Image

വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം

ചാക്കോ കളരിക്കല്‍ Published on 18 October, 2013
വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം

ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കാനാ) നേതൃത്വത്തില്‍ ഒരു മുഴുദിന സമ്മേളനവും സെമിനാറും ആഗസ്റ്റ് മൂന്നാം തീയ്യതി ശനിയാഴ്ച ചിക്കാഗോയില്‍വച്ച് നടത്തപ്പെട്ടു. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വച്ച് നടത്തപ്പെട്ട പ്രസ്തുത സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളുടെ ക്ഷണപ്രകാരം ഞാന്‍ ഉദ്ഘാടനപ്രസംഗം നടത്തുകയുണ്ടായി. ചരിത്രവസ്തുതകളെ ആധാരമാക്കി ആഗോള കത്തോലിക്കാ സഭയിലും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയിലും അല്മായരുടെ റോള്‍ എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ഞാന്‍ പ്രസംഗിച്ചത്. 'ഈ മലയാളി', 'അല്മായ ശബ്ദം' തുടങ്ങിയ അരഡസനോളം മാദ്ധ്യമങ്ങളില്‍ എന്റെ ആ പ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്‌നാനായ സമുദായത്തിലും പള്ളികളിലും നടന്നുകൊണ്ടിരിക്കുന്ന സ്വവംശ വിവാഹ പ്രശ്‌നത്തെപ്പറ്റി ഞാന്‍ ആ പ്രസംഗത്തില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അതെന്റെ വിഷയവുമല്ലായിരുന്നു. ഞാന്‍ വടക്കുംഭാഗവിഭാഗത്തില്‍പ്പെട്ട ഒരു നസ്രാണി കത്തോലിക്കനാണ്. എങ്കിലും ഞാന്‍ ആ കാനാ സമ്മേളനത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എന്റെ ഒരു ക്‌നാനായ സുഹൃത്ത് തന്റെ വിയോജിപ്പും അമര്‍ഷവും എന്നെ അറിയിച്ചത് പദ്യരൂപത്തിലുള്ള ഒരു ഇമെയില്‍ അയച്ചാണ്. അതിപ്രകാരമാണ്:

                        ക്‌നാനായക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും......

                        ഇങ്ക്വിലാബ് സിന്ദാബാദ്

                        കളരിക്കല് ഞങ്ങള്‍ക്ക് പുല്ലാണേ

                        കോട്ടൂര് ഞങ്ങള്‍ക്ക് പുല്ലാണേ

                        ക്‌നാനായക്കാര് സിന്ദാബാദ്

                        ഇങ്ക്വിലാബ് സിന്ദാബാദ്

                        കാനാക്കാര് മൂര്‍ദാബാദ്

                        ചാക്കോച്ചന്‍ കളരിക്കല്‍ മൂര്‍ദാബാദ്

            ഈ ഇമെയിലിന്റെ അടിസ്ഥാനത്തില്‍ ക്‌നാനായ സ്വവംശ വിവാഹ വിഷയത്തിലും സമുദായത്തില്‍ നിന്ന് മാറി വിവാഹം കഴിച്ചവര്‍ക്ക് വടക്കേ അമേരിക്കയിലെ ക്‌നാനായ ഇടവകകളിലും മിഷ്യനുകളിലും അംഗത്വവും ശുശ്രൂഷയും നിഷേധിക്കുന്ന വിഷയത്തിലുമുള്ള എന്റെ നിലപാടിനെ വിശദീകരിക്കാനാണ് ഞാന്‍ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. മേല്പറഞ്ഞ വിഷയങ്ങളില്‍ മൂന്ന് സുപ്രധാന കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നാണെന്റെ അനുമാനം.

            1. സ്വവംശ വിവാഹ നിഷ്ഠ ശാസ്ത്രീയമായും ഇന്നത്തെ സാമൂഹ്യനിലപാടിനെ ആധാരമാക്കിയും ക്‌നാനായ സമുദായം പുനര്‍വിചിന്തനം ചെയ്യേണ്ടതാണ്.

            2. ക്‌നാനായ സമുദായത്തില്‍നിന്നും മാറി വിവാഹം കഴിച്ചവര്‍ക്കും ക്‌നാനായ ഇടവകകളിലും മിഷ്യനുകളിലും അംഗത്വവും ശുശ്രൂഷയും നല്‍കണം. ഈ വിവാദത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നില്ല. അതിനുള്ള വിശദീകരണം ചുവടെ നല്‍കുന്നതാണ്.

            3. വടക്കെ അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ വടക്കുംഭാഗക്കാര്‍ക്കും തെക്കുംഭാഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം വികാരിജനറാളന്മാരെ നിയമിച്ച് സഭയെ രണ്ടായി വെട്ടിമുറിച്ച് ഇടവകപ്പള്ളികളും മിഷ്യനുകളും സ്ഥാപിക്കാന്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയാത്ത് അനുവദിച്ചത് തെക്കുംഭാഗസമുദായകാരുടെ ഇടയില്‍ അസ്സമാധാനം സൃഷ്ടിക്കാന്‍ കാരണമായി.

            ആഗോള കത്തോലിക്കാ സഭയുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചതുപോലെ വടക്കെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ക്‌നാനായ സമുദായത്തില്‍ സ്ഥലകാലാനുസൃതമായ രീതിയില്‍ നവീകരണം അനിവാര്യമാണ്. ആ നവീകരണപ്രക്രിയയിലെ സുപ്രധാന ഘടകമാണ് വടക്കെ അമേരിക്കയില്‍ സ്വവംശ വിവാഹ നിഷ്ഠയില്‍ സമുദായാടിസ്ഥാനത്തില്‍ അയവുവരുത്തുകയെന്നുള്ളത്. ഡോ. ഇല്ലിക്കല്‍ മുരളീധരന്റെ 'കേരള ജാതി വിവരണം' എന്ന ആധികാരിക ഗ്രന്ഥത്തില്‍ കേരളത്തില്‍ 72 പ്രധാന ജാതികള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് 160). കേരളത്തിന്റേത് ഒരു ജാതി സമൂഹമാണ്. ക്‌നായിതെമ്മനും കൂട്ടരും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലേയ്ക്ക് കുടിയേറിയെങ്കില്‍ അന്നത്തെ കേരളീയ വ്യവസ്ഥ അനുസരിച്ച് ക്‌നാനായക്കാരെ ഒരു പ്രത്യേക ജാതിയായി കണ്ടിരുന്നിരിക്കണം. ഒരു പ്രത്യേക ജാതിയെയാണ് സമുദായമായി അന്ന് കേരളത്തില്‍ കരുതിയിരുന്നത്. ജാതി, സമുദായം, വര്‍ക്ഷം എന്നീ സംജ്ഞകള്‍ക്ക് ഒരേ അര്‍ത്ഥമാണുള്ളത്. ക്രിസ്തുമതം സ്വീകരിച്ച എന്റെ പൂര്‍വ്വീകന്‍ ഏതെങ്കിലും ഒരു ജാതിയില്‍പെട്ടവനായിരുന്നു. ആ കുടുംബത്തലവന്‍ ഏതു ജാതിയില്‍പെട്ടവനാണെന്ന് എനിക്കറിയില്ല. അതിനു കാരണം ക്രിസ്തുമതത്തില്‍ ഒരാളുടെ ജാതിയുടെ പ്രസക്തി കാലക്രമേണ ഇല്ലാതാകുന്നു. ജാതിവ്യവസ്ഥയിലെ സമുദായം ഉള്ളൂ; മതവിശ്വാസവ്യവസ്ഥയില്‍ ജാതിയോ സമുദായമോ ഇല്ല.

            ആദിമ സഭാ കൂട്ടായ്മയില്‍ യഹൂദ ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളു എന്ന് നമുക്കറിയാം. പിന്നീട് പുറജാതികള്‍ സ്‌നാപനം സ്വീകരിച്ച് ക്രിസ്ത്യാനികളായപ്പോള്‍ യഹൂദ മത പാരമ്പര്യങ്ങള്‍ സഭയില്‍ അപ്രധാനങ്ങളായിപ്പോയി. ജെറുശലേമില്‍ പോലും യഹൂദ ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന ഒരു ക്രിസ്തു സമൂഹത്തെ ഇന്ന് കാണാന്‍ സാധിക്കയില്ല. തെക്കെ മെസൊപ്പെട്ടോമിയായില്‍ നിന്നും 345-ല്‍ 72 കുടുംബങ്ങള്‍ കേരളത്തിലേയ്ക്ക് കുടിയേറിപാര്‍ത്തെന്നും അന്നു മുതല്‍ ഇന്നുവരെ അവര്‍ സ്വവര്‍ക്ഷത്തില്‍ നിന്നും വിവാഹം ചെയ്ത് സമുദായ രക്തം മലിനപ്പെടാതെ സൂക്ഷിച്ചു എന്നും ചരിത്രപരമായ തെളിവുകളുടെ അഭാവത്തിലും അവകാശപ്പെടുന്നത് അത്ഭുതകരം തന്നെ. 16-ാം നൂറ്റാണ്ടില്‍ മാത്രമാണ് തെക്കുംഭാഗക്കാരെകുറിച്ചുള്ള പരാമര്‍ശം ആദ്യമായി ഉണ്ടാകുന്നത് (See Wikipedia, Knanaya, History, Early mentions, A 1518 letter by a Jesuit missionary).  നമ്മുടെ കര്‍ത്താവിന്റെ കാലത്തിനു മുന്‍പു മുതല്‍ യഹൂദര്‍ കൊച്ചിയിലേയ്ക്ക് കുടിയേറിത്തുടങ്ങിയിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ പിന്‍ഗാമികള്‍ ഇസ്രായേലിലേയ്ക്ക് തിരികെ പോകുന്നതും നമുക്കറിയാം. എന്നാല്‍ ഒരൊറ്റ ക്‌നാനായ കുടുംബം പോലും സിറിയയിലേയ്‌ക്കോ ഇറാഖിലേയ്‌ക്കോ തിരികെപ്പോകുന്നതായി നമുക്കറിവില്ല.

            ഹിന്ദുമതത്തില്‍പ്പോലും ജാതിവ്യസ്ഥയെ ഇല്ലാതാക്കാന്‍  സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ പരിശ്രമിക്കുന്ന കാലഘട്ടമാണിത്. ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും സ്വാമിവിവേകാനന്ദനുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ ജാതിവ്യവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അഹോരാത്രം പരിശ്രമിച്ച മഹാത്മാക്കളാണ്. സമുദായസമ്പ്രദായത്തിന്റെ സമ്മര്‍ദ്ദത്താല്‍ മറ്റു സമുദായങ്ങളില്‍നിന്നും വിവാഹിതരാകാന്‍ സാധാരണക്കാര്‍ ധൈര്യപ്പെടാറില്ല. അതുകൊണ്ട് സാമൂഹ്യസമ്മര്‍ദ്ദമാണ് സമുദായത്തെ ഇന്നും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. എന്നാല്‍ തൊഴിലടിസ്ഥാനത്തിലും സ്വവംശ വിവാഹ അടിസ്ഥാനത്തിലും അധിഷ്ടിതമായ ജാതി/ സമുദായ/വര്‍ഗ്ഗ നിലനില്‍പ് നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അതിവേഗം മാറികൊണ്ടിരിക്കുന്നു. ആരോഗ്യപരമായ ഒരു സാമൂഹ്യപരിഷ്‌ക്കാരമാണത്. ശാസ്ത്രീയമായി ചിന്തിച്ചാല്‍ ക്‌നാനായക്കാര്‍ മറ്റ് സമുദായ പശ്ചാത്തലത്തില്‍ നിന്നും വിവാഹിതരാകുന്നതാണ് ഉത്തമം. അതല്ലായെങ്കില്‍ ക്‌നാനായ സമുദായം  കാലാന്തരത്തില്‍ ഒരു പിന്നോക്കസമുദായമായി മാറിപ്പോകും. അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായക്കാരുടെ സ്ഥിതി വളരെ മെച്ചമാണ്. അവരുടെ മക്കളില്‍ നല്ലൊരു ശതമാനം സമുദായത്തിന്റെ പുറത്തുനിന്നാണ് വിവാഹം കഴിക്കുന്നത്. വിശാലമനഃസ്ഥിതിയോടെ വളര്‍ന്നുവരുന്ന അമേരിക്കന്‍ കുട്ടികള്‍ സമുദായപാരമ്പര്യത്തിന് യാതൊരുവിലയും നല്കാറില്ല. അതിനാല്‍ അവര്‍ക്കിഷ്ടമുള്ള ഇണയെ അവര്‍ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ കാലക്രമേണ അമേരിക്കയില്‍ ക്‌നാനായ സമുദായം ഒരു വര്‍ക്ഷമെന്ന നിലയില്‍ ഇല്ലാതാകും. സീറോ മലബാര്‍ രൂപതയുടെ ഗതിയും അതുതന്നെ. പുതിയ കുടിയേറ്റക്കാര്‍ ഉള്ളിടത്തോളം കാലം മലയാളം പള്ളികള്‍ ഒരുവിധത്തില്‍ ഉന്തിത്തള്ളി മുന്‍പോട്ടുപോകും. രണ്ടും മൂന്നും തലമുറകള്‍ കൂടി കഴിയുമ്പോള്‍ സ്വവംശ വിവാഹത്തിന്റെയും പള്ളിയംഗത്വത്തിന്റെയും പേരിലുള്ള ഒച്ചപ്പാടിന്റെ പ്രസക്തി ഇല്ലാതാകും. അന്നുവരെ കുറെ യാഥാസ്ഥിതികര്‍ വഴക്കും വക്കാണവുമായി മുന്‍പോട്ടുപോകും.

            ക്‌നാനായസമുദായത്തിലെ ഒരു വ്യക്തി മറ്റ് ജാതിപശ്ചാത്തലത്തിലുള്ള ഒരാളെ വിവാഹം ചെയ്താല്‍ സമുദായ നടപടിപ്രകാരം ഭ്രഷ്ട് കല്പിച്ചാലും (അതും ഇന്നത്തെ വ്യവസ്ഥയില്‍ പാടില്ല) സഭാതലത്തില്‍ പള്ളിയംഗത്വം ഒരിക്കലും നിഷേധിക്കാന്‍ പാടില്ല. അതിന് പലകാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി അതൊരു മനുഷ്യാവകാശ ലംഘന നടപടിയാണ്. അമേരിക്കയിലായാലും ഇന്ത്യയിലായാലും രാജ്യത്തെ ഏതൊരു പൗരനും ഇഷ്ടമുള്ള ഇണയെ വിവാഹം ചെയ്യാന്‍ നിയമം നിലവിലുണ്ട്. രണ്ടാമതായി സ്വവംശ വിവാഹ നിഷ്ഠ സമുദായാചാരമായിരുന്നാലും അത് പള്ളിയംഗത്വത്തിന് നിര്‍ബന്ധമാക്കുമ്പോള്‍ സഭയും സമുദായവും തമ്മില്‍ കൂട്ടിക്കുഴക്കപ്പെടും. സമുദായം പൗരജീവിതത്തിലുണ്ടെന്നിരുന്നാലും സഭാജീവിതത്തിലില്ല. ഉദാഹരണത്തിന് കേരളത്തിലെ ലത്തീന്‍ സഭാംഗങ്ങള്‍ പല ജാതികളില്‍ നിന്നും സ്‌നാപനം സ്വീകരിച്ചവരാണ്. സഭയില്‍ അവരെ പല   ജാതികളായി കാണാറില്ല. പുലയ/പറയ ജാതികളില്‍ നിന്നും സ്‌നാപനം സ്വീകരിച്ചവരെ അവരുടെ പഴയ ജാതിത്തിരിവില്‍ ചിന്തിക്കുന്നതും നിലനിര്‍ത്തുന്നതും അക്രൈസ്തവമാണ്. കാരണം ക്രിസ്തുവില്‍ എല്ലാവരും തുല്ല്യരാണെന്നു മാത്രമല്ല എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മാജീവിതമാണ് യേശുക്രിസ്തുവിന്റെ മുഖമുദ്ര.

            ക്രൈസ്തവസഭ എന്നു പറയുമ്പോള്‍ അത് വിശ്വാസപ്രമാണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കൂട്ടായ്മ മാത്രമല്ല, യേശുവിനെ രക്ഷകനും നാഥനുമായി സ്വജീവിതത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിത രീതിയാണ് (a way of life). ജാതിയിലധിഷ്ടിതമായ ഒരു സമുദായമല്ല അഥവാ സമുദായ സമുശ്ചയമല്ല കത്തോലിക്കാസഭ. കത്തോലിക്കാസഭയില്‍ പല റീത്തുകളാണുള്ളത്. റീത്തുകള്‍ സമുദായാടിസ്ഥാനത്തിലല്ലാ തിരിച്ചിരിക്കുന്നത്. പൗരസ്ത്യ സഭകളുടെ കനോന 28.1 റീത്തിനെ നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മീകത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്‌ക്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഒരേ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്.' അപ്പോള്‍ കത്തോലിക്കാസഭയില്‍ പ്രത്യേകം പ്രത്യേകം റീത്തുകള്‍ ഉണ്ടെന്നിരുന്നാലും ജാതിയോ സമുദായമോ വര്‍ക്ഷമോ എന്ന വേര്‍തിരിവില്ല. ക്‌നാനായക്കാര്‍ സീറോ മലബാര്‍ റീത്തിലെ അംഗങ്ങളാണ്. അതാണ് സഭാനിയമം. ആരെ വിവാഹം ചെയ്തു എന്നത് പള്ളിയംഗത്വത്തില്‍ പ്രസക്തി ഇല്ല. 20-ാം നൂറ്റാണ്ടുവരെ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒരേ ഇടവകയിലെ അഗങ്ങളായിരുന്നു. പൈങ്ങളം, അതിരമ്പുഴ തുടങ്ങിയ പളളികള്‍ അതിനുദാഹരണങ്ങളാണ്. കോട്ടയം രൂപത സ്ഥാപനപത്രികയില്‍ സ്വവംശത്തില്‍ നിന്നും വിവാഹം ചെയ്തവര്‍ക്കെ പള്ളിയംഗത്വം ഉള്ളൂ എന്ന് റോം പ്രഖ്യാപിച്ചിട്ടില്ല എന്ന കാര്യവും നമുക്കറിവുള്ളതാണ്. സീറോ   മലബാര്‍ സഭയിലെ വിമതരുടെ മനസ്സിനെ അനുരഞ്ജിപ്പിക്കാനാണ് റോം കോട്ടയം  രൂപത സ്ഥാപിച്ചത്. (കോട്ടയം രൂപത സ്ഥാപിച്ചുകൊണ്ടുള്ള വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പായുടെ 1911 ആഗസ്റ്റ് 29-ാം തീയതിയിലെ പേപ്പല്‍ ബുള്‍ കാണുക). മറിച്ച് ക്‌നാനായ സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം ചെയ്തവരെ രൂപതയ്ക്ക് പുറത്താക്കാമെന്നും റോമിലെ പ്രമാണരേഖയില്‍ കാണുന്നില്ല. 16 നൂറ്റാണ്ടോളം വളരെ സ്‌നേഹത്തിലും സ്വരുമയിലും കഴിഞ്ഞുപോന്നിരുന്ന തെക്കും/വടക്കും ഭാഗക്കാര്‍ പരസ്പരം അസ്സമാധാനത്തിലാണ് കഴിയുന്നതെന്ന് ചില തല്പരകക്ഷികള്‍ റോമിനെ ധരിപ്പിച്ചതിന്റെ പേരില്‍ സമാധാനം സ്ഥാപിക്കാന്‍വേണ്ടിയാണ് റോം തെക്കുംഭാഗക്കാര്‍ക്കായി കോട്ടയം രൂപത സ്ഥാപിച്ചത്. സ്വന്തം കാര്യലാഭത്തിനായി മതനേതൃത്വങ്ങള്‍ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും തത്വങ്ങളെയും വളച്ചൊടിച്ച് അതിനെ വര്‍ക്ഷീയവല്‍ക്കരിച്ച് മനുഷ്യസൗഹൃദത്തെ തകര്‍ക്കാറുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാതെ ജാതീയമായി അവര്‍ കാണുന്നു. സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാനും ആധിപത്യം സ്ഥാപിക്കാനും വിവിധ ഗ്രൂപ്പുകളെ അവര്‍ സൃഷ്ടിച്ച് പരസ്പരം അവരെ ഭിന്നിപ്പിക്കുന്നു. മഠയന്മാരായ അല്‌മേനികള്‍ക്കത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് പള്ളിവഴക്കുകള്‍ക്കുള്ള പ്രധാന കാരണം. ഏതായാലും കോട്ടയം രൂപത കത്തോലിക്കാസഭയിലെ ഒരു വിരോധാഭാസമായി മാറിയിരിക്കുകയാണ്.

            ക്‌നാനായക്കാര്‍ക്ക് ക്‌നാനായപള്ളികളോടും പട്ടക്കാരോടും വൈകാരികമായ ഒരു അടുപ്പമുണ്ട്. മാറിക്കെട്ടിയവരും ക്‌നാനായ പള്ളികളില്‍ അംഗത്വം വേണമെന്ന് ആഗ്രഹിക്കുന്നതിന്റെയും വാദിക്കുന്നതിന്റെയും പ്രധാനകാരണം ആ വൈകാരിക അടുപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ ക്‌നാനായ സമുദായം ബ്രാഹ്മണസമുദായംപോലെ എന്തോ വിശിഷ്ട സമുദായമാണെന്നുള്ള മിഥ്യാബോധവും അതിന്റെ പിന്നിലുണ്ടാകാം. മനുഷ്യരെല്ലാം തുല്ല്യരാണെന്നും ദൈവത്താല്‍ ഒന്നുപോലെ സൃഷ്ടിക്കപ്പെട്ടവരാണെന്നും സമൂഹം താണവനെപ്പോലെ  കരുതുന്നവരെയും ദൈവം അളവില്ലാതെ സ്‌നേഹിക്കുന്നുണ്ടെന്നുമുള്ള വിജ്ഞാനത്തിന്റെ കുറവാണിവിടെ പ്രകടമാകുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ മനുഷ്യരെല്ലാം തുല്ല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് വ്യക്തമായി എഴുതിയെങ്കിലും വെള്ളക്കാര്‍ നീഗ്രോകളേക്കാള്‍ ശ്രേഷ്ഠരാണെന്ന് സമൂഹം വിശ്വസിക്കുകയും അടിമ വ്യവസ്ഥയെ അംഗീകരിക്കുകയും ചെയ്ത ചരിത്രം നമുക്കറിയാമല്ലോ. ഒരു കാലത്ത് ഭാരതത്തില്‍ ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്നു. അതിനെതിരായി ക്ഷേത്രപ്രവേശന വിളംമ്പരംവരെ തിരുകൊച്ചിസംസ്ഥാനത്ത് നടത്തപ്പെട്ടു. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും ഗുരുവായൂര്‍/ വൈക്കം സത്യാഗ്രഹങ്ങളുമൊക്കെ സമൂഹത്തില്‍ പ്രചാരണം നേടിയ ജാതിവിരുദ്ധ മനോഭാവത്തിന്റെ പരിണതഫലമാണ്.  പട്ടികജാതിക്കാരെ ഹരിജന്‍ (ദൈവത്തിന്റെ മക്കള്‍) എന്നാണ് മഹാത്മാഗാന്ധി സംബോധന ചെയ്തിരുന്നത്. നമ്മളൊക്കെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളാണ്. സമുദായ മേധാവിത്വചിന്തയും സമുദായ മേധാവിത്വവും കാലാഹരണപ്പെട്ടുപോയതാണെന്ന് ക്‌നാനായക്കാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.  2013 ഒക്‌ടോബര്‍ ലക്കം ഓശാനയില്‍ 'മതവും സമുദായവും' എന്ന ലേഖനത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: മതം, സമുദായത്തെ സ്വാധീനിക്കുമ്പോള്‍, സമുദായം മതത്താല്‍ ചൈതന്യവല്‍ക്കരിക്കപ്പെടുന്നു. നേരെമറിച്ച് സമുദായം മതത്തെ സ്വാധീനിക്കുമ്പോള്‍, മതത്തിന് അപച്യുതി ഉണ്ടാകുന്നു.ഈ പ്രസ്താവം എത്രയോ സത്യം.  

            ഈ ചുറ്റുപാടില്‍ സമുദായത്തില്‍നിന്നും മാറിവിവാഹം ചെയ്തതിന്റെ പേരില്‍ പള്ളിയില്‍നിന്നും പുറംതള്ളിയാല്‍ ആ വ്യക്തി സന്തോഷിക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. അവര്‍ ഹല്ലേലുയ്യാ പാടണം. കാരണം ക്‌നാനായ സമുദായവും പള്ളികളും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരാചാരമായ സ്വവംശ വിവാഹ നിഷ്ഠയില്‍ നിന്നും അവര്‍ വിമുക്തരാകുകയാണ് ചെയ്യുന്നത്. അവര്‍ക്ക് മറ്റേതെങ്കിലും ഒരു പള്ളിയില്‍ അംഗത്വം സ്വീകരിക്കാമല്ലോ. തങ്ങളുടെ മക്കളെ സ്വവംശ വിവാഹത്തില്‍നിന്നും സ്വവംശ വിവാഹ നിഷ്ഠ എന്ന ദുരന്തത്തില്‍ നിന്നും മോചിപ്പിക്കാനും അവര്‍ക്ക് ഒരു നല്ല ഭാവിയെ കെട്ടിപ്പടുക്കാനും സാധിക്കും. ഈ കാരണങ്ങള്‍കൊണ്ടാണ് മാറികെട്ടിയവര്‍ ക്‌നാനായ പള്ളികളില്‍ അംഗത്വം വേണമെന്ന് വാദിക്കുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നില്ലായെന്ന് സൂചിപ്പിക്കാന്‍ കാരണം. മാര്‍തോമ്മാ നസ്രാണി കത്തോലിക്കാ സഭയില്‍ ക്‌നാനായ സമൂഹം സ്വവംശ വിവാഹ നിഷ്ഠ പാലിച്ചുകൊണ്ട് ഒരു പ്രത്യേക സമുദായമായി തുടരണമെന്ന് ഒരു ക്‌നാനായ ക്രിസ്ത്യാനി കരുതുന്നെങ്കില്‍ ആ വ്യക്തിക്ക് ക്രിസ്തീയതയുടെ എബിസിഡി അറിയാന്‍ പാടില്ലെന്നാണര്‍ത്ഥം. കാരണം നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്നതാണ് ക്രിസ്തുവിന്റെ പ്രമാണം. (ലീക്കോ. 10:25-28). അപ്പോള്‍ അന്യജാതിയില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം മക്കളേയും കൂടപ്പിറപ്പുകളേയും സമുദായത്തില്‍നിന്നും പള്ളിയില്‍നിന്നും എങ്ങനെ പുറത്താക്കാന്‍ കഴിയും?

            മൂന്നാമതായി 1986 മുതലുള്ള റോമിന്റെ തീരുമാനത്തെയും നിര്‍ദ്ദേശങ്ങളെയും ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ ഇടവകകളിലും മിഷ്യനുകളിലും  സേവനം ചെയ്യുന്ന  ക്‌നാനായ വൈദികര്‍ ധിക്കരിക്കുകയും നടപ്പിലാക്കാന്‍ വിസമ്മതം കാണിക്കുകയും ചെയ്യുന്നതാണ് ഈ പ്രശ്‌നം നീണ്ടു പോകുന്നതും ക്‌നാനായ സമൂഹത്തില്‍ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നതിന്റെയും കാരണം. ക്‌നാനായ വൈദികരും ഒരു വിഭാഗം വിശ്വാസികളും റോമിന്റെയും ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വെറും പുല്ലുവിലയെ നല്‍കിയിട്ടുള്ളൂയെന്ന് അവരുടെ വളഞ്ഞ വഴിയേയുള്ള പെരുമാറ്റങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രശ്‌നം രൂക്ഷമാകാന്‍ വഴിതെളിച്ചത് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയാത്തിന്റെ കഴിവുകേടാണെന്നു സ്പഷ്ടം.

            1985-ല്‍ ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ബര്‍ണഡിന്‍ ക്‌നാനായക്കാര്‍ക്കായി പ്രത്യേക മിനിസ്ട്രി അനുവദിച്ചപ്പോള്‍ സ്വവംശ വിവാഹ നിഷ്ഠ വേദപുസ്തകാടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ സാദ്ധ്യമല്ലെന്നും എല്ലാവരും എല്ലാവരേയും ഏകോദര സഹോദരരായി കാണണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. പിന്നീട് 1986-ല്‍ പൗരസ്ത്യ തിരുസംഘത്തലവന്‍ കാര്‍ഡിനല്‍ മാര്‍ ലൂര്‍ദുസ്വാമി ചിക്കാഗോ അതിരൂപതയ്ക്ക് നല്‍കിയ കല്‍പന ഇപ്രകാരമാണ്: 'the special ministry for the Knanaya community can be faithfully conducted only on the basis that those Knanaya Catholics who married non-Knanaya spouses enjoy equal status in the ministry. This Congregation does not accept that the customary practice followed in Kerala, of excluding from the community those who marry non-Knanaya spouses, is extensible to the United States of America'. റോമിന്റെ ഈ കല്പനയെ അംഗീകരിക്കാന്‍ ക്‌നാനായ വൈദികരും ഒരു വിഭാഗം ക്‌നാനായക്കാരും വിസമ്മതം കാണിക്കുന്നതാണ് മൂന്നു പതിറ്റാണ്ടോളമായിട്ടും ഈ പ്രശ്‌നം നീണ്ടുനീണ്ടു പോകുന്നത്.

            ക്‌നാനായ സമുദായത്തിന്റെ വെളിയില്‍നിന്നും വിവാഹം ചെയ്തവര്‍ക്ക് മിനിസ്ട്രിയില്‍ അംഗത്വം നല്കിയില്ലെങ്കില്‍ മിനിസ്ട്രി പൂട്ടുമെന്ന് ഡയറക്ടര്‍ ഫാദര്‍ സൈമണ്‍ എടത്തിപ്പറമ്പിലിന് 1996-ല്‍ ചിക്കാഗോ അതിരൂപതാധികൃതര്‍ താക്കീതു നല്‍കുകയുണ്ടായി. ആ വര്‍ഷം തന്നെ കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ കുന്നശേരി റോമിന്റെ 1986-ലെ തീരുമാനത്തിനെതിരായി അപ്പീല്‍ നല്‍കി. എങ്കിലും അത് തള്ളിക്കളഞ്ഞുകൊണ്ട് അന്നത്തെ പൗരസ്ത്യ തിരുസംഘത്തലവന്‍ കര്‍ഡിനല്‍ മാര്‍ സില്‍വസ് ത്രീനി 1986-ലെ റോമിന്റെ തീരുമാനത്തെ (Rescript Port. N. 124/83 of 30 January 1986) വീണ്ടും ശരിവയ്ക്കുകയാണുണ്ടായത്. 2001-ല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിതമായി മാര്‍ അങ്ങാടിയാത്തിനെ പ്രഥമ മെത്രാനായി നിയമിച്ചു. അന്ന് അദ്ദേഹത്തിന് പൗരസ്ത്യ തിരുസംഘം നല്‍കിയ ഇന്‍സ്ട്രക്ഷനിലെ പ്രധാനഭാഗങ്ങള്‍: '..... this Congregation explained clearly that the practice of endogamy was not acceptable in the United States.' '.....does not make any allowance for endogamy to play a role in defining the membership of faithful in any mission or parish established by the Eparchy'. പൗരസ്ത്യ തിരുസംഘത്തിന്റെ നിലപാട് ഇവിടെ വളരെ വ്യക്തമാണ്.

            2003-ല്‍ അന്നത്തെ പൗരസ്ത്യ തിരുസംഘത്തലവന്‍ കാര്‍ഡിനല്‍ മൂസ പാത്രിയാക്കീസും 1986-ലെ റിസ്‌ക്രിപ്റ്റിനെ വീണ്ടും ശരിവയ്ക്കുകയുണ്ടായി. (Letter to Mr. Peter Lukose dated 27 March 2003). 2006-ല്‍ അമേരിക്കയിലെ അന്നത്തെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് പിയേട്രോ സ്രാമ്പി ശ്രീ. ജോയി ഒറവണക്കുളത്തിനയച്ച കത്തിലെ പ്രസക്ത ഭാഗം കാണുക: 'The Congregation for the Oriental Churches intends that compliance with its '1986 Rescript as regards Knanaya' be vigorously observed'.  2001-ല്‍ ചിക്കാഗോ രൂപതയുടെ മെത്രാനായ മാര്‍ അങ്ങാടിയാത്തിന് 2001-ല്‍ത്തന്നെ എന്‍ഡോഗമിയുടെ അടിസ്ഥാനത്തില്‍ പള്ളിയഗത്വം പാടില്ലെന്ന് പൗരസ്ത്യതിരുസംഘത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ട് അതുസംബന്ധമായി ക്‌നാനായ പള്ളികളില്‍ വായിക്കാന്‍ ഒരു ഇടയലേഖനം ഇറക്കിയത് ഡിസംബര്‍ 20, 2012 ലാണ്, നിര്‍ദ്ദേശം ലഭിച്ചിട്ട് 11 വര്‍ഷങ്ങള്‍ക്കുശേഷം! കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെയും യാഥാസ്ഥിതികരായ ഒരു വിഭാഗം സമുദായാംഗങ്ങളുടെയും സമ്മര്‍ദ്ദമാണ് അങ്ങാടിയാത്ത് മെത്രാനെ കുഴപ്പത്തിലാക്കുന്നത്. (വടക്കെ അമേരിക്കയിലെ ക്‌നാനായക്കാരുടെ മേല്‍ യാതൊരധികാരവും കോട്ടയം അതിരൂപതാദ്ധ്യക്ഷന് ഇല്ല എന്നുള്ള കാര്യം ഈ വിഷയത്തില്‍ വളരെ പ്രസക്തമാണ്. ഈ കാര്യം റോം പല പ്രാവശ്യം വ്യക്തമാക്കിയിട്ടുമുണ്ട്). 'നീ എന്റെ പുറം ചൊറിയുക, ഞാന്‍ നിന്റെ പുറം ചൊറിയാം' എന്ന നയമാണല്ലോ കത്തോലിക്കാ സഭാധികൃതര്‍ക്കുള്ളത്. സത്യസന്ധമായ ക്രിസ്തീയ തീരുമാനങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്തണമെങ്കില്‍ ആത്മാവില്‍ ധൈര്യം വേണം. അത് നഷ്ടപ്പെട്ട മെത്രാന്റെയും പട്ടക്കാരുടെയും കീഴിലുള്ള അല്മായര്‍ അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ചിക്കാഗോ രൂപതയില്‍ ഇന്നതാണ് നടന്നുകൊണ്ടിരിക്കുന്നത്.

            19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് റോം നമുക്ക് രണ്ട് വികാരിയേത്തുകള്‍ അനുവദിക്കുന്നത്. അതില്‍ കോട്ടയം വികാരിയേത്തിന്റെ മെത്രാന്‍ ഫ്രഞ്ചുകാരനായിരുന്ന മാര്‍ ലെവീഞ്ഞായിരുന്നു. അന്ന് അദ്ദേഹം വടക്കുംഭാഗക്കാര്‍ക്കായി നിധീരിക്കല്‍ മാണികത്തനാരെയും തെക്കുംഭാഗക്കാര്‍ക്കായി മാക്കീല്‍ മാത്തായിയച്ചനെയും വികാരി ജനറാളന്മാരായി നിയമിച്ചു. ക്രിസ്തീയ തത്വങ്ങള്‍ക്ക് വിപരീതമായി ഒരേ റീത്തിപ്പെട്ട മലങ്കര നസ്രാണിസഭയെ ജാതീയമായി വെട്ടിമുറിച്ച ഒരു നടപടിയായിരുന്നു അത്. അന്നൊക്കെ മിക്ക ഇടവകകളിലും രണ്ട് വിഭാഗക്കാരും അംഗങ്ങളായിരുന്നു. അതുപോലെതന്നെ കേരളത്തില്‍ നിന്നുള്ള അമേരിക്കയിലെ ആദ്യകാലകുടിയേറ്റക്കാര്‍ പ്രധാനപട്ടണങ്ങളിലെല്ലാം കൂട്ടായ്മകള്‍ ഉണ്ടാക്കിയപ്പോള്‍ രണ്ടുസമുദായക്കാരും അതിലെ അംഗങ്ങളായിരുന്നു. തദ്ദേശ ലത്തീന്‍ മെത്രാന്മാരുടെ അനുവാദത്തോടെയും സഹായത്തോടെയും ആ കൂട്ടായ്മകള്‍ അതിശീഘ്രം വളര്‍ന്നുകൊണ്ടിരുന്നു. പലപട്ടണങ്ങളിലും പള്ളികളും വാങ്ങിയിരുന്നു. എന്നാല്‍ 1980-കളില്‍ ക്‌നാനായക്കാര്‍ക്കായി ചിക്കാഗോയില്‍ പ്രത്യേകം മിഷ്യന്‍ ചിക്കാഗോ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. 2001-ല്‍ ചിക്കാഗോ ആസ്ഥാനമാക്കി സീറോ മലബാര്‍ രൂപത സ്ഥാപിച്ച് മാര്‍ അങ്ങാടിയത്തിനെ മെത്രാനാക്കിയപ്പോള്‍ ഈ ചരിത്രവസ്തുതകളെല്ലാം അദ്ദേഹത്തിന് അറിവുള്ളതാണ്. എങ്കിലും അദ്ദേഹം ലവീഞ്ഞുമെത്രാന്റെ അതേ അടവുതന്നെ അമേരിക്കയിലും പ്രയോഗിക്കുകയാണുണ്ടായത്. മിക്കവാറും എല്ലാ പട്ടണങ്ങളിലും അന്നുവരെ രണ്ടുസമുദായക്കാരും സീറോമലബാര്‍ റീത്തിന്റെ അടിസ്ഥാനത്തില്‍ സഹകരിച്ച് ഒരേ പള്ളിയില്‍ അംഗത്വമെടുത്ത് പൊയ്‌കൊണ്ടിരുന്നെങ്കിലും അങ്ങാടിയാത്തുമെത്രാന്‍ സമുദായാടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയെ വെട്ടിമുറിച്ച് രണ്ട് വികാരിജനറാളന്മാരെ നിയമിച്ചു. അതോടെ കോട്ടയം രൂപതയില്‍ നിന്നും വൈദികര്‍ അമേരിക്കയിലെത്തി പൊതുപള്ളികളില്‍ പൊയ്‌ക്കൊണ്ടിരുന്ന ക്‌നാനായക്കാരെ അടര്‍ത്തിയെടുത്ത് അവര്‍ക്കായി സ്വന്തം പള്ളികള്‍ വാങ്ങാന്‍ ആരംഭിച്ചു. വാങ്ങിയ പള്ളികളെല്ലാം അങ്ങാടിയാത്ത് മെത്രാന്റെ പേരിലാണെന്ന് ക്‌നാനായക്കാര്‍ അറിയുന്നത് അടുത്ത നാളുകളിലാണ്. പള്ളി ഉടമസ്ഥാവകാശത്തിനുള്ള വഴക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ക്‌നാനായ വിശ്വാസികള്‍ പൗരസ്ത്യ സഭകളുടെ കാനോനകള്‍ ഇക്കാര്യത്തില്‍ പഠിക്കുന്നതും നന്നായിരിക്കും. (പൗരസ്ത്യ സഭകളുടെ കാനോനകള്‍ പ്രകാരം സഭയുടെ ഭൗതികസ്വത്തുക്കള്‍ മുഴുവന്‍ മെത്രാന്മാരുടെ കസ്റ്റഡിയിലായി. അതിന്റെ തെറ്റും ശരിയും വേറൊരു വിവാദ സംവാദ വിഷയമാണ്).

            രണ്ട് സമുദായക്കാരും ഒരേ സീറോ മലബാര്‍ ഇടവകയിലെ അംഗങ്ങളായി തുടര്‍ന്നിരുന്നെങ്കില്‍ പള്ളിയംഗത്വത്തിന്റെ പേരില്‍ സ്വവംശ വിവാഹ നിഷ്ഠ തലപൊക്കുകയില്ലായിരുന്നു. വടക്കെ അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ അങ്ങാടിയാത്തു മെത്രാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ അനുമതിയോടെ അന്ന് നിലിവില്‍ ഉണ്ടായിരുന്ന ക്‌നാനായ മിഷ്യനുകള്‍ നിര്‍ത്തല്‍ ചെയ്ത് വടക്കും/തെക്കും ഭാഗക്കാര്‍ ഒരുമിച്ച് അംഗങ്ങളായുള്ള സീറോ മലബാര്‍ ഇടവകകള്‍ സ്ഥാപിക്കേണ്ടതായിരുന്നു. ഈ പുരോഗമന നയം വടക്കെ അമേരിക്കയില്‍ പ്രാബല്ല്യത്തില്‍ വരുത്താനുള്ള സുവര്‍ണ്ണാവസരം അദ്ദേഹം നഷ്ടപ്പെടുത്തിക്കളയുകയാണുണ്ടായത്. കോട്ടയം അതിരൂപത മെത്രാപ്പോലിത്തയുടേയും ക്‌നാനായ വൈദികരുടെയും  യാഥാസ്ഥിതിക സമുദായാംഗങ്ങളുടെയും സമ്മര്‍ദ്ദവും കൂടാതെ കൂടുതല്‍ ഇടവകകള്‍ സ്ഥാപിച്ച് പള്ളിസ്വത്തുക്കള്‍ വാങ്ങിക്കൂട്ടാനുള്ള അത്യാഗ്രഹത്തിന്റെയും പരിണതഫലമായിരിക്കാം രണ്ടു വികാരിജനറാളന്മാരെ നിയമിക്കാന്‍ അങ്ങാടിയാത്തു മെത്രാനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പോരായ്മ ഇന്ന് ക്‌നാനായ സമുദായാംഗങ്ങള്‍ അനുഭവിക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.

            ശാസ്ത്രം പുരോഗമിച്ച ഈ ആധുനികയുഗത്തില്‍ സ്വവംശ വിവാഹ നിഷ്ഠ കാലഹരപ്പെട്ടതാണ്. ജാതീയചിന്ത അപലപനീയമാണ്. പള്ളിയംഗത്വത്തിന് എന്‍ഡോഗമി പാലിക്കണമെന്നുള്ളത് അക്രൈസ്തവമാണ്. ഇത്തരം തിരിച്ചറിവുകള്‍ ഓരോ ക്‌നാനായക്കാരനും ഉണ്ടാകേണ്ടിയിരിക്കുന്നു.

            ശ്രീ. മാത്യു ഇടിക്കുളയുടെ 'Endogamy: A Closer Look' എന്ന ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു:  “Is it not strange that while the world, in general, is advancing forward, the Knanaya community is still in reverse? It is time for the community to shift gears-make a  radical change in our way of thinking-and assimilate a broader perspective based on truth. This larger truth would then filter down into the outlook of the community as a whole and to our relationships. Instead of identifying with just a few, we would identify with all and join the march of humanity. We would uphold truth by living it.”

 

Contact info: ckalarickal10@hotmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക