Image

സ്വീകരണ യോഗം ഇലക്ഷന്‍ പ്രചാരണവുമായി

Published on 17 October, 2011
സ്വീകരണ യോഗം ഇലക്ഷന്‍ പ്രചാരണവുമായി
ന്യൂയോര്‍ക്ക്‌: നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ ശില്‍പി വി.ജെ. കുര്യന്‍ ഐ.എ.എസിന്‌ നല്‍കിയ സ്വീകരണം പ്രസിഡന്റു സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞടുപ്പ്‌ പ്രചാരണ വേദിയായി.

ഫ്‌ളോറല്‍ പാര്‍ക്കിലെ സന്തൂര്‍ റെസ്റ്റോറന്റിലായിരുന്നു സ്വീകരണം. ബ്യൂറോക്രാറ്റ്‌ എന്ന നിലയില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടങ്ങളുടെ കഥയാണ്‌ വി.ജെ കുര്യനുള്ളതെന്ന്‌ ആമുഖ പ്രസംഗം നടത്തിയ സെക്രട്ടറി ബിനോയി തോമസ്‌ ചൂണ്ടിക്കാട്ടി. ഔന്നത്യങ്ങള്‍ കൈയ്യടക്കുമ്പോഴും കരപുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അനുസ്‌മരിച്ചു. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ലോകോത്തരമായ ഒരു എയര്‍പോര്‍ട്ടിലെത്തിയതായി അനുഭവവേദ്യമാകും. അതേസമയം കേരളത്തിന്റെ തനിമ നിലനിര്‍ത്തുകയും ചെയ്‌തു.

സ്വീകരണ യോഗത്തിന്റെ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയിലാണ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായ ജോര്‍ജ്‌ മാത്യുവിനേയും രാജു വര്‍ഗീസിനേയും പ്രസംഗിക്കാന്‍ ക്ഷണിച്ചത്‌. അവരുടെ പ്രചാരണത്തിന്റെ കന്നി പ്രസംഗം കേട്ടപ്പോള്‍ ആര്‌ ജയിച്ചാലും ഫോമ സുശക്തമായ കരങ്ങളില്‍ തന്നെ എത്തുമെന്ന്‌ കാണികള്‍ക്ക്‌ ബോധ്യമാവുകയും ചെയ്‌തു.

ന്യൂയോര്‍ക്കില്‍ രൂപംകൊണ്ടുവെങ്കിലും മുന്നോട്ടുള്ള പ്രയാണം അനിശ്ചിതത്വത്തിലായി നിന്ന ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ 1986-ല്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ചത്‌ ഫിലാഡല്‍ഫിയയിലായിരുന്നുവെന്ന്‌ ജോര്‍ജ്‌ മാത്യു ചൂണ്ടിക്കാട്ടി. ഫൊക്കാനയുടെ വളര്‍ച്ച അവിടെ നിന്നാണ്‌ തുടങ്ങുന്നത്‌. കാല്‍ നൂറ്റാണ്ടിനുശേഷം അവിടെ വീണ്ടും കണ്‍വെന്‍ഷന്‍ എന്നത്‌ പെന്‍സില്‍വേനിയയിലുള്ള എല്ലാവരുടേയും അഭിലാഷമാണ്‌.

അതിന്റെ പ്രതിഫലനമായാണ്‌ ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനകളായ `കല', `മാപ്പ്‌' എന്നിവ തന്നെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. ഫിലാഡല്‍ഫിയയില്‍ നിന്നൊരാള്‍ പ്രസിഡന്റാവണമെന്ന ഇരു സംഘടനകളുടേയും താത്‌പര്യം മാനിച്ചാണ്‌ താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌.

അധികാരത്തോടോ, പബ്ലിസിറ്റിയോടോ തനിക്ക്‌ പ്രത്യേക മോഹങ്ങളൊന്നുമില്ല. സ്ഥാനം ലഭിച്ചാല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഫൊക്കാനയില്‍ രണ്ടുതവണ ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്നു ഫൊക്കാനാ കണ്‍വെന്‍ഷനുകളും, രണ്ടു കാത്തലിക്‌ കണ്‍വെന്‍ഷനുകള്‍ക്കും നേതൃത്വം നല്‍കിയ പരിചയവുമുണ്ട്‌. സ്റ്റേറ്റിലേയും ഫിലാഡല്‍ഫിയയിലേയും മുഖ്യധാരാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തിയതിനാല്‍ അവരുടെ എല്ലാവിധ പിന്തുണയും ലഭിക്കും. ഫിലാഡല്‍ഫിയയില്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ടാക്‌സ്‌ റിവ്യൂ കമ്മിറ്റിയടക്കം വിവിധ സമിതികളില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ്‌ മാത്യു ചൂണ്ടിക്കാട്ടി.

ഫിലാഡല്‍ഫിയയില്‍ നിന്ന്‌ 15 മൈല്‍ മാത്രം അകലെ താമസിക്കുന്ന താന്‍ ഫിലാഡല്‍ഫിയയില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ അര്‍ഹനല്ലാതാകുന്നില്ലെന്ന്‌ രാജു വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. ഫോമയുടെ നിയമാവലിയില്‍ തന്നെ പ്രസിഡന്റ്‌ അതേ നഗരത്തില്‍ നിന്നാവണമെന്ന്‌ പറയുന്നുമില്ല.

സ്ഥാനാര്‍ത്ഥികളെ എന്‍ഡോഴ്‌സ്‌ ചെയ്യുന്നത്‌ സാധാരണയായി റീജിയന്‍ തലത്തിലാണ്‌. രണ്ടു സംഘടനകള്‍ എന്‍ഡോഴ്‌സ്‌ ചെയ്‌തുവെന്ന്‌ പറഞ്ഞപ്പോള്‍ റീജിയണിലെ മറ്റ്‌ മൂന്ന്‌ സംഘടനകളുടെ കാര്യം വിസ്‌മരിച്ചു.

കഴിഞ്ഞതവണ സംഘടനയുടെ നന്മയെ കരുതി താന്‍ മത്സര രംഗത്തുനിന്നും പിന്മാറിയതാണ്‌. നാനാഭാഗത്തുമുള്ള അംഗസംഘടനകളുമായി ആലോചിച്ച ശേഷമാണ്‌ താന്‍ സ്ഥാനാര്‍ത്ഥിയായി വന്നത്‌. അവരുടെയെല്ലാം പിന്തുണ തനിക്കുണ്ടാവുമെന്ന്‌ ആത്മവിശ്വാസവുമുണ്ട്‌.

സംഘടനയെ അടുത്ത തലത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ സ്ഥാനാര്‍ത്ഥികള്‍ ഇരുവരും പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ നിന്ന്‌ വര്‍ഗീസ്‌ ഫിലിപ്പിനെ കൂടി കലയും മാപ്പും എന്‍ഡോഴ്‌സ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തനിക്ക്‌ പാനലില്ലെന്നും പാനലില്‍ തനിക്ക്‌ വിശ്വാസമില്ലെന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു. പാനല്‍ സമ്പ്രദായം വന്നാല്‍ സംഘടനതന്നെ നശിക്കുമെന്നാണ്‌ തന്റെ അഭിപ്രായമെന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു.

എന്തായാലും മുഖ്യാതിഥി വി.ജെ. കുര്യന്‌ കാര്യമൊന്നും പിടികിട്ടിയില്ല. ഊരാളില്‍ തന്നെ സംഘടനയെപ്പറ്റിയും ഇലക്ഷനെപ്പറ്റിയുമൊക്കെ വിശദീകരിച്ചുകൊടുത്തു. ഇലക്ഷന്‍ പ്രചാരണം അനവസരത്തിലാണെന്ന്‌ പലര്‍ക്കും തോന്നുകയും ചെയ്‌തു.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ട്രെയിനിംഗിനുവന്ന നൂറോളം ഐ.എ.എസ്‌ ഓഫീസര്‍മാരില്‍ ഒരാളാണ്‌ താനെന്ന്‌ അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടിന്റെ പേരില്‍ തന്നെ മാത്രം അനുമോദിക്കുന്നത്‌ ശരിയല്ല. അതില്‍ നല്ലൊരു പങ്ക്‌ അമേരിക്കയിലും ഗള്‍ഫിലുമുള്ള വിദേശ മലയാളികള്‍ക്ക്‌ അര്‍ഹതപ്പെട്ടതാണ്‌. അവരുടെ ഓഹരി പങ്കാളിത്തമാണ്‌ ഇത്തരമൊരു സംരംഭം വിജയിപ്പിച്ചത്‌. പലരും പണം തിരിച്ചുകിട്ടില്ലെന്ന്‌ കരുതിയാണ്‌ ഓഹരിയെടുത്തത്‌. എന്നാല്‍ മൂന്നുവര്‍ഷംകൊണ്ട്‌ 2003-ല്‍ എയര്‍പോര്‍ട്ട്‌ ലാഭകരമായി. പത്തുരൂപ മുടക്കിയവര്‍ക്ക്‌ ഇപ്പോഴത്‌ 450 രൂപയായി വര്‍ധിച്ചു.

പബ്ലിക്‌- പ്രൈവറ്റ്‌ മുതല്‍മുടക്കിലുള്ള എയര്‍പോര്‍ട്ട്‌ എന്ന ആശയം നല്ലതായിരുന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ അനുമതി നല്‍കിയില്ലായിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. അതിനാല്‍ ഏറെ അനുമോദനം അദ്ദേഹത്തിന്‌ അര്‍ഹതപ്പെട്ടതാണ്‌.

മൊത്തം 832 വീട്ടുകാരെ ഒഴിപ്പിച്ചാണ്‌ എയര്‍പോര്‍ട്ട്‌ നിര്‍മ്മിച്ചത്‌. അവരെയൊക്കെ പുനരധിവസിപ്പാക്കാനായി. 760 കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക്‌ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലി നല്‍കി. അവിടെ ഓടിക്കുന്ന ടാക്‌സികളില്‍ പലതും സ്ഥലം വിട്ടുകൊടുത്തവരുടെ ഉടമസ്ഥതയിലായിരിക്കാം. പുനരധിവാസ കാര്യത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിനെ മാതൃകയായി കാണുന്നുണ്ട്‌. 5500 പേര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു.

താരതമ്യേന കുറഞ്ഞ ചെലവിലാണ്‌ എയര്‍പോര്‍ട്ട്‌ നിര്‍മ്മിച്ചത്‌. 300 കോടി രൂപ. ആറു വര്‍ഷം കഴിഞ്ഞ്‌ നിര്‍മ്മിച്ച ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിന്‌ 2400 കോടി രൂപ ചെലവായി. 300 കോടി മുടക്കിയപ്പോള്‍ പ്രതിവര്‍ഷം 90 കോടിയിലേറെ ഇപ്പോള്‍ വരുമാനം കിട്ടുന്നു. ഹാര്‍വാര്‍ഡിന്റെ പഠനം തന്നെ തെറ്റാണെന്ന്‌ എയര്‍പോര്‍ട്ട്‌ തെളിയിക്കുകയുണ്ടായി.

എങ്കിലും ഒരുകാര്യത്തില്‍ നിരാശയുണ്ട്‌. നെടുമ്പാശേരിയുടെ മാതൃകയില്‍ മറ്റൊരു സ്ഥാപനവും കേരളത്തില്‍ ഉയര്‍ന്നിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വെന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ്‌ തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു.
സ്വീകരണ യോഗം ഇലക്ഷന്‍ പ്രചാരണവുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക