Image

അംഗീകാരത്തിന്‌ കേഴുന്ന മലയാളി (ജോണ്‍ മാത്യു)

Published on 08 October, 2013
അംഗീകാരത്തിന്‌ കേഴുന്ന മലയാളി (ജോണ്‍ മാത്യു)
അമേരിക്കയിലായാലും കേരളത്തിലായാലും കുറഞ്ഞപക്ഷം തങ്ങളുടെയൊക്കെ ചുറ്റുവട്ടത്തിലെങ്കിലും തലയുയര്‍ത്തി നില്‌ക്കണമെന്നും അംഗീകാരം വേണമെന്നും അതിയായി ആഗ്രഹിക്കുന്നവനാണ്‌ മലയാളി. ഒരു വശത്ത്‌ നേട്ടങ്ങളുണ്ടാക്കാന്‍ ഈ പ്രവണത വളരെയധികം സഹായിച്ചിട്ടുണ്ടെങ്കിലും ആക്ഷേപഹാസ്യത്തിനും ഇത്‌ വഴിവെച്ചു.

ജീവിതത്തില്‍ അല്‌പം ഗമയൊക്കെ വേണമെന്ന്‌ ആഗ്രഹിക്കാത്തവര്‍ ആരാണ്‌. ഈ ഒരു തലയെടുപ്പിനുവേണ്ടി നമ്മുടെ സമൂഹത്തില്‍ കുറേപ്പേരെങ്കിലും പരക്കംപായുകയാണ്‌. ഒരു കളിമൈക്രോഫോണ്‍ പിടിച്ചുനിന്നാലും തിങ്ങിക്കൂടിയിരിക്കുന്ന `ജനതതി'യോടെ പ്രസംഗിക്കുന്നതായ വാര്‍ത്ത സൃഷ്‌ടിക്കാം. ഇനിയും മന്ത്രിയുടെയോ മെത്രാന്റെയോ സാമീപ്യംകൂടിയുണ്ടെങ്കില്‍ വലിയ ആളുകളുടെ വലയത്തിലുമായി.

ഈയ്യിടെ ആരോ പറഞ്ഞു അമേരിക്കയില്‍ മലയാളമാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയെഴുതുന്നതാണ്‌ ഏറ്റവും ദുര്‍ഘടംപിടിച്ച പണിയെന്ന്‌. പേരു വിട്ടുപോകുന്നതു മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ, മൂപ്പനുസരിച്ച്‌ പേരുകള്‍ വരികയും വേണം. ഈ മൂപ്പ്‌ നിശ്ചയിക്കുന്നത്‌ ആരെന്ന ചോദ്യം ഇനിയും ബാക്കിനില്‌ക്കുന്നു. സ്ഥാപകരുടെ പേര്‌ പ്രത്യേകം പറയണം, വിളക്കുകൊളുത്തിയവരും മുറക്കനുസരിച്ചുവേണം. ഈ മനുഷ്യ സ്വഭാവം കണ്ട്‌ മാറിനിന്ന്‌ പുഞ്ചിരിക്കാനല്ലേ നമുക്കു കഴിയൂ, അതോ സഹതപിക്കാനോ?

ഒരിക്കല്‍ ഒരു പ്രമുഖ ചലച്ചിത്ര താരത്തിന്റെ ഒപ്പം നിന്ന്‌ പടം പിടിക്കാനുള്ള കുറേപ്പേരുടെ തെരക്ക്‌ ദൂരെമാറിനിന്ന്‌ കാണാനിടയായി. ക്യാമറ ക്ലിക്ക്‌ ചെയ്യുന്ന നിമിഷത്തില്‍, ഞൊടിയിടയില്‍ കൂടെ നിന്ന മറ്റൊരാള്‍ പടത്തില്‍ വരുന്നത്‌ തടയാന്‍ മുന്നാട്ടൊരുന്ത്‌. ചിത്രം കിറുകൃത്യം, താരത്തിനൊത്ത്‌ `മാന്യന്റെ' പടം. പക്ഷേ മൂക്കുകുത്തി വീണവനെ ആര്‌ ശ്രദ്ധിക്കുന്നു. മത്സരബുദ്ധി ഇവിടെ നിഷേധാത്മകമായിട്ടാണ്‌ ഉപയോഗിച്ചത്‌, ഇതേ ഊര്‍ജ്ജംതന്നെ മാതൃകാനുസാരമായും ഉപയോഗിക്കാമല്ലോ, ആ സുഹൃത്തിനേക്കൂടി ചേര്‍ത്തുനിറുത്തി പടമെടുത്തിരുന്നെങ്കില്‍, പക്ഷേ തലയെടുപ്പിന്‌ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ ഒരു വിഷയമേയല്ലെന്നാണോ?

ഒറ്റപ്പെട്ട്‌ നേട്ടങ്ങളുണ്ടാക്കണമെന്നതും അത്‌ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നുള്ളതും ഒരു മലയാളിത്തനിമയാണോ, എന്തോ? സമൂഹത്തിലെ പൊങ്ങച്ചവേഷങ്ങളും മത്സരിച്ചുള്ള ആര്‍ഭാടങ്ങളുമെല്ലാം വിളിച്ചറിയിക്കുന്നത്‌ അഹന്തയോ? അതോ അപകര്‍ഷതാബോധമോ? മറ്റുള്ളവരെ അന്ധമായി അനുകരിക്കയും മേലേക്കിടയിലുള്ളവരുടെ ഒപ്പം നടന്ന്‌ മേനിനടിക്കുന്നതും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കുക.

പ്രസ്ഥാനങ്ങളില്‍ ഒപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്നവനെ മറിച്ചിട്ട്‌ അധികാരസ്ഥാനങ്ങളില്‍ കേറിപ്പറ്റാന്‍ ശ്രമിക്കുന്ന പാരമ്പര്യങ്ങളുടെയും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പൊതു താല്‌പര്യങ്ങളെ ഹനിക്കുന്നതുമായ മലയാളിയുടെ സാധാരണസ്വഭാവംതന്നെയായിരിക്കണം അമേരിക്കയിലായാലും നമ്മുടെ പല സംഘടനകളെയും ബാധിച്ചിരിക്കുന്നത്‌.

വളരെവേഗം എത്തിപ്പിടിക്കാവുന്ന ഒരു രംഗമാണ്‌ സാഹിത്യം. എഴുത്തും പ്രസംഗവും തന്ത്രപരമായരീതിയിലുള്ള പടവും ചേര്‍ത്താല്‍ കുറേപ്പേരുടെയെങ്കിലും കണ്ണില്‍മണ്ണിടാന്‍ കഴിയും. വേണ്ട, നിങ്ങള്‍ക്ക്‌ എഴുത്ത്‌ അറിയേണ്ട, അക്ഷരവും അറിയേണ്ട. ചില്ലറവല്ലതും കീശയിലുണ്ടോ ഏത്‌ തത്വശാസ്‌ത്രവും എഴുതി സ്വന്തം പടംവെച്ചങ്ങ്‌ പ്രസിദ്ധീകരിക്കാം. ചര്‍ച്ചയിലൊന്നും പങ്കെടുക്കേണ്ട, അവിടെനിന്നും ഒഴിഞ്ഞുമാറാനും സൗകര്യങ്ങളുണ്ട്‌, തന്റെ നിലവാരത്തിന്‌ ചേര്‍ന്നതല്ല, സമയമില്ല എന്നൊക്കെ ന്യായവും പറയാം.

സാഹിത്യത്തിനു മാത്രമേ ഈ ദുര്‍ഗ്ഗതി സംഭവിച്ചിട്ടുള്ളൂ. പാട്ടുകാരനും ആട്ടക്കാരനും പ്രതിഭ കടം വാങ്ങാന്‍ കഴിയുകയില്ല. ഓട്ടക്കാന്റെ കഥ പറയുകയും വേണ്ട.

പറഞ്ഞുവന്നത്‌ അംഗീകാരത്തിനുവേണ്ടിയുള്ള മലയാളിയുടെ പരക്കംപാച്ചിലിനെപ്പറ്റിയാണ്‌. ഇതെല്ലാം മലയാളിയുടെ മാത്രം സ്വഭാവമായിരിക്കില്ല. പക്ഷേ നമ്മുടെ സമൂഹം താരതമ്യേന ചെറുതായതുകൊണ്ടായിരിക്കാം ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്‌, ശ്രദ്ധിക്കപ്പെടുന്നത്‌!

മുകളില്‍ എഴുതിയതെല്ലാം സമൂഹത്തിലെ രോഗലക്ഷണങ്ങളാണ്‌. മലയാളികളുടെ മത്സരബുദ്ധി നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ ചൂണ്ടിക്കാണിച്ചത്‌. നമ്മുടെ നാടിന്റെ ചരിത്രം മുഴുവന്‍ ഈ പകയും വിദ്വേഷവുമായ ഭാവങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നുവോ എന്ന്‌ സംശയിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇതില്‍നിന്ന്‌ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുമിരിക്കുന്നു.

എന്തെങ്കിലുമൊന്ന്‌ ചെയ്യാനും, അതിനു മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒളിംപിക്‌സില്‍ ചാടാന്‍ പറ്റില്ലല്ലോ, അപ്പോള്‍ ചെറിയ പൊക്കത്തിലും ചാടണം, ചെറിയ കുളത്തിലും നീന്തണം, ചെറിയ വേദികളിലും പ്രസംഗിക്കണം. അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സമൂഹത്തിനും കടമയുണ്ട്‌. അല്‌പം ശ്രദ്ധ പിടിച്ചുപറ്റാന്‍ ദാഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത്‌ സത്യമാണ്‌. ഈ മാനസികാവസ്ഥയെ മനസ്സിലാക്കുകയാണ്‌ ഇന്ന്‌ ചെയ്യേണ്ടത്‌.

ഇതുപോലെയുള്ള വിഷയങ്ങള്‍ വല്ലപ്പോഴും വായനക്കാരുടെ മുന്നില്‍ കൊണ്ടുവരിക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. വക്രബുദ്ധിയുപയോഗിച്ച്‌ സന്ദര്‍ഭങ്ങളെയും മറ്റുള്ളവരുടെ ബലഹീനതകളെ മുതലെടുക്കുന്നവരെ നിയന്ത്രിക്കുകതന്നെവേണം. അതേസമയം അംഗീകാരത്തിന്‌ ന്യായമായി അര്‍ഹിക്കുന്നവരുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ പരമാവധി പ്രോത്സാഹിപ്പിക്കുക, അവരുടെ ചെറിയ നേട്ടങ്ങള്‍പ്പോലും മറ്റുള്ളവരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരിക. ഒരു നല്ല വാക്ക്‌, അതൊരിക്കലും പാഴായിപ്പോകുകയില്ല.
അംഗീകാരത്തിന്‌ കേഴുന്ന മലയാളി (ജോണ്‍ മാത്യു)
Join WhatsApp News
Raj 2014-01-06 00:16:19
Most sensible article I have ever read about the mindset of good majority among us. Let me know more about this writer
വിദ്യാധരൻ 2014-01-06 13:20:56
അമേരിക്കൻ മലയാളി സമൂഹത്തെ ഒരു മാറാരോഗം പോലെ ബാധിച്ചിരിക്കുന്ന വിഷയത്തിന്റെ പുറം തോടാണ് ലേഖകൻ പൊട്ടിച്ചിരിക്കുന്നത്. അംഗീകാരത്തിനു, പ്രത്യേകിച്ചു അർഹിക്കാത്ത അംഗീകാരത്തിനു വേണ്ടിയുള്ള അമേരിക്കൻ മലയാളികളുടെ ഈ പ്രവണത പല വൃത്തികെട്ട രൂപത്തിലും ഭാവത്തിലും എല്ലാ തലങ്ങളിലും കാണാൻ കഴിയും. ദേവാലയങ്ങൾ, സംഘടനക്ൽ, മലയാളി അസോസിയേഷനുകൾ, സാഹിത്യ സാംസ്കാരിക സംഘടനകൾ എന്നിങ്ങനെ പോകുന്നു ഇക്കൂട്ടരുടെ താവളങ്ങൾ. സാമ്പത്തിക സുരക്ഷിതരും ആരോടും കദപ്പാദില്ലാതവരുമായ സ്വാർത്ഥമതികളാണ് ഇതിൽ കൂടുതലും. കച്ചവടക്കാര് അവരുടെ കച്ചവടത്തെ വിപുളികരിക്കുന്നതിന്റെ ഭാഗമായി അംഗീകാര ത്രിഷ്ണ പൂണ്ടാവരെ തിരിച്ചറിഞ്ഞു അവരെ കരുവാക്കുകയും ചെയ്യും. അമേരിക്കാൻ സാഹിത്യമണ്ഡലത്തിലെ കുത്തഴിഞ്ഞ പ്രവണതകളുടെ പ്രധാന കാരണം അംഗീകാരത്രിഷ്ണ കീഡങ്ങളുടെ നൂന്നു കയറ്റം ആണ്. ലോക സാഹിത്യത്തിലെ ക്ലാസ്സിക്കൽ കൃതികളിൽ പലതും മന്ശ്യ ജീവിതത്തിന്റെ കഷ്തകളുടെയും ക്ലെശങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുമല്ലെങ്കിൽ എങ്ങനെ മനുഷ്യജീവിതത്തെ വരുംകാലങ്ങളിൽ ധന്യമാക്കാം എന്നതിന്റെ ചില രൂപ രേഖനല്കുന്ന കൃതികളും ആകാം.. പലര്ക്കും ഇത്തരം രചനകൾ നടത്തുന്നതിനു പ്രചോധ്നം നല്കിയത് അവാര്ടുകളും പ്ര്തിഫലങ്ങളും അല്ലയായിരുന്നു. സഹജീവികളുടെ ദുരിതങ്ങളും സ്വപ്നങ്ങളുമായി അവര്ക്ക് താതല്മ്യം പ്രാവിക്കുവാൻ കഴിഞ്ഞു എന്നതാണ് അതിനു പ്രഥാന കാരണം. എന്നാൽ ഇന്ന് അത് എഴുത്തുകാരിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ പേടിപ്പിച്ചും തിരഞ്ഞു കണ്ടുപിടിച്ചും ഒതുക്കുന്ന മാടമ്പി സംഘടനകളും അവരുടെ ഗുണ്ടകളെയും വിളയാട്ടം ആയി മാറിയിരിക്കുന്നു അമേരിക്ക. നിങ്ങലെപൗല്ല എഴ്തുകാർ മോന്നോട്ടു വന്നെങ്കിൽ മാത്രമേ ഇത്തരം പ്രവണതകൾക്ക് തടഇടാനാവുകയുല്ൽ. എല്ലാ നന്മകളും നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക