Image

ഓര്‍മ്മകള്‍ അയവിറക്കിയ പിറവം നേറ്റീവ്‌ അസ്സോസിയേഷന്‍ കുടുംബ സംഗമം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 October, 2011
ഓര്‍മ്മകള്‍ അയവിറക്കിയ പിറവം നേറ്റീവ്‌ അസ്സോസിയേഷന്‍ കുടുംബ സംഗമം
ന്യൂയോര്‍ക്ക്‌: പിറവം നേറ്റീവ്‌ അസ്സോസിയേഷന്റെ പതിനഞ്ചാമത്‌ വാര്‍ഷിക കുടുംബ സംഗമം വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 9 ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ക്വീന്‍സിലെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റസ്റ്റോറന്റില്‍വെച്ച്‌ നടന്ന ആഘോഷപരിപാടികള്‍ക്ക്‌ അസ്സോസിയേഷന്‍ രക്ഷാധികാരി വെരി. റവ. ഫാ. നീലാങ്കല്‍ ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. പിറവം നിവാസികളുടെ കൂട്ടായ്‌മയായ ഈ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും പിറവത്തിന്റെ ചരിത്രപരമായ സവിശേഷതകളെക്കുറിച്ചും തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം സദസ്യരുമായി പങ്കുവെച്ചു.

അസ്സോസിയേഷന്‍ സെക്രട്ടറി ബെന്നി തോമസ്‌ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതമരുളി. ഗൃഹാതുരത്വമുണര്‍ത്തിയ ബെന്നി തോമസിന്റെ?സ്വാഗതപ്രസംഗം സംഗമത്തിനെത്തിച്ചേര്‍ന്ന എല്ലാവരേയും തങ്ങളുടെ ജന്മനാടായ പിറവത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

തുടര്‍ന്ന്‌, `എന്റെ പിറവം' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രസിഡന്റ്‌ പൗലോസ്‌ വര്‍ക്കി, ജോണ്‍ ആകശാല, ജോണ്‍ ഐസക്‌, ബേബി കൊളങ്ങായില്‍, കുര്യാക്കോസ്‌ വര്‍ക്കി, ജോസ്‌ കാടാപുറം, കുരുവിള പൗലോസ്‌, ബാബു തുമ്പയില്‍, വിനോയ്‌ തെന്നശ്ശേരി തുടങ്ങിയവര്‍ ഗതകാലസ്‌മരണകളയവിറക്കി തങ്ങളുടെ പിറവം ഓര്‍മ്മകള്‍ സദസ്യരുമായി വെച്ചപ്പോള്‍ അവര്‍ക്കതൊരു പുതിയ അനുഭൂതിയായി മാറി. സംഗമവേദിയിലെത്തിച്ചേര്‍ന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയത്‌ ഏറെ കൗതുകകരമായി.ജോര്‍ജ്ജ്‌ പാടിയേടത്ത്‌, കുര്യാക്കോസ്‌ പാറശ്ശേരി, തോമസ്‌ തടത്തില്‍, നോബി, ഷാജു തോമസ്‌, ഇട്ടന്‍ ജെയിംസ്‌, മാത്യു മാണി, ജോണ്‍ മേടമന, ജോയി ഇട്ടന്‍ തുടങ്ങിയവര്‍ എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.

പിറവം നിവാസികളായ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ഡയറക്ടര്‍ ഏലിയാസ്‌ ടി. വര്‍ക്കിയും മീഡിയ ആന്റ്‌ സൗണ്ട്‌ എഞ്ചിനീയര്‍ അമില്‍ പോളും ആഘോഷങ്ങള്‍ക്ക്‌ പുത്തന്‍ ഉണര്‍വ്വ്‌ നല്‍കി. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ വെരി. റവ. ഫാ. നീലാങ്കല്‍ ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ, മാത്യു തോമസ്‌, ലീബ അജീഷ്‌, സിന്ധു തോമസ്‌, ബാബു തുമ്പയില്‍ തുടങ്ങിയവര്‍ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ സദസ്സിനെ പുളകം കൊള്ളിച്ചു. ലയ ഏലിയാസിന്റെ നയനമനോഹരമായ? ശാസ്‌ത്രീയ നൃത്തം ചടങ്ങിന്‌ മാറ്റുകൂട്ടി.

പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ ജിമ്മി കൊളങ്ങായില്‍ (പ്രസിഡന്റ്‌), ഷാജു തോമസ്‌ (സെക്രട്ടറി), ജോസഫ്‌ ആകശാല, രാജന്‍ വി.സി., ഏലിയാസ്‌ വര്‍ക്കി, മാത്യു, ബെന്നി ഉലഹന്നാന്‍ എന്നിവരുള്‍പ്പെട്ട അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിഭവസമൃദ്ധമായ സദ്യക്കുശേഷം 9 മണിയോടെ 2011-ലെ പിറവം കുടുംബ സംഗമത്തിന്‌ തിരശ്ശീല വീണു.
ഓര്‍മ്മകള്‍ അയവിറക്കിയ പിറവം നേറ്റീവ്‌ അസ്സോസിയേഷന്‍ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക