Image

വനിതാ കോഡ്‌ ബില്‍-സര്‍ക്കാര്‍ നിലപാട്‌ ദുരൂഹത: സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം

Published on 18 October, 2011
വനിതാ കോഡ്‌ ബില്‍-സര്‍ക്കാര്‍ നിലപാട്‌ ദുരൂഹത: സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം
കൊച്ചി: കേരള സര്‍ക്കാരിന്‌ മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന വനിതാ കോഡ്‌ ബില്ലിലെ വിവാദ നിര്‍ദ്ദേശങ്ങളിന്മേല്‍ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കാത്തതില്‍ ദുരൂഹതയേറുന്നുവെന്ന്‌ സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം.

കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന, സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം കേന്ദ്ര ഭാരവാഹികളുടെയും വിവിധ രൂപതാ ഡയറക്‌ടര്‍മാരുടെയും സംയുക്ത നേതൃസമ്മേളനം വിമന്‍സ്‌ കോഡ്‌ ബില്ലിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്‌തു. പ്രതിഷേധം ശക്തിപ്പടുത്തുവാനുള്ള രൂപരേഖ സമ്മേളനത്തില്‍ തയ്യാറാക്കി. സമ്മേളനം സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. വിമന്‍സ്‌ ഫോറം കണ്‍വീനര്‍ ആനി മത്തായി മുതിരേന്തി അധ്യക്ഷത വഹിച്ചു.

ക്രൈസ്‌തവ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വെല്ലുവിളികളുയര്‍ത്തുകയും സഭാപിതാക്കന്മാരെയും സഭാ സംവിധാനങ്ങളെയും ആക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നവരെയും അങ്ങനെയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരെയും സഭയുടെ ഒരു വേദികളിലും കൂട്ടായ്‌മകളിലും പങ്കെടുപ്പിക്കരുതെന്ന്‌ സമ്മേളനം നിര്‍ദ്ദേശിച്ചു. നിയമനിര്‍മ്മാണത്തിന്റെയും സംസ്ഥാന ഭരണത്തിന്റെയും ശക്തിസ്രോതസായ നിയമസഭയുടെ പരിശുദ്ധിയും പവിത്രതയും നശിപ്പിക്കുന്ന തരത്തിലുള്ള രാഷ്‌ട്രീയ ഭരണനേതാക്കളുടെ പെരുമാറ്റങ്ങള്‍ സാക്ഷരകേരളത്തിന്‌ തന്നെ അപമാനമാകുന്നുവെന്നും വരും തലമുറയ്‌ക്ക്‌ മാതൃകയാകേണ്ട ജനനേതാക്കളുടെ സാസ്‌കാരിക അധഃപതനം ലജ്ജാകരമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി മുഖ്യപ്രബന്ധം അവതരിപ്പിച്ചു. കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍ ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേറ്റര്‍മാരായ ഡല്‍സി ലൂക്കാച്ചന്‍(എറണാകുളം), ജിജി ജേക്കബ്‌ (ചങ്ങനാശ്ശേരി), ലിസി വര്‍ഗീസ്‌(തൃശൂര്‍) എന്നിവര്‍ കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കി.

ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി
ഡയറക്‌ടര്‍
വനിതാ കോഡ്‌ ബില്‍-സര്‍ക്കാര്‍ നിലപാട്‌ ദുരൂഹത: സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക