Image

ചിത്രഗീതം- ചിത്ര എന്ന കൂട്ടുകാരി (കെ.എ. ബീന)

Published on 30 September, 2013
ചിത്രഗീതം-  ചിത്ര എന്ന കൂട്ടുകാരി  (കെ.എ. ബീന)
``ആറാം ക്ലാസ്സിലെ വെള്ളിയാഴ്‌ചകളിലെ അവസാന പീരിയഡ്‌ കലാപരിപാടികള്‍ക്കുള്ളതാണ്‌. അന്ന്‌ ക്ലാസ്സിലെ അംഗീകൃത പാട്ടുകാരി ഞാനാണ്‌. മറ്റ്‌ ചില കുട്ടികളും പാടാറുണ്ടായിരുന്നു. ചിലര്‍ കലാപരിപാടികളും അവതരിപ്പിക്കും. ഒരു ദിവസം ക്ലാസ്സിന്‌ മുന്നിലൂടെ പോയ ഹെഡ്‌മിസ്‌ട്രസ്സ്‌ ക്ലാസ്സിലേക്കു കയറി. ഞങ്ങളുടെ പരിപാടികള്‍ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ചോദിച്ചു.

``പാടാനറിയാവുന്നവര്‍ ഇനി ആരെങ്കിലും ഉണ്ടോ?''

ആരും മിണ്ടിയില്ല.

ബെഞ്ചിന്റെ അറ്റത്തിരുന്ന കുട്ടിയെ നോക്കി ടീച്ചര്‍ ചോദിച്ചു.

``ഈ കുട്ടി പാടുമല്ലോ.''

ഏതോ യോഗത്തില്‍ പ്രാര്‍ത്ഥന പാടി കേട്ടിട്ടുള്ള ആ കുട്ടിയെ ടീച്ചര്‍ പാടാന്‍ വിളിച്ചു.

നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി പാടി.

``നക്ഷത്രകിന്നരന്മാര്‍ വിരുന്നു വന്നു'' എന്ന പാട്ട്‌.

ക്ലാസ്സ്‌ അമ്പരന്നു ഇരുന്നു. ഇന്ന്‌ വരെ പാടുമെന്നറിയാത്ത ഒരു കുട്ടി പാടുകയാണ്‌, അതിമനോഹരമായി. ഇത്രനാള്‍ ഇവള്‍ തങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നുവല്ലോ എന്ന്‌ ഓരോരുത്തരും ഓര്‍ത്തു പോയി.

കെ.എസ.്‌ചിത്ര എന്നും അങ്ങനെയാണ്‌ . ഒളിച്ചിരിക്കുന്ന പാവം കുട്ടി.

``വിനയം നിനക്ക്‌ കിരീടമായിരിക്കട്ടെ'' എന്ന്‌ ടാഗോര്‍ പാടിയിട്ടുണ്ട്‌. ആ കിരീടം ചൂടുന്നവര്‍ അപൂര്‍വ്വം. എനിക്ക്‌ മകളായ കെ.എസ്‌. ചിത്ര വിനയമായി, വിനയകിരീടം ചൂടി എന്റെ മുന്നിലിരിക്കുമ്പോള്‍ മനസ്സ്‌ നിറയുന്നു.''-പറയുന്നത്‌ ഒ.എന്‍.വി. കുറുപ്പ്‌. ചിത്രയുടെ അനുഭവങ്ങളെക്കുറിച്ചുള്ള പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു ഒ.എന്‍.വി. സാര്‍.

വേദിയില്‍ ചന്ദന നിറമുള്ള സാരിയും ബ്ലൗസുമിട്ട്‌ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ ചിരിച്ച്‌ ചിത്ര. 35 വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥന പാടുമ്പോഴുള്ള അതേ ചിരിയോടെ ചിത്ര. ആരുടെ മുന്നിലും തൊഴുകൈയോടെ നില്‍ക്കുന്ന അതേ ഭാവം. ലോകമറിയുന്ന പാട്ടുകാരിയാവുമ്പോഴും കുട്ടിത്തം വിടാതെ ലാളിത്യമാര്‍ന്ന്‌ ചിത്ര.

ചില മനുഷ്യര്‍ ചരിത്രത്തിലേക്ക്‌ നടന്നു കയറുന്നത്‌ പ്രതിഭ കൊണ്ടാണ്‌, മറ്റു ചിലര്‍ സ്വഭാവ മഹിമ കൊണ്ടും. ഇവ രണ്ടും ചിത്രയ്‌ക്ക്‌ വേണ്ടുവോളമുണ്ട്‌, ചരിത്രം ചിത്രയുടേതാകുന്നത്‌ അതു കൊണ്ടാണല്ലോ.

വിനയത്തിന്‌, ഹൃദയ നൈര്‍മ്മല്യത്തിന്‌, നിഷ്‌ക്കളങ്കതയ്‌ക്ക്‌, ആത്മാര്‍ത്ഥതയ്‌ക്ക്‌, സ്‌നേഹത്തിന്‌, സൗഹൃദത്തിന്‌ - ചിത്ര ഇതിനൊക്കെ പര്യായമാണ്‌ ഞങ്ങള്‍- കൂട്ടുകാര്‍ക്ക്‌.

പഴയ പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട പെണ്‍കുട്ടികള്‍ക്കപ്പുറം ഇപ്പോഴും ഒരുമിച്ചു കൂടുമ്പോള്‍ ആരും ആരുമാവുന്നില്ല. പണ്ടത്തെപ്പോലെ നിറഞ്ഞ്‌ കവിഞ്ഞ്‌ ആനന്ദിച്ച്‌, ചിരിച്ച്‌ മറിഞ്ഞ്‌ അനേ്യാന്യം കളിയാക്കി.

വിരല്‍ത്തുമ്പില്‍ ഒരു കൂട്ടുകാരിയുടെ താങ്ങ്‌..ചിത്രക്ക്‌ അത്‌ കൂടിയേ കഴിയൂ എന്നായിരുന്നു പണ്ട്‌..സ്‌നേഹം പ്രകടിപ്പിക്കാന്‍ പിശുക്കില്ലാത്ത കൂട്ടുകാരി. ഇന്നും കാണുമ്പോള്‍ ചിത്രയുടെ മുഖത്ത്‌ പഴയത്‌ പോലെ സൗഹൃദത്തിന്റെ ആവേശം, കൈകളില്‍ സ്‌നേഹത്തിന്റെ സ്‌പന്ദനങ്ങള്‍.വാക്കുകളില്‍ കുസൃതിയുടെ പൂത്തിരികള്‍..കൂടിക്കാഴ്‌ചകള്‍ ആഘോഷങ്ങളാക്കുന്ന അപൂര്‍വ്വം കൂട്ടുകാരില്‍ ഒരാള്‍.

``ചിത്ര ലോകമറിയുന്നൊരു പാട്ടുകാരിയാണെന്ന്‌ ചിത്രയോ മറക്കുന്നു, നമുക്ക്‌ എന്താ അങ്ങനൊരു ആലോചന ഇല്ലാത്തത്‌. കഷ്‌ടം, നമ്മുടെ ഒരു കാര്യം.''

ചിത്രയുടെ സംഗീതാദ്ധ്യാപിക കൂടിയായ പി .സുശീലാ ദേവിയുടെ മകള്‍ ബിന്ദു പ്രദീപ്‌ സ്വയം കളിയാക്കുന്നത്‌ അങ്ങനെ.

``ഈ ചിത്ര ഇപ്പോഴും പണ്ടത്തെപ്പോലെ തന്നെ. സ്റ്റേജില്‍ കയറും മുമ്പ്‌ പത്തു വിരലുകളിലും നിറച്ചിട്ടിരിക്കുന്ന ദൈവങ്ങളുടെ മോതിരങ്ങള്‍ തെരുപ്പിടിപ്പിച്ച്‌ സര്‍വ്വദൈവങ്ങളേയും വിളിച്ച്‌ പ്രാര്‍ത്ഥിച്ചോണ്ടേയിരിക്കും. ടെന്‍ഷനോട്‌ ടെന്‍ഷന്‍ തന്നെ.'' ബിന്ദുവിന്റെ തമാശ കേട്ട്‌ ചിത്ര കണ്ണിറുക്കി ചിരിക്കും.

ഏറ്റവും ഉയരത്തെ പടിയില്‍ നില്‍ക്കുമ്പോഴും കയറി വന്ന പടികള്‍ മറക്കാതിരിക്കുന്നത്‌ മഹത്വത്തിന്റെ ലക്ഷണമാണ്‌ - ചിത്രയ്‌ക്ക്‌ ആ മഹത്വമുണ്ട്‌. സംഗീത കുടുംബത്തില്‍ നിന്നെത്തിയ സംഗീതം പഠിക്കാത്ത കുട്ടി കേന്ദ്ര ഗവണ്‍മെന്റ്‌ സ്‌കോളര്‍ഷിപ്പിനായി ചേച്ചിയെ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചു പോകുന്നു, ജഡ്‌ജിംഗ്‌ കമ്മറ്റിയോട്‌ സത്യം തുറന്നു പറയുന്നു. കമ്മറ്റി സര്‍വ്വാത്മനാ ഏഴ്‌ വര്‍ഷത്തേക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ചിത്രയുടെ ഔദേ്യാഗിക സംഗീതപര്‍വ്വം തുടങ്ങുന്നത അങ്ങനെയായിരുന്നു.

അച്ഛന്‍ കരമന കൃഷ്‌ണന്‍ നായര്‍ സംഗീതത്തെ സ്‌നേഹിച്ച പാട്ടുകാരന്‍. അമ്മ ശാന്തകുമാരി അദ്ധ്യാപിക. ശബ്‌ദം നന്നാകാന്‍ വെണ്ണയില്‍ കുരുമുളക്‌ പൊടിച്ചിട്ട്‌ മകളെ കഴിപ്പിച്ചിരുന്ന നല്ല കാര്യങ്ങള്‍ക്ക്‌ പോകുമ്പോള്‍ പശുവിനെയോ സ്വര്‍ണ്ണത്തെയോ കണി കാണിച്ച്‌ മകളെ പറഞ്ഞയച്ചിരുന്നവര്‍.

ബാല്യകൗമാരങ്ങള്‍ മുഴുവന്‍ ചിത്ര സമര്‍പ്പിച്ചത്‌ സംഗീതത്തിന്‌ ആയിരുന്നു. സ്‌കൂള്‍ മത്സരവേദികള്‍, യുവജനോത്സവ വേദികള്‍ - നിറഞ്ഞ ചിരിയോടെ ചിത്ര സമ്മാനങ്ങള്‍ വാരിക്കൂട്ടി മടങ്ങി എത്തുമ്പോള്‍ സംഗീതത്തിലെ എതിരാളികള്‍ക്ക്‌ പോലും അസൂയ തോന്നില്ലായിരുന്നു. ചിത്രയ്‌ക്ക്‌ കിട്ടുന്ന സമ്മാനങ്ങള്‍, വിജയങ്ങള്‍ അത്‌ ഞങ്ങള്‍ക്ക്‌ കിട്ടിയതാണെന്ന്‌ കൊച്ചുന്നാളില്‍ ഞങ്ങള്‍ കരുതി. ഇന്ന്‌ ചിത്രയുടെ വിജയങ്ങളില്‍ നാട്‌ മുഴുവന്‍ ചിത്രയോടൊപ്പം സന്തോഷിക്കുന്നു, ദുഃഖങ്ങളില്‍ ഒപ്പം തേങ്ങുന്നു. രണ്ടഭിപ്രായം പറയാനില്ലാത്ത വ്യക്തിത്വം - ആ സ്വഭാവശുദ്ധി ചിത്രയുടെ ഉള്ളിലുള്ളതാണ്‌, അത്‌ നന്മ നിറഞ്ഞ ആ അച്ഛനമ്മമാര്‍ നല്‍കി പോയതാണ്‌. അതു കൊണ്ടാണ്‌ ആ ചിരി എന്നും എപ്പോഴും ഇങ്ങനെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നത്‌, ചിത്രയുടെ സാന്നിദ്ധ്യം സൗരഭ്യമേകുന്നത്‌.

എന്നും പ്രസരിപ്പുള്ള കുട്ടിയാണ ചിത്ര. പോസിറ്റീവ്‌ ആയി മാത്രം കാര്യങ്ങളെ സമീപിക്കുന്ന രീതി കൊണ്ട്‌ കെ.എസ്‌. പോസിറ്റീവ്‌ എന്ന്‌ ഞങ്ങള്‍ കളിയാക്കുക പോലും ചെയ്‌തിരുന്നു. നൂറു ശതമാനം വിശ്വാസമുള്ള ഒരു സൗഹൃദം.

``ചിത്ര മോശമായി പറഞ്ഞു'' വെന്ന്‌ മറ്റൊരാള്‍ പറഞ്ഞാല്‍ ഓരോ സുഹൃത്തും നൂറു ശതമാനം വിശ്വാസത്തോടെ പറയും. ``ചിത്രയോ, ഇല്ല, ചിത്ര അതു പറയില്ല''.

കാപട്യങ്ങള്‍, കൃത്രിമ വര്‍ത്തമാനങ്ങള്‍, പൊങ്ങച്ചങ്ങള്‍, പ്രശസ്‌തിയുണ്ടാക്കുന്ന തലക്കനം - ചിത്രയുടെ ഡിക്ഷണറിയില്‍ ഇവയൊന്നും തന്നെ ഇല്ല. അതു കൊണ്ടാണ്‌ ഹൃദയത്തോട്‌ ചേര്‍ത്തു വച്ച്‌ ഓരോ സംഗീതപ്രേമിയും പറയുന്നത്‌ - ``ഈ കുട്ടി എന്റെ വീട്ടിലെ കുട്ടിയാണ്‌. ഓരോ സുഹൃത്തും പറയുന്നത്‌ - ``ചിത്ര എന്റെ ചിത്രയാണ്‌''.

എത്ര വളര്‍ന്നിട്ടും പഴയ ``കുട്ടി ചിത്ര'' തന്നെയാണ്‌ ചിത്ര. ചിത്രയ്‌ക്ക്‌ മാത്രമേ അങ്ങനെയാകാന്‍ കഴിയൂ. ആരെങ്കിലും ചീത്ത പറഞ്ഞാലും കേട്ടോണ്ടിരിക്കുമെന്നല്ലാതെ എതിര്‍ത്തു പറയുകയേയില്ല. കുറെ കഴിയുമ്പോള്‍ എല്ലാം മറന്ന്‌ ചീത്ത പറഞ്ഞവരോട്‌ തന്നെ സ്‌നേഹത്തില്‍ പെരുമാറും. കുട്ടിത്തം ഒരിക്കലും ചിത്രയെ വിട്ടു പോകുന്നില്ല. ആ ചിരിയില്‍ നിന്ന്‌ പോലും.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ചിത്രയെ കളിയാക്കുന്ന കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കൈയിലെ പത്തു വിരലുകളിലുള്ള മോതിരം പോലെ ഒരു വിശ്വാസമായിരുന്നു കാതിലെ ജിമുക്കി. അത്‌ ഉള്ളത്‌ കൊണ്ടാണ്‌ സമ്മാനം കിട്ടുന്നത്‌ എന്നുവരെ ചിത്ര പറഞ്ഞു കളയും. ചിത്ര നന്നായി പാടുന്നത്‌ കൊണ്ടാണെന്ന്‌ പറഞ്ഞിട്ടൊന്നും കാര്യമില്ല. ജിമുക്കിയിലുള്ള വിശ്വാസം ചിത്ര വിടില്ല.

ഉയര്‍ച്ചയ്‌ക്കൊത്ത്‌ സൗഹൃദങ്ങളുടെ സ്വഭാവം മാറ്റാനൊന്നും ചിത്ര മെനക്കെട്ടിട്ടില്ല. പണ്ടത്തെ കൂട്ടുകാര്‍ ഒക്കെ ഇപ്പോഴും കൂട്ടുകാര്‍. കളിയാക്കിയും പൊട്ടിച്ചിരിച്ചും പൊട്ടിച്ചിരിപ്പിച്ചും മിമിക്രി കാണിച്ച്‌ രസിപ്പിച്ചും അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കിടാനുള്ള ദൈവിക വരദാനങ്ങള്‍ തന്നെ ഇപ്പോഴും സൗഹൃദങ്ങള്‍. ചിത്ര വരുമ്പോള്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങളില്‍ വാത്സല്യം പുഴയായൊഴുകും. അത്‌ ചിത്രയ്‌ക്ക്‌ മാത്രം സ്വന്തമായ ഒരു സ്‌നേഹപ്പുഴയാണ്‌.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രയ്‌ക്കൊപ്പം ഞങ്ങളും കരുതി ചേച്ചി കെ.എസ്‌. ബീനയായിരിക്കും വലിയ ഗായികയാകാന്‍ പോകുന്നതെന്ന്‌. ചിത്രയെ ഐ.എ.എസ്‌ ഓഫീസര്‍ ആയി കാണാനായിരുന്നു അമ്മയ്‌ക്കിഷ്‌ടം. പക്ഷെ വിധി ഗായികയുടെ സിംഹാസനമൊരുക്കി കാത്തിരുന്നത്‌ ചിത്രയ്‌ക്ക്‌ വേണ്ടിയായിരുന്നു. കോട്ടണ്‍ഹില്‍ സ്‌കൂളിലെ സി.കെ. ലില്ലി ടീച്ചറും, ശ്രീദേവി ടീച്ചറും ഗ്രേസമ്മ ടീച്ചറും പൊന്നമ്മ ടീച്ചറുമൊക്കെ ആ സിംഹാസനം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്‌ ഇന്ന്‌ തോന്നുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദികള്‍ ചിത്രയുടെ വേദികളായി മാറിയ കാലമായിരുന്നു അത്‌. കോളേജിലെത്തുമ്പോഴും ചിത്ര തന്നെയായിരുന്നു സംഗീത താരം.

അരവിന്ദന്റെ കുമ്മാട്ടിയില്‍ ``കറുകറെ കാര്‍മുകില്‍'' എന്ന കോറസ്‌, `അട്ടഹാസ' ത്തില്‍ ``ചെല്ലം ചെല്ലം'' തുടങ്ങിയ സിനിമാ സംരഭങ്ങള്‍ ഇതിനിടയില്‍ എപ്പോഴൊക്കെയോ നടന്നു. പക്ഷെ ആദ്യമായി കെ.എസ്‌. ചിത്രയുടെ ശബ്‌ദം പുറത്ത്‌ വന്നത്‌ ``ഞാന്‍ ഏകനാണ്‌'' എന്ന സിനിമയിലൂടെയായിരുന്നുവല്ലോ.

കണ്ണടച്ചിരിക്കുമ്പോള്‍ എത്തുന്നത്‌ തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളേജിലെ മ്യൂസിക്‌ ഡിപ്പാര്‍ട്ടുമെന്റിന്‌ മുന്നില്‍. പഴയ മട്ടിലുള്ള ആ കെട്ടിടത്തിന്റെ തടി വരാന്തയിലിരുന്ന്‌ ചിത്ര തലേന്ന്‌ റെക്കോര്‍ഡ്‌ ചെയ്‌ത ``രജനീ പറയൂ'' എന്ന പാട്ട്‌ പാടുകയാണ്‌, എനിക്കായി. പാട്ട്‌ കഴിഞ്ഞ്‌ ചിത്രയുടെ കൈയില്‍ കൈ അമര്‍ത്തുമ്പോള്‍ മനസ്സില്‍ പ്രാര്‍ത്ഥന മാത്രം `` ഈ തുടക്കം നന്നാവണേ''. എപ്പോള്‍ പറഞ്ഞാലും പാടുന്ന ചിത്ര. എത്രമാത്രമാണ്‌ ഞങ്ങള്‍ ചിത്രയെ കൊണ്ട്‌ പാടിച്ചിട്ടുള്ളത്‌, പാടിക്കുന്നത്‌. ആദ്യം വരുന്നത്‌ പകരം വയ്‌ക്കാനില്ലാത്ത ആ ചിരിയാണ്‌, പിന്നെ ഹൃദയം കുളിര്‍പ്പിച്ച്‌ സംഗീതവും.

ചിത്രയുടെ പാട്ടുകള്‍, മലയാളിയുടെ രാപകലുകളുടെ സമ്പന്നത - നമുക്ക്‌ സ്വന്തമായ സംഗീത ഖനി.

ചിത്രയുടെ വിവാഹം നിശ്ചയിക്കുമ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു. ഞങ്ങളുടെ ഒപ്പം പഠിച്ച രാജീ ഗോപാലകൃഷ്‌ണന്‌റെ ചേട്ടന്‍ വിജയശങ്കറാണ്‌ വരന്‍. മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. വായനയില്‍ എനിക്ക്‌ വഴികാട്ടി ആയിരുന്ന ആനന്ദം ടീച്ചറിന്റെ (ആനന്ദം ഗോപാലകൃഷ്‌ണന്‍) മകന്‍ കൂടിയായിരുന്നു വിജയന്‍ ചേട്ടന്‍.

കല്യാണ ശേഷം ചിത്രയുടെ ദാമ്പത്യത്തെക്കുറിച്ച്‌ അപവാദഘോഷങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളകൗമുദിയിലും ഫിലിം മാഗസിനിലും ഞാന്‍ ചിത്രയുടെ അഭിമുഖങ്ങള്‍ എഴുതിയിരുന്നു. ``ഞങ്ങളെ വെറുതെ വിടൂ'' എന്നായിരുന്നു അന്ന്‌ ചിത്ര അപവാദ പ്രചാരകരോട്‌ അപേക്ഷിച്ചത്‌. ഇന്നും ചുറ്റും അപവാദങ്ങള്‍ ഉയരുമ്പോള്‍ ചിത്ര മറ്റൊന്നും ആവശ്യപ്പെടുന്നില്ല. ഏറ്റവുമൊടുവില്‍ മകളുടെ മരണവേളയിലും ഒരുപാട്‌ കഥകള്‍ കേട്ടു. ക്ഷമിക്കാനും, സഹിക്കാനും മാത്രം അറിയുന്ന ചിത്ര അതും ക്ഷമിച്ചു, ഭര്‍ത്താവ്‌ വിജയന്‍ ചേട്ടനെ ആശ്വസിപ്പിച്ചു.

. ``സാരമില്ല''.

മകളുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ചിത്ര മടങ്ങി വരണേ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ എത്രകോടി ജനങ്ങളായിരുന്നു. 16 തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടിയ, 6 തവണ ദേശീയ അവാര്‍ഡ്‌ നേടിയ ഗായിക എന്ന നിലയിലായിരുന്നില്ല ആ പ്രാര്‍ത്ഥനകള്‍. സന്തോഷത്തിലും സന്താപത്തിലും തഴുകാനെത്തിയ ദൈവികനാദമാണ്‌ ചിത്ര. ചിത്രയെ സ്‌നേഹിക്കുന്നത്‌ മലയാളികള്‍ മാത്രമല്ലല്ലോ. തമിഴ്‌, തെലുങ്ക്‌, കന്നഡ, ഒറിയ, ഹിന്ദി, അസമീസ്‌, ബംഗാളി, ലത്തീന്‍ തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര കൈയ്യൊപ്പിട്ടിട്ടുണ്ട്‌. ഇത്രയ്‌ക്ക്‌ സ്വപ്‌നസദൃശ്യമായ ഒരനുഭവം മറ്റൊരു മലയാളി സ്‌ത്രീക്ക്‌ ലഭിച്ചിട്ടുണ്ടോ? സംശയമാണ്‌.

നന്ദന - ചിത്രയുടെ നൊമ്പരക്കാറ്റ്‌ - ഒരു ജന്മത്തെ തപസ്സായിരുന്നു . 1989-ല്‍ പ്രസവത്തിനായി ഞാന്‍ തിരുവനന്തപുരത്തെ പി.ആര്‍.എസ്‌ ആശുപത്രിയില്‍ അഡ്‌മിറ്റായി കിടക്കുമ്പോള്‍ ആനന്ദം ടീച്ചര്‍ ചിത്രയുമായെത്തി. ഗര്‍ഭിണിയാകുന്നതിനുള്ള പരിശോധനകള്‍ക്ക്‌. അന്ന്‌ മുതലേ തുടങ്ങിയതാണ്‌ തപസ്സ്‌. ഡി.&.സി.ക്ക്‌ ശേഷം മറ്റ്‌ മുറികള്‍ ഇല്ലാതിരുന്നതിനാല്‍ അന്ന്‌ വൈകിട്ട്‌ വരെ ചിത്ര കിടന്നത്‌ എന്റെ മുറിയിലായിരുന്നു. കുഞ്ഞിന്‌ വേണ്ടിയുള്ള ചിത്രയുടെ അടങ്ങാത്ത മോഹം കണ്ട്‌ എന്റെ നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി ഞാനന്ന്‌ പ്രാര്‍ത്ഥിച്ചു പോയി.

``ചിത്രയ്‌ക്ക്‌ എത്രയും വേഗം കുഞ്ഞിനെ കൊടുക്കണേ.'' ഒടുവില്‍ നന്ദന വന്നു, ജീവിതം ഉത്സവമാക്കി 8 വര്‍ഷം. നൂറു ജന്മങ്ങളിലെ അമ്മ മനസ്സും സ്‌നേഹവും ചിത്ര അവള്‍ക്ക്‌ നല്‍കി. പെട്ടെന്ന്‌ ഒരത്ഭുതം പോലെ അവള്‍ മറഞ്ഞു. മദ്രാസിലെ സാലീഗ്രാമത്തിലെ വീട്ടില്‍ ചെല്ലുമ്പോള്‍ ചിത്ര തകര്‍ന്ന്‌ കണ്ണീരൊഴുക്കി പറഞ്ഞു കൊണ്ടേയിരുന്നു.

``ഇല്ല മറക്കാനാവില്ല, ഈ ജന്മത്തിലല്ലാ ഒരു ജന്മത്തിലും നന്ദനയെ മറക്കാനാവില്ല.''

ഒപ്പം പഠിച്ചവരും, പഠിപ്പിച്ചവരുമായ ഞങ്ങള്‍ക്ക്‌ മുന്നില്‍ നിയന്ത്രണങ്ങള്‍ നഷ്‌്‌ടപ്പെട്ട്‌ ചിത്ര കരയുമ്പോള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചത്‌ ``ചിത്രയ്‌ക്ക്‌ ശക്തി കിട്ടണേ'' എന്നായിരുന്നു. ചിത്ര വീണ്ടും ചിരിക്കുമോ എന്ന്‌ ഞങ്ങള്‍ അനേ്യാന്യം ചോദിച്ചു കൊണ്ടേയിരുന്ന നാളുകള്‍. ഒടുവില്‍ സ്‌നേഹം + ഇഷ്‌ടം = അമ്മ എന്ന ചിത്രത്തില്‍ പാടി ചിത്ര തിരികെ വന്നുവെന്നറിഞ്ഞപ്പോള്‍ എന്തൊരാശ്വാസമായിരുന്നു. ചിത്രയ്‌ക്ക്‌ ആദ്യ ദേശീയ പുരസ്‌ക്കാരം (പാടറിയേന്‍, പഠിപ്പറിയേന്‍ - സിന്ധുഭൈരവി - 1986) കിട്ടി എന്നറിഞ്ഞതിനേക്കാള്‍ സന്തോഷം തോന്നിയ നിമിഷം.

ചിത്ര നേടാത്തത്‌ എന്താണ്‌?

വിവിധ ഭാഷകളിലായി 11,000-ത്തോളം പാട്ടുകള്‍. പ്രശസ്‌തരായ എല്ലാ സംഗീത സംവിധായകന്മാര്‍ക്കുമൊപ്പവും പാട്ടുകള്‍, അവാര്‍ഡ്‌ പ്രളയം, ആല്‍ബങ്ങള്‍, വിദേശ പര്യടനങ്ങള്‍, ലണ്ടനിലെ റോയല്‍ ആല്‍ബെര്‍ട്ട്‌ ഹാളില്‍ ലതാ മങ്കേഷ്‌ക്കര്‍ക്ക്‌ ശേഷം ആദ്യമായി പാടാന്‍ അവസരം - പിന്നെ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സുകളില്‍ നിറയുന്ന സ്‌നേഹത്തിന്റെ, ഇഷ്‌ടത്തിന്റെ പെരുമഴ.

ജീവിതം ധന്യമാണെന്ന്‌ തോന്നുന്ന ചില അവസരങ്ങള്‍ ഉണ്ട്‌, ഓരോ ജീവിതത്തിലും. ചിത്രയോടൊത്ത്‌ പഠിച്ചതില്‍, ചിത്രയെപ്പോലൊരു പ്രതിഭയെ പരിചയിച്ചതില്‍, ചിത്രയെപ്പോലെ നന്മ നിറഞ്ഞ ഒരു മനുഷ്യ ജന്മത്തിന്‌ സാക്ഷിയാകാന്‍ കഴിഞ്ഞതില്‍.

ഒന്‍പതാം ക്ലാസ്സിലെ അവധിക്കാലത്ത്‌ തിരുവനന്തപുരത്തെ ഉള്ളൂര്‍ സ്‌മാരകത്തില്‍ ഒരു മാസത്തെ കവിതാ കഥന ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചിത്ര കവിതകള്‍ ചൊല്ലുന്നത്‌ കേട്ട്‌ ആനന്ദിച്ച്‌ മനസ്സ്‌ പറഞ്ഞിരുന്നു..``മലയാളത്തിന്റെ കുട്ടി'' യാണ്‌ ചിത്രക്കുട്ടി..

അതെ മലയാളത്തിന്റെ കുട്ടിയാണ്‌ ചിത്ര. അന്ന്‌ വരെ നമ്മുടെ ചലച്ചിത്രഗാന രംഗത്ത്‌ നില നിന്നിരുന്ന അന്യഭാഷാ ഗായികമാര്‍ക്കിടയില്‍ ചിത്ര ഉണ്ടാക്കിയെടുത്തത്‌ ആ വ്യക്തിത്വമായിരുന്നു. അത്‌ മലയാള ഗാനശാഖയുടെ ചരിത്രം കൂടിയായി മാറിയത്‌ യാദൃച്ഛികം.

വിലപ്പെട്ട ഒരു പാഠപുസ്‌തകമാണ്‌ ചിത്ര. നേട്ടങ്ങളില്‍ ഭ്രമിക്കാതെ, ഉയരങ്ങളില്‍ നിന്ന്‌ ഉയരങ്ങളിലേക്ക്‌ ചെല്ലുമ്പോഴും കുനിഞ്ഞ ശിരസ്സോടെ, മധുരമുള്ള വാക്കുകളോടെ, ആരെയും നോവിക്കാതെ, നൊമ്പരപ്പെടുത്താതെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന്‌ പഠിപ്പിക്കുന്ന പാഠപുസ്‌തകം. വിനയത്തിന്‌, ലാളിത്യത്തിന്‌, സ്‌നേഹത്തിന്‌ ഇത്ര ചന്തമോ എന്നമ്പരപ്പിക്കുന്നു ഓരോ വട്ടവും ചിത്ര.
ചിത്രഗീതം-  ചിത്ര എന്ന കൂട്ടുകാരി  (കെ.എ. ബീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക