Image

അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ (ജി. പുത്തന്‍കുരിശ്‌)

Published on 14 October, 2013
അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ (ജി. പുത്തന്‍കുരിശ്‌)
എമിലി രണ്ടായിരത്തി ഏഴ്‌ ജുലൈ പതിനേഴിന്‌, മണിക്കുറില്‍ ഇരൂനൂറ്റി മുപ്പത്‌ കിലോ മീറ്റര്‍ വ്യാപ്‌തിയില്‍ ആഞ്ഞടിച്ച ഈ ചുഴലിക്കാറ്റിനെ ഏറ്റവും അപകടകാരിയെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകര്‍ വിളിച്ചത്‌. മെക്‌സിക്കോയിലെ കരേബിയന്‍ തീരങ്ങളില്‍ പാര്‍ത്തിരുന്ന പതിനായിരക്കണക്കിന്‌ ജനങ്ങളും, വിദേശ സഞ്ചാരികളുമാണ്‌, ഇവളുടെ സംഹാര താണ്ഡവത്തെ ഭയന്ന്‌ ഓടി രക്ഷപ്പെട്ടത്‌. ഡെന്നിസ്‌ എന്ന ചുഴലി കാറ്റിന്റെ പരുഷമായ അക്രമണത്തി്‌ല്‍ തകര്‍ക്കപ്പെട്ട ഒരു ജനതയുടെ മേല്‍ രണ്ടാഴ്‌ചക്കുള്ളില്‍ ആഞ്ഞടിച്ച രണ്ടാമത്തെക്കാറ്റ്‌. നിരപരാതികളായ അനേകരെ തീരാദുഃഖത്തിലാഴ്‌ത്തി, കരയെ കടലാക്കുകയും, കടലിനെ കരയാക്കുകയും ചെയ്‌ത, ഉഗ്രരൂപിണിയായ എമിലി.

`പുന്ത്യനോര്‍ത്തേ' ചിന്തകളില്‍ നിന്ന്‌ ഞ്ഞെട്ടി ഉണര്‍ന്നു. `ദൈവമേ! ആ മണല്‍ തുരുത്തിലെ ഓരോ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും' പരദേശിയുടെ മനസ്സിലൂടെ മിന്നി മറഞ്ഞു. എന്തുപറ്റികാണും? ആരൊക്കെ ജീവനോടെ ബാക്കികാണും? ഒരായിരം ചോദ്യങ്ങള്‍ മുന്നില്‍ വന്ന്‌ ശ്വാസം മുട്ടിക്കുന്നു. നില്‍ക്കാന്‍ കഴിഞ്ഞില്ല. പോയെ തീരു. തന്റെ സഹോദരങ്ങള്‍ക്ക്‌ എന്തു പറ്റികാണും? ആരോ തന്നെ വലിച്ചിഴക്കുന്നതു പോലെ തോന്നി. `പോകരുത്‌.' പലരും വിലക്കി. കാറ്റും മഴയും കാട്ടികൂട്ടിയ ഭീകരതയുടെ നിഴലിലൂടെ യാത്ര ചെയ്യുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ മനസ്സ്‌ കാടുകയറുകയായിരുന്നു.

മാര്‍ത്തോമ സഭയിലെ ജനങ്ങളുടെ, കരുണ്യത്തന്റേയും സ്‌നേഹത്തിന്റെയും പ്രതീകമായി മെക്‌സിക്കോയിലെ `പുന്ത്യ നോര്‍ത്തേ' മിഷന്‍ ഫീല്‍ഡില്‍, നിവസിക്കുന്നവര്‍ക്ക്‌ വേണ്ടി തീര്‍ത്ത പാര്‍പ്പിടങ്ങളേയും അതിലെ അന്തേവാസികളേയും എമിലി എന്തായിരിക്കും ചെയ്‌തിരിക്കുക? ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്ക്‌ ദിവസങ്ങളുടെ ദൈര്‍ഘ്യം തോന്നി. ചുഴലികാറ്റ്‌ ചുറ്റുപാടിലും വരുത്തിവച്ചിരിക്കുന്ന നാശനഷ്‌ടങ്ങള്‍ കണ്ടപ്പോള്‍ ശ്വാസത്തിന്റെ വേഗതകൂടുകയും ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കുകയും ചെയ്‌തു. മഴയില്‍ ഒലിച്ചുപോയ വഴിയിലൂടെ ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ കണ്ടെത്‌ ഹൃദയഭേദകമായ കാഴ്‌ചയാണ്‌. കരയേത്‌ കടലേത്‌ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വെള്ളത്തില്‍ മുങ്ങികിടക്കുന്ന ഭൂപ്രദേശം. അറമാനോ (സഹോദരാ) അക്കരക്ക്‌ പോകാന്‍ പ്രയാസമാണ്‌- പരിചയസമ്പന്നരായ മുക്കുവര്‍ വിലക്കി. എങ്കിലും ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യാന്‍ തയാറുള്ള സ്‌നേഹത്തിന്റെ സഹായഹസ്‌തവുമായി ഇതാ മറ്റുചിലര്‍. `അര്‍മാനോ നമ്മള്‍ക്ക്‌ ആ തുരുത്തിലേക്ക്‌ പോകാം' ദിവ്യ സ്‌നേഹത്തിന്റെ കരുത്തുള്ള ശബ്‌ദം. അവര്‍ കൊണ്ടു വന്ന ഒരു വള്ളത്തില്‍ ആ മണല്‍ തുരുത്തിലെത്തിയപ്പോള്‍ കണ്ട കഴ്‌ചയുടെ പൊരുളറിയാതെ മനസ്സ്‌ മന്ത്രിച്ചു

`കടല്‍പ്പുറത്തെപ്പൊടിമണ്ണടിച്ചു
കൂട്ടുന്നു തട്ടിക്കളയുന്നിതൊപ്പം
സനാതനം മാരുതനീശ്വരന്റെ
സര്‍ക്ഷക്രമം കണ്ടുകുറിയ്‌ക്കയാമോ?.

എന്തിനാണ്‌ ദൈവം പരീക്ഷിക്കുന്നത്‌? ദൈവ സ്‌നേഹത്തിന്റെ പ്രകാശനമല്ലേ ഈ വീടുകള്‍? അഥവാ ഞങ്ങളുടെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും ഫലമാണോ ഇത്‌? അങ്ങനെയെങ്കില്‍ ഈ സാധു മനുഷ്യര്‍ എന്തു പിഴച്ചു? ഞങ്ങളിലൂടെ നീ ഇവര്‍ക്ക്‌ എന്തിന്‌ പ്രതീക്ഷ നല്‍കി? കര്‍ത്താവേ നീ എന്താണ്‌ ഞങ്ങളോട്‌ സംസാരിക്കാന്‍ ശ്രമിക്കുന്നത്‌? ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ ഉള്ളിലെ വൈകാരിക സംഘര്‍ഷങ്ങള്‍, ഘനീഭവച്ച്‌, കരച്ചിലായി. കണ്ണുനീര്‍ മുഖത്ത്‌ ചാലുകള്‍ കീറി.

`അറമാനോ കലുങ്ങുന്നതെന്തിന്‌ നീയിനിയും' മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ ചുറ്റുപാടും നിന്നുകൊണ്ട്‌ തന്നെ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുന്ത്യനോര്‍ത്തയിലെ എല്ലാം നഷ്‌ടപെട്ട ഒരു പറ്റം ജനങ്ങളെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. എന്തു പറയണം എന്നറിയാതെ വാക്കുകള്‍ തേടുന്ന തനിക്ക്‌ അവര്‍ ധൈര്യം പകരുകയാണ്‌. മാനുഷീകമായ ബുദ്ധിക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത്‌ വിരാചിക്കുന്ന ഏതോ ശക്‌തി വിശേഷം അവരുടെ വാക്കുകളിലും മുഖത്തും പ്രതിഫലിക്കുന്നതു കണ്ടു. `കണ്ണുകള്‍ കണ്ടിട്ടില്ലാത്തതും ചെവികള്‍ കേട്ടിട്ടില്ലാത്തതുമായ' തലങ്ങളിലേക്ക അവരിലൂടെ ദൈവം തന്നെ നടത്തുകയായിരിക്കും. ഹൃദയത്തിനുള്ളിലിരുന്നു ആരോ പറയുന്നതുപോലെ തോന്നി കടലില്‍ നിന്നടിച്ച ഒരു കുളിര്‍ക്കാറ്റ്‌ ഞങ്ങളെ തഴുകി കടന്നു പോയി.

അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക