Image

സുതാര്യമാവേണ്ടെ നിയമസഭയും

ജി.കെ. Published on 19 October, 2011
സുതാര്യമാവേണ്ടെ നിയമസഭയും
കൈയേറ്റവും കൈയാങ്കളിയും കണ്ണീലും കൊണ്ട്‌ കലുഷിതമായൊരു നിയമസഭാസമ്മേളനത്തിനാണ്‌ ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്‌. നിയമസഭാ സമ്മേളനത്തില്‍ നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികള്‍ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍ കണ്‌ട്‌, ഈ പ്രതിനിധികളില്‍ മൂഢപ്രതീക്ഷ ഉറപ്പിച്ചുപോയ കുറ്റത്തിനു ജനം തങ്ങളെത്തന്നെ പഴിച്ചാല്‍ അവരെ കുറ്റം പറയാനവില്ല. ഇന്നാടിന്റെ ആവശ്യങ്ങളും തങ്ങളുടെ ദുരിതങ്ങളും നന്നായി അറിയുന്നവരാണല്ലൊ ഇവരൊക്കെ എന്നു വിശ്വസിച്ചുപോയതു മാരകാബദ്ധമെന്ന്‌ ഇപ്പോള്‍ ജനം തിരിച്ചറിയുന്നുണ്‌ടാവണം.

കോഴിക്കോട്‌ വെടിവെയ്‌പ്പിന്റെയും പാമോയില്‍, ബാലകൃഷ്‌ണപിള്ള, വാളകം തുടങ്ങി പഞ്ഞമില്ലാത്ത വിഷയങ്ങളുടെയും പേരില്‍ പ്രതിപക്ഷം നിയമസഭാനടപടികള്‍ സ്‌തംഭിപ്പിക്കുമ്പോള്‍ പി.സി.ജോര്‍ജ്‌ എന്ന ഒറ്റയാനെ മുന്നില്‍ നിര്‍ത്തി ഭരണപക്ഷവും കഴിഞ്ഞ മൂന്നാഴ്‌ചയായി ജനങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുകൊടുക്കാന്‍ മത്സരിക്കുകയാണ്‌.

ചരിത്രത്തിലെ ഏറ്റവും നാണംകെട്ട രംഗങ്ങള്‍ക്കായിരുന്നു വെള്ളിയാഴ്‌ച കേരള നിയമസഭ സാക്ഷ്യംവഹിച്ചത്‌. സംസ്‌കാരത്തിന്റെ പേരില്‍ ബീഹാറികളെ കണക്കിന്‌ കളിയാക്കുന്ന മലയാളികള്‍ ബീഹാര്‍ നിയമസഭയെപ്പോലും ലജ്ജിപ്പിക്കുന്ന രംഗങ്ങള്‍ക്ക്‌ സാക്ഷിയാവേണ്‌ടി വന്നു എന്നത്‌ ഓരോ ജനതയും അര്‍ഹിക്കുന്ന സര്‍ക്കാരെ അവര്‍ക്കു ലഭിക്കു എന്നതിന്‌ ഉദാഹരണമായി വേണമെങ്കില്‍ കണക്കിലെടുക്കാവുന്നതാണ്‌. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ തങ്ങളെ മര്‍ദിച്ചതായി സിപിഎം എംഎല്‍എമാരായ ടി.വി. രാജേഷും കെ.കെ. ലതികയും പറയുന്നു. ഇരുവരും ചേര്‍ന്നു വേദിയിലേക്കു തള്ളിക്കയറാനുള്ള ശ്രമത്തില്‍ വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ തള്ളിവീഴ്‌ത്തിയെന്നു ഭരണകക്ഷി നേതാക്കളും പറയുന്നു.

ഇതാണ്‌ നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികള്‍ കഴിഞ്ഞ രണ്‌ടു ദിവസമായി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും നമ്മോട്‌ പറഞ്ഞുകൊണ്‌ടിരിക്കുന്നത്‌. ഈ സംഭവം ഭരണപക്ഷം അവര്‍ക്കനുലമായി വ്യാഖ്യാനിക്കുമ്പോള്‍ പ്രതിപക്ഷം അവര്‍ക്ക്‌ അനുകൂലമായി വ്യാഖ്യാനിക്കുന്നു. ഇതെല്ലാം കാണുന്ന ജനം സത്യമേത്‌ മിഥ്യയേതെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുകയും ചെയ്യുന്നു. സത്യത്തില്‍ എന്താണ്‌ സഭയില്‍ സംഭവിച്ചത്‌ എന്നതിനെക്കുറിച്ച്‌ പി.സി.ജോര്‍ജിന്റെ പൊട്ടി`ത്തെറി'യോ ടി.വി.രാജേഷിന്റെ ടി.വിയിലൂടെയുള്ള പൊട്ടിക്കരച്ചലോ ഉത്തരം നല്‍കുന്നുമില്ല. അതുകൊണ്‌ടുതന്നെ ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയ നാടകങ്ങളേക്കാള്‍ മലയാളികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്‌ടത്‌ നിയമസഭാനടപടികളിലെ സുതാര്യതയെക്കുറിച്ചായിരിക്കണം.

എവിടെ തിരിഞ്ഞാലും അവിടെയെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന്‌ കവി പാടിയതുപോലെ എവിടെ നോക്കിയാലും അവിടെയെല്ലാം ചാനല്‍ ക്യാമറകള്‍ എന്നു തിരുത്തിപ്പാടുന്ന ഇക്കാലത്തും ചോദ്യോത്തരവേള കഴിഞ്ഞാല്‍ സഭയില്‍ യഥാര്‍ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ അറിയാന്‍ യാതൊരു സംവിധാനവുമില്ല എന്നത്‌ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‌ പോലും നാണക്കേടാണ്‌. ചോദ്യോത്തരവേളയെന്ന ചടങ്ങുകഴിഞ്ഞാല്‍ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ ഇഷ്‌ടാനുസരണം വ്യാഖ്യാനിക്കുന്ന കാര്യങ്ങള്‍ മാത്രമെ ജനങ്ങള്‍ അറിയാറുള്ളൂ.

കഴിഞ്ഞ ദിവസത്തേത്തിന്‌ സമാനമായി എന്തെങ്കിലും വിവാദ സംഭവങ്ങളുണ്‌ടാവുകയാണെങ്കില്‍ അതില്‍ സത്യം തിരിച്ചറിയാനായി കോടികള്‍ പൊടിച്ച്‌ നിര്‍മിച്ച നിയമസഭാ മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ളതോ വ്യക്തമായി ഒന്നും പതിയാത്ത കുറെ ക്യാമറകളും. പെട്ടിക്കടകളില്‍പോലും കൃത്യയയും വ്യക്തതയുമുള്ള രഹസ്യക്യാമറകള്‍ സ്ഥാപിക്കുന്ന ഇക്കാലത്ത്‌ നിയമസഭയില്‍ മാത്രം അതില്ലാ എന്നു പറയുന്നത്‌ എങ്ങിനെയാണ്‌ ജനങ്ങള്‍ വിശ്വസിക്കുക. അംഗങ്ങളുടെ ശമ്പളവും അലവവന്‍സുകളും കൂട്ടാന്‍ ഒറ്റക്കെട്ടാവുന്ന ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഇക്കാര്യങ്ങളില്‍കൂടി അല്‍പം ശുഷ്‌കാന്തി കാട്ടിയിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം സംഭവിച്ച കൈയാങ്കളി വിവാദവും ധനവിനിയോഗ ബില്ല്‌ വോട്ടെടുപ്പിനിടെ നടന്ന കള്ളവോട്ട്‌ വിവാദവും തുടക്കത്തിലേ ഒഴിവാക്കാമായിരുന്നില്ലെ.

സഭ കൂടുന്ന ദിവസങ്ങളിലെല്ലാം ഇന്ന്‌ എന്ത്‌ അടിയന്തര പ്രമേയം അവതരിപ്പിക്കാമെന്ന്‌ ആലോചിച്ചുകൊണ്‌ടാണ്‌ പ്രതിപക്ഷം സഭയിലെത്തുന്നത്‌. അത്‌ യുഡിഎഫ്‌ ആയാലും എല്‍ഡിഎഫ്‌ ആയാലും മാറ്റമില്ല. അനുമതി നിഷേധിക്കുമെന്ന്‌ അറിഞ്ഞുകൊണ്‌ടുതന്നെ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കുകയും സ്‌പീക്കര്‍ അവതരണാനുമതി നിഷേധിക്കുമ്പോള്‍ ഒരു അനുഷ്‌ഠാനം പോലെ സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോക്കുകയും ചെയ്യുക എന്നതാണ്‌ പ്രതിപക്ഷ ധര്‍മമെന്ന്‌ ഇപ്പോള്‍ ഇന്നാട്ടിലെ ജനങ്ങളും വിശ്വസിച്ചു തുടങ്ങിയിട്ടുണ്‌ട്‌.

സഭയില്‍ ഹാജരായതിനാല്‍ അലവന്‍സുകളും ബത്തകളും ഒന്നും കുറയില്ല എന്നതും ഇറങ്ങിപ്പോക്കിനുശേഷം പിന്നെ പാര്‍ട്ടിക്കാര്യങ്ങളോ സ്വന്തം കാര്യങ്ങളോ നടത്താമെന്നതും പ്രതിപക്ഷം സൗകര്യമായി കണക്കാക്കുമ്പോള്‍ പ്രതിപക്ഷമില്ലെങ്കില്‍ സഭാനടപടികള്‍ വേഗം പൂര്‍ത്തിയാക്കി പിരിയാമെന്ന സൗകര്യം ഭരണപക്ഷത്തിനുമുണ്‌ട്‌. പ്രതിപക്ഷവും ഭരണപക്ഷവും കാലങ്ങളായി സഭയില്‍ നടത്തുന്ന ഈ കള്ളനും പോലീസും കളി ജനങ്ങള്‍ തിരിച്ചറിയുമെന്ന്‌ ഭയന്നിട്ടാവാം ചോദ്യോത്തരവേള കഴിഞ്ഞാല്‍ ദൃശ്യമാധ്യമങ്ങളെ സഭയില്‍ നിന്ന്‌ ഇറക്കിവിടുന്നത്‌ എന്ന്‌ ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുമോ.

കൈയാങ്കളി വിവാദമുണ്‌ടായപ്പോള്‍ സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ ഭരണപക്ഷവും പ്രതിപക്ഷവും വലിയ വായില്‍ ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞുവെങ്കിലും ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്ന്‌ ജനങ്ങള്‍ക്കറിയാം. കാരണം കള്ളവോട്ട്‌ വിവാദമുണ്‌ടായപ്പോള്‍ തന്നെ നിയമസഭാ ഹാളിലെ ക്യാമറകളുടെ മികവിനെപ്പറ്റി ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നിട്ടും അവ മാറ്റാനോ മികച്ചവ സ്ഥാപിക്കാനോ നമ്മുടെ ജനപ്രതിനിധികള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇപ്പോള്‍ ടി.വി.രാജേഷും ജയിംസ്‌ മാത്യുവും വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്‌ടെന്ന്‌ ഭരണപക്ഷവും വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ കെ.കെ.ലതികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്‌ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരിക്കുന്നതെന്ന്‌ പ്രതിപക്ഷവും ആരോപിക്കുന്നു. ആധുനികസസാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ചാല്‍ ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക്‌ വലിയ സ്‌കോപ്പില്ലാത്തതിനാല്‍ ഈ ഒളിച്ചുകളി ഭാവിയിലും തുടരും. ഒപ്പം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ തളത്തില്‍, സമ്മേളനം തുടങ്ങുന്ന നാള്‍മുതല്‍ അര്‍ഥമറ്റ അനാവശ്യ വിഷയങ്ങളെച്ചൊല്ലി ഭൂകമ്പവും സുനാമിയും ഉരുള്‍പൊട്ടലുമെല്ലാം ആവര്‍ത്തിക്കുകയും ചെയ്യും.

നാട്ടിലുടനീളം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതോ മാരകമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതോ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുന്നതോ വൈദ്യുതി പ്രതിസന്ധി നാടിനെ ഇരുട്ടിലാക്കുന്നതോ ഒന്നും നമ്മുടെ ജനപ്രതിനിധികള്‍ക്ക്‌ വിഷയമല്ല. ഇവയൊന്നും ഉന്നയിക്കാതെ കേവലം ഒരു വിദ്യാര്‍ഥിയുടെ പ്രവേശനോ ഒരു നേതാവിന്റെ ഫോണ്‍വിളിയോ ഉയര്‍ത്തി സഭാനടപടികള്‍ തടസപ്പെടുത്തിയതില്‍ പ്രതിപക്ഷം ചാരിതാര്‍ഥ്യം കൊള്ളുകയും ഭരണപക്ഷം അതിനെ ഒരു സൗകര്യമായി കാണുകയും ചെയ്യുമ്പോള്‍ തെരഞ്ഞെടുത്തയച്ച ജനങ്ങളോട്‌ എന്തു ബാധ്യതയാണു തങ്ങള്‍ നിറവേറ്റിയതെന്ന്‌ ഇവര്‍ ഓരോരുത്തരും ബോധ്യപ്പെടുത്തേണ്‌ട ദിവസമുണ്‌ടെന്ന്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഒപ്പം സുതാര്യത എന്നത്‌ സ്വന്തം ഓഫീസില്‍ മാത്രം ഒതുങ്ങേണ്‌ട ഒന്നല്ല എന്ന്‌ കുഞ്ഞൂഞ്ഞും കൂട്ടരും തിരിച്ചറിയുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക