Image

ഒരു നാലുവയസ്സുകാരിയുടെ ഓണം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)

Published on 30 September, 2013
ഒരു നാലുവയസ്സുകാരിയുടെ ഓണം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
ഒരിളനീര്‍ കുടിക്കുവാന്‍ മോഹമായ്‌
പലപല നാളുകള്‍, തള്ളി നീക്കീടവേ
ഒരുനാളിലാ മോഹം, അച്ഛന്‍റെ മുന്നിലായ്‌
അരുമയോടാമകള്‍, അറിയിച്ചു മെല്ലവെ
`അച്ഛാ ....എനിക്കൊരു ഇളനീര്‍ വെട്ടീടുമോ
കുടിക്കുവാന്‍ വല്ലാത്തൊരു തോന്നലാണ്‌`
നാല്‌ വയസ്സായ മകളുടെ കൊതിയൊരു
വല്ലാത്ത കൊഞ്ചലായ്‌ തോന്നിയെന്നാകിലും

`അത്‌ വളര്‍ന്നീടട്ടെ, പലപല കാര്യങ്ങള്‍
അതിനാലെ ചെയ്‌തു തീര്‍പ്പതിനായുണ്ട്‌`
അച്ഛന്റെ വാക്കുകളെരിതീയായവള്‍ തന്‍
കുഞ്ഞിളം മനസ്സില്‍ പടര്‍ന്നിറങ്ങി
കണ്ണുനീരാലവള്‍ കെടുത്തിയാത്തീയിനെ
മെല്ലെ മയക്കത്തില്‍ മുങ്ങിപ്പോയി

ദിവസങ്ങളേറെക്കടന്നുപോയി
പൊന്നോണനാളിങ്ങരികിലെത്തി
തിരുവോണനാളിലാ സായംസന്ധ്യയില്‍
കേട്ടുണര്‍ന്നാലവളൊ
രാഘോഷ മേളത്തിന്‍പൊട്ടിച്ചിരി കളും,
ഏതേതോ ഗാനത്തിന്‍ കൈയ്യടിത്താളവും

ഘോഷത്തിന്‍ ഉത്‌ഭവം കണ്ടെത്തുവാനായി
ഓരോയിടവും പരതിത്തീര്‍ന്നു
ഒരുവേള ഞെട്ടലില്‍ ഓടിക്കയറിനാലവള്‍
ഓരോരോ പടികളും വേഗത്തിലായ്‌
ശ്വാസം നിലച്ചപോല്‍ നിന്നുപോയ്‌ കണ്ടതോ
വിശ്വസിപ്പാനോ കഴിയാതെയായ്‌
സ്വപ്‌നമോ സത്യമോ, എന്തെന്നറിയാതെ
കുഞ്ഞു മനസ്സു പതറിനിന്നു

ടെറസ്സോളം പൊക്കത്തില്‍,നില്‌ക്കുന്ന ചെന്തെങ്ങിന്‍
മൂപ്പെത്താ കായ്‌കളിലേറെയെണ്ണം ......?
വെട്ടിപ്പിളര്‍ന്നതാം കായ്‌ കള്‍ക്കുചുറ്റിലും
അച്ഛനും കൂട്ടരും ഒത്തു ചേര്‍ന്നു
മദ്യത്തിനൊപ്പമീ ഇളനീരെന്തിന്നൊരു വേള
ചിന്തിച്ചു പോയതപ്പോള്‍
കണ്ണീര്‍ കവിഞ്ഞതാല്‍ കണ്ണിലെ കാഴ്‌ച്ചകള്‍
എല്ലാമേ മങ്ങി മറഞ്ഞുപോയി

കുഞ്ഞിളം പാദങ്ങളോരോരോ അടിവെച്ച്‌
ഓരോരോ പടികള്‍ ഇറങ്ങീടവേ
എന്‍സങ്കടം തീര്‍ക്കനായ്‌, നോക്കി നിന്നീടുന്ന
അമ്മയെ കണ്ടൊരാ നേരമപ്പോള്‍
കണ്ണീര്‍ തുടച്ചിട്ടോടിയെത്തീടിനാലവള്‍
അമ്മതന്‍ നെഞ്ചതില്‍ പറ്റിച്ചേര്‍ന്നു .

`അച്ഛന്റെ സ്‌നേഹമോ ചങ്ങാതിമാര്‍ക്കാണ്‌
അമ്മതന്‍ സ്‌നേഹമോ എനിക്ക്‌ മാത്രം`
ഒരു നാലുവയസ്സുകാരിയുടെ ഓണം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക