Image

അധ്യാപകര്‍ സത്യാന്വേഷകരും മൂല്യങ്ങളുടെ പ്രവാചകരുമാകണം: മാര്‍ കല്ലറങ്ങാട്ട്

Published on 17 October, 2013
അധ്യാപകര്‍ സത്യാന്വേഷകരും മൂല്യങ്ങളുടെ പ്രവാചകരുമാകണം: മാര്‍ കല്ലറങ്ങാട്ട്
പാലാ: വിദ്യാര്‍ഥികളില്‍ ഹൃദയപരിവര്‍ത്തനം സൃഷ്ടിക്കുകയാണ് അധ്യാപകന്റെ ദൗത്യമെന്നും അധ്യാപകര്‍ സത്യാന്വേഷകരും മൂല്യങ്ങളുടെ പ്രവാചകരുമാകണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കോര്‍പറേറ്റ് ഏജന്‍സി സംഘടിപ്പിച്ച വിദ്യാഭ്യാസസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മൂല്യബോധവും സാമൂഹ്യബോധവും മതാത്മകതയും വിദ്യാര്‍ഥികളില്‍ രൂപപ്പെടുത്തുക എന്ന ദൗത്യമാണ് അധ്യാപകര്‍ക്കുള്ളത്. വിദ്യാഭ്യാസപരമായി കരുതല്‍ നല്‍കുന്നതിനൊപ്പം സ്വഭാവ രൂപീകരണത്തിലും അധ്യാപകന്റെ മാതൃകാപരമായ ഇടപെടലുകള്‍ക്കു സാധിക്കും. അധ്യാപകരിലൂടെയാണു സമൂഹം വളരുന്നതെന്നും സമൂഹം ശിഥിലമായിപ്പോകാതെ കാത്തുസൂക്ഷിക്കേണ്ട കടമ അധ്യാപകര്‍ക്കുണെ്ടന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നു മാതാപിതാക്കളുടെ സമീപത്തുള്ളതില്‍ കൂടുതല്‍ സമയം കുട്ടികള്‍ അധ്യാപകരുടെ അടുത്താണുള്ളത്. അധ്യാപകര്‍ അവരുടെ അച്ഛനും അമ്മയും മാര്‍ഗദര്‍ശിയുമാണ്. വായനകുറയരുതെന്നും വായനപോലെ ചെലവുകുറഞ്ഞ മറ്റൊന്നില്ലെന്നും വായിക്കുന്ന അധ്യാപകര്‍ യുവത്വം നിലനിര്‍ത്തുമെന്നും മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.

മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. കുടുംബങ്ങളില്‍നിന്നു ലഭിക്കാതെ പോകുന്ന പല മൂല്യങ്ങളും അധ്യാപകര്‍ക്ക് നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനവിവരാവകാശ കമ്മീഷന്‍ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സിസ്റ്റര്‍ എല്‍സി എഫ്‌സിസി എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞു നടന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഗ്രേസമ്മ ജോസഫ്, ബാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ മികച്ച പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മികച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക