Image

സമവായം അന്യമാകുന്ന അമേരിക്കന്‍ രാഷ്ട്രീയം- ജോസ് കല്ലിടിക്കില്‍ , ചിക്കാഗോ

ജോസ് കല്ലിടിക്കില്‍ , ചിക്കാഗോ Published on 09 October, 2013
സമവായം  അന്യമാകുന്ന അമേരിക്കന്‍ രാഷ്ട്രീയം- ജോസ് കല്ലിടിക്കില്‍ , ചിക്കാഗോ
രാഷ്ട്രീയ ആശയ സംഹിതയിലും, വീക്ഷണത്തിലും, നിലപാടുകളിലും വിഭിന്നമായ റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക്ക് പാര്‍ട്ടികള്‍ മാറി മാറി അമേരിക്കന്‍ ഭരണം നിയന്ത്രിച്ചിട്ടും, സുഗമമായ ഒരു ഭരണ വ്യവസ്ഥിതി ഇവിടെ ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ കരുത്തും, രാഷ്ട്രീയ ഭിന്നതയ്ക്കുമപ്പുറം സുദൃഢമായ വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും ദേശസ്‌നേഹികളുമായ ഇരുപാര്‍ട്ടികളിലുമുള്ള സ്വാധീനമുള്ള ചില കോണ്‍ഗ്രസ്സ് അംഗങ്ങളുടെ എക്കാലത്തേയും അമേരിക്കന്‍ രാഷ്ട്രീയത്തിലെ സാന്നിദ്ധ്യവുമായിരുന്നു, സുസ്ഥിരമായൊരു ഭരണവ്യവസ്ഥ നിലനിര്‍ത്തുവാന്‍ സഹായിച്ചത്. ഒട്ടുമിക്ക സുപ്രധാന നിയമങ്ങള്‍ പാസ്സാക്കുന്നതിനും, വര്‍ഷം തോറും പാസ്സാക്കണ്ട ബജറ്റ് അംഗീകരിയ്ക്കുന്നതിനും ഇരുപക്ഷത്തേയും ചില തല്‍പര വിഭാഗങ്ങളുടെ കടുത്ത നിലപാടുകള്‍ പ്രതിബദ്ധങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ടെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ഇക്കൂട്ടരെ അനുനയിപ്പിച്ച് രാഷ്ട്രീയ സമവായം കണ്ടെത്തുന്നതില്‍ പ്രതിനിധി സഭയിലേയും, സെനറ്റിലേയും മുതിര്‍ന്ന റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക് സാമാജികര്‍ വിജയിക്കാറുണ്ട്. അതുകൊണ്ടാണ് ബൈ പാര്‍ട്ടിസന്‍ഷിപ്പും വിട്ടുവീഴ്ചയും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുഖമുദ്രമായി കരുതപ്പെട്ടത്. അമേരിക്കന്‍ ഭരണഘടനാ ശില്പികളും ഇത്തരം സമീപനമുള്ള ഒരു ഗവണ്‍മെന്റാണ് ലക്ഷ്യമിട്ടതും ആഗ്രഹിച്ചതും.

അമേരിക്ക ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന ഭാഗീഗ ഭരണ സ്തംഭനം രാഷ്ട്രീയ സമവായത്തിന്റെ അഭാവവും, ബൈപാര്‍ട്ടിസാന്‍ഷിപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയുമാണ് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കുള്ള മുഖ്യകാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാണ്ട് 40 ഓളം വരുന്ന പ്രതിനിധി സഭയിലെ ടീപാര്‍ട്ടി വിഭാഗത്തിന്റെ, പ്രസിഡന്റ് ബറാക്ക് ഒബാമയോടുള്ള വ്യക്തിപരമായ അസഹിഷ്ണുതയും അദ്ദേഹം ഒരഭിമാനപ്രശ്‌നമായി കരുതി പാസ്സാക്കിയെടുത്ത അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനോടുള്ള കടുത്ത എതിര്‍പ്പുമാണ്.

'ഒബാമാ കെയര്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെ എതിര്‍ക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ന്യായങ്ങള്‍ ഏറെയുണ്ട്.  2010-ല്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരം ഈ നിയമം പാസ്സാക്കിയെടുക്കുവാന്‍ ലഭിച്ച സാഹചര്യം കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലും അപ്പോള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയ്ക്കുണ്ടായിരുന്ന ഭൂരിപക്ഷമായിരുന്നു. ഒരൊറ്റ റിപ്പബ്ലിക്കന്‍ സമാജികരുടെപോലും പിന്തുണ ഇരുസഭകളില്‍ നിന്നും ആരോഗ്യ പരിരക്ഷണനിയമത്തിന് ലഭിച്ചില്ലായെന്നത് ഈ വിഷയത്തിലെ പക്ഷപാത നിലപാടിന്റെ ആഴത്തെയാണ് സൂചിപ്പിയ്ക്കുന്നത്.

പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി മുന്‍ പ്രസിഡന്റ്മാര്‍ പരാജയപ്പെട്ട വിവാദ ആരോഗ്യരക്ഷാ പരിഷ്‌കരണം, നിയമമാക്കുന്നതില്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വിജയിച്ചതില്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തേയും അവരിലെ യാഥാസ്ഥികരേയും ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെതിരെ ശക്തവും തുടര്‍ച്ചയുമായ പ്രചരണം റിപ്പബ്ലിക്കന്‍ അനുകൂല മാധ്യമങ്ങള്‍ അഴിച്ചുവിട്ടു. റിപ്പബ്ലിക്കന്‍ ഭരണത്തിലുള്ള ഇരുപ്പതില്‍പ്പരം സംസ്ഥാനങ്ങള്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും, ജനങ്ങളുടെ ജീവിതത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ആരോപിച്ച് സൂപ്രീംകോടതിയെ വരെ സമീപിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ യാഥാസ്ഥിതിക മനോഭാവ ന്യായാധിപകര്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ്സ്. സുപ്രീം കോര്‍ട്ട്, പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നേരിട്ട് മുഖ്യ ന്യായാധിപനായി നിയമിച്ച ജസ്റ്റീസ് ജോണ്‍ റോബര്‍ട്ടസ്സിന്റെ കൂടെ പിന്തുണയോടുകൂടി ഈ നിയമം സാധുവായി പ്രഖ്യാപിച്ചു.

അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തുന്ന മറ്റ് ആരോപണങ്ങള്‍ ഇവയാണ്. എ.സ്സി.ഏ അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുമെന്നും, വ്യക്തികളുടെ മേലും, വ്യവസായികളുടെ മേലും കുത്തനേ നികുതി വര്‍ദ്ധിപ്പിയ്ക്കുമെന്നും, നിരവധി വ്യക്തികളുടെ തൊഴില്‍ നഷ്ടപ്പെടുവാന്‍ ഇടയാക്കുമെന്നും, വ്യക്തികളുടെ ചികിത്സാ ചിലവ് ഭാരിച്ചതാകുമെന്നും ഇവര്‍ പ്രചരണം നടത്തുന്നു. വലിയൊരു ജനവിഭാഗം ജനതയെ തങ്ങളുടെ ഭീതിയ്ക്ക് അടിമപ്പെടുത്തുന്നതില്‍ ഇവര്‍ വിജയിയ്ക്കുകയും ചെയ്തു. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ബറാക്ക് ഒബാമയുടെ അപ്രതീക്ഷിത വിജയത്തെ തുടര്‍ന്ന് സജീവമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 'ടീ പാര്‍ട്ടി' മൂവ്‌മെന്റിന് കരുത്തേകുന്നതിനും, 2010 ലെ പൊതു തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി യു.എസ്സ്. പ്രതിനിധി സഭയുടെ നിയന്ത്രണം കൈക്കലാക്കുവാനും, സെനറ്റിലെ അംഗബലത്തിലും സംസ്ഥാന ഭരണങ്ങളിലും നേട്ടമുണ്ടാക്കുവാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ ഘടകങ്ങളില്‍ പ്രധാനം ഏ.സി.ഏ യോടുള്ള ജനങ്ങളുടെ ഭയവും വിയോജിപ്പുമായിരുന്നു.
2014  ജനുവരിയില്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്ന ഈ നിയമത്തിലെ , ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില വ്യവസ്ഥകള്‍ ജനങ്ങള്‍ പൊതുവേ സ്വഗതം ചെയ്തു. 26 വയസ്സ് വരെയുള്ള കുട്ടികളെ മാതാപിതാക്കളുടെ ഇന്‍ഷ്വറന്‍സ്സില്‍ തുടരുവാന്‍ അനുവദിച്ചതും, മുതിര്‍ന്നവര്‍ക്ക് വേണ്ട മരുന്നുകള്‍ക്ക് നല്‍കിയ ഇളവും, ഏതെങ്കിലും രോഗത്തിന്റെ  മറവില്‍ ഇന്‍ഷ്വറന്‍സ്സ് നിരസ്സിയ്ക്കുന്ന വ്യവസ്ഥ നീക്കിയതും, ആ വ്യവസ്ഥ കുട്ടികള്‍ക്ക് നേരത്തേ പ്രാബല്യത്തില്‍ വരുത്തിയതും അമേരിക്കന്‍ ജനത പൊതുവേ സ്വാഗതം ചെയ്തു. 1600 ല്‍ പരം പേജുകളുള്ള പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ സാവധാനം ചുരുള്‍ അഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രചരണത്#ിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. 2012 ലെ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഉജ്ജ്വല വിജയം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. നിരവധി തവണ പ്രതിനിധി സഭയില്‍ ഏ.സി.ഏ അസാധുവാക്കുന്നതിനുള്ള ബില്ലുകള്‍ പാസ്സാക്കുന്നതില്‍ സ്പീക്കര്‍ ജോണ്‍ ബെയ്‌നറും കൂട്ടരും വിജയിച്ചുവെങ്കിലും അവയെല്ലാം ഡെമോക്രാറ്റിക്ക് നിയന്ത്രണത്തിലുള്ള സെനറ്റ് ആവര്‍ത്തിച്ച് തിരസ്‌കരിയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഒക്‌ടോബര്‍ 1ന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ത്തേയ്ക്ക് വേണ്ടിയ ബജറ്റ് പാസ്സാക്കുവാന്‍ ഏ.സി.ഏയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ഫണ്ട് പിന്‍വലിയ്ക്കണമെന്നുള്ള ധാര്‍ഷ്ഠ്യ നിലപാടാണ് പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ ചില മേഖലകളിലെ ഭരണസ്തംഭനവും, കടബാധ്യത ഉയര്‍ത്തുവാന്‍ കഴിയാതെ വന്നാലുണ്ടാകുന്ന പൂര്‍ണ്ണ സ്തംഭനവും ഒഴിവാക്കുവാന്‍ ഇരുപാര്‍ട്ടികളിലേയും യാഥാര്‍ത്ഥ്യബോധ്യവും, ദേശത്തോടും, ജനതയോടും സ്‌നേഹവും കടപ്പാടുമുള്ള സാമാജികര്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കും, കക്ഷിതാല്‍പര്യങ്ങള്‍ക്കും അതീതമായൊരു രാഷ്ട്രീയ സമവായം കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

ഏതാണ്ട് 20 മില്യണ്‍ അമേരിക്കന്‍ ജനതയ്ക്ക് ആരോഗ്യ പരിരക്ഷണം ലഭ്യമാക്കുന്നൊരു സാമൂഹ്യ വിപ്ലവത്തെക്കുറിച്ച് അമേരിക്കന്‍ ജനതയില്‍ 60 ശതമാനത്തിനും വ്യക്തമായ ധാരണയില്ലെന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ സന്ദേഹങ്ങളും, തെറ്റിദ്ധാരണകളും അകറ്റുക പൊതുജന ആരോഗ്യസംരക്ഷണ രംഗത്തും, സാമൂഹ്യ സംഘടനകളിലും പ്രവര്‍ത്തിയ്ക്കുന്നവരുടെയും കടമകൂടിയാണ്. ഈ നിയമത്തിലെ പ്രസക്തമായ ചില വ്യവസ്ഥകള്‍ ഇവയാണ്.
1)    2014 ജനുവരി 1 മുതല്‍ അമേരിക്കയിലെ പ്രത്യേക ഒഴിവ് അനുവദിച്ചിട്ടില്ലാത്ത എല്ലാ പൗരനും നിയമാനുസൃത സ്ഥിര കുടിയേറ്റക്കാരും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുത്തിരിയ്ക്കണം
2)    ഏതായാലും ആരോഗ്യപ്രശ്‌നത്തിന്റെയോ, അംഗവൈകല്യത്തിന്റെയോ മറവില്‍ ഒരു വ്യക്തിയും ആരോഗ്യപരിരക്ഷണം നിരസ്സിയ്ക്കുവാന്‍ ഇന്‍ഷ്വറന്‍സ്സ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
3)    സാധാരണ ജനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്സിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുവാനും, ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുവാനും ഒക്‌ടോബര്‍ 1 മുതല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
4)     ഓരോ വ്യക്തിയ്ക്കും അവരുടെ വാര്‍ഷിക വരുമാനത്തിനാസ്പദമായി ഇന്‍ഷ്വറന്‍സ്സ് എടുക്കുവാന്‍ ഗവണ്‍മെന്റ് സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 15860 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തിയ്ക്ക് സബ്‌സിഡി കഴിഞ്ഞുള്ള പ്രതിമാസ പ്രിമിയം 43 ഡോളറോളമായിരിയ്ക്കും. ഇതേ വരുമാനമുള്ള നാലംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് 89 ഡോളര്‍ മാത്രമാകും പ്രതിമാസ പ്രീമിയം.
5)    50- ല്‍ അധികം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്സ് ലഭ്യമാക്കണം. ഈ വ്യവസ്ഥയ്ക്ക് ഒരു വര്‍ഷം സാവാകാശം നല്‍കുവാന്‍ പ്രസി. ബറാക്ക് ഒബാമ തയ്യാറായതിനാല്‍, 2015 ജനുവരിയില്‍ മാത്രമേ ഇത് നിലവില്‍ വരൂ. തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് വാങ്ങുവാന്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.
6)    ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കുവാന്‍ നിരസ്സിയ്ക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തികള്‍ക്ക് 2014 ല്‍ 95 ഡോളറോ, വാര്‍ഷിക വരുമാനത്തിന്റെ ഒരു ശതമാനമോ ആകാം ഈ പിഴ. ഈ തുക 2015-ല്‍ 325 ഡോളറായും, 2016 മുതല്‍ 6956 ഡോളറായും വര്‍ദ്ധിയ്ക്കും. വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പിഴ ഇന്‍ഷ്വറന്‍സ്സ് നിഷേധിയ്ക്കപ്പെട്ട ഓരോ തൊഴിലാളിയുടെ പേരിലും 2000 ഡോളറാണ്.
7)    ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നവര്‍, മതപരമായ വിലക്കുള്ളവര്‍, അമേരിക്കന്‍ ഇന്‍ഡ്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ ഇന്‍ഷ്വറന്‍സ്സ് നിരക്ക് വാര്‍ഷിക വരുമാനത്തിന്റെ 8 ശതമാനത്തിലധികം വരുന്ന വ്യക്തികളേയും നിര്‍ബന്ധ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
8)    ഇന്‍ഷ്വറന്‍സ്സ് പരിരക്ഷണമുള്ള എല്ലാ വ്യക്തികള്‍ക്കും അടിസ്ഥാന വൈദ്യചികിത്സ നല്‍കുവാന്‍ നിയമം അനുശാസിയ്ക്കുന്നു. ഡോക്ടര്‍ സന്ദര്‍ശനം, എമര്‍ജസി റൂം വിസിറ്റ്, ഇന്‍പേഷ്യന്റ് കെയര്‍, ഹെല്‍ത്ത് സ്‌ക്രീനിംഗ്, മരുന്ന്, റിഹാബിലിറ്റേഷന്‍, മാനസിക ചികിത്സ എന്നിങ്ങനെ ഒട്ടുമിക്ക ചികിത്സാ ആവശ്യങ്ങളും ഏ.സി.ഏ ഉറപ്പാക്കുന്നുണ്ട്. രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും ഊന്നല്‍ നല്‍കുന്നൊരു സമീപനമാണ് ഏ.സി.ഏ. വിഭാവന ചെയ്യുന്നത്.

യാഥാസമയം വേണ്ട ചികിത്സ ലഭിയ്ക്കാത്തതിനാല്‍ അമേരിക്കയില്‍ 200000 ജീവനുകള്‍ വര്‍ഷം തോറും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലം നഷ്ടപ്പെടുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസ്സീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടായ ഒരപകടം മൂലമോ, മാറാതെ തുടരുന്ന ഒരു രോഗം മൂലമോ നിരവധി വ്യക്തികളും ഭവനങ്ങളും അമേരിക്കയില്‍ പാപ്പരാകപ്പെടുന്നു. ഭാരിച്ച ചികിത്സാ ചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കടുത്ത വേദനയും, ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നവര്‍ അനവധിയുണ്ടിവിടെ. ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി അമേരിക്കന്‍ ജനതയേയും, രാഷ്ട്രീയ നേതൃത്വത്തേയും അലട്ടുന്ന ഈ സങ്കീര്‍ണ്ണ വിഷയത്തിന് ഭാഗീഗമായെങ്കിലും പരിഹാരം വാഗ്ദാനം നല്‍കുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെ തുറന്ന മനസ്സോടെ സ്വീകരിയ്ക്കാന്‍ അമേരിക്കന്‍ ജനത സന്നദ്ധരായി കഴിഞ്ഞു. അതിന് വിഘാതം സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയ നിലപാട് ജനാധിപത്യ വിരുദ്ധമായും പ്രതിഷേധാര്‍ഹവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക