Image

റിട്ടേണ്‍ ഫ്‌ളൈറ്റ് കഥകള്‍ (പുഴപോലെ - റീനി മമ്പലം)

Published on 15 October, 2013
റിട്ടേണ്‍ ഫ്‌ളൈറ്റ് കഥകള്‍ (പുഴപോലെ - റീനി മമ്പലം)

അടുക്കളയിലെ സിങ്കില്‍ റ്റര്‍ക്കിയെ കുളിപ്പിച്ച് പേപ്പര്‍ടൗവല്‍ കൊണ്ട് തുടച്ച് കൗണ്ടറില്‍ കിടത്തി. വീണ്ടുമൊരു (1)താങ്ക്‌സ്ഗിവിങ്ങ് കൂടി.

കാലും ചിറകും ഉയര്‍ത്തിപ്പിടിച്ച് നിസ്സഹായതയോടെ കൗണ്ടറില്‍ കിടക്കുന്ന പക്ഷി. വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികള്‍ കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ഇതേ സിങ്കില്‍ അവരെ കുളിപ്പിച്ച് തുവര്‍ത്തി കൗണ്ടറില്‍ കിടത്തുന്നതോര്‍മ്മ വന്നു.

മംഗലം തറവാട്ടിലെ കൊള്ളസംഘമെന്ന് ഞാന്‍ വിളിക്കുന്ന കുട്ടികള്‍  വീടുവിട്ടിരിക്കുന്നു. എന്റെ  ആരോഗ്യവും പണവും സമാധാനവും കവര്‍ന്നെടുത്ത്, അതിലേറെ സന്തോഷം പകര്‍ന്നുതന്ന്, അവര്‍ വളര്‍ന്നു.  മകളെ  കോളേജ്‌ഡോമില്‍  ആക്കി തിരികെ മടങ്ങുമ്പോള്‍ അവളെ എവിടെയോ ഉപേക്ഷിച്ചിട്ട് പോരുകയാണന്ന തോന്നല്‍. തീറ്റ കൊടുത്ത് വളര്‍ത്തുന്ന തിരക്കില്‍ ചിറകുകള്‍  വളര്‍ന്നത് കണ്ടില്ല.
 
'അമ്മയെന്തിനാ കരയുന്നത്?  താങ്ക്‌സ്ഗിവിങ്ങ് ആവുമ്പോഴേക്കും ഞാന്‍ വീട്ടിലെത്തുകയില്ലേ.'  വിടര്‍ന്ന കണ്ണുകളുമായി അവളെന്റെ അരികില്‍ നിന്നു. അവളുടെ കണ്ണുകളില്‍ സ്വാതന്ത്ര്യത്തിന്റെ കൊടിപാറി. അവള്‍ അകന്നുമാറാന്‍ ശ്രമിക്കുന്നത്  മാതൃത്വത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നല്ലേ?. ഞാന്‍ എന്നിലേക്ക് അനുകമ്പ ചൊരിഞ്ഞു. എന്റെ മാതൃത്വത്തിന്റെ പരിസരങ്ങളില്‍ അവളിന്നും  കൊച്ചുകുട്ടി.

കുട്ടികള്‍ വീടുവിട്ട് സ്വാശ്രയരായിത്തീരുന്നതില്‍ ഞാന്‍ സന്തോഷിക്കയല്ലേ വേണ്ടത്? അവര്‍ പ്രായമായിക്കഴിഞ്ഞ് ഇത്തിള്‍ക്കണ്ണികളായി മാറിയെങ്കിലല്ലേ കണ്ണീര്‍ പൊഴിക്കേണ്ടതുള്ളു?

സിങ്കില്‍ കുട്ടികളെ കുളിപ്പിക്കുന്ന കാര്യം ഒരിക്കല്‍  പറഞ്ഞപ്പോള്‍ അമ്മ പൊട്ടിച്ചിരിച്ചു. വെയിലത്തിരിക്കുന്ന ചെമ്പുചട്ടിയിലെ പനിക്കൂര്‍ക്കയിലകള്‍ ഇട്ട വെള്ളത്തിലേക്ക് എന്റെ ശൈശവത്തെ നനച്ചിറക്കി. എന്റെ ബാല്യകാലസ്മരണകള്‍ ഒളിച്ചുകളിക്കുന്ന വീട്ടില്‍ അമ്മ ഇപ്പോള്‍  ഒറ്റക്ക് താമസിക്കുന്നു; പരിഭവങ്ങളില്ലാതെ, പരാതികളില്ലാതെ.  ഒരു പക്ഷെ അമ്മ ഇഷ്ടപ്പെടുന്നതും ഇങ്ങനെ സ്വതന്ത്രമായൊരു ജീവിതമാണോ?. എങ്കില്‍ അതൊരു സത്യമായി വന്ന് എന്നെ സന്തോഷിപ്പിക്കാറുണ്ട്. കുറ്റബോധം കൊണ്ടാവാം ആ ചിന്ത ഒരു  മിഥ്യയായി വേട്ടയാടി വേദനിപ്പിക്കാറുണ്ട്.

ഫ്‌ളാറ്റിലെ ജീവിതം അമ്മ വെറുത്തിരുന്നു. നാട്ടിന്‍പുറത്തെ കരിയും പുകയും നിറഞ്ഞ ജീവിതത്തെ, അമ്മയുടെ നഗരത്തിനോടുള്ള അതേ മനോഭാവത്തോടെ ഏകമരുമകളും വീക്ഷിച്ചിരുന്നു. എങ്കിലും ഞാന്‍ ഇടക്കിടെ ചോദിച്ചു, 'അമ്മക്ക് പ്രദീപിനോടൊപ്പം ടൗണില്‍ താമസിച്ചുകൂടെ?'

'എന്റെ മക്കള്‍ അടുത്തൊക്കെയുണ്ടല്ലോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവര്‍ ഓടി എത്തുകയില്ലേ?'

വാര്‍ദ്ധക്യത്തിലും സ്വാശ്രിതയായി ജീവിക്കുവാനുള്ള അമ്മയുടെ ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനാവില്ല. അപ്പന്‍ മരിച്ചന്നുമുതല്‍ തിരിഞ്ഞുമറിയുന്ന കൊന്തമണികളോടൊപ്പം സ്വന്തം വികാരങ്ങളും മോഹങ്ങളും ഉള്ളംകയ്യിലമര്‍ത്തി തനിച്ച് മക്കളെ വളര്‍ത്തിയില്ലേ?  അന്നത്തെ വേവലാതികളെക്കുറിച്ച്   വൈകി മാത്രമറിഞ്ഞ ഞാനിപ്പോള്‍ എന്റെ പേടികള്‍ക്കും കര്‍ത്തവ്വ്യബോധങ്ങള്‍ക്കുമിടയില്‍ അമ്മയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കണമോ?

എന്നോടൊപ്പം താമസിക്കുവാന്‍ അമ്മയെ നിര്‍ബന്ധിക്കണമെന്ന് ആലോചിക്കാറുണ്ട്  പക്ഷെ, അടഞ്ഞ വാതിലുകള്‍ക്കുപുറകിലിരുന്ന് വാതം മുളപ്പിക്കുന്ന തണുപ്പിനെ പഴിച്ച്, ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഞ്ഞിനെ നോക്കി, ആര്‍ത്തലച്ചു പെയ്യുന്ന വേനല്‍ മഴയുടെ ഈറന്‍ അടിച്ച് അമ്മയുടെ അവസാന പകലുകളെ ഞാന്‍ മരവിപ്പിച്ചു കളയണോ?

അടുത്തയിടക്ക് അമ്മ ചോദിച്ചു. 'മക്കള്‍ കോളെജില്‍ എത്തിയില്ലേ, നിനക്ക് നാട്ടിലേക്ക് തിരികെ വന്നു കൂടെ? ഇവിടെ തെക്കേലെ പാപ്പന്റെ വീടും പുരയിടോം, വില്ക്കാനിട്ടിരിക്കുന്നു. പ്രദീപും കെട്ടിയോളും കുടുംബത്ത് താമസിക്കാനെത്തുമ്പോള്‍ അവര്‍ക്ക് ഒരു കൂട്ടാവുകേം ചെയ്യും.'
 
സ്വച്ഛമായ തടാകത്തിലേക്ക് അമ്മ കല്ലെറിഞ്ഞു. ഒരു പക്ഷെ തനിയെ താമസിച്ച് മടുത്തിരിക്കും.

അറിയാതെ തന്നെ എന്റെ താങ്ങുവേരുകള്‍ ഈ പുതിയ ഭൂമിയില്‍ പടര്‍ന്നു പോയില്ലെ? എന്റെ ജീവിതം ഇപ്പോള്‍ എന്റെ കുട്ടികളല്ലേ? അവരെ തനിയെയാക്കിയിട്ട് പോയാല്‍?  ഒരിക്കല്‍ ജീവിതം തിരികെ കൊഞ്ഞനം കുത്തുമ്പോള്‍ എന്റെ കുട്ടികള്‍ ഏതെങ്കിലും ഒരു മനശാസ്ത്രജ്ഞന്റെ സോഫയില്‍ കുഴഞ്ഞ മനസുമായി പറയും 'എന്റെ സുരക്ഷിതത്വമില്ലായ്മയുടെയും തകര്‍ന്ന ആത്മവിശ്വാസത്തിന്റെയും  ഉറവിടം പേരന്റ്‌സാണ്. അവരെന്നെ തനിയെയാക്കി പോയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് എന്റെ പതര്‍ച്ച.'

മനസിന്റെ കറക്കം മതിയാക്കി റ്റര്‍ക്കിയിലാകെ നാരങ്ങാനീരും ഉപ്പും  തേച്ചുപിടിപ്പിച്ചു. മസാലകള്‍  എല്ലാം  പൊടിച്ച് ചേര്‍ത്തു റ്റര്‍ക്കിയില്‍ പുരട്ടി.  ഇക്കാലമത്രയും  അമേരിക്കന്‍ഭൂഖണ്ഡത്തില്‍ താമസിച്ചിട്ടും അല്പ്പം എരിയും പുളിയും ഇല്ലാതെ റ്റര്‍ക്കി കഴിക്കുവാനാവില്ലെന്ന് ഓര്‍ത്തുചിരിച്ചു.

മസാലപുരണ്ട കയ്യുമായി ഫോണെടുക്കുമ്പോള്‍ മറുവശത്ത് ഭര്‍ത്താവിന്റെ ശബ്ദം 'ഇവിടെയൊരാള്‍ക്ക് വിശപ്പ്, മറ്റൊരാള്‍ക്ക് ദാഹം. എന്തെങ്കിലും കഴിക്കുവാന്‍ വാങ്ങിക്കൊടുക്കുകയാണിപ്പോള്‍. ഹൈവേയില്‍ ബാക്ക്ടുബാക്ക് ട്രാഫിക്ക്. എപ്പോള്‍ വീട്ടിലെത്തുമെന്നറിയില്ല.'

അകലെ കോളജില്‍ പഠിക്കുന്ന കുട്ടികളെ താങ്ക്‌സ്ഗിവിങ്ങിന്റെ അവധിക്ക് വീട്ടിലേക്ക് കൊണ്ടുവരുന്ന ഭര്‍ത്താവ്.  അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത പില്‍ഗ്രിംസ്, വിളവെടുപ്പിനു ശേഷം റെഡ്ഇന്ത്യന്‍സിനുവേണ്ടി അവരോടുള്ള നന്ദിയും സൗഹൃദവും കാണിക്കുന്നതിന്  നടത്തിയ ആദ്യത്തെ വിരുന്നിന്റെ ഓര്‍മ്മക്കായി ഇപ്പോഴും  നടത്തുന്ന വിരുന്ന് താങ്ക്‌സ്ഗിവിംഗ്. അമേരിക്കന്‍ കുടുംബങ്ങളില്‍,  പൊരിച്ച റ്റര്‍ക്കിയുടെയും മധുരക്കിഴങ്ങിന്റെയും മറവില്‍  മറഞ്ഞുപോകുന്ന കുടുംബവൈരാഗ്യങ്ങള്‍, ഏറ്റക്കുറച്ചിലുകള്‍. പമ്പ്കിന്‍ പൈയുടെ മധുരത്തോടൊപ്പം അവര്‍ പൂര്‍വ്വകാലസ്മരണകള്‍ നുണഞ്ഞിറക്കുന്നു. എന്റെ  ഊണുമേശയില്‍, കുടിയേറ്റക്കാരായ എന്റെ കൂട്ടുകാരുടെയും എന്റെയും  രസമുകുളങ്ങളുറ്റെ ആശ്വാസത്തിനായി ഒരല്പ്പം പുളിശ്ശേരിയും ചോറും നാളെ കരുതിയിരിക്കും.  

പമ്പ്കിന്‍ പൈ ഓവനില്‍ നിന്ന് എടുക്കുമ്പോഴേക്കും കതക് തള്ളിത്തുറന്ന് അകത്തുകയറുന്ന  കുട്ടികളുടെ ആരവാരം.  മോന്റെ കയ്യില്‍ ചെറിയൊരു ബാഗ്. നാലുദിവസത്തേക്ക് നാലിരട്ടി വസ്ത്രങ്ങളും ഷൂസുകളുമായി ഭാരമുള്ള ബാഗുമായി ഏന്തിവലിഞ്ഞ് വരുന്ന മോള്‍.

കുട്ടികള്‍ എന്നെ സ്‌നേഹത്തിന്റെ സില്ക്കുനൂലുകൊണ്ടു വരിഞ്ഞപ്പോള്‍ ' ലവ് യു മാം, ഇറ്റ് ഈസ് ഗൂദ് റ്റു ബി ഹോം.'
ആത്മാര്‍ഥത തുളുമ്പുന്ന വാക്കുകള്‍.

എരിവുള്ള മിക്‌സ്ചര്‍ കൊറിച്ച് കുട്ടികള്‍ അവിടെയെല്ലാം ഓടിനടന്നു. ചിക്കന്‍ കറിയും ചീരത്തോരനും ഡിന്നറിന് ഉണ്ടോയെന്ന് പാത്രങ്ങള്‍ തുറന്നുനോക്കി.  ഇതുവരെ ഉറങ്ങിക്കിടന്ന എന്റെ വീടിന്റെ താരാട്ടു പാട്ട് നിര്‍ത്തി, അവര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍  സ്റ്റീരിയോയിലൂടെ ഒഴുകിവന്നു.  മുറിയില്‍ അവരുറ്റെ ബുക്കുകള്‍ക്കും ബാഗുകള്‍ക്കുമൊപ്പം  സ്‌നേഹബന്ധങ്ങളും നിരന്നു കിടന്നു.

പിന്നെ സാവധാനം കുട്ടികള്‍ സെല്‌ഫോണും കമ്പ്യൂട്ടറുമായി അവരുടെ മാളങ്ങളിലേക്ക് ഇഴഞ്ഞുപോയി.

നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അവിടെ നേരം പരുപരാ വെളുത്തിട്ടേയുണ്ടായിരുന്നുള്ളു. അസമയത്തുള്ള വിളി അമ്മയെ പരിഭ്രമിപ്പിച്ചുവെന്ന് തോന്നുന്നു.

വീട്ടുവിശേഷങ്ങള്‍  പുലരിയുടെ പൊന്‍കിണ്ണത്തില്‍ നിരത്തിവച്ച് അമ്മ പറഞ്ഞു 'ഞാനിന്നലെ പ്രദീപിന്റെ വീട്ടീന്ന് പോന്നു. അവിടെ രണ്ടുദിവസം നിന്നപ്പോ ശ്വാസം മുട്ടുന്ന തോന്നല്‍. ഇവിടെ എന്റെ നേരത്തിനും സൗകര്യത്തിനുമനുസരിച്ച് ഓരോന്ന് ചെയ്യാല്ലോ'

വൈധവ്യം ക്രൂരമായി എറിഞ്ഞുകൊടുത്ത സ്വാതന്ത്ര്യം അറിയാതെയെങ്കിലും ഇഷ്റ്റപ്പെട്ടുപോയത് തെറ്റാണോ? ആ തെറ്റ് അമ്മയുടെ അവകാശമല്ലേ?

ഫോണ്‍ താഴെവയ്ക്കും മുമ്പ് അമ്മ ചോദിക്കാന്‍ മറന്നില്ല, 'തെക്കേലെ പാപ്പന്റെ വീടും പുരയിടവും വാങ്ങുന്ന കാര്യത്തില്‍ തീരുമാനം വല്ലതുമായോ?'
     
ഭര്‍ത്താവ് അടുക്കളയില്‍ നിരന്നു കിടക്കുന്ന പാത്രങ്ങള്‍ എടുത്തുവയ്ക്കുന്ന തിരക്കിലായിരുന്നു.
 
'പ്രേമേ, നിനക്ക് പാചകം ചെയ്യുമ്പോള്‍ പാത്രങ്ങള്‍ ഇങ്ങനെ നിരത്തിയിടണമെന്നുണ്ടോ?' വാക്കുകള്‍ എന്റെ ചെവിയില്‍ വന്നടിക്കാതെ ഗ്രാനറ്റ് കൗണ്ടറില്‍ വീണുടഞ്ഞു. അരുമയായ ബന്ധങ്ങളുടെ മ്രുദുലമായ വികാരങ്ങളിലൂടെ ഞാന്‍ ഒഴുകിനടന്നു.

ഞാന്‍ ഉറങ്ങുവാന്‍  തയ്യാറെടുക്കുമ്പോള്‍ കുട്ടികള്‍ എങ്ങോട്ടോ പോകുന്നതിനുള്ള ഒരുക്കത്തോടെ താഴേക്കുവന്നു.

' ഇങ്ങോട്ടുവന്നതല്ലേയുള്ളു,  ഇപ്പോത്തന്നെ കറക്കംവേണോ. ഈ പാതിരാത്രിയില്‍?'

പുറത്തേക്ക് വരുവാന്‍ വെമ്പിനിന്ന ശാസനയുടെ ചുവയുള്ള വാക്കുകള്‍ ഞാന്‍  വിഴുങ്ങി.

കുട്ടികളോട് സ്‌നേഹപൂര്‍വം പെരുമാറൂ. എങ്കിലല്ലേ വീടുവിട്ടാലും അവര്‍ തിരികെ വരൂ. അമേരിക്കന്‍ പുടവയണിഞ്ഞ ഇന്ത്യന്‍ സംസ്‌കാരം പുലമ്പി.

'ഈ പാതിരാത്രിയില്‍ എങ്ങോട്ടാ രണ്ടാളുംകൂടെ? രാവിലെ പോയിക്കൂടെ?' മന്ദഹസിച്ചു ചോദിച്ചു.

'എത്ര നാളായിന്നോ ഞങ്ങള്‍ കൂട്ടുകാരെ കണ്ടിട്ട്. അവരെല്ലാം താങ്ക്‌സ്ഗിവിങ്ങിന്റെ അവധിക്ക് വീട്ടില്‍ വന്നിട്ടുണ്ട്. അമ്മേ, ഞങ്ങള്‍ മുതിര്‍ന്ന കുട്ടികളല്ലേ?  അമ്മയുടെ പേടിയും പരിഭ്രമവും ഞങ്ങളിലേക്ക് പകര്‍ന്നു തരല്ലേ.' അവര്‍ ചിരിച്ചു.

'ലേറ്റായാല്‍ വിളിക്കാം.'

അവര്‍ വിളിച്ചാലും ഇല്ലെങ്കിലും വെളുപ്പിന് അവര്‍ തിരികെ വരുംവരെ ഞാന്‍  ഉറങ്ങാതെ കിടക്കുമെന്ന് എനിക്കറിയാം. ഞാനവരെ കെട്ടിപ്പിടിച്ച് യാത്രയയക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചു, 'വൈകിയാല്‍ വിളിക്കുമല്ലോ?'

ഇരുണ്ട തൊലിയും വെളുത്ത ചിന്തകളുമായി നടക്കുന്ന രണ്ടാം തലമുറ വാതിലടച്ചിറങ്ങി. കുട്ടികള്‍ക്കും  അവരുടെ സ്വാതന്ത്ര്യം വേണം. അത് അവരുടെ കുഴപ്പമല്ലല്ലോ, അവരെ രണ്ടു സംസ്‌ക്കാരങ്ങള്‍ക്കിടയില്‍ പ്രസവിച്ചിട്ടത് ഞാനല്ലേ?

പിറ്റെ ദിവസം ഊണുമേശയില്‍ നിരത്തേണ്ട റ്റര്‍ക്കിയും അകമ്പടി വിഭവങ്ങളും മനസില്‍ വന്നുമറഞ്ഞു. റ്റര്‍ക്കിയൊരുക്കി, സ്‌നോമാറ്റി, ഐസുചുരണ്ടി, മനസില്‍ സ്വതന്ത്ര ചിന്തകളുമായി ഈ നാട്ടില്‍ കഴിയുന്ന ഞാന്‍ രണ്ടു തലമുറകള്‍ക്കിടയില്‍ ഞെരിയുന്ന 'സാന്‍ഡ്വിച്ച് ജെനറേഷന്‍'

'കുട്ടികള്‍ കോളജില്‍ എത്തിയാല്‍ നിനക്ക് തിരികെ നാട്ടിലേക്കു വന്നുകൂടെ?'. അമ്മയുടെ ശബ്ദം  അശരീരിയായി എന്നോടൊപ്പം ബെഡ്‌റൂമിലേക്ക് കോവണി കയറി.

ഒരു ദിശയിലേക്കുമാത്രം ഒഴുകുവാനറിയുന്ന പുഴയായി ഞാനൊഴുകി. കുട്ടികളെ  ഒരു തുരുത്തില്‍ എത്തിക്കുംവരെയെങ്കിലും ഞാനൊഴുകട്ടെ.


പുഴ.കോം, മാര്‍ച്ച് 2007.

Join WhatsApp News
Sapna George 2013-10-16 10:59:21
കഥകൾ എഴുതാൻ എന്നെ എന്നും , ഇൻസ്പയർ ചെയ്ത, റീനിയുടെ ഈ കഥയും, എന്റെ മനസ്സിൽ  കഥകൾ  മെനെഞ്ഞെടുത്തു. വളരെ നന്നായി റീനി, എന്റെ മകളുടെ അഭാവവവും  ഓരൊ അവധിക്കു 5 ദിവസത്തേക്കു വരുംബോഴും,  കൂട്ടുകാരെകാണാൻ  വെബൽ കൊള്ളുന്നു അവർ, നമ്മുടെ തയ്യാറെടുപ്പുകളും ,അവരെക്കാണാനുള്ള തിടുക്കവും, കാത്തിരിപ്പും മനസ്സിലാത്തപ്പോൾ , നമ്മുടെ സ്വന്തം അമ്മയുടെ വെപ്രാളം നമ്മെ തിരിച്ചു വിളിക്കുന്നു. വളരെ നന്നായി റീനി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക