Image

ജിയാഖാന്റെ മരണം; ആത്മഹത്യയോ കൊലപാതകമോ?

Published on 09 October, 2013
ജിയാഖാന്റെ മരണം; ആത്മഹത്യയോ കൊലപാതകമോ?
നിശബ്‌ദ്‌ എന്ന ഒറ്റ സിനിമയിലെ പ്രകടനം മാത്രം മതിയായിരുന്നു ജിയാഖാന്‍ എന്ന പ്രതിഭയെ തിരിച്ചറിയാന്‍. എഴുപതുകാരനായ വൃദ്ധനോട്‌ പ്രണയം തോന്നുന്ന ഇരുപത്‌കാരിയുടെ വേഷം അതിഗംഭീരമായി തന്നെ ജിയാഖാന്‍ എന്ന സുന്ദരി അവതരിപ്പിച്ചു. ബോളിവുഡിലെ പതിവ്‌ സൗന്ദര്യമായിരുന്നില്ല നിശബ്‌ദ്‌ എന്ന സിനിമയിലെ ജിയാഖാനിലൂടെ പ്രേക്ഷകര്‍ കണ്ടത്‌. ഒരു സ്വപ്‌നജീവിയുടെ എല്ലാഭാവങ്ങളുമുള്ള വേറിട്ട ഒരുമുഖം. കണ്ണിലെപ്പോഴും കുസൃതിയും സ്വപ്‌നങ്ങളും നിറച്ചു വച്ചിരുന്നു ജിയാഖാന്‍.

അവസാനം ജിയാഖാന്‍ ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്ത എത്തിയപ്പോള്‍ അമിതാഭ്‌ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്‌ ഇങ്ങനെയായിരുന്നു. ``അവള്‍ ആത്മഹത്യ ചെയ്യില്ല. അത്രമേല്‍ പ്രസരിപ്പുളള കുട്ടിയായിരുന്നു ജിയ. അവള്‍ ആത്മഹ്യ ചെയ്യുമെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല.'' പക്ഷെ ബോളിവുഡിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ തക്ക സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ജിയാഖാന്‍ ചെറുപ്പത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ മരണത്തിലേക്ക്‌ കടന്നു പോയി എന്നത്‌ നടക്കുന്ന സത്യം തന്നെയായിരുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിനാണ്‌ മുംബൈ ജുഹുവിലെ വസതിയില്‍ സീംലീംഗ്‌ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ ജിയയുടെ മൃതദേഹം കണ്ടെത്തുന്നത്‌. ബോളിവുഡിനെയും ഇന്ത്യന്‍ സിനിമാ ലോകത്തെയും നടുക്കിയ വാര്‍ത്തയായിരുന്നു അത്‌. ഗ്ലാമറിന്റെയും സമ്പന്നതയുടെയും മടിത്തട്ടില്‍ നില്‍ക്കുന്ന സമയത്ത്‌ ഒരു യുവനടി ആത്മഹത്യ തിരഞ്ഞെടുത്തു എന്നത്‌ ആരെയും ഞെട്ടിക്കും.

പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കൂടുതല്‍ നടുക്കം നല്‍കുന്നതാണ്‌. ജിയാഖാന്‍ ആത്മഹത്യ ചെയ്‌തതല്ല എന്നാണ്‌ കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ജിയാഖന്റെ കഴുത്തില്‍ ബെല്‍റ്റിട്ട്‌ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്‌ ഫോറന്‍സിക്‌ വിദഗ്‌ധരുടെ നിഗമനം. ഒന്നില്‍ക്കൂടുതല്‍ പേര്‍ പങ്കെടുത്ത കൊലപാതകമാകാമെന്നും ഫോറന്‍സിക്‌ വിദഗ്‌ധര്‍ പറയുന്നു. കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യയായിരുന്നു എന്ന്‌ വരുത്തി തീര്‍ക്കാന്‍ സീലിംഗ്‌ ഫാനില്‍ മൃതദേഹം കെട്ടിത്തൂക്കിയതാകാമെന്നാണ്‌ ഫോറന്‍സിക്‌ വിദഗ്‌ധരുടെ നിഗമനം.

ജിയാഖാന്റെ മരണത്തെക്കുറിച്ച്‌ ആദ്യമായി പുറത്തു വരുന്ന ശാസ്‌ത്രീയ നിഗമനമാണിത്‌. ജിയാഖാന്‍ കേസിനെ ഇനി മുമ്പോട്ടു കൊണ്ടുപോകുന്നത്‌ ഈ ഫോറന്‍സിക്‌ റിപ്പോര്‍ട്ടായിരിക്കുമെന്ന്‌ തീര്‍ച്ച. ജിയാഖാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന്‌ ഉറപ്പിച്ചു പറഞ്ഞ മുംബൈ പോലീസിനെ കുഴപ്പത്തിലാക്കുന്നതുമാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌.
ന്യുയോര്‍ക്ക്‌ നഗരത്തില്‍ ജനിച്ചു വളര്‍ന്നകുട്ടിയാണ്‌ ജിയാഖാന്‍. എന്നാല്‍ മാതാപിതാക്കള്‍ ഇന്ത്യക്കാരായിരുന്നു. 1980കളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായ റാബിയ അമീനാണ്‌ ജിയാഖാന്റെ മാതാവ്‌. റാബിയയില്‍ നിന്ന്‌ തന്നെയാണ്‌ ജിയക്ക്‌ സിനിമയോടുള്ള താത്‌പര്യം പകര്‍ന്നു കിട്ടയത്‌. ഓപ്പറ സിംങറായി 17ാം വയസില്‍ കലാജീവിതം തുടങ്ങിയ ജിയ പിന്നീട്‌ മുംബൈയിലേക്ക്‌ സ്ഥിരതാമസത്തിനെത്തി. ബോളിവുഡ്‌ സിനിമയില്‍ എത്തിപ്പെടുകയായിരുന്നു ജിയയുടെ ലക്ഷ്യം. മുകേഷ്‌ ഭട്ടിന്റെ തുംസേ നഹി ദേഖാ എന്ന ചിത്രത്തിലേക്കാണ്‌ ആദ്യം ജിയ തിരഞ്ഞെടുക്കപ്പെട്ടത്‌. എന്നാല്‍ പിന്നീട്‌ ജിയയെ മാറ്റി ദിയാ മിര്‍സയെ ഈ റോളിലേക്ക്‌ തിരഞ്ഞെടുത്തു. ബോളിവുഡിലെ പതിവ്‌ സൗന്ദര്യമായിരുന്നില്ല ജിയക്ക്‌ എന്നതായിരുന്നു മുകേഷ്‌ ഭട്ട്‌ ചിത്രത്തിലെ റോള്‍ നഷ്‌ടപ്പെടാന്‍ കാരണം. വെറും ശരീരപ്രദര്‍ശനത്തിനുള്ള പെണ്‍ശരീരമായിരുന്നില്ല ജിയയുടേത്‌. അതിനപ്പുറം അവളില്‍ ഒരു മികച്ച അഭിനേത്രിയുണ്ടായിരുന്നു. രാംഗോപാല്‍വര്‍മ്മ തന്റെ ചിത്രത്തിലേക്ക്‌ ജിയഖാനെ തിരഞ്ഞെടുക്കുന്നതും ഇതുകൊണ്ടു തന്നെ. മികച്ച പെര്‍ഫോമന്‍സ്‌ ആവിശ്യപ്പെടുന്ന ചിത്രമായിരുന്നു നിശബ്‌ദ്‌. അമിതാഭ്‌ ബച്ചനും രേവതിക്കുമൊപ്പം അഭിനയിച്ച്‌ ഫലിപ്പിക്കേണ്ട കഥാപാത്രമായിരുന്നു ജിയാഖാന്‌ ലഭിച്ചത്‌. താന്‍ വിചാരിച്ചതിലും മികവോടെ ജിയ കഥാപാത്രത്തെ പൂര്‍ണ്ണമാക്കിയെന്ന്‌ വര്‍മ്മ തന്നെ ട്വിറ്ററിലെഴുതി. ബച്ചന്‍ ജിയയെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടി.

നിശബ്‌ദിലെ അരങ്ങേറ്റത്തോടെ ബോളിവുഡില്‍ ഒരു പുതിയ നായിക ഉദയം കൊണ്ടതായി മാധ്യമങ്ങള്‍ പാടിപുകഴ്‌ത്തി. എന്നാല്‍ പ്രശംസകള്‍ക്കും ഗ്ലാമറിനും നടുവില്‍ ജീവിതം ജിയക്ക്‌ കൈവിട്ടു പോയതും ഇവിടെ നിന്നാണെന്ന്‌ മനസിലാക്കണം. മുംബൈ ഗ്ലാമര്‍ ലോകത്തെ നൈറ്റ്‌ പാര്‍ട്ടികളിലെയും വമ്പന്‍ ക്ലബുകളിലെയും സ്ഥിരം സാന്നിധ്യമായി ജിയ മാറിയതോടെ സിനിമയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ഒരുപക്ഷെ കരിയറില്‍ നേര്‍വഴി കാണിച്ചുകൊടുക്കാനും അവര്‍ക്ക്‌ ആരുമുണ്ടായിരുന്നില്ല. അമീര്‍ഖാന്റെ ഗജനിയായിരുന്നു ജിയയുടെ അടുത്ത ചിത്രം. ഈ ചിത്രത്തിലും നിരൂപക പ്രശംസ നേടിയ അഭിനയം നല്‍കാന്‍ ജിയക്ക്‌ കഴിഞ്ഞു. തുടര്‍ന്നാണ്‌ പക്കാ ഗ്ലാമര്‍ പ്രകടനത്തിലേക്ക്‌ ജിയ എത്തുന്നത്‌. സാജിദ്‌ ഖാന്‍ സംവിധാനം ചെയ്‌ത ഹൗസ്‌ ഫുള്‍ എന്ന ചിത്രത്തില്‍ ബിക്കിനിയില്‍ എത്തിക്കൊണ്ട്‌ ജിയ ബോളിവുഡിനെ അമ്പരപ്പിച്ചു. എന്നാല്‍ സിനിമയില്‍ വേണ്ടത്ര പ്രൊഫഷണലിസം കാണിക്കാന്‍ മറന്നു പോയ ജിയക്ക്‌ മികച്ച സിനിമകള്‍ തുടര്‍ന്ന്‌ ലഭിച്ചതുമില്ല. ഇതിനിടയിലാണ്‌ ആദിത്യ പഞ്ചോലിയുടെയും പഴയകാല നായിക സറീനാ വഹാബിന്റെയും മകനായ സൂരജ്‌ പഞ്ചോലിയുമായി ജിയാഖാന്റെ പ്രണയം. അതോടെ ബോളിവുഡിലെ ഗോസിപ്പ്‌ കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായി സൂരജ്‌ പഞ്ചോലി - ജിയാഖാന്‍ ജോഡികള്‍. സൂരജിന്റെ വീട്ടുകാര്‍ക്ക്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ലെന്നും ജിയയെ അവര്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്നും പറയപ്പെടുന്നു.

എന്തായാലും ഹൗസ്‌ഫുള്‍ എന്ന ചിത്രത്തിനു ശേഷം മികച്ച വേഷങ്ങള്‍ ലഭിക്കാതെ വന്നതോടെ കടുത്ത ഡിപ്രഷനിലേക്ക്‌ ജിയ പോയതായി പറയപ്പെടുന്നു. ഇതിനിടയില്‍ ജിയയുടെ പ്രണയവും തകര്‍ന്നു. അതോടെ ജിയ മദ്യപാനത്തിനും അടിമപ്പെട്ടുവെന്ന്‌ പറയപ്പെടുന്നു. പിന്നീട്‌ കഴിഞ്ഞ ജൂണ്‍ മൂന്നിന്‌ സിനിമാ ലോകം കേള്‍ക്കുന്നത്‌ ജിയയുടെ ആത്മഹത്യവാര്‍ത്തയാണ്‌. എന്നാല്‍ ഇതിനു മുമ്പ്‌ ജിയ മൂന്ന്‌ ചിത്രങ്ങളില്‍ കരാര്‍ ചെയ്‌തിരുന്നുവെന്നാണ്‌ ജിയയുടെ സുഹൃത്തുക്കള്‍ പറയുന്നത്‌. ഇതില്‍ ഒരു തമിഴ്‌ ചിത്രവുമുണ്ടായിരുന്നു. ഇടക്കാലത്ത്‌ ബാധിച്ച ഡിപ്രഷനില്‍ നിന്നും പ്രണയപരാജയത്തില്‍ നിന്നും ജിയ മുക്തയായിരുന്നുവെന്നും സിനിമകള്‍ ലഭിച്ചതോടെ ജിയ ഉത്സാഹവതിയായിരുന്നുവെന്നുമാണ്‌ സുഹൃത്തുക്കള്‍ പോലീസില്‍ നല്‍കിയ മൊഴികള്‍.

എന്നാല്‍ ആത്മഹത്യക്ക്‌ രണ്ടു ദിവസത്തിനു ശേഷം ജിയയുടെ ആത്മഹത്യക്കുറിപ്പ്‌ വസതിയില്‍ നിന്നും കണ്ടെടുത്തു. ആറുപേജുകളുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ ആരെയും തന്റെ മരണത്തിന്‌ ഉത്തരവാദികളായി ജിയ കുറ്റപ്പെടുത്തിയിരുന്നില്ല. പക്ഷെ താന്‍ ഗര്‍ഭീണിയായിരുന്നുവെന്നും തുടര്‍ന്ന്‌ അബോര്‍ഷന്‌ വിധേയയാക്കപ്പെട്ടുവെന്നും ജിയ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന്‌ ജിയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി അമ്മ റാബിയ കോടതിയില്‍ പരാതി നല്‍കി. ജൂണ്‍ പത്തിന്‌ ജിയയുടെ മുന്‍ കാമകന്‍ സൂരജ്‌ പഞ്ചോലിയെ ജിയയുടെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിന്നീട്‌ ജൂലൈ രണ്ടിന്‌ മുംബൈ ഹൈക്കോടതി ജ്യാമം അനുവദിക്കുമ്പോഴാണ്‌ സുരജ്‌ പുറത്തു വരുന്നത്‌. പക്ഷെ തുടര്‍ന്നുള്ള പോലീസ്‌ അന്വേഷണത്തില്‍ സൂരജിനെ ഒഴിവാക്കുന്നതായി റാബിയ പരാതിപ്പെട്ടു. ബോളിവുഡിലെ പ്രമുഖനായ സല്‍മാന്‍ ഖാന്റെ അടുത്ത കേന്ദ്രങ്ങളില്‍ നിന്നും പരാതിയില്‍ നിന്നും പിന്മാറണമെന്ന്‌ ആവിശ്യപ്പെട്ട റാബിയക്ക്‌ മേല്‍ സമര്‍ദ്ദങ്ങളുണ്ടായതായും ആരോപണങ്ങള്‍ വന്നു. റാബിയയെ പണം കൊടുത്ത്‌ പിന്തിരിപ്പിക്കാന്‍ ആദിത്യപഞ്ചോലിയും സെറീനാ വഹാബും ശ്രമിച്ചതായും പറയപ്പെടുന്നു. എന്തൊക്കെയായാലും ജിയയുടെ കേസ്‌ ഒരു നിസാര ആത്മഹത്യയായി ഒതുക്കപ്പെടുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌.

എന്നാല്‍ തന്റെ മകള്‍ കൊല്ലപ്പെട്ടതാണെന്നും പോലീസ്‌ കേസ്‌ അട്ടിമറക്കപ്പെടുന്നുവെന്നും കാണിച്ച്‌ റാബിയ വീണ്ടും കോടതിയിലെത്തി. സൂരജ്‌ പഞ്ചോലിയെ തന്നെയാണ്‌ കുറ്റക്കാരനായി അവര്‍ ആരോപിക്കുന്നത്‌. പ്രണയത്തിലായിരുന്ന കാലത്ത്‌ സൂരജ്‌ തന്റെ മകളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും റാബിയ അരോപിക്കുന്നു. സൂരജില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ജിയക്ക്‌ നേരിടേണ്ടി വന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തു വന്നത്‌.

ജിയാകേസില്‍ ജാമ്യം നേടി പുറത്തു വന്ന സൂരജ്‌ പഞ്ചോലി ഒരു ഹിന്ദി മാഗസീനില്‍ നടത്തിയ അഭിമുഖവും ഏറെ വിവാദമായിരുന്നു. ജിയാഖാന്‌ താനുമായി പ്രണയത്തിലാകുന്നതിനു മുമ്പ്‌ മറ്റു ചില പ്രണയങ്ങളുണ്ടായിരുന്നുവെന്നും അവരില്‍ നിന്നും ജിയ ചില ഭീഷണികള്‍ നേരിട്ടിരുന്നുവെന്നുമാണ്‌ സൂരജ്‌ പഞ്ചോലി പറഞ്ഞത്‌. മാത്രമല്ല ന്യൂയോര്‍ക്കില്‍ വെച്ച്‌ 14ാം വയസില്‍ ജിയയെ ഒരു മധ്യവയസ്‌കന്‍ ഭീഷണിപ്പെടുത്തി റേപ്പ്‌ ചെയ്‌തിരുന്നുവെന്ന്‌ ജിയ തന്നോട്‌ പറഞ്ഞിരുന്നുവെന്നും സൂരജ്‌ പഞ്ചോലി പറയുന്നു. ബാല്യത്തില്‍ ഏറ്റ ഈ പീഡനം എക്കാലത്തും ജിയയെ അലട്ടിയിരുന്നതായും സൂരജ്‌ പറയുന്നു. എന്നാല്‍ സൂരജിന്റെ ഈ വാദഗതികള്‍ കേസില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണെന്നാണ്‌ ജിയയുടെ അമ്മ റാബിയ പറയുന്നത്‌.

എന്തായാലും പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ബോളിവുഡില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ ഉറപ്പ്‌. മുംബൈ ജുഹുവിലെ ഫ്‌ളാറ്റില്‍ തുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ജിയാഖാന്റെ മരണത്തിന്‌ പിന്നില്‍ ആരൊക്കെയാണ്‌ എന്നത്‌ പോലീസ്‌ അന്വേഷണം യഥാവിധം നടന്നാല്‍ തെളിയിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെയെങ്കില്‍ ഗ്ലാമര്‍ ലോകത്തിന്‌ പിന്നില്‍ നടക്കുന്ന അറിയാകഥകളുടെ പുതിയ വെളിപ്പെടുത്തലുകള്‍ കൂടിയാകുമത്‌.
ജിയാഖാന്റെ മരണം; ആത്മഹത്യയോ കൊലപാതകമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക