Image

പൗണ്ടില്‍ മുങ്ങിയ ഓണം (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌-1: കാരൂര്‍ സോമന്‍)

Published on 12 October, 2013
പൗണ്ടില്‍ മുങ്ങിയ ഓണം (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌-1: കാരൂര്‍ സോമന്‍)
തിരക്കുകള്‍ക്കിടയില്‍ സമയമില്ലാതെ ഓടുന്നവരാണ്‌ ലണ്ടന്‍ മലയാളികള്‍. രാത്രിയുടെ മൂന്നാം യാമത്തില്‍ തന്നെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങും, പിന്നെ തിരിച്ചു കയറുന്നത്‌ രാത്രിയുടെ ഏതോ യാമത്തിലായിരിക്കും. ഇതിനിടയില്‍ ബര്‍ഗറിലും സാന്‍ഡ്‌ വിച്ചിലും കടിച്ചു പറിച്ചു എങ്ങനെയെങ്കിലും ഒന്നു കണ്ണടച്ച്‌ കഴിയുന്നവരാണ്‌ ലണ്ടന്‍ മലയാളികളധികവും. അതിനിടയില്‍ ഇവിടെ ഓണമെന്നോ സംക്രാന്തിയെന്നോ ഉണ്ടോ എന്ന്‌ ഓരോ മലയാളിയും അറിയാതെ ചിന്തിച്ചു പോകും. കുതിച്ചു കയറുന്ന വിലക്കയറ്റത്തിനു നടുവില്‍ നിന്നു കൊണ്ടു വേണം ആഘോഷങ്ങളെ പറ്റി ചിന്തിക്കാന്‍. അതു തന്നെയുമല്ല, ഓണമെന്നു പറഞ്ഞാല്‍ ഏത്‌ സായ്‌പ്‌ ആണ്‌ അവധി തരുന്നത്‌. അതൊക്കെ, നോക്കിയും കണ്ട്‌ അങ്ങ്‌ ആഘോഷിക്കാമെന്നു വച്ചാല്‍ പൗണ്ടിന്റെ വില നൂറില്‍ നൂറടിച്ചു നില്‍ക്കുവല്ലേ... ഈ അവസ്ഥയില്‍ പത്തു പൈസ ഉണ്ടാക്കണോ, അതോ കിട്ടിയ കിട്ടിയ പൗണ്ട്‌ കാണം ഓണം എന്നൊക്കെ പറഞ്ഞ്‌ അടിച്ചു പൊളിച്ചു തീര്‍ക്കണോ എന്ന്‌ ഏതൊരു വിദേശമലയാളിയെയും പോലെ ലണ്ടന്‍ മലയാളിയും ചിന്തിച്ചു പോകും. അതു തന്നെയാണ്‌ ഇത്തവണ ഓണത്തിനും സംഭവിച്ചത്‌.

പൊറുക്കുക, മാവേലി. ഞങ്ങള്‍ ഇത്തവണ പൗണ്ടിന്‌ എക്‌സ്‌ചേഞ്ച്‌ റേറ്റ്‌ കൂടി നിന്നതു കൊണ്ട്‌ ഓണമങ്ങ്‌ സ്‌കിപ്പ്‌ ചെയ്‌തു. ഇനിയും ദിവസം കിടപ്പുണ്ടല്ലോ. അതു കൊണ്ട്‌ സെലിബ്രേഷന്‍സിനു വേണ്ടി ഞങ്ങള്‍ വെയിറ്റ്‌ ചെയ്‌തു കൊള്ളാം. പൗണ്ടിന്റെ വില ഒന്നു കുറഞ്ഞോട്ടെ. ചിക്കന്റെയും മില്‍ക്കിന്റെയും റേറ്റും ഒന്നു സ്ലാഷ്‌ ചെയ്‌തോട്ടെ... വെയിറ്റ്‌ ആന്‍ഡ്‌ സീ.. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം മലയാളിയാണെങ്കിലും സായ്‌പാണെങ്കിലും മറ്റ്‌ ഏതൊരു രാജ്യക്കാരനാണെങ്കിലും ഡിസിപ്ലിനാണ്‌ ഇവിടുത്തെ ഏറ്റവും വലിയ കള്‍ച്ചര്‍. അതു കൊണ്ട്‌ ഓണം എന്ന ആഘോഷ മഹാമഹത്തെ ഞങ്ങള്‍ ഡിസിപ്ലിനോടെ തന്നെ മാറ്റിവയ്‌ക്കുകയാണ്‌. കിട്ടിയ കാശൊക്കെ എന്‍ആര്‍ഐ അക്കൗണ്ട്‌ വഴി പലരും ഇന്ത്യന്‍ മണിയാക്കി കഴിഞ്ഞു. പലരും ഒന്നാം വീടും രണ്ടാം വീടും ഫ്‌ളാറ്റ്‌ വാങ്ങീരുമൊക്കെ നടത്തിയത്‌ ഈ പൗണ്ടിന്റെ വിലക്കയറ്റം കണ്ടാണ്‌. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം മേടിച്ചു, മോര്‍ട്‌ഗേജ്‌ കഴിഞ്ഞിട്ട്‌ മീതി വച്ചിരുന്നു പൗണ്ടൊക്കെ എടുത്ത്‌ നാട്ടിലേക്ക്‌ അയച്ചു. അവിടെ അക്കങ്ങള്‍ പെരുകുന്നതു കണ്ട്‌ ശരിക്കും ഓണം മനസ്സില്‍ ലഡു പൊട്ടുന്നതു പോലെ ആഘോഷിക്കുകയായിരുന്നു, ഞങ്ങള്‍ മലയാളികള്‍ എന്നു പറയട്ടെ.

ലിവര്‍പൂളിലോ, മാഞ്ചസ്‌റ്ററിലോ, എന്തിന്‌ ലണ്ടനില്‍ പോലും നാലു മലയാളികള്‍ കൂടിയിടത്ത്‌ പായസത്തെക്കുറിച്ചോ, പാലടയെക്കുറിച്ചോ ഉപ്പേരിയേക്കുറിച്ച്‌ ഓണസദ്യയെക്കുറിച്ച്‌ ആരും ഒന്നും മിണ്ടുന്നതു കേട്ടിട്ടില്ല. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്‌ ലോണ്‍ ക്രൈറ്റീരിയകളെപ്പറ്റിയും ലോണ്‍ എലിജിബിളിറ്റിയെക്കുറിച്ചുമായിരുന്നു. മലയാളി എവിടെ ചെന്നാലും നാലു കാലില്‍ ഇരന്നു ജീവിക്കുമെന്നൊരു ചൊല്ല്‌ വെളുത്തവര്‍ഗ്ഗങ്ങള്‍ക്കാര്‍ക്ക്‌ പണ്ടേ ഉണ്ട്‌. അതു തൂത്താല്‍ പോവില്ലല്ലോ. അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും തോന്നി പോവുകയായിരുന്നു, ഈ മണി എക്‌സ്‌ചേഞ്ചിനു മുന്നിലെ ക്യൂ കണ്ടപ്പോള്‍. ഒരു പൈസയ്‌ക്ക്‌ വേണ്ടിയുള്ള മലയാളിയുടെ സ്ലേവറി കെഞ്ചല്‍ കണ്ടപ്പോള്‍ മഹാബലിയുടെ ദാനധര്‍മ്മാദികളെക്കുറിച്ചൊക്കെ ഓണക്കാലത്തെ മലയാളികള്‍ ഇവിടെ മറന്നു പോയിരിക്കുന്നു.

കാറും വീടും വാങ്ങി ലോണെടുത്തു മുടിഞ്ഞവരാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ അടക്കമുള്ളവയില്‍ നിന്ന്‌ പിന്നെയും പിന്നെയും ലോണെടുത്ത്‌ കേരളത്തിലേക്ക്‌ കാശ്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തത്‌. ഇങ്ങനെയൊക്കെ കാശ്‌ കുമിഞ്ഞു കൂട്ടി വച്ചിട്ട്‌ പാലും ബട്ടറും പോലും വാങ്ങിക്കാതെ, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറില്‍ പോയി മണിക്കൂറിന്‌ പത്തു പൗണ്ടിന്‌ പിന്നെയും ജോലി ചെയ്യുന്നവരെ കണ്ടപ്പോള്‍ തോന്നിപ്പോയി. ഇവരൊക്കെ കേരളത്തില്‍ ഈ പണി ചെയ്‌തിരുന്നുവെങ്കില്‍ പണ്ടേ കേരളം ദൈവത്തിന്റെ സ്വന്തം സാമ്രാജ്യമായേനെ എന്ന്‌... അതിനൊക്കെയും ഒരു യോഗം വേണമെന്ന്‌ ലണ്ടന്‍ സ്‌ട്രീറ്റിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ ആരോ അശരീരി പോലെ പറയുന്നത്‌ കേട്ടു.ശരിയല്ലേ..(കടപ്പാട്‌: മാധ്യമം)
പൗണ്ടില്‍ മുങ്ങിയ ഓണം (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌-1: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക