Image

ശൈശവ വിവാഹവും ഇന്‍ഡ്യന്‍ സര്‍ക്കാരും (ഷോളി കുമ്പിളുവേലി)

Published on 15 October, 2013
ശൈശവ വിവാഹവും ഇന്‍ഡ്യന്‍ സര്‍ക്കാരും (ഷോളി കുമ്പിളുവേലി)
ശൈശവ വിവാഹത്തിനെതിരെ, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ ഇന്‍ഡ്യ എതിര്‍ത്തു വോട്ടു ചെയ്തു. പക്ഷേ 107 രാജ്യങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസായി. എന്തിന് ഇന്‍ഡ്യ എതിര്‍ത്ത് വോട്ടുചെയ്തുവെന്ന് ഇനിയും മനസ്സിലായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കൊച്ചു പെണ്‍കുട്ടികളെ പിടിച്ചു വിവാഹം കഴിപ്പിക്കുന്നതിനെതിരെയുള്ള പ്രമേയത്തെ നമ്മള്‍ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ക്കേണ്ട കാര്യമുണ്ടോ? ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നാല്‍പ്പതു ശതമാനവും നമ്മുടെ ഇന്‍ഡ്യാ മഹാരാജ്യത്താണെന്നുകൂടി ഓര്‍ക്കണം.
കേരളത്തില്‍ ശൈശവ വിവാഹത്തെപ്പറ്റി ഇപ്പോള്‍ വളരെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്. കുറച്ച് പല്ലു കൊഴിഞ്ഞ കിളവന്മാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് കുറച്ച് കിട്ടണമെന്നാവശ്യപ്പെട്ട് അലമുറയിടുകയാണ്. ഇന്‍ഡ്യാ രാജ്യത്ത് ഒരു നിയമം ഉണ്ട്. അതനുസരിച്ച് ആണ്‍കുട്ടികള്‍ക്ക് ഇരുപത്തൊന്നും, പെണ്‍കുട്ടികള്‍ക്ക് പതിനെട്ടും തികയണം നിയമപരമായി കല്യാണം കഴിക്കാന്‍. ഈ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്നും, ഇതു മാറ്റി കിട്ടണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സുപ്രീകോടതിയില്‍ പോകാന്‍ ഒരുങ്ങുകയാണ്. 'പ്രായപൂര്‍ത്തി'എന്നത് പെണ്ണിന് പതിനെട്ട് വയസ്സ് അല്ലെന്നും, അവള്‍ ഋതുമതിയാകുന്നതാണ് അതിന്റെ കണക്കെന്നും ഇവര്‍ വാദിക്കുന്നു. പതിനെട്ടാകാന്‍ കാത്തിരുന്നാല്‍ പെണ്ണ് ചിലപ്പോള്‍ പിഴച്ചു പോകുമത്രേ?
സത്യത്തില്‍ നമ്മള്‍ ഏതു യുഗത്തിലാണ് ഇപ്പോഴും ജീവിക്കുന്നത് ? ഒരു കുട്ടി പ്രായ പൂര്‍ത്തിയാകുന്നത് ശാരീരികമായ വളര്‍ച്ച കൊണ്ടു മാത്രമല്ല, മാനസികമായ പക്വതകൂടി ഉണ്ടാകുമ്പോഴാണ്. അതുവച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ഈ 'പതിനെട്ട് 'എന്നത് ഒരു ഇതുപത്തിരണ്ടോ , ഇരുപത്തിനാലോ എങ്കിലുമാക്കി ഉയര്‍ത്തണം. ഒരു കോളേജ് ഡിഗ്രി എങ്കിലും കഴിയട്ടെ എന്നു വയ്ക്കണം. അതുവരെ കാത്തിരിക്കണം. പക്ഷേ , ഞമ്മക്ക് സഹിക്കാന്‍ പറ്റില്ലാ !!!
പെണ്‍കുട്ടികളുടെ പ്രായം കുറക്കണമെന്നാവശ്യപ്പടുന്നവര്‍, ആണ്‍കുട്ടികളുടെ കാര്യത്തില്‍ മിണ്ടുന്നതേയില്ല. ആമ്പിള്ളാരു പെഴച്ചാലും കുഴപ്പമില്ലെന്നാണോ ? ആണ്‍പിള്ളാരുടെ പ്രായം കുറച്ചാല്‍ അതു തങ്ങള്‍ക്കു തന്നെ പാരയാകുമെന്ന് കിളവന്മാര്‍ക്കറിയാം. ജാതി-മതഭേദമന്യേ വിവരമുള്ള മനുഷ്യര്‍ മുഴുവനും എതിര്‍ക്കുമ്പോഴും, എന്തോ വാശിയെന്ന പോലെ തങ്ങള്‍ പറയുന്നതാണ് ശരിയെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും അതുമായി പരമോന്നത കോടതി വരെ പോകാനും ഇവര്‍ തയ്യാറെടുക്കുന്നു. കേരളം പോലെ സാക്ഷരതയുള്ള ഒരു സംസ്ഥാനത്ത് ഇതാണ് സ്ഥിതിയെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏന്തായിരിക്കും അവസ്ഥ. ആരും ചോദിക്കാന്‍ പോലുമില്ല.
പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍, മുഴുവന്‍ പെണ്‍കുട്ടികളും (മുസ്‌ളീം വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ) പറഞ്ഞത് 'ഞങ്ങള്‍ക്ക് കല്യാണമല്ല, മറിച്ച് വിദ്യാഭ്യാസമാണ് വേണ്ടതെന്ന്. പക്ഷേ അതു തീരുമാനിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും നമ്മുടെ രാജ്യത്ത് അവകാശമില്ല ! സര്‍ക്കാരുകള്‍ ഇതൊന്നും കണ്ടതും കേട്ടതുമായിപ്പോലും ഭാവിക്കുന്നില്ല. ഒരു തരം ഉത്തരവാദിത്വമില്ലായ്മ. അതു തന്നെയാണ് ഐക്യരാഷ്ട്ര സഭയിലും കണ്ടത്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നമുക്ക് ലജ്ജിച്ച് തലകുനിക്കാം.
ശൈശവ വിവാഹവും ഇന്‍ഡ്യന്‍ സര്‍ക്കാരും (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക