Image

ഫിലിപ്പോസ്‌ ഫിലിപ്പും ജോസഫ്‌ കുരിയപ്പുറവും ഫൊക്കാന ഇലക്‌ഷനില്‍ മത്സരിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 October, 2011
ഫിലിപ്പോസ്‌ ഫിലിപ്പും ജോസഫ്‌ കുരിയപ്പുറവും ഫൊക്കാന ഇലക്‌ഷനില്‍ മത്സരിക്കുന്നു
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ 2012-2014ലെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഫിലിപ്പോസ്‌ ഫിലിപ്പും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ജോസഫ്‌ കുരിയപ്പുറവും കമ്മിറ്റി മെംബറായി വര്‍ഗീസ്‌ ഉലഹന്നാനും മത്സരിക്കുന്നു.

ഒക്ടോബര്‍ പതിനഞ്ചാം തിയ്യതി ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രഖ്യാപിച്ചത്‌. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഫിലിപ്പോസ്‌ ഫിലിപ്പിനേയും, ജനറല്‍ സെക്രട്ടറിയായി ജോസഫ്‌ കുരിയപ്പുറത്തിനേയും, കമ്മിറ്റി മെംബറായി വര്‍ഗീസ്‌ ഉലഹന്നാനേയും ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുന്നു എന്ന്‌ സെക്രട്ടറി അലക്‌സ്‌ പൊടിമണ്ണില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

2010-ലെ ആല്‍ബനി കണ്‍വന്‍ഷന്‍ ഒരു വമ്പിച്ച വിജയമാക്കി നേതൃത്വപാടവം തെളിയിച്ച ശക്തനായ അമരക്കാരന്‍ എന്ന ഖ്യാതി നേടിയ ഫിലിപ്പോസ്‌ ഫിലിപ്പ്‌, തീര്‍ച്ചയായും വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അര്‍ഹനാണെന്ന്‌ ഫൊക്കാനയുടെ ഓഡിറ്റര്‍ കൂടിയായ കുരിയാക്കോസ്‌ തര്യന്‍ പറഞ്ഞു. ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോസഫ്‌ കുരിയപ്പുറം 2010 കണ്‍വന്‍ഷനിലെ ബാങ്ക്വറ്റ്‌ ചെയര്‍മാനായി തന്റെ കഴിവ്‌ തെളിയിച്ച വ്യക്തിത്വത്തിനുടമയാണ്‌. എന്തുകൊണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തിന്‌ അനുയോജ്യനായ വ്യക്തിയാണ്‌ അദ്ദേഹമെന്ന്‌ അസ്സോസിയേഷന്‍ ട്രഷറര്‍ ഷാജിമോന്‍ വെട്ടം പറഞ്ഞു.

ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി മെംബറായി സേവനമനുഷ്ടിക്കുന്ന വര്‍ഗീസ്‌ ഉലഹന്നാന്‍, ഫൊക്കാനയില്‍ അനേകവര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഒരു സംഘാടകന്‍ കൂടിയാണ്‌. ഫൊക്കാന ഓഡിറ്റര്‍, ജോയിന്റ്‌ ട്രഷറര്‍, ഭരണഘടനാ കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹം 2010ലെ ആല്‍ബനി കണ്‍വന്‍ഷന്റെ ബിസിനസ്സ്‌ സെമിനാര്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ഫൊക്കാനയുടെ ശക്തികേന്ദ്രമെന്ന്‌ അറിയപ്പെടുന്ന റോക്‌ലാന്റ്‌ കൗണ്ടിയിലെ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വമ്പിച്ച ജനപിന്തുണ ലഭിക്കുമെന്നും, ഈ സ്ഥാനാര്‍ത്ഥികളെല്ലാവരും മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്‌ തങ്ങള്‍ക്കു്‌ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പോസ്‌ ഫിലിപ്പും ജോസഫ്‌ കുരിയപ്പുറവും ഫൊക്കാന ഇലക്‌ഷനില്‍ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക