Image

ജെസ്‌വിന്റെ നേട്ടത്തിന്‌ ഗില്‍ഫോര്‍ഡിലെ ഇംഗ്ലീഷ്‌ സമൂഹത്തിന്റെയും ആദരം

Published on 18 October, 2011
ജെസ്‌വിന്റെ നേട്ടത്തിന്‌ ഗില്‍ഫോര്‍ഡിലെ ഇംഗ്ലീഷ്‌ സമൂഹത്തിന്റെയും ആദരം
ഗില്‍ഫോര്‍ഡ്‌: ജെസ്‌വിന്റെ പ്രതിഭാ തിളക്കത്തെ ഇംഗ്ലീഷ്‌ സമൂഹവും കൈയടിച്ച്‌ ആദരിച്ചപ്പോള്‍ അത്‌ മലയാളി സമൂഹത്തിനും അഭിമാന നിമിഷമായി. ഇക്കഴിഞ്ഞ ജി.സി.എസ്‌.സി പരീക്ഷയില്‍ പ്രശസ്‌തമായ സെന്റ്‌ പീറ്റേഴ്‌സ്‌ കാത്തലിക്ക്‌ സ്‌കൂളില്‍ നിന്നു തിളക്കമാര്‍ന്ന കൈവരിച്ച ജെസ്‌വിന്‍ ജോസഫിന്‌ ഗില്‍ഫോര്‍ഡിലെ ഇംഗ്ലീഷ്‌ സമൂഹം പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി ഗില്‍ഫോര്‍ഡിലെ സെന്റ്‌ മേരീസ്‌ കാത്തലിക്ക്‌ ചര്‍ച്ചില്‍ അള്‍ത്താര ബാലനായി സേവനം ചെയ്യുന്ന ജെസ്‌വിന്‌ ഫാ. ആരോണ്‍ സ്‌പിനേലിയാണ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചിന്റെയും ഇംഗ്ലീഷ്‌ സമൂഹത്തിന്റെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്‌.

മൂന്നു സയന്‍സ്‌ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കരസ്ഥമാക്കിയ ജെസ്‌വിന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌കൂളും എക്‌സലന്‍സ്‌ ഇന്‍ സയന്‍സ്‌ നല്‍കി ആദരിച്ചിരുന്നു. റിലീജിയസ്‌ സ്റ്റഡീസിലും നൂറില്‍ നൂറു മാര്‍ക്കോടെ എ പ്ലസ്‌ കരസ്ഥമാക്കിയ ജെസ്‌വിനെ സ്‌കൂളിന്റെ രക്ഷാധികാരി കൂടിയായ ഫാ.കോളിന്‍ വോള്‍സാക്ക്‌ പ്രത്യേകം അനുമോദിച്ചു. ഹെഡ്‌ ടീച്ചര്‍ റോബര്‍ട്ട്‌ എല്‍ ഗിനി, ഡെപ്യൂട്ടി ഹെഡ്‌ ടീച്ചര്‍ ക്രിസ്‌ എഡ്‌മണ്‌ട്‌ എന്നിവരും ജെസ്‌വിന്റെ നേട്ടത്തെ അഭിനന്ദിച്ചു.

തിരുവോണാഘോഷങ്ങളോടനുബന്ധിച്ച്‌ ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ഉപഹാരവും ജെസ്‌വിന്‌ ലഭിച്ചിരുന്നു. ഡോ. എല്‍സി ഡാമിയനാണ്‌ മലയാളികളുടെ പാരിതോഷികം സമ്മാനിച്ചത്‌. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവുപുലര്‍ത്തുന്ന ജെസ്‌വിന്‍ ജനിച്ചത്‌ സൗദി അറേബ്യയിലാണ്‌. പതിനൊന്നുവയസുവരെ സൗദിയില്‍ പഠിച്ച ജെസ്‌വിന്‍ 2007 -ലാണ്‌ ഗില്‍ഫോര്‍ഡ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌കൂളില്‍ പഠനം ആരംഭിച്ചത്‌. ഗില്‍ഫോര്‍ഡ്‌ ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്റെ ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്‌ ജെസ്‌വിന്‍. മാതാപിതാക്കളുടെ പ്രോത്സാഹനത്തില്‍ നന്നായി മലയാളവും പഠിച്ച്‌ എഴുതുകയും വായിക്കുകയും ചെയ്യും ജെസ്‌വിന്‍.

കോട്ടയം ഗാന്ധിനഗര്‍ ചെറുപ്ലാക്കില്‍ സി.എ.ജോസഫിന്റെയും അല്‍ഫോന്‍സായുടെയും ഇളയ മകനാണ്‌ ജെസ്‌വിന്‍. ഏകസഹോദരന്‍ ജോയല്‍ ജോസഫ്‌ വോക്കിംഗ്‌ കോളജില്‍ ബി.ടെക്‌ വിദ്യാര്‍ഥിയാണ്‌.
ജെസ്‌വിന്റെ നേട്ടത്തിന്‌ ഗില്‍ഫോര്‍ഡിലെ ഇംഗ്ലീഷ്‌ സമൂഹത്തിന്റെയും ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക