Image

മാര്‍പാപ്പയുമായി മാര്‍ ആലഞ്ചേരി കൂടിക്കാഴ്‌ച നടത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 18 October, 2011
മാര്‍പാപ്പയുമായി മാര്‍ ആലഞ്ചേരി കൂടിക്കാഴ്‌ച നടത്തി
വത്തിക്കാന്‍ സിറ്റി:സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി.

മാര്‍ ആലഞ്ചേരിക്കൊപ്പം ആര്‍ച്ച്‌ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്പുമാരായ മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ തോമസ്‌ ചക്യത്ത്‌, സീറോ മലബാര്‍ സഭാപ്രതിനിധികള്‍ തുടങ്ങിയവരുമുണ്‌ടായിരുന്നു. സംഘം സന്തോഷസൂചകമായി മാര്‍പാപ്പായ്‌ക്ക്‌ ഉപഹാരവും നല്‍കി.

മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനത്തില്‍ മാര്‍പാപ്പ അതീവ സന്തുഷ്‌ടി പ്രകടിപ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാര്‍പാപ്പയുമായി മാര്‍ ആലഞ്ചേരി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ച്ചയാണിത്‌.

കാലം ചെയ്‌ത മാര്‍ വര്‍ക്കി വിതയത്തിലിനെ മാര്‍പാപ്പ അനുസ്‌മരിച്ചു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച പൈതൃകമായ സഭാപ്രവര്‍ത്തനം നിങ്ങള്‍ക്ക്‌ തീക്‌ക്ഷണതയോടും വിശ്വസ്‌തയോടും കൂടി മുന്നോട്ടു കൊണ്‌ടു പോകാന്‍ കഴിയട്ടെ എന്ന്‌ പരിശുദ്ധ പിതാവ്‌ ആശംസിച്ചു. ദിവംഗതനായ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ 25 വര്‍ഷം മുമ്പത്തെ കേരള സന്ദര്‍ശന വേളയില്‍ സീറോ മലബാര്‍ സഭയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മ മുട്ടത്തുപാടത്തിനെയും വാഴ്‌ത്തപ്പെട്ട ചാവറ കുറിയാക്കോസ്‌ ഏലിയാസ്‌ അച്ചനെയും സഭയുടെ പുണ്യാത്‌മക്കളായി പ്രഖ്യാപിച്ച കാര്യം മാര്‍പാപ്പ ചൂണ്‌ടിക്കാട്ടി. അതിലൊരാളെ ദൈവകാരുണ്യത്താല്‍ വിശുദ്ധയായി പ്രഖ്യാപിയ്‌ക്കാന്‍ തനിക്കു സാധിച്ചതില്‍ സന്തോഷമുണ്‌ടെന്നും മാര്‍പാപ്പ പറഞ്ഞു.

സീറോ മലബാര്‍ സഭ കേരളത്തിലെ സമൂഹത്തിന്‌ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌കാരിക കാരുണ്യ രംഗങ്ങളില്‍ നല്‍കിവരുന്ന അതുല്യമായ സംഭാവന എക്കാലവും വിലമതിക്കത്തക്കതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്രൈസ്‌തവ സമൂഹം ചിലയിടങ്ങളില്‍ തെറ്റിദ്ധരിയ്‌ക്കപ്പെടുന്നുണ്‌ടെന്നും ഇതൊന്നും കണക്കിലെടുക്കാതെ സമൂഹത്തില്‍ സമാധാനവും പരസ്‌പര ഐക്യവും ഊട്ടിയുറപ്പിയ്‌ക്കാന്‍ മാര്‍പാപ്പ സീറോമലബാര്‍ സഭാ പിതാക്കന്‍മാരെ ആഹ്വാനം ചെയ്‌തു.
മാര്‍പാപ്പയുമായി മാര്‍ ആലഞ്ചേരി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക