Image

എയര്‍പോര്‍ട്ടുകള്‍ക്കു സമീപം താമസിക്കുന്നത്‌ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 10 October, 2013
എയര്‍പോര്‍ട്ടുകള്‍ക്കു സമീപം താമസിക്കുന്നത്‌ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്‌ടന്‍: എയര്‍പോര്‍ട്ടുകള്‍ക്കു സമീപം താമസിക്കുന്നത്‌ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന്‌ റിപ്പോര്‍ട്ട്‌. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്ന വിമാനങ്ങളുടെ ശബ്‌ദം ഹൃദയത്തെ ബാധിക്കും. ഹൃദയാഘാതത്തിനു പുറമെ സ്‌ട്രോക്കും വരാന്‍ സാധ്യതയുണ്ട്‌. ലണ്‌ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപം നടത്തിയ പഠനത്തിലാണ്‌ ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌.ഹീത്രൂ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 3.6 മില്ല്യണ്‍ ജനങ്ങള്‍ക്കിടയിലാണ്‌ ഇവര്‍ പഠനം നടത്തിയത്‌. രാത്രിയും പകലുമുള്ള വിമാനങ്ങളുടെ ശബ്‌ദവുമായി പ്രദേശത്തെ രോഗബാധിതരുടെ എണ്ണവും മരണനിരക്കും താരതമ്യം ചെയ്‌താണ്‌ പഠനം നടത്തിയത്‌.

വിമാനത്തിന്റെ ശബ്‌ദം കൂടുതലുള്ള സ്ഥലങ്ങളില്‍ മറ്റു സ്ഥലങ്ങളേക്കാള്‍ ഹൃദയം തകരാറിലാകാനുള്ള സാധ്യത 10 മുതല്‍ 20 ശതമാനം വരെ കൂടുതലാണെന്നാണ്‌ പഠനത്തില്‍ കണ്‌ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലിലാണ്‌ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വിമാന ശബ്‌ദം 50 ഡെസിബലില്‍ അധികമുള്ള 12 ലണ്‌ടന്‍ നഗരങ്ങളും നഗരത്തിനു പുറത്തുള്ള 9 സ്ഥലങ്ങളുമാണ്‌ പഠനത്തിനായി തെരഞ്ഞടുത്തത്‌. ജനസംഖ്യ 300 ഓളം വരുന്ന ചെറിയ സ്ഥലങ്ങളായി തിരിച്ചായിരുന്നു പഠനം.

ഇംപീരിയല്‍ കോളജിലെയും കിംഗ്‌സ്‌ കോളജിലെയും ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക