Image

ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2011
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: `നിങ്ങളോട്‌ ദൈവ വചനം നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍. അവരുടെ ജീവിതാവസാനം ഓര്‍ത്ത്‌ അവരുടെ വിശ്വാസം അംഗീകരിക്കുവിന്‍' (ഏബ്രാ: 13:7)

പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്റെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ 109-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 28,29,30 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ തിരുമേനി, കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്കും ആരാധനയ്‌ക്കും നേതൃത്വം നല്‍കും.

28-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ആഘോഷപൂര്‍വ്വമായി പെരുന്നാള്‍ കൊടിയേറ്റ്‌ നടക്കും. തുടര്‍ന്ന്‌ സന്ധ്യാ നമസ്‌കാരം, മധ്യസ്ഥ പ്രാര്‍ത്ഥന, ധൂപ പ്രാര്‍ത്ഥന, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും.

29-ന്‌ ശനിയാഴ്‌ച രാവിലെ 7.30-ന്‌ കത്തീഡ്രലില്‍ എത്തുന്ന അഭിവന്ദ്യ തിരുമേനിയെ വൈദീകര്‍, ശെമ്മാശന്മാര്‍, വൈദീക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന്‌ ദേവാലയത്തിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ 8 മണിക്ക്‌ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും കോര്‍എപ്പിസ്‌കോപ്പമാര്‍ തുടങ്ങിയവരുടെ സഹകാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. വൈകിട്ട്‌ 6.30-ന്‌ നടക്കുന്ന പെരുന്നാള്‍ ഘോഷയാത്രയില്‍ അഭി. തിരുമേനിയേയും വിശിഷ്‌ടാതിഥികളേയും കത്തീഡ്രലിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരവും, പരി. പരുമല തിരുമേനിയെ കുറിച്ചുള്ള പ്രഭാഷണവും ഉണ്ടായിരിക്കും.

30-ന്‌ ഞായറാഴ്‌ച 8.30-ന്‌ കത്തീഡ്രലില്‍ എത്തുന്ന തിരുമേനിയെ ശുശ്രൂഷക സംഘം സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ പ്രഭാത നമസ്‌കാരം, വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രസംഗം, ധൂപ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

11.30-ന്‌ കൊടി, മുത്തുക്കുടകള്‍, കുരിശ്‌, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന റാലിയില്‍ പ്രാര്‍ത്ഥനയിലും, പെരുന്നാളിന്റെ സ്‌തിതിഗീതങ്ങള്‍ ആലപിച്ചും വിശ്വാസികള്‍ പങ്കെടുക്കും. വാഴ്‌വിനും, കൈമുത്തിനും ശേഷം വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

ഭക്തജനങ്ങള്‍ ആരാധനയിലും, പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലും നോമ്പാചരണത്തോടും, വിശുദ്ധിയോടും, പ്രാര്‍ത്ഥനാപൂര്‍വ്വമായും പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണം.

പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനായി ഫാ. ഡാനിയേല്‍ ജോര്‍ജ്‌, പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, ഏലിയാസ്‌ തോമസ്‌ കണ്‍വീനര്‍, ഫിലിപ്പ്‌ കുന്നേല്‍, യോഹന്നാന്‍ വര്‍ഗീസ്‌, തേമസ്‌ മാമൂട്ടില്‍, മോളമ്മ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പി.ആര്‍.ഒ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക