Image

ക്രൈസ്തവ സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

Published on 17 October, 2013
ക്രൈസ്തവ സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ
ചങ്ങനാശേരി: പരസ്പരം സഹകരിക്കാവുന്ന എല്ലാ മേഖലകളിലും ക്രൈസ്തവ സഭകള്‍ യോജിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതയും സീറോമലബാര്‍ സിനഡ് എക്യുമെനിക്കല്‍ കമ്മീഷനും സംയുക്തമായി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ. 

കേരളത്തിലെ സഭകളുടെ സമാനതകള്‍ കണക്കിലെടുത്ത് അജപാലന ശുശ്രൂഷയില്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും കാതോലിക്കാ ബാവാ ഉദ്‌ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ റോമന്‍ കത്തോലിക്കാ സഭയുടെ ആന്തരിക വിഷയമാണെങ്കിലും അതു മറ്റു സഭകളില്‍ അനുരണനങ്ങള്‍ക്കിടയാക്കി. ജോണ്‍ 23-ാമന്‍ മാര്‍പാപ്പായുടെ പ്രവാചക ദര്‍ശനഫലമായി സമൂല പരിവര്‍ത്തനലക്ഷ്യത്തോടെ ചേര്‍ന്ന വത്തിക്കാന്‍ കൗണ്‍സിലിന്റെ നന്മയാര്‍ന്ന അനന്തര ഫലങ്ങള്‍ ലോകമെങ്ങുമുള്ള ക്രിസ്തീയ സഭകള്‍ ഇന്നും അനുഭവിക്കുന്നുണ്ട്. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ യഥാര്‍ഥ പിന്‍മുറക്കാരനെ നമുക്ക് ഫ്രാന്‍സിസ് മാര്‍പാപ്പായില്‍ ദര്‍ശിക്കാന്‍ കഴിയും. അടുത്തിടെ മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് അവസരമുണ്ടായത് സഭൈക്യ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. മെത്രന്മാരായി ചുമതലയേറ്റ ഓരോരുത്തരും ഒരു പ്രത്യേക സ്ഥലത്ത് യേശുക്രസ്തുവിന്റെ സഭയുടെ ഇടയന്മാരാണെന്ന യാഥാര്‍ഥ്യ ബോധ്യം ഈ കൂടിക്കാഴ്ചയില്‍ നിന്നും ലഭിച്ചതായും സഭ വീണ്ടും ഒന്നായി തീരണമെന്ന അഭിലാഷം താന്‍ മാര്‍പാപ്പയെ ധരിപ്പിച്ചതായും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

എല്ലാ സഭകളിലേയും സൂനഹദോസുകള്‍ വിശ്വാസികളുടെ ക്ഷേമത്തിനും ഐക്യത്തിനു വേണ്ടിയാണ്. ഭിന്നതകള്‍ പലപ്പോഴും ഉടലെടുക്കുന്നത് ജനങ്ങളില്‍ നിന്നല്ല. അധികാരത്തോട് ബന്ധപ്പെടുത്തിയുണ്ടാകുന്ന വ്യാഖ്യാനങ്ങളില്‍ നിന്നാണ് ഭിന്നത ഉടലെടുക്കുന്നതെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ സഭകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ദളിത് വിഭാഗങ്ങളുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിന് ഉപകരിക്കും. 

സഭകള്‍ തമ്മില്‍ മത്സരിക്കുന്നതും സ്ഥാനമാനങ്ങള്‍ ഇരട്ടിപ്പിക്കുന്നതും ക്രസ്തീയ സാക്ഷ്യത്തിനു ചേരുന്നതല്ല. സഭകളുടെ പൊതുപ്രവര്‍ത്തനത്തിലും അജപാലന ശുശ്രൂഷയിലും എണ്ണവും വണ്ണവുമല്ല ഗുണപരമായ മേന്മയാണ് ഉന്നം വയ്‌ക്കേണ്ടത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍പ്പെട്ട സഭകള്‍ ഒരു കുടുംബമെന്ന നിലയില്‍ കത്തോലിക്കാ സഭയുടെ ഐക്യം രൂപപ്പെടുത്തുന്നതിനു പ്രയോഗിക ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്നും കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ഒരുമിച്ച് സഹകരിക്കാവുന്ന മേഖലകളില്‍ സഭകള്‍ സഹകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശിഥില ശക്തികളെ തിരിച്ചറിഞ്ഞ് നേരിടാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. നിഷ്‌കളങ്കമായ ഹൃദയത്തോടെ പ്രാര്‍ഥനാപൂര്‍വം സഭൈക്യത്തിനായി പ്രര്‍ഥിക്കുകയും പരിശ്രമിക്കുകയും വേണമെന്ന് മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു.

മാര്‍ത്തോമ്മാസഭാ മെത്രാപ്പോലീത്താ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ക്‌നാനായ സിറിയന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ, സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ. തോമസ് കെ. ഉമ്മന്‍, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, നിരണം യാക്കോബായ സഭ ഭദ്രാസനം ആര്‍ച്ച്ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. റവ. ഡോ.ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ വിശദീകരണ പ്രസംഗം നടത്തി.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പൊന്നാട അണിയിച്ച് ആദരിച്ചു. എക്യുമെനിക്കല്‍ രംഗത്തെ പ്രഗത്ഭ പ്രവര്‍ത്തകരായ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, മല്പാന്‍ മോണ്‍.മാത്യു വെള്ളാനിക്കല്‍, റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, സീറോമലബാര്‍ സിനഡ് എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോബി കറുകപ്പറമ്പില്‍, ഫാ. ജോര്‍ജ് തേക്കട എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളിലെ വൈദികര്‍, സന്യാസിനികള്‍, അത്മായര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അതിരൂപതാ ചെറുപുഷ്പമിഷന്‍ലീഗ് ഗായകസംഘം, സെന്റ് തോമസ് മാര്‍ത്തോമ്മാചര്‍ച്ച് ഗായകസംഘം, സിഎംസി ഹോളിക്യൂന്‍സ് പ്രോവിന്‍സ് ഗായകസംഘം എന്നിവര്‍ എക്യുമെനിക്കല്‍ ഗീതങ്ങളാലപിച്ചത് സമ്മേളനത്തെ സംഗീതസാന്ദ്രമാക്കി. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനശിബിരം ഇന്ന് സമാപിക്കും

കുന്നന്താനം: സെഹിയോന്‍ ധ്യാനഭവനില്‍ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍നടന്നുവന്ന പഠന ശിബിരം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 8.30ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും തുടര്‍ന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, റവ. ഡോ. മാത്യു പൈകട, റവ.ഡോ. കുര്യന്‍ താമരശേരി എന്നിവരും വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12ന് പഠനശിബിരം സമാപിക്കും.

ഇന്നലെ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ്, റവ.ഡോ. ജോസഫ് പാംപ്ലാനി, റവ.ഡോ.മാത്യു ഇല്ലത്തുപറമ്പില്‍, റവ.ഡോ. ജേക്കബ് കോയിപ്പള്ളി, ദീപിക അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു, ഡോ. കെ.എം. ഫ്രാന്‍സിസ്, ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.

സഭൈക്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോസഫ് പവ്വത്തില്‍

ചങ്ങനാശേരി: ക്രൈസ്തവ സഭകള്‍ യോജിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അംസപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ഐക്യവും സാക്ഷ്യവും ഇക്കാലത്ത് ഏറെ ആവശ്യമാണ്. ഐക്യമില്ലായ്മ യൂറോപ്പിലും പൂര്‍വേഷ്യയിലും ഭൗതികവാതവും ആപേക്ഷിത വാദവും വളര്‍ത്താനിടയാക്കി. ഭൗതികവാതവും ആര്‍ഭാടങ്ങളോടുള്ള ആഭിമുഖ്യവും വിശ്വാസ ജീവിതത്തിനു തടസമാകുമെന്നും മാര്‍ പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു.

സഭക്കെതിരേ സിദ്ധാന്ത വാദികളും ഭൗതികവാദികളും വളര്‍ന്നു വരികയാണ്. ഇത്തരക്കാരെ നേരിടാന്‍ ഐക്യത്തോടെ വിശ്വാസത്തിലധിഷ്ഠിതമായ മുന്നേറ്റം ഉണ്ടാകണം. ലോകവ്യാപകമായ നിസംഗത ക്രൈസ്തവ സഭയുടെ ഐക്യത്തിന് തടസമാകരുത്. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഓര്‍മ പുതുക്കുന്ന ഈ അവസരം സഭൈക്യത്തിനുള്ള വേദിയാകണമെന്നും സഭൈക്യം ദൈവേഷ്ടമാണെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക