഏറ്റവും നല്ല ചികിത്സ വേണമെന്ന്‌ മക്കള്‍ തീരുമാനിച്ചു, ഡോക്ടര്‍ ആയ മകള്‍ പറഞ്ഞു `അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട, എറ്റവും നല്ല neurologistനെയും തെറാപ്പിയും അറേഞ്ച്‌ ചെയ്‌തിട്ടുണ്ട്‌.' പക്ഷെ മക്കളുടെ സാമീപ്യം ആണ്‌ അച്ഛന്‌ വേണ്ട തെറാപ്പി എന്ന്‌ അവര്‍ അറിയാതെ പോയതോ അതോ അറിയില്ല എന്ന്‌ നടിച്ചതോ..കൂടുതല്‍ കാക്കാതെ തന്നെ തനിച്ചാക്കി അപ്പുവേട്ടന്‍ പോയിട്ട്‌ നീണ്ട അഞ്ചു വര്‍ഷങ്ങള്‍.....

`അമ്മൂമ്മേ അമ്മൂമ്മേ ,അമ്മൂമ്മ വരുന്നില്ലേ അമ്മു ഇട്ട അത്തപൂക്കളം കാണാന്‍, എന്ത്‌ രസം ആണെന്നോ', കാര്‍തിയനിഅമ്മ ഓര്‍മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അയല്‍വക്കത്തെ സരസുവും കുടുംബവും ആയുള്ള അഞ്ചാമത്തെ ഓണം ആഘോഷിക്കാന്‍ ആയി കാര്‍തിയനിഅമ്മ എഴുന്നേറ്റു..

അപ്പോള്‍ അമേരിക്കയില്‍ നേരം രാത്രിയോ പകലോ?

Jessy Gigi.
Orlando, Florida.
അഞ്ചാം ഓണം (ചെറുകഥ: ജെസി ജിജി, ഓര്‍ലാന്റോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക