Image

എന്നും ഭയത്തോടെ ജീവിക്കുന്ന മനുഷ്യന്‍ (ജോണ്‍ മാത്യു)

Published on 15 October, 2013
എന്നും ഭയത്തോടെ ജീവിക്കുന്ന മനുഷ്യന്‍ (ജോണ്‍ മാത്യു)
ഏറ്റവും കൂടുതല്‍ ഭയം കൊണ്ടുനടക്കുന്ന ജീവി മനുഷ്യന്‍തന്നെ. മൃഗങ്ങളുടെയും മറ്റും ഭയം താല്‌ക്കാലികമാണ്‌. മനുഷ്യനു കിട്ടിയ തിരിച്ചറിവിന്റെ ഒപ്പമാണ്‌ ഈ ഭയവുംകൂടി മനസില്‍കേറിപ്പറ്റിയത്‌. പേടിത്തൊണ്ടന്മാരെന്നറിയപ്പെടുന്ന പൂച്ചകളല്ല, മറ്റൊരു മൃഗവുമല്ല എല്ലാക്കാലത്തേക്കും പേടി മനസില്‍ സ്വരൂപിച്ച്‌ വെയ്‌ക്കുന്നത്‌. കാട്ടിലായാലും നാട്ടിലായാലും നഗരത്തിലായാലും ദുര്‍ദേവതകളും യക്ഷികളും പ്രേതങ്ങളും പിശാചുക്കളും പേടിപ്പിക്കാനും പീഢിപ്പിക്കാനും വഴിതെറ്റിക്കാനും തക്കംനോക്കി നില്‌ക്കുന്നുവെന്നാണ്‌ മനുഷ്യന്‍ വിചാരിക്കുന്നത്‌. വൈദ്യുതിയും പ്രകാശവും ലോകമെങ്ങും വ്യാപിച്ചപ്പോള്‍ കുറേ യക്ഷികള്‍ പന്തംകണ്ട്‌ ഭയന്നോടിയെന്നത്‌ സത്യം, എങ്കിലും നാമൊക്കെ ഇന്നും ഈ പേടിയുടെ ഒരു ഭാഗമെങ്കിലും മനസില്‍ കൊണ്ടുനടക്കുന്നു, ചിലപ്പോഴെങ്കിലും ഒന്നൊളിച്ചോടാന്‍ പാകത്തില്‍. കവര്‍ച്ചക്കാരനെ വെടിവെച്ച്‌ വീഴ്‌ത്താം, നിലംതൊടാതെ മൂടല്‍മഞ്ഞ്‌ മറയാക്കിവരുന്ന പ്രേതങ്ങളോട്‌ പൊരുതുന്നതെങ്ങനെ. അതിനാണ്‌ മന്ത്രവാദങ്ങള്‍, പൊടിക്കൈകള്‍!

അറിവും പഠിപ്പുമില്ലാത്ത നിഷ്‌ക്കളങ്കര്‍ക്കാണ്‌ ഈ പേടിയെന്ന്‌ പരക്കെ ധാരണ, എന്നാല്‍ അത്‌ അത്ര ശരിയല്ല. സമ്പത്തും അധികാരവുമുള്ളവരാണ്‌ എന്തിനെയോ ഏറെ ഭയക്കുന്നത്‌. അമേരിക്കയിലെ പല പ്രസിഡന്റുമാരും ഈ ഭയപ്പാടിന്റെ വലയിലകപ്പെട്ടവരായിരുന്നു. ഇക്കൂട്ടത്തില്‍ ശകുനം നോക്കാതെ മുന്നോട്ടൊരു ചുവടുവെക്കാത്തവര്‍വരെയുണ്ടായിരുന്നു, വിശ്വസിക്കാമോ എന്തോ, അധികാരം തെറിച്ചുപോകാതിരിക്കാനായിരിക്കാം. സമ്പന്നരാണെങ്കില്‍ തങ്ങളുടെ ധനം നഷ്‌ടപ്പെടുമോയെന്ന ആശങ്ക, അപ്പോള്‍ ഏത്‌ തുരുമ്പിലും കയറിപ്പിടിക്കും. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രമുഖരുടെ കാര്യം പറയുകയും വേണ്ട, പത്രിക സമര്‍പ്പിക്കുന്നതിനുമുന്‍പ്‌ എന്തെല്ലാം മുഹൂര്‍ത്തങ്ങളാണ്‌ ഇവര്‍ നോക്കുക, എന്തായാലും ഒരാള്‍ക്കല്ലേ വിജയിക്കാന്‍ കഴിയൂ.

ചലച്ചിത്രവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരായിരിക്കാം ഈ ആചാരങ്ങള്‍ക്ക്‌ ഏറെ അടിമകളാവുന്നത്‌. പടം വിജയിക്കാന്‍ കള്ളസ്വാമിമാരുടെ മുന്നില്‍ നഗ്നരായിരുന്ന്‌ പൂജ നടത്താന്‍പോലും മടിക്കാത്തവരുണ്ടെന്നും കേള്‍ക്കുന്നു. എന്നിട്ടും പഴി പാവം മൂശാരിക്കേ, `ഉരുളിവാര്‍ത്ത മൂശാരി'യെന്ന പഴഞ്ചൊല്ലും തനതായിക്കിട്ടി! ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടുനടക്കുന്ന സാഹിത്യകാരന്‌ ഒന്നിനെയും ഭയക്കേണ്ട, എങ്കിലും അവരും ഒന്ന്‌ സ്വയം വിലയിരുത്തുക.....!

സയന്‍സ്‌ എന്ന വാക്കിനു `ശാസ്‌ത്ര'മെന്ന്‌ മൊഴിമാറ്റം നടത്തുന്നത്‌ നൂറുശതമാനം ശരിയല്ല. സയന്‍സ്‌ പരീക്ഷണം നടത്തി വീണ്ടും വീണ്ടും തെളിയിക്കേണ്ടതാണെങ്കില്‍ `ശാസ്‌ത്രം' ജീവിതരീതിയുടെ ചിട്ടകളാണ്‌. എങ്ങോട്ടെങ്കിലും ശുഭപ്രതീക്ഷയോടെ പോകാനിറങ്ങുമ്പോള്‍ പല്ലി ചിലച്ചുവെന്ന്‌ കരുതുക. ആ ജീവിയിരിക്കുന്ന ദിക്കുനോക്കി യാത്രയുടെ ഫലം നിര്‍ണ്ണയിക്കുന്നത്‌ ഒരു മാനസികാവസ്ഥമാത്രം. ഒരു വലിയ പറമ്പില്‍ ഭൂമിയുടെ ചെരിവും കാറ്റിന്റെ ഗതിയും താമസസ്ഥലത്തിന്റെ ആകര്‍ഷണീയതയുമനുസരിച്ച്‌ വീടുണ്ടാക്കുന്ന വാസ്‌തുശാസ്‌ത്രത്തെ തള്ളിപ്പറയാന്‍ കഴിയുകയില്ല. അത്‌ നൂറ്റാണ്ടുകളിലെ അനുഭവത്തില്‍നിന്ന്‌ വാര്‍ത്തെടുത്തതാണ്‌. പക്ഷേ സ്ഥാനം തെറ്റിയതുകൊണ്ടാണ്‌ ഗതിപിടിക്കാത്തതെന്ന്‌ പറയുമ്പോള്‍ മനുഷ്യന്റെ ഭാവി ആ സ്ഥാനവുമായി ബന്ധപ്പെട്ടതാണന്നല്ലേ ധ്വനി. ഒരു ലേഖനത്തില്‍ വായിച്ചു ബ്രിട്ടീഷുകാര്‍ വാസ്‌തുശാസ്‌ത്രപ്രകാരമല്ലാതെ പാര്‍ലമെന്റ്‌ മന്ദിരം പണിതതാണ്‌ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌. അപ്പോള്‍ പ്രശ്‌നങ്ങള്‍ അത്രയൊന്നുമില്ലാതിരുന്ന ആദ്യത്തെ പത്തുനാല്‌പതു വര്‍ഷത്തെ കഥയോ, ബ്രിട്ടീഷുകാര്‍ത്തന്നെ കെട്ടിപ്പടുത്ത അവരുടെ പാര്‍ലമെന്റ്‌ ഹൗസിന്റെ കഥയോ, നമ്മള്‍ത്തന്നെ നിര്‍മ്മിച്ച കേരളനിയമസഭയുടെ കഥയോ? ഇവിടെ സ്ഥാനം തെറ്റിയത്‌ കെട്ടിടനിര്‍മ്മാണത്തിലല്ല, നമ്മുടെ മനസിനാണെന്ന്‌ ഞാന്‍ കരുതുന്നു.

ഒരു പ്രത്യേക ജനതയെ മാത്രമല്ല ഇതുപോലെയുള്ള ധാരണകള്‍ കയറിപ്പിടിച്ചിരിക്കുന്നതെന്ന്‌ നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞു. അടുത്തയിടെ കണ്ടതായ ഒരു പരസ്യമാണ്‌ ബൈബിളിലെ ചില രഹസ്യകോഡുകളുപയോഗിച്ച്‌ ഓഹരിവിപണിയില്‍ നേട്ടങ്ങളുണ്ടാക്കാമെന്ന്‌. ഈ കോഡ്‌ എന്താണെന്ന്‌ മനസിലാകുന്ന ഭാഷയില്‍ ഇവര്‍ പറഞ്ഞുതരികയില്ല. അതു കിട്ടണമെങ്കില്‍ പണംമുടക്കണമെന്നത്‌ മറ്റൊരുകഥ. ഇനിയും ബൈബിളിലെ അക്ഷരങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന ക്രമത്തില്‍ എന്തോ നിഗൂഢതകളൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ടത്രേ. `ജ്ഞാനികളുടെ ജ്ഞാനം ഭോഷത്ത'മെന്ന്‌ പഠിപ്പിക്കുന്ന ക്രൈസ്‌തവവേദത്തില്‍പ്പോലും പാഷാണം ചേര്‍ക്കുകയാണ്‌ ഇവിടെ ചിലര്‍.

ഇപ്പോള്‍ പ്രചുരപ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യയാണ്‌ സംഖ്യാശാസ്‌ത്രം. തങ്ങളുടെ പേരിലെ അക്ഷരങ്ങളുടെ സാങ്കല്‌പിക മൂല്യംകൊണ്ട്‌ ധനവും പ്രശസ്‌തിയും പ്രതാപവും ഉണ്ടാക്കാമെന്ന്‌ ചിലര്‍ ആത്മാര്‍ത്ഥമായിത്തന്നെ വിശ്വസിക്കുന്നു. ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ക്ക്‌ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങള്‍കൊണ്ട്‌ മൂല്യം സങ്കല്‌പിച്ച്‌, തുടര്‍ന്ന്‌ എല്ലാംകൂടി കൂട്ടിക്കിട്ടുന്ന ഒരു ഒറ്റസംഖ്യയാണത്രേ നമ്മുടെ ഭാവി നിശ്ചയിക്കുന്നത്‌. ആ ഭാഗ്യസംഖ്യ സ്വന്തമാക്കാന്‍ പേരിന്റെ വാലുമുറിക്കുന്നവരുമുണ്ട്‌. ദേവഭാഷയായ ദേവനാഗരിലിപിക്ക്‌ ദിവ്യത്വമുണ്ടെന്ന്‌ പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ യൂറോപ്പിലെ വാണിജ്യഭാഷകളുടെ എഴുത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത ഇരുപത്തിയാറക്ഷരങ്ങളുടെ കാച്ചിക്കുറുക്കലാണ്‌ നമ്മളെയൊക്കെ നിയന്ത്രിക്കുന്നതത്രേ! അക്ഷരങ്ങള്‍ പതിനെട്ടായാലും ഇരുപത്തിയെട്ടായാലും അവ നമുക്ക്‌ എഴുതാനുള്ളവതന്നെ. ഇതൊന്നും ഒരു ഭാഗ്യവും കൊണ്ടുവരികയില്ലെന്ന്‌ ചുരുക്കം.

ഇതെഴുതുന്ന ഞാന്‍പോലും പലപ്പോഴും ഇങ്ങനെയുള്ള ധാരണകളില്‍നിന്ന്‌ വിമുക്തനല്ല, ഒരു നല്ല കാര്യത്തിനു പോകാന്‍ പുറത്തേക്കിറങ്ങിയിട്ട്‌ എന്തോ മറന്ന്‌ മടങ്ങിക്കേറേണ്ടതായി വന്നാല്‍ അതിന്റെ ദോഷം മാറ്റി മനസിനു സമാധാനമുണ്ടാക്കാന്‍ എന്താണ്‌ ചെയ്യുക; നിന്നിടത്തുനിന്ന്‌ മൂന്നുപ്രാവശ്യം കറങ്ങണം! ഇനിയും കറുത്ത പൂച്ച വിലങ്ങംചാടിയാലോ? അതിനെന്താണ്‌ പ്രതിവിധി, യാത്രയങ്ങ്‌ മുടക്കി വീട്ടിലിരിക്കുകതന്നെ!~

പേടി നമ്മുടെ മനസില്‍നിന്ന്‌ മാറുകയില്ല. അതുകൊണ്ടാണ്‌ സ്വാഭാവികമായി ജനം ആചാരങ്ങളിലേക്ക്‌ മടങ്ങിപ്പോകുന്നത്‌, അതിന്‌ ദിവ്യത്വമുണ്ടെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതും.
എന്നും ഭയത്തോടെ ജീവിക്കുന്ന മനുഷ്യന്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക