Image

സമൂഹത്തിന്റെ ആരോഗ്യത്തിനായി കുട്ടികളെ തയ്യാറാക്കുക - ബിഷപ്പ് കാരിക്കശ്ശേരി

പോള്‍ ഡി. പനയ്ക്കല്‍ Published on 14 October, 2013
സമൂഹത്തിന്റെ ആരോഗ്യത്തിനായി കുട്ടികളെ തയ്യാറാക്കുക - ബിഷപ്പ് കാരിക്കശ്ശേരി
ശക്തവും ആരോഗ്യകരവുമായ സമൂഹങ്ങള്‍ക്കു വേണ്ടി കുട്ടികള്‍ക്ക് വഴി തെളിയിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി.  ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ കോട്ടപ്പുറം ബിഷപ്പ്. സമൂഹത്തിന്റെ കെട്ടുറപ്പിനും സല്‍സ്വഭാവത്തിനും കാതലായിട്ടുള്ളത് യുവതലമുറയാണ്. സാമൂഹികാവബോധത്തോടുകൂടിയുള്ള വ്യക്തി ലക്ഷ്യങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും കുട്ടികളില്‍ വളര്‍ത്തിയെടുക്കുവാനുള്ള കടമയും ധര്‍മ്മവും നമ്മുട പ്രധാന ലക്ഷ്യങ്ങള്‍ ആയിരിക്കണമെന്നും പിതാവു പറഞ്ഞു. തന്റെ രൂപതയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസവും പ്രത്യേക പരിപോഷണങ്ങളും നല്‍കുന്ന ഒരു പദ്ധതി നടപ്പിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നേതൃത്വം എടുക്കുവാന്‍ തക്കവിധമുള്ള പരിപോഷണ പരിപാടികള്‍ ആണ് പദ്ധതിയില്‍ ഉള്ളത്.

ന്യൂയോര്‍ക്ക് ഫേ്‌ളാറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ ബിഷപ്പ് കാരിക്കശ്ശേരിയ്ക്ക് വളരെ സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് നല്‍കിയത്. എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം ജില്ലകളില്‍ സ്ഥിതിചെയ്യുന്ന കോട്ടപ്പുറം രൂപതയിലെ മിക്കവാറും പ്രദേശങ്ങളും ജനങ്ങളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയില്‍  ആണ്.

ആല്‍മീയ-സാമൂഹിക വികസന പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം തേടുകയെന്ന ലക്ഷ്യവുമായാണ് ബിഷപ്പ് ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിന്  എത്തിയത്. ബ്രൂക്ക്‌ളിന്‍ രൂപതയുടെ ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോ, ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ തിമോത്തി ഡോളന്‍, വത്തിക്കാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി.

ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്തിയ ബിഷപ്പ് കാരിക്കശ്ശേരിയെ ബ്രൂക്ക്‌ളിന്‍ രൂപതയുടെ ഇന്‍ഡ്യന്‍ ലാറ്റിന്‍ അപ്പോസ്തലേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍, ന്യൂയോര്‍ക്ക്  ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി സെക്രട്ടറി സിബി ഫെര്‍ണാണ്ടസ്, ബുള്ളറ്റിന്‍ എഡിറ്റര്‍ സേവ്യര്‍ മരീന്ദ്രന്‍, അലോഷ്യസ് ആറുകാട്ടില്‍, ഇന്‍ഡ്യന്‍ റോമന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് പോള്‍ ഡി. പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തികച്ചും ചാരിതാര്‍ത്ഥ്യപരവും  പ്രതീക്ഷിച്ചതിലുപരി തൃപ്തികരവും ആയിരുന്നു തന്റെ അമേരിക്കന്‍ സന്ദര്‍ശനമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. എല്ലാത്തിലുമുപരി തനിക്ക് തന്റെ യാത്രയിലുടനീളം ലഭിച്ച തുറന്ന സ്‌നേഹത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ നിന്ന് ബിഷപ്പ് റോമിലേക്ക് യാത്രയായി. അവിടെ മാര്‍പ്പാപ്പയുടെ ഇപ്പോഴത്ത്‌#െ വസതിയായ ദോമൂസ് സാന്‍ക്ത് മാര്‍ത്തയില്‍ മാര്‍പ്പാപ്പയുമായി  സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും മാര്‍പ്പാപ്പയുമായി ദിവ്യബലിയില്‍ അള്‍ത്താര പങ്കിടുകയും ചെയ്യും. മാര്‍പ്പാപ്പയുമൊത്ത് ദിവ്യബലി അര്‍പ്പിക്കുക, തന്റെ സ്വപ്നമായിരുന്നുവെന്ന് ബിഷപ്പ് യാത്രമധ്യേ വെളിപ്പെടുത്തി.
പോള്‍ ഡി. പനയ്ക്കല്‍




സമൂഹത്തിന്റെ ആരോഗ്യത്തിനായി കുട്ടികളെ തയ്യാറാക്കുക - ബിഷപ്പ് കാരിക്കശ്ശേരി
സമൂഹത്തിന്റെ ആരോഗ്യത്തിനായി കുട്ടികളെ തയ്യാറാക്കുക - ബിഷപ്പ് കാരിക്കശ്ശേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക