Image

നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)

Published on 15 October, 2013
നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)
ജോലിയിലെ ഞങ്ങളുടെ റിസപ്‌ഷനിസ്റ്റായ മദാമ്മ ആഭരണങ്ങള്‍ ഇടാതെ, കഴുത്തും പറിച്ചു ജോലിക്ക്‌ വന്നപ്പോള്‍ ഞാന്‍ അവളോട്‌ കാരണം അനേഷിച്ചു.

`ഓ, അതോ, ഞാന്‍ ജോലി കഴിഞ്ഞു ഇന്ന്‌ നേരെ പോവുന്നത്‌ ടാനിംഗ്‌ സലോണിലേക്കാണ്‌. അവിടെ ചെന്ന്‌്‌ ഇതെല്ലാം സൂക്ഷിച്ചു വെയ്‌ക്കാന്‍ ബുദ്ധിമുട്ടാവും എന്നോര്‍ത്ത്‌ ഇടാതെ പോന്നതാണ്‌...

ഞാന്‍ വളരെ എക്‌സൈറ്റഡ് ആണു.
`നാളെ നീ കാണുമ്പോള്‍ എനിക്ക്‌ നിന്റെ നിറമായിരിക്കും. .....നിങ്ങള്‍ ഇന്ത്യക്കാര്‍ എന്ത്‌ ഭാഗ്യമുള്ളവരാ...നിങ്ങളുടെ നിറം എന്ത്‌ ഭംഗിയാണ്‌! ഞങ്ങള്‍ അമേരിക്കക്കാര്‍ നിങ്ങളുടെ നിറം കിട്ടാന്‍ എല്ലാ മാസവും കടയില്‍ പോയി ടാന്‍ ചെയ്യണം. ഡാലസില്‍ വല്ല ബീച്ചുമുണ്ടായിരുന്നെങ്കില്‍ അവിടെ പോയി കിടന്നാല്‍ മതിയായിരുന്നു....

അവള്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.

`ഓ റിയലി? ഞാന്‍ അവളെ ഒന്ന്‌ നോക്കി. നമ്മുടെ നാട്ടിലെ വാഴപ്പിണ്ടിയുടെ നിറമാണ്‌ അവള്‍ക്ക്‌. പ്രത്യേകിച്ചും കുട്ടിപ്പാവാടയുടെ താഴെ കാണുന്ന അവളുടെ കാലുകള്‍ക്ക്‌. അത്‌ ബ്രൗണ്‍ നിറമാക്കാന്‍ അവള്‍ ടാനിംഗ്‌ സലോണില്‍ പോകുന്നു...?!!

`യു ബി കെയര്‍ഫുള്‍...ടാനിംഗ്‌ സലോണുകളെക്കുറിച്ചു അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും അത്ര നല്ലതല്ലെന്നാണ്‌ കേള്‍വി.. കാന്‍സര്‍ സാധ്യത കൂടുന്നു പോലും ഞാന്‍ എന്റെ പരിമിതമായ അറിവ്‌ നിരത്തി..

`ഐ നോ ,..ഐ നോ...ബട്ട്‌... മൈ ബര്‍ത്ത്‌ ഡേ ഈസ്‌ നെക്‌സ്റ്റ്‌ വീക്ക്‌. ഞങ്ങള്‍ വെക്കേഷന്‌ പോവുകയാണ്‌ സൊ ഐ വാണ്ട്‌ ടോ ലുക്ക്‌ ബുട്ടിഫുള്‍ ..വല്ലപ്പോഴും ഒന്ന്‌ ടാനിംഗ്‌ സലോനില്‍ പോകുന്നത്‌ കൊണ്ട്‌്‌ കുഴപ്പമൊന്നുമില്ല.' അവള്‍ പറഞ്ഞു നിര്‍ത്തി.

അവള്‍ക്കു തുരുതുരെ ഫോണ്‍കോളുകള്‍ വന്നതിനാല്‍ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു.
എങ്കിലും ഞാന്‍ അതെ കുറിച്ച്‌ ഒരു നിമിഷം ചിന്തിച്ചു.

ഈ രാജ്യത്ത്‌, മനുഷ്യര്‍ വെളുത്ത നിറം കുറയ്‌ക്കാന്‍ റിസ്‌ക്കുകള്‍ എല്ലാം അവഗണിച്ച്‌ ടാനിംഗ്‌ സലോണുകള്‍ തേടി പോകുന്നു. നമ്മുടെ ഇന്ത്യക്കാര്‍ ഉള്ള നിറം കൂട്ടാനും വെളുക്കാനും ആയി ഫെയര്‍നെസ്‌ ക്രീമുകളെ ആശ്രയിച്ച്‌ കോടികള്‍ വര്‍ഷങ്ങളില്‍ ചെലവാക്കുന്നു. എന്തൊരു വിരോധാഭാസം!

ഇന്ത്യയിലെ നാഷണല്‍ ചാനലുകള്‍ വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കാണിക്കുന്ന ചില പരസ്യങ്ങള്‍ പലപ്പോഴും എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്‌. കറുപ്പ്‌ നിറക്കാരിയായ കൗമാരക്കാരി തനിക്ക്‌ നിറം കുറഞ്ഞതില്‍ വിങ്ങിപ്പൊട്ടുന്നു. അതേ നിറക്കാരിയായ അവളുടെ ഡോക്‌ടറായ ചേച്ചിയെ പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്‍ പെണ്ണിന്‌ നിറമില്ലെന്നു പറഞ്ഞു, പോകുന്നു. ചേച്ചിക്ക്‌ ചങ്കു പൊട്ടുന്നു... .അഛനമ്മമാരും സങ്കടപ്പെടുന്നു, മുത്തഛനും മുത്തശിയും താടിക്ക്‌ കൈ കൊടുത്തിരിക്കുന്നു. അപ്പോളതാ വരുന്നു വെളുത്ത്‌ ചുവന്നിരിക്കുന്ന സൂപ്പര്‍ താരങ്ങളും താരികളും..

`ഇതാ കുട്ടീ..ഇത്‌ പുരട്ടി നോക്ക്‌..വെറും ഏഴു ദിവസം കൊണ്ട്‌ നഷ്‌ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കൂ ...പെണ്‍കുട്ടി ലേപനം പുരട്ടുന്നു...മെല്ലെ മെല്ലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌ ട്രിക്കുകള്‍ കൊണ്ട്‌ പെണ്‍കുട്ടിയുടെ നിറം തൂവെളളയാകുന്നു. പെണ്ണിന്‌ നിറമില്ലെന്നു പറഞ്ഞു പോയ ചെറുക്കന്‍ മെട്രോ ട്രെയിന്‍ പോലെ പാഞ്ഞു വന്ന്‌ പെണ്ണിനെ കെട്ടുന്നു...എല്ലാവരും `ഹാപ്പിലി എവര്‍ ആഫ്‌ടര്‍`!!!??

ഈ തരം പരസ്യങ്ങള്‍ എന്ത്‌ സന്ദേശമാണ്‌ നമ്മുടെ സ്‌ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും നല്‌കുക എന്ന്‌്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. ഒരാളുടെ ആത്മവിശ്വാസം, ഇരിക്കുന്നത്‌ അവരുടെ നിറത്തിലാണോ?

നൂറ്‌ ശതമാനവും സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിലും സ്ഥിതി ഇത്‌ തന്നെ. അപ്പോള്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തേക്കാള്‍ നാം കൊടുക്കുന്നത്‌ ഫിറ്റ്‌നെസ്‌ ക്രീമുകള്‍ക്കാണ്‌ എന്ന സന്ദേശം ഒരു തലമുറയിലേക്കു പകരുകയാണ്‌. മാനസികപക്വത വരാത്ത കൗമാരക്കരോട്‌
എന്ത്‌ നീതിയാണ്‌ ഈ തരം പരസ്യങ്ങള്‍ ചെയ്യുക.

കഴിഞ്ഞ കുറെ നാളുകാള്‍ക്ക്‌ മുന്‍പ്‌ പുരുഷന്മാര്‍ക്കും ഫെയര്‍ ആകുവാനുള്ള ലേപനവുമായി ഹിന്ദി സുപ്പര്‍താരം ഷാരൂഖ്‌ ഖാന്‍ തന്നെ രംഗത്ത്‌ വന്നിരിക്കുന്നു. ഇതു പുരട്ടാന്‍ തുടങ്ങിയതില്‍ പിന്നെ, സൂപ്പര്‍താരത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങ്‌ കൂടിയത്രെ.

ഈ പരസ്യങ്ങളെ പോലെ തന്നെ അസഹനീയമാണ്‌ മലയാളം ചാനലുകളിലെ കോമഡി ഷോകളില്‍ കറുത്ത നിറമുള്ള ചെറുപ്പക്കാരെ ഒരു ദാക്ഷിണ്യവുമില്ലതെ നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നത്‌. ചിരിയുടെ മാലപ്പടക്കങ്ങള്‍ കത്തിക്കുവാന്‍, കറുപ്പ്‌ നിറമുള്ളവരെ കോമാളികളാക്കുന്നതില്‍ ആര്‍ക്കും വിഷമമില്ലാത്തതു പോലെ.

അത്‌ പിന്നെ നമ്മുടെ നാടിന്റെ രീതികളാണല്ലോ, തടിയുള്ളവര്‍, പൊക്കവും നിറവും കുറഞ്ഞവര്‍, അംഗവൈകല്യമൂലം ഏന്തി നടക്കുന്നവര്‍ ഇവരെയെല്ലാം പരിഹസിച്ചു ചിരിക്കുവാന്‍ യാതൊരു മടിയുമില്ല.

എന്തായാലും ഇന്ത്യയിലെ ഫെര്‍നെസ്‌ ക്രീമുകള്‍ക്കെതിരെ പ്രതികരിച്ചു കൊണ്ട്‌ ഒരു പ്രത്യേക സന്ദേശവുമായി ബോളിവുഡിനും കോളിവുഡിനും ഒരു പോലെ പ്രിയങ്കരിയും ആക്‌റ്റിവിസ്റ്റുമായ നടി നന്ദിതാ ദാസും ഒരു പറ്റം ചെറുപ്പക്കാരും കൂടി രംഗത്ത്‌ വന്നിരിക്കുന്നു. `DARK IS BEAUTIFUL' എന്നാണ്‌ ഇവരുടെ കാംപെയിനിങ്ങിന്റെ പേര്‌ തന്നെ.

തന്റെ ഇരുണ്ട നിറം മൂലം തനിക്ക്‌ ഇത്ര നാളത്തെ ജീവിതത്തിലും, സിനിമാ ജീവിതത്തിലും അനുഭവിക്കേണ്ടി വന്ന പല സാഹചര്യങ്ങളെക്കുറിച്ചും നന്ദിത തുറന്നു പറയുന്നുണ്ട്‌. ഇതിനകം ധാരാളം പെണ്‍കുട്ടികള്‍ നന്ദിതയുടെ ഈ മുന്നേറ്റത്തിനു പിന്തുണ പ്രഖ്യപിച്ചും, കഴിഞ്ഞു. അതെ മാറ്റങ്ങള്‍ ഉണ്ടാവട്ടെ.

കഴിഞ്ഞ മാസം, മിസ്‌ അമേരിക്ക 2 0 1 3 ആയി തിരഞ്ഞെടുക്കപ്പെട്ട നീനാ ദുലവരി അമേരിക്കക്കാരിയല്ലെന്നും, ഇന്ത്യന്‍ ഒറിജിന്‍ ആണെന്നും അതിനാല്‍ മിസ്‌. അമേരിക്കന്‍ പട്ടം അവര്‍ക്ക്‌ അര്‍ഹതപ്പെട്ടതല്ലെന്നും, നിരക്ഷര കുക്ഷികളായ ചില അമേരിക്കക്കാരെങ്കിലും പ്രതികരിച്ചപ്പോള്‍, നമ്മുടെ നാട്ടിലും അതിലും ചൂട്‌ പിടിച്ച ചര്‍ച്ചകള്‍ ഈ വിഷയത്തെക്കുറിച്ച്‌ നടക്കുകയും ധാരാളം ലേഖനങ്ങള്‍ ഇത്‌ സംബന്ധിച്ചു വരുകയും ചെയ്‌തിരുന്നു.

എല്ലാവരും ചോദിക്കുന്ന ഒരൊറ്റ ചോദ്യമിതായിരുന്നു. `മിസ്‌. നീന ദുലവരി, മിസ്‌. ഇന്ത്യ പട്ടത്തിനു വേണ്ടി മത്സരിച്ചിരുന്നുവെങ്കില്‍ ഒരിക്കലും അവര്‍ വിജയിക്കുമായിരുന്നില്ല, കാരണം ഇന്ത്യക്കാരായ നമുക്ക്‌ ഇന്നും വെളുത്ത നിറത്തോടുള്ള കമ്പം തന്നെ. ഇരുണ്ട നിറക്കാരോടുള്ള ഒരു തലമുറയുടെ മനോഭാവമായിരുന്നു ആ ചര്‍ച്ചകളിലെല്ലാം മറനീക്കി പുറത്തു വന്നത്‌.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഞാനുള്‍പ്പെടെയുള്ള മലയാളികളുടെ ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ നിറത്തെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ പണ്ടേ വിത്ത്‌ പാകപ്പെട്ടിരിക്കുന്നു. ഇത്‌ ഒരു `learned behavior' ആണ്‌.


ഓരോ കുടുംബത്തില്‍ നിന്നും നമുക്ക്‌ കിട്ടുന്ന പല അറിവുകളുടെ കൂടെ അതും, നമ്മില്‍ രൂഢമൂലമായിരിക്കുന്നു. പലര്‍ക്കും ഈ ചിന്താഗതികള്‍ മാറ്റുവാന്‍ പ്രയാസം. അന്നത്തെ കാലം അതായിരുന്നു. ആ തലമുറ അങ്ങിനെ ഒക്കെയായിരുന്നു.

വര്‍ണ്ണവിവേചനം നിയമത്തിനെതിരാണെന്നും, ഇന്നിത്‌ ഇവിടെ നിലനില്‌ക്കുന്നില്ലെന്നു പറഞ്ഞാലും, നാം ജീവിക്കുന്ന ഈ അമേരിക്കാന്‍ സമൂഹത്തില്‍ നിന്നും ഇന്നും ഇടയ്‌ക്കെല്ലാം നിറത്തിന്റെ പേരില്‍ ചില
ഉച്ചനീചത്വങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്‌.

ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പടവെട്ടാന്‍ നമ്മുടെ പുതിയ തലമുറയ്‌ക്ക്‌ നല്‌കാവുന്ന ഏറ്റവും നല്ല ആയുധം ഉന്നത വിദ്യാഭ്യാസം തന്നെ.

എന്തായാലും നാമിവിടെ വളര്‍ത്തുന്ന പുതിയ തലമുറയെ നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരും മാറ്റി നിര്‍ത്തില്ല എന്ന്‌ കരുതാം. ഇവിടെ ജനിച്ചു വളര്‍ന്നതിനാല്‍ അവരതു കുറച്ചു കൂടെ നിസാരമായി എടുക്കുമെന്നും പ്രതീക്ഷിക്കാം.
നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)നിറക്കാഴ്‌ചകള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക