Image

ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 51-ാം ജനമദിനം ആഘോഷിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 10 October, 2013
ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 51-ാം ജനമദിനം ആഘോഷിച്ചു
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 51-ാം ജന്മദിനം റാന്നി സെന്റ് തോമസ് അരമന ചാപ്പലില്‍ ആഘോഷിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, പ്രാര്‍ത്ഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.കെ.എ.എബ്രഹാം, ഭദ്രാസന സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം.ഫീലിപ്പോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

1982-86 കാലഘട്ടത്തില്‍ വൈദിക സെമിനാരി പഠനം പൂര്‍ത്തീകരിച്ച തിരുമേനി 1986 നവംബര്‍ 1-ന് കാലം ചെയ്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഭദ്രാസനത്തിലും അമേരിക്കന്‍ ഭദ്രാസനത്തിലുമായി പത്തോളം ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയുണ്ടായി. New York General Theological Seminary  യില്‍ നിന്നും 1998-ല്‍ വേദശാസ്ത്രത്തില്‍ S.T.M ഡിഗ്രി നേടിയ അഭിവന്ദ്യ തിരുമേനി ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയുടെ  Indian Institute of Spirituality യില്‍ നിന്നും 2007-ല്‍ MTh പഠനം പൂര്‍ത്തീകരിച്ചു. 2011 മെയ് 18-ന് ന്യൂയോര്‍ക്കിലെ ജനറല്‍ തിയോളജിക്കല്‍ സെമിനാരി ഡോക്ടറേറ്റ് (Doctor of Divinity)) നല്‍കി ആദരിച്ചു. കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാല്‍ 2003 ഡിസംബര്‍ 12 ന് റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട തിരുമേനി 2010 മെയ് 12ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയാല്‍ ജോഷ്വാ മാര്‍ നിക്കോദീമോസ് എന്ന പേരില്‍ മെത്രാഭിഷിക്തനായി. 2010 ആഗസ്റ്റ് 15ന് നിലവില്‍ വന്ന നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2012 ഫെബ്രുവരി മുതല്‍ അഖില മലങ്കര ബാലസമാജം പ്രസിഡന്റായും 2012 ഡിസംബര്‍ 10 മുതല്‍ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തയായും സേവനമനുഷ്ഠിച്ചു വരുന്നു. വിവിധ ഇടവകകളും വ്യക്തികളും മെത്രാപ്പോലീത്തായ്ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി തിരുമനസ്സുകൊണ്ട് മറുപടി പ്രസംഗം നിര്‍വ്വഹിച്ചു.

ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 51-ാം ജനമദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക