Image

മതവിശ്വാസികളുടെ ധാര്‍മ്മികച്യുതിക്ക്‌ രാഷ്ട്രീയ പാര്‍ട്ടികളോ ഉത്തരവാദി?

Published on 01 October, 2013
മതവിശ്വാസികളുടെ ധാര്‍മ്മികച്യുതിക്ക്‌ രാഷ്ട്രീയ പാര്‍ട്ടികളോ ഉത്തരവാദി?
നിന്റെ പ്രഭുക്കന്മാര്‍ മത്സരികള്‍; കള്ളന്മാരുടെ കൂട്ടാളികള്‍ തന്നേ; അവര്‍ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര്‍ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കല്‍ വരുന്നതുമില്ല.

Your rulers are rebels, companions of thieves; they all love bribes and chase after gifts. They do not defend the cause of the fatherless; the widow's case does not come before them.

യെശയ്യാവ്‌: അദ്ധ്യായം 1:23 കമെശമവ: ഇവമുലേൃ 1:23

---------------------------------

ന്യൂയോര്‍ക്കില്‍ വാള്‍സ്‌റ്റ്രീറ്റ്‌ പിടിച്ചെടുക്കല്‍ സമരം അതിന്റെ പേരുകൊണ്ടുമാത്രമാ!ണ്‌ വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുത്തത്‌. ആ സമരം ഭരണകൂടം അനുവദിച്ചുനല്‌കിയ സുക്കൊട്ടിപാര്‍ക്കില്‍ നടന്നു. ആ സമരം പ്രഖ്യാപിച്ച ന്യൂയോര്‍ക്ക്‌ സ്‌റ്റോക്‌ എക്‌സേഞ്ച്‌ പ്രവര്‍ത്തനം സ്‌തംഭിപ്പിക്കല്‍ തികഞ്ഞ പരാജയമായിരുന്നു. പക്ഷെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ (വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ പോലെയുള്ള തീവ്ര വലതുപക്ഷ മാധ്യമങ്ങള്‍ ഒഴികെ) ഒന്നും തന്നെ വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പരാജയമാണെന്ന്‌ ഒരിക്കല്‍ പോലും പറയുകയൊ വിലയിരുത്തുകയൊ ചെയ്‌തില്ല മറിച്ച്‌ സാമ്പത്തിക അസമത്വങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തിന്റെ മൊത്തം പ്രതികരണമായിട്ടാണ്‌ ആ സമരത്തിന്റെ ഓരൊ ദിവസവും വിലയിരുത്തപ്പെട്ടത്‌.

ചരിത്രത്തില്‍ പിന്നോട്ടു സഞ്ചരിച്ചാല്‍ ഒരു നൂറായിരം സമരങ്ങളുടെ ചരിത്രം തന്നെ ഉണ്ട്‌ ഇങ്ങനെ വിശദമായി അപഗ്രഥിക്കുവാന്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റ്‌ നേതൃത്വത്തില്‍ അലബാമയിലെ ഒരു സ്ഥലത്താണ്‌ അമേരിക്കയിലെ കറുത്തവര്‍ മനുക്ഷ്യാവകാശങ്ങള്‍ക്കുവേണ്ടി 1952 ല്‍ സംഘടിക്കുന്നത്‌. ആ സമരം പിന്നെയും 1955 വരെ കാത്തിരിക്കേണ്ടിവന്നു ദേശീയ ശ്രദ്ധ പിടിച്ചുപറ്റുവാന്‍. അമേരിക്കയുടെ ദേശീയ ശ്രദ്ധയിലേക്ക്‌ ആ സമരം എത്തുന്നതുപോലും സാറാ പാര്‍ക്കര്‍ എന്ന സ്‌ത്രി വെളുത്ത വംശജര്‍ക്ക്‌ അവകാശപ്പെട്ട ബസിലെ സീറ്റില്‍ നിന്നും എഴുന്നേറ്റുമാറുവാന്‍ വിസമ്മതിക്കുന്നതിലൂടെ അറസ്റ്റുവരിക്കുമ്പോഴാണ്‌. അതിന്റ്‌ പിന്തുടര്‍ച്ചയായി വന്ന നിരവധി പ്രക്ഷോഭങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പരാജയമായിരുന്നു. 1962, 63 ഒക്കെ നിരവധി പ്രക്ഷോഭങ്ങള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ നേതൃത്വത്തില്‍ നടന്നു ഒക്കെ പരാജയപ്പെട്ടവ. പക്ഷെ 1964 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‌കി അദ്ദേഹം ആദരിക്കപ്പെട്ടു. 1965 വിയറ്റ്‌നാം യുദ്ധത്തിനെതിരെ അമേരിക്കയില്‍ നിരവധി എതിര്‍പ്പുകള്‍ക്കിടയിലും അദ്ദേഹം ശക്തമായി നിലയുറപ്പിച്ചു ഒരു ശക്തമായ യുദ്ധവിരുദ്ധപ്രസ്ഥാനം തന്നെ ഒരുങ്ങി. 1968 ല്‍ അമേരിക്കയിലെ നിരവധി സിറ്റികളില്‍ നടന്ന വംശീയ കലാപത്തില്‍ അദ്ദേഹവും മരണപ്പെട്ടു. ഭരണകൂടത്തിന്റെ ചാരന്മാര്‍ ആണ്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ വധിച്ചത്‌ എന്ന സംശയം ഇന്നും നിലനില്‌ക്കുണ്ട്‌. പക്ഷെ ഇന്ന്‌ അമേരിക്കയുടെ ദേശിയ നേതാവും ലോകം മുഴുവന്‍ ആദരിക്കുന്നതുമായ ഒരു നേതാവാണ്‌ പരാജയപ്പെട്ട സമരങ്ങളുടെ ഈ നായകന്‍.

കേരളത്തില്‍ നടന്ന സെക്രട്ടറിയേറ്റ്‌ വളയലിനെ പറ്റി പറയുമ്പോള്‍ സമരങ്ങളുടെ ജയപരാജയങ്ങളെപറ്റി ഇത്രയും എഴുതുക എന്നത്‌ അവശ്യമാണ്‌. കാരണം ഈ സെക്രട്ടറിയേറ്റ്‌ വളയലും ലോകം മുഴുവന്‍ മധ്യവര്‍ഗ്ഗം അരാഷ്ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്‌ നടന്ന ഒരു ജനകീയ പ്രക്ഷോഭം എന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്‌. ദേശീയ ശ്രദ്ധപിടിച്ചുപറ്റുകയും കേരളത്തിലെ അരാഷ്ട്രീയ മധ്യവര്‍ഗ്ഗം ഒരു ദിവസത്തേക്ക്‌ എങ്കിലും രാഷ്ട്രീയവത്‌കരിക്കപ്പെട്ടുപോയ ഒരു സമരമാണ്‌ കേരളത്തില്‍ നടന്ന സെക്രട്ടറിയേറ്റ്‌ വളയല്‍ സമരം എന്നതിനാല്‍ ആണ്‌ ഈ സമരം വ്യത്യസ്‌തമാവുന്നത്‌. കടന്നുപോയ ദശകങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‌തമായി സമരങ്ങള്‍ അന്യമായ ഒരു കാലഘട്ടത്തില്‍ വളരുന്ന ഒരു തലമുറക്ക്‌ ഇനി വരുന്ന ദശകങ്ങളിലേക്കു പകരുവാന്‍ ഈ ഒരു സമരം ഒത്തിരിയാണ്‌. അതിന്റെ രൂപവും ഭാവവുമൊക്കെ ആക്രമണോത്സുകമായിരുക്കുമെന്ന്‌ ഭരണകൂടം മുന്‍കൂട്ടി നിര്‍വ്വചിച്ചിട്ടും തികച്ചും സമാധാനപരമായി ലക്ഷകണക്കിന്‌ ആളുകള്‍ ഒത്തുചേര്‍ന്ന്‌ ആ സമരം നടത്തി.

സമരത്തിന്റെ ജയാപജയങ്ങള്‍ക്ക്‌ ഉപരിയായി ഈ സമരം കേരളീയ പൊതുസമൂഹത്തോടൂ സംവദിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്‌. കടന്നുപോയ നാളുകളില്‍ സോളാര്‍ അഴിമതിയും, ജോസ്‌ തെറ്റയിലിന്റെ ലൈംഗികാപവാദകേസുമൊക്കെ കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‌ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മുടെ മത, സാമുദായിക നേതാക്കളൊക്കെ പങ്കുവച്ചത്‌ രാഷ്ട്രീയ രംഗത്ത്‌ ചോര്‍ന്നുപോകുന്ന സദാചാരത്തിന്റെയും, സന്മാര്‍ഗ്ഗത്തിന്റെയുമൊക്കെ അവസ്ഥയെപറ്റി ആയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റുവളയല്‍ സമരം കഴിയുന്നതോടുകൂടെ കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒറ്റക്കെട്ടായിട്ടു പറയുവാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌ നമ്മുടെ രാഷ്ട്രീയ രംഗത്ത്‌ ആവശ്യമായ നൈതികത ഒട്ടുംതന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന്‌. മറിച്ച്‌ മതങ്ങള്‍ക്കും മത സമുദായ സംഘടനകള്‍ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധര്‍മ്മബോദം ഒരു ചര്‍ച്ച ആകാതിരിക്കുവാന്‍ അത്‌ രാഷ്ട്രീയ പ്രശ്‌നമായി സമൂഹമധ്യേ അവതരിപ്പിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്‌ എന്ന്‌. പോലീസിന്റെയും, ബയണറ്റിന്റെയും, നിറതോക്കിന്റെയും പട്ടാളത്തിന്റെയും മുന്നില്‍ ഒട്ടും പതറാതെ സമരവീര്യത്തോടെയാണ്‌ കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെയുള്ള മലയാളികള്‍ ഈ സമരത്തിനു എത്തിയത്‌. ആ സമരം ഏതെങ്കിലും രീതിയില്‍ അക്രമത്തിലേക്കുതിരിയും എന്ന ഘട്ടം വന്നപ്പൊഴൊക്കെ അതിന്റെ നേതൃത്വം സമരം സമാധാനപരമായിരിക്കും, പോലീസിനെ ആക്രമിക്കല്‍ സമരത്തിന്റെ ലക്ഷ്യമല്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല ഭരണം അട്ടിമറിക്കലൊ, അരക്ഷിതാവസ്ഥ സൃഷ്ടിക്കലൊ ഒന്നും ആയിരുന്നില്ല സമരത്തിന്റെ ലക്ഷ്യവും. അതിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും സുതാര്യമായിരുന്നു അത്‌ ആവശ്യപ്പെട്ടത്‌ മുഖ്യമന്ത്രി രാജിവച്ച്‌ ജൂഡീഷ്യല്‍ അന്വേഷണം നടത്തണം എന്നുമാത്രമാണ്‌. ഇതൊക്കെ ചൂണ്ടികാട്ടുന്നത്‌ രാഷ്ട്രീയാമായി പാലിക്കേണ്ട എല്ലാ ധാര്‍മ്മികതയും പാലിക്കപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ധാര്‍മ്മികത അളക്കേണ്ട അളവുകോല്‍ ആ പാര്‍ട്ടിയിലെ ഏതാനം ചിലരുടെ വ്യക്തിപരമായ പ്രവൃത്തികള്‍ അല്ല മറിച്ച്‌ ആ പാര്‍ട്ടിയുടെ നിലപാടുകളില്‍ വരുന്ന വ്യതിയാനമാണ്‌. അധികാരത്തിനുവേണ്ടി കൂറുമാറ്റം നടത്തുന്നതൊ, തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായി അന്തരം വരുന്നതൊ, മതേതരത്വം പറയുകയും, വര്‍ഗ്ഗീയതക്ക്‌ ഒപ്പം ചേരുന്നതുമൊ ഒക്കെ ആണ്‌ ഒരു പാര്‍ട്ടിയുടെ നിലപാടുകളെയും ധാര്‍മ്മികതയെയും അളക്കുവനുള്ള മാനദണ്ഡം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊ നേതാക്കള്‍ക്കൊ എതിരെ വരുന്ന ആരോപണങ്ങള്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ വിമര്‍ശനവിധേയമാവുകയും ആ വ്യക്തിക്ക്‌ എതിരെ പാര്‍ട്ടിക്ക്‌ നടപടി സ്വീകരിക്കയും ആവാം.

എന്നാല്‍ എണ്‍പതു ശതമാനത്തിലധികം ആളുകള്‍ വിശ്വാസികളായുള്ള ഒരു ജാതി മത സമൂഹമായ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ കാര്യം സോളാര്‍ അഴിമതിയുമായൊ, ജോസ്‌ തെറ്റയിലിന്റെ ലൈംഗിക അപവാദക്കേസുമായി ബന്ധപ്പെടുത്തിയൊ പരിശോധിക്കുവാന്‍ ഒരു മതസമൂഹവും, അതിന്റെ നേതൃത്വവും തയ്യാറായില്ല. അതിനെ ചോദ്യം ചെയ്യുവാനുള്ള ആര്‍ജ്ജവം നമ്മുടെ മാധ്യമങ്ങള്‍ ഒട്ടുകാട്ടിയിട്ടുമില്ല. ബൈബിള്‍ പണ്ഡിതനായ ബാബു പോള്‍ ഐ.എ.എസ്‌, ഉമ്മന്‍ ചാണ്ടിക്ക്‌ തന്റെ പ്രതിവാര കോളത്തിലൂടെ സമ്പൂര്‍ണ്ണ പിന്തുണയാണ്‌ നല്‌കിയത്‌. ജമാത്ത്‌ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം രാഷ്ട്രീയത്തിലെ സദാചാരത്തെപറ്റി വിലാപം മുഴക്കി. മംഗളത്തില്‍ ഫാദര്‍ പോള്‍ തേയിലക്കാട്ടില്‍ ആണെങ്കില്‍ മുന്‍ മാര്‍മാപ്പയെ മഹത്വവത്‌കരിക്കുവാന്‍ ആണ്‌ ഈ സന്ദര്‍ഭം ഉപയോഗിച്ചത്‌. മറ്റുപലരും ഈ അവസരം ഉപയോഗിച്ച്‌ രാഷ്ട്രീയകാര്‍ക്ക്‌ സദാചാരബോധം നഷ്ടപ്പെടുന്നതിനെപറ്റി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്‌തു.

ഉമ്മന്‍ ചാണ്ടിയൊ, ജോസ്‌ തെറ്റയിലൊ, പി.ജെ. കുര്യനൊ, സരിതയൊ, ജോപ്പനൊ, ശാലിനിയൊ, ബിജുവൊ, സലിം രാജൊ ഒന്നും തന്നെ രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ ഉദാഹരണമാവുകയല്ല കേരളത്തില്‍. ഇവരൊക്കെ പള്ളിയിലും, അമ്പലങ്ങളിലും പോവുകയും, പ്രധാനപ്പെട്ട മതവിശ്വാസങ്ങളില്‍ നല്ല ഭക്തിയുള്ളവരുമാണ്‌. തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ പോലും പലരും തന്റെ ജാതിയുടെയും, മതത്തിന്റെയും ഒക്കെ പിന്തുണയില്‍ വിജയിച്ച്‌ അധികാരത്തിന്റെ കസേരയില്‍ ഇരിക്കുന്നവരുമാണ്‌. അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പറയുന്നതുപോലും, അല്ലെങ്കില്‍ ആ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ പോലും തങ്ങള്‍ക്കു കിട്ടുന്ന മതത്തിന്റെയും, സമുദായത്തിന്റെയും പിന്തുണയില്‍ അട്ടിമറിക്കുവാന്‍ ധൈര്യം കാട്ടുന്നവരുമാണ്‌ ഇവരൊക്കെയും. ഉമ്മന്‍ ചാണ്ടി മന്ത്രി സഭ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌ മത സാമുദായിക സമവാക്യങ്ങള്‍ മാറി മറിയുന്നതിന്റെയും അതിന്റെ പേരിലുള്ള വിലപേശലുകളുടെയും സ്വരമാണ്‌.

ഇങ്ങനെ നിരന്തരം ഒരു മതേതര സമൂഹത്തിന്റെ ജനാധിപത്യബോധത്തെ മതസാമുദായികവത്‌കരിക്കുന്നതിലൂടെ നമ്മുടെ സമൂഹം രൂക്ഷമായ വര്‍ഗ്ഗീയ ചേരിതിരിവിലേക്ക്‌ എത്തിനില്‌ക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ ഓരൊ മന്ത്രിക്കും ഒരു ജാതിയുടെയൊ, മതത്തിന്റെയൊ, പള്ളിയുടെയൊ, പട്ടക്കാരന്റെയൊ ഒക്കെ പിന്തുണയും കാര്യങ്ങള്‍ നോക്കിനടത്തേണ്ടതുമുണ്ട്‌.

ആയത്തുള്ള ഖൊമൈനിമാര്‍ക്ക്‌ സ്വാധീനം ഉള്ള ഇറാനിലെ ഭരണകൂടവുമായിട്ടാണ്‌ കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയെ താരതമ്യപ്പെടുത്തേണ്ടത്‌. മതവും, സമുദായ സംഘടനകളുമായി ബന്ധപ്പെട്ട മന്ത്രിമാര്‍ മാത്രമുള്ള ഒരു ഭരണകൂടം തീവ്രമായ മതവിശ്വാസികളുടേതായിരിക്കുന്നതുപോലെ, മത നേതൃത്വത്തിനു ആ ഭരണകൂടത്തിനുമുകളിലുള്ള സ്വാധീനവും വലുതാണ്‌. ഈ മന്ത്രിസഭയിലെ ഓരൊ അംഗത്തിന്റെയും മേല്‍ ദൃശ്വമൊ അദൃശ്യമൊ ആയ ഒരു വിശ്വാസ സമൂഹത്തിന്റെ സ്വാധീനം ഉണ്ട്‌ എന്നത്‌ കേരളീയ സമൂഹത്തിനു മൊത്തം അറിവുള്ള കാര്യമാണ്‌.

ഇത്രമേല്‍ മതവിശ്വാസവുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളെകൊണ്ടു നിറഞ്ഞ ഒരു മന്ത്രിസഭയിലെ മുഖ്യനൊ, അംഗങ്ങള്‍ക്കൊ എതിരെ മതങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക്‌ എതിരായി എന്തെങ്കിലും സംഭവിച്ചാല്‍ അല്ലെങ്കില്‍ ദുര്‍ന്നടപ്പിന്റെയൊ, സദാചാരബോധത്തിന്റെയൊ കുറവുണ്ടായാല്‍ അവരെ തിരുത്തേണ്ടതും നേര്‍വഴിക്കു നടത്തേണ്ടതും ആ മതങ്ങളുടെ ഉത്തരവാദിത്വമാണ്‌. മധ്യതിരുവിതാംകൂറിലെ പ്രബലമായ ക്രിസ്‌ത്യന്‍ സമുദായ ബന്ധമുള്ള നേതാക്കള്‍ തങ്ങള്‍ക്ക്‌ പള്ളിയും വിശ്വാസി സമൂഹവുമായുള്ള സവിശേഷ ബന്ധം ഉപയോഗിച്ചാണ്‌ തിരഞ്ഞെടുപ്പുകളില്‍ വോട്ടുനേടുന്നത്‌. പക്ഷെ ഈ നേതാക്കള്‍ക്ക്‌ ക്രിസ്‌ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സദാചാരബോധം നഷ്ടപ്പെടുന്ന സമയത്ത്‌ ഒരിക്കലും സഭയൊ, വിശ്വാസി സമൂഹമൊ ഇവരോടു രാജിവച്ചു പുറത്തുപോകുവാനൊ, തെറ്റുകള്‍ തിരുത്തുവാനൊ ആവശ്യപ്പെടുന്നതായി നാം കാണുന്നില്ല. അതേ സമയം വൈരുദ്ധ്യം എന്നുപറയട്ടെ ഇതേ മത നേതൃത്വം തന്നെ ഈ സംഭവ വികാസങ്ങളെ ഒക്കെ ഉപയോഗിച്ചുതന്നെ രാഷ്ട്രീയക്കാര്‍ എല്ലാം മോശക്കാര്‍ സമരവും, അക്രമവും അനീതിയും മാത്രമെ രാഷ്ട്രീയത്തില്‍ ഉള്ളൂ എന്ന്‌ നിരന്തരമായി പറയുകയും ചെയ്യുന്നു.

സൂര്യനെല്ലിക്കേസ്‌ എടുത്താല്‍ പ്രതിആയും സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിക്കുടിനുപുറത്തുമായി നിരവധി മതവിശ്വാസികള്‍ ആണുള്ളത്‌. ജോസ്‌ തെറ്റയിലിന്റെ ലൈംഗിക അപവാദകേസില്‍ ആണെങ്കിലും സമാനമായ മതവിശ്വാസത്തിന്റെ ചരടുകള്‍ ഉണ്ട്‌. സോളാര്‍ അഴിമതിക്കേസ്‌ മുഴുവന്‍ മതവിശ്വാസികള്‍ വെറുക്കുന്ന കല്ലെറിയേണ്ട ലൈംഗികതയുടെ മാത്രം പ്രശ്‌നമാണ്‌ അവര്‍ക്ക്‌ എന്നിട്ടും പഴിമുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും നമ്മുടെ നാടിന്റെ ജനാധിപത്യത്തിനുമാണ്‌. ഈ കേസുകളില്‍ പ്രതിസ്ഥാനത്തുനില്‌ക്കുന്നവര്‍ എല്ലാം തന്നെ വ്യക്തികള്‍ എന്ന നിലയിലാണ്‌ പ്രതിസ്ഥാനത്തുനില്‌ക്കുന്നത്‌. കോണ്‍ഗ്രസ്സ്‌ നേതൃത്വം നല്‌കുന്ന ഭരണം അവസാനിപ്പിക്കണം എന്ന്‌ അല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌ മറിച്ച്‌ സോളാര്‍ പാനല്‍ കേസില്‍ പ്രതിസ്ഥാനത്തു വരുന്ന മുഖ്യമന്ത്രി രാജിവച്ച്‌ ജൂഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാണ്‌ ആവശ്യം ഉയരുന്നത്‌.

കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിപോലും ഭയപ്പെടുന്നത്‌ ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ എതിരെ എന്തെങ്കിലും നിലപാട്‌ എടുത്താല്‍ അത്‌ സഭയെയും ന്യൂനപക്ഷ വോട്ടുകളെയും സ്വാധീ!നിക്കും എന്നാണ്‌. പക്ഷെ സഭക്ക്‌ തങ്ങളുടെ വിശ്വാസവും പ്രതിസ്ഥാനത്തുനില്‌ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും എങ്ങനെ ഒരുമിച്ചു നയിക്കുവാന്‍ കഴിയുന്നു അതിലെ ധാര്‍മ്മികത എന്ത്‌ എന്നചോദ്യം കേരളത്തില്‍ ഉയരേണ്ടിയിരിക്കുന്നു. ഓരൊ മതവിശ്വാസിയും, മത നേതൃത്വവുമാണ്‌ ഈ ചോദ്യത്തിനുത്തരം നല്‌കേണ്ടത്‌. നമ്മുടെ രാഷ്ട്രീയത്തിലെ മാനവികതയൊ, ധാര്‍മ്മികതയൊ അല്ല ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്‌. മറിച്ച്‌ മതവിശ്വാസവും, വിശ്വാസി സമൂഹത്തിന്റെ ധാര്‍മ്മികതയാണ്‌ ചോദ്യചിഹ്നമായിരിക്കുന്നത്‌.
Join WhatsApp News
Babukutty Daniel 2013-10-07 07:00:47
ഏതു രാഷ്ട്രീയക്കാരൻ അധർമം പ്രവർത്തിച്ചാലും അയാളുടെ പാർട്ടി വിശുദ്ധം. കമ്മുനിസ്റ്റ്‌ പാർട്ടി യാണെങ്കിൽ പരിശുദ്ധം.അയാൾ വിശ്വസിക്കുന്ന മതം അശുദ്ധം. ഒരു ഭാഗത്തേക്ക് ചാഞ്ഞു പോയതറിയാതെ ഞാൻ എല്ലാം നിഷ്പക്ഷമായി കാണുന്നു എന്ന് തോന്നുന്നുവെങ്കിൽ -------
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക