Image

പിറന്ന നാടും, വീടും ഉപേക്ഷിക്കുന്ന അമേരിക്കന്‍ മലയാളികള്‍ - അനില്‍ പെണ്ണുക്കര

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 01 October, 2013
പിറന്ന നാടും, വീടും ഉപേക്ഷിക്കുന്ന അമേരിക്കന്‍ മലയാളികള്‍ - അനില്‍ പെണ്ണുക്കര
പിറന്നനാടിനെ ഉപേക്ഷിച്ച്  പൂര്‍ണ്ണമായും ഇംഗ്ലീഷിന്റെ പടിവാതില്‍ കടക്കാന്‍ മലയാളി തയ്യാറെടുക്കുന്നു.

നാട്ടില്‍ ശേഷിക്കുന്ന അച്ഛനേയും അമ്മയേയും ഒന്നുകില്‍ അമേരിക്കയ്ക്ക് കൊണ്ടുപോയോ അല്ലെങ്കില്‍ അവരുടെ കാലശേഷമോ നാടും ജന്മവീടും ഉപേക്ഷിക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നായി മുന്നൂറ് ഏക്കറിലധികം വസ്തുവകകളാണ് അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ വില്‍പ്പനയാക്കി  പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികളായി മാറിയത്.

ചിലര്‍ക്ക് നാട്ടിലുള്ള വസ്തുവകകള്‍ സംരക്ഷിയ്ക്കാന്‍ മതിയായ ഉറപ്പോ, മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത സാഹചര്യവും. നാട്ടിലെ വസ്തുവകകള്‍ സംരക്ഷിയ്ക്കുവാന്‍ ആളെക്കിട്ടാത്തതും, അതിനുവേണ്ടി വരുന്ന ഭാരിച്ച ചിലവുമാണ് പൂര്‍ണ്ണമായും അമേരിക്കയ്ക്ക് ചേക്കേറാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

മലയാളം മറക്കാത്ത മലയാളി ഇനി മലയാളം അറിയാത്ത മലയാളി ആകാന്‍ അധികകാലം വേണ്ട. പുതിയ തലമുറയ്ക്ക് മലയാളത്തോടുള്ള താല്പര്യക്കുറവും, മാറിവരുന്ന ജീവിത സാഹചര്യങ്ങളും, ഇത്തരം പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു.

മലയാളി സംഘടനകള്‍ മലയാളിയുടെ സ്വത്ത് വകകള്‍ സംരക്ഷിക്കാന്‍ പലതും ചെയ്യുന്നുണ്ടെങ്കിലും സ്വന്തം വസ്തുവകകള്‍ വിറ്റ് അമേരിക്കയിലെ നഗരത്തിരക്കില്‍ ചേക്കേറാന്‍ തയ്യാറെടുക്കുന്നവരെ പിന്തിരിപ്പിയ്ക്കാന് ഒരു സംഘടനയ്ക്കും കഴിയില്ല എന്നതാണ് സത്യം.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികളായി മാറും. കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. വസ്തുവകകള്‍ വില്പനയാക്കിയശേഷം കേരളത്തിലെ നഗരങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവരുമുണ്ട്. ഇടയ്ക്കിടയ്ക്ക് വന്നും, പോയും ഇരിക്കുന്നവരാണ് ഇക്കൂട്ടര്‍.

ഓരോ ബന്ധവും കൊഴിയുംതോറും പുതിയ ബന്ധങ്ങള്‍ തുറക്കാതെ എന്നന്നേക്കുമായി മലയാളി കൂടയണയുന്നത് മനപ്പൂര്‍വ്വമുള്ള ചില മറവുകളിലേക്കാണ്. മാറി വരന്ന കേരളീയ സാഹചര്യവും മലയാളിയെക്കൊണ്ടിത് ചെയ്യിപ്പിക്കുന്നു എന്നതാണ് സത്യം.

സമീപകാലത്ത് ചില അമേരിക്കന്‍ മലയാളികളുടെ വസ്തുവകകള്‍ നോക്കാനേല്‍പ്പിച്ചവര്‍ കരമൊടുക്കി സ്വന്തം പേരിലാക്കിയ കഥ നാം വായിച്ചതാണ്. ഇത്തരം സാഹചര്യങ്ങളും സ്വന്തം ഭൂമിയോടുള്ള താല്പര്യമില്ലായ്മയും ബന്ധങ്ങളിലെ വിള്ളലുകളും അണുകുടുംബവുമെല്ലാം ഈ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. പണ്ടൊക്കെ ഒരു വീട്ടില്‍ നിന്ന് അഞ്ചുപേര്‍ അമേരിക്കയിലുണ്ടെങ്കില്‍ ഒരാള്‍ നാട്ടിലുണ്ടാകും. എല്ലാ സ്വത്തും സംരക്ഷിക്കാന്‍. കാലം മാറി. എല്ലാവര്‍ക്കും കാണണം പോകണം അമേരിക്കയില്‍. പിറന്ന നാട് അമേരിക്കന്‍ മലയാളിക്ക് ഓര്‍മ്മയാകുന്നു.




പിറന്ന നാടും, വീടും ഉപേക്ഷിക്കുന്ന അമേരിക്കന്‍ മലയാളികള്‍ - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക