Image

രാഘവന്‍ മാസ്റ്ററെ അവഗണിച്ച്‌ സംഗീത ലോകം

ജയമോഹനന്‍ എം Published on 20 October, 2013
രാഘവന്‍ മാസ്റ്ററെ അവഗണിച്ച്‌ സംഗീത ലോകം
വിടപറഞ്ഞ ഇതിഹാസ സംഗീതജ്ഞന്‍ രാഘവന്‍ മാസ്റ്ററെ തീര്‍ത്തും അവഗണിക്കുകയായിരുന്നു മലയാള ചലച്ചിത്ര സംഗീത ലോകം. തലശേരി ജില്ലാ പരിസരത്തെ സെനറ്ററി പാര്‍ക്കിന്‌ തൊട്ടടുത്തുള്ള നഗരസഭാ സ്ഥലത്ത്‌ രാഘവന്‍ മാസ്റ്റര്‍ എന്ന മലയാള സംഗീത ലോകത്തെ നവോഥാന നായകന്‌ ചിതയൊരുങ്ങിയപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്‌ വളരെ ചുരുക്കം പേര്‍. നിര്‍മ്മാതാവ്‌ ലിബര്‍ട്ടി ബഷീര്‍ സംഗീത സംവിധാന ജോഡികളായ ബേണി ഇഗ്നേഷ്യസ്‌ തുടങ്ങി വളരെക്കുറിച്ച്‌ പേരാണ്‌ സംഗീത ചലച്ചിത്ര ലോകത്ത്‌ നിന്ന്‌ എത്തിയത്‌. യേശുദാസിനെയും ജയചന്ദ്രനെയും പിന്നെ ചിത്ര, സുജാതമാരെയുമൊക്കെ അവിടെ പ്രതീക്ഷിച്ചുവെങ്കിലും ആരുമെത്തിയില്ല. ശനിയാഴ്‌ച രാവിലെ മുതല്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്‌ സമീപത്തെ അദ്ദേഹത്തിന്റെ വസതിയായ ശരവണയില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ചിരുന്നു. രാഘവന്‍ മാസ്റ്ററെ എന്നും സ്‌നേഹിച്ച പ്രേക്ഷകരും നാട്ടിലെ ശിഷ്യന്‍മാരും മാത്രമാണ്‌ അവിടെയും അദ്ദേഹത്തിന്‌ വിടപറയാനെത്തിയത്‌.

ഒടുവില്‍ കാണുന്നത്‌ അദ്ദേഹത്തിന്റെ മകന്‍ മുരളീധരന്‍ ചാനലുകള്‍ക്ക്‌ മുമ്പില്‍ വികാരക്ഷോഭിതനായതാണ്‌. മലയാള ചലച്ചിത്ര ശാഖയുടെ അമരക്കാരനായ രാഘവന്‍ മാസ്റ്ററോട്‌ ഇന്ന്‌ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ എന്ന്‌ നിസംശയം പറയാവുന്ന വ്യക്തികള്‍ കാണിച്ചത്‌ അനാദരവ്‌ തന്നെയല്ലേ എന്ന്‌ മുരളീധരന്‍ ചാനലുകള്‍ക്ക്‌ മുമ്പില്‍ ചോദിക്കുന്നു. അല്ലെങ്കില്‍ രാഘവന്‍മാസ്റ്ററുടെ അനുഗ്രഹ സ്‌പര്‍ശമേല്‍ക്കാത്ത മുതിര്‍ന്ന ഗായകര്‍ ആരാണ്‌ ഇന്നുള്ളത്‌. എസ്‌.ജാനകിയും, യേശുദാസും ജയചന്ദ്രനുമെല്ലാം മാസ്റ്ററുടെ ഹാര്‍മോണിയത്തിന്‌ മുമ്പില്‍ എത്രയോ തവണ ചെവിയോര്‍ത്ത്‌ നിന്നിരിക്കുന്നു.

എന്നാല്‍ സംഗീത ലോകത്തിനൊപ്പം ചലച്ചിത്രലോകവും അദ്ദേഹത്തെ മറന്നു എന്നതാണ്‌ സത്യം. ദൂരക്കൂടുതലായതിനാല്‍ രാഘവന്‍മാസ്റ്ററുടെ അടുത്തേക്ക്‌ പോകാന്‍ കഴിഞ്ഞില്ല എന്നതാണ്‌ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ പറഞ്ഞത്‌. ലോകമെല്ലാം പറന്നു നടക്കുന്ന സിനിമക്കാര്‍ക്ക്‌ തലശേരി വരെ പോകാന്‍ ദൂരക്കൂടുതല്‍ എന്ന്‌പറയുന്നതിന്റെ പൊരുള്‍ തീര്‍ച്ചയായും ജനങ്ങള്‍ ആലോചിക്കുക തന്നെ ചെയ്യുമെന്ന്‌ തീര്‍ച്ച. അമ്മയോ, ഫെഫ്‌കയോ തങ്ങളുടെ പ്രതിനിധികളെ സംസ്‌കാര ചടങ്ങുകള്‍ക്ക്‌ അയച്ചിരുന്നില്ല. ഫിലിംചേംബറും പൂര്‍ണ്ണമായും രാഘവന്‍ മാസ്റ്ററെ വിസ്‌മരിച്ചു.

ഗായകര്‍ക്കൊപ്പം ഗായികമാരെ ഇത്രത്തോളം മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമിച്ച മറ്റൊരു സംഗീത സംവിധായകനും ചലച്ചിത്ര ലോകത്ത്‌ ഉണ്ടാവില്ല. ഒരു പക്ഷെ രാഘവന്‍ മാസ്റ്ററുടെ ഏറ്റവും വലിയ ഹിറ്റുകള്‍ എസ്‌.ജാനകിക്ക്‌ ഒപ്പമായിരുന്നു. മഞ്ഞണിപ്പൂനിലാവ്‌, ഉണരുണരു ഉണ്ണിപ്പൂവേ, കാലം മുടിക്കെട്ടില്‍ തുടങ്ങിയ രാഘവന്‍ മാസ്റ്റര്‍ എസ്‌.ജാനകി കൂട്ടുകെട്ടില്‍ പിറന്ന അനശ്വര ഗാനങ്ങള്‍ എന്നും മലയാളിയുടെ നൊസ്റ്റാള്‍ജിയ തന്നെ. പക്ഷെ പോയ വര്‍ഷം ആരാധകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക്‌ വന്ന എസ്‌.ജാനകി തന്റെ പ്രീയ മാസ്റ്ററെ കാണാന്‍ എത്തിയതേയില്ല. ഒരുപക്ഷെ പ്രായത്തിന്റെ തടസങ്ങളും അസൗകര്യങ്ങളും ജാനകിക്ക്‌ തടസമായിട്ടുണ്ടാവാം. പക്ഷെ രാഘവന്‍മാസ്റ്ററുടെ എക്കാലത്തെയും പ്രീയഗായകന്‍ ജയചന്ദ്രന്റെ അഭാവം തീര്‍ച്ചയായും വലുതായി ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. അതുപോലെ തന്നെ യേശുദാസിനെ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നതായി മാഷിന്റെ ആരാധകര്‍ പറയുന്നുണ്ടായിരുന്നു. `ശ്യാമസുന്ദരപുഷ്‌പമേ...' എന്ന്‌ തുടങ്ങുന്ന ഗാനത്തില്‍ യേശുദാസിന്റെ സ്വരമാധുര്യം പകര്‍ത്തിവെച്ചത്‌ രാഘവന്‍മാഷായിരുന്നു. അങ്ങനെ യേശുദാസിനും ജയചന്ദ്രനുമായി എത്രയെത്ര ഗാനങ്ങള്‍. അതിലേറെയും ഇന്നും എക്കാലത്തെയും വലിയ ഹിറ്റുകളായി നിലനില്‍ക്കുന്നു എന്നതാണ്‌ ഏറ്റവും വലിയ സത്യം.

1951ല്‍ പുള്ളിമാന്‍ എന്ന സിനിമയില്‍ തുടങ്ങുന്നതാണ്‌ രാഘവന്‍മാസ്റ്ററുടെ ചലച്ചിത്രലോകത്തെ സംഗീത ജീവിതം. പിന്നീട്‌ 65 സിനിമകളിലാണ്‌ 400ല്‍ അധികം ഗാനങ്ങള്‍. എന്നാല്‍ 2010ല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ പത്മശ്രീ പുരസ്‌കാരം പോലും തേടിയെത്തിയത്‌.

വയലാറിന്റെ ആദ്യ ചിത്രമായ കൂടപ്പിറപ്പിലെ തുമ്പി തുമ്പി വാ വാ....

എങ്ങനെ നീ മറക്കും... (നീലക്കുയില്‍)

കായലരികത്ത്‌ ...(നീലക്കുയില്‍)

മഞ്‌ജുഭാഷിണി... (കൊടുങ്ങല്ലൂരമ്മ)

ഓത്തുപള്ളീലന്ന്‌ നമ്മള്‍....

എങ്ങനെ നീ മറക്കും കുയിലേ... (നീലക്കുയില്‍)

അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്‌... (കടമ്പ)

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു... (തുറക്കാത്ത വാതില്‍)

കരിമുകില്‍ കാട്ടിലേ... (കള്ളിച്ചെല്ലമ്മ) തുടങ്ങിയ മറക്കാനാവത്ത ഗാനങ്ങളെ പോയദിവസം പ്രേക്ഷകര്‍ പല ആവര്‍ത്തി ഓര്‍മ്മിച്ചിട്ടുണ്ടാവണം. പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, തലയ്‌ക്കുമീതേ ശൂന്യാകാശം എന്നീ എപ്പോഴും ഉപയോഗിക്കപ്പെടുന്ന നാടക ഗാനങ്ങളും രാഘവന്‍ മാസ്റ്ററുടേത്‌ തന്നെ. പുതിയ തലമുറ തമാശയ്‌ക്ക്‌ പോലും എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ ഈ ഗാനങ്ങളൊന്നും രാഘവന്‍ മാസ്റ്ററുടേതെന്ന്‌ പലപ്പോഴും ഓര്‍മ്മിക്കാറേയില്ല. റിയാലിറ്റി ഷോകളില്‍ രാഘവന്‍ മാസ്റ്റര്‍ ചെയ്‌ത പല ഗാനങ്ങളും മറ്റു പലരുടേതുമെന്ന നിലയില്‍ തെറ്റിച്ചു പറയുമ്പോള്‍ ഈ ഗാനങ്ങളൊരുക്കിയ മനുഷ്യന്‍ ഇപ്പോഴുമിവിടെയുണ്ടെന്ന്‌ ആരും ചിന്തിച്ചിരുന്നുമില്ല. പക്ഷെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ നവോത്ഥാനത്തിന്റെ നായകന്‍ എന്ന്‌ നെഞ്ചു വിരിച്ചു പറയാന്‍ ഇനി രാഘവന്‍ മാസ്റ്ററില്ല.

കോഴിക്കോടിന്‌ ബാവൂക്കയെന്ന പോലെ തലശേരിക്ക്‌ രാഘവന്‍ മാസ്റ്ററില്ലാതെ മറ്റൊരു സംഗീതവുമില്ല. തലശേരിയുടെ സംസ്‌കാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ സംഗീതം കൂടി ഇഴുകി ചേര്‍ന്നിട്ടുണ്ട്‌. അദ്ദേഹത്തിനൊപ്പം നിന്ന്‌ ഒരു ഈണമെങ്കിലും കിട്ടാത്ത സംഗീത പ്രേമികള്‍ അവിടെ കുറവ്‌. അതുകൊണ്ട്‌ തന്നെ തലശേരിക്ക്‌ രാഘവന്‍ മാസ്റ്റര്‍ മാസ്റ്റര്‍ തന്നെയാണ്‌. വിടപറഞ്ഞ്‌ പോയിട്ടും കോഴിക്കോടിന്‌ ബാബുരാജ്‌ ഇന്നും പ്രീയപ്പെട്ട ബാവൂക്കയായി തുടരുന്നത്‌ പോലെ.

മണിക്കൂറുകള്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരുന്ന രാഘവന്‍മാസ്റ്ററെ അവസാനം ഒരുനോക്ക്‌ കാണാന്‍ ജനാവലി ഒഴുകിയെത്തിയത്‌ ഈ സ്‌നേഹത്തിന്റെ സൂചനയാണ്‌. രാഘവന്‍ മാസ്റ്റര്‍ക്കായി ഇനി തലശേരിയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഒരു പ്രതിമ സ്ഥാപിക്കാനാണ്‌ നാട്ടുകാരുടെ ആവിശ്യം. നഗരസഭയുടെ തീരുമാനവും ഇതു തന്നെ. പക്ഷെ തിരക്കുകളുടെ ലോകത്ത്‌ നിന്നും ആരും വന്നില്ലെങ്കിലും ഒരു പ്രതിമയും സ്ഥാപിക്കപ്പെട്ടില്ലെങ്കിലും രാഘവന്‍ മാസ്റ്റര്‍ മറക്കപ്പെടാന്‍ പോകുന്നില്ല. കാരണം രാഘവന്‍ മാസ്റ്റര്‍ ബാക്കിയാക്കിയിരിക്കുന്നത്‌ മലയാളത്തിന്റെ പ്രീയപ്പെട്ട സംഗീതം തന്നെയാണ്‌. മലയാളിയുടെ പ്രീയപ്പെട്ട പാട്ടുകളും. അപ്പോള്‍ പിന്നെ എങ്ങനെ മറക്കും സംഗീത ലോകം ഈ അനശ്വര പ്രതിഭയെ...
രാഘവന്‍ മാസ്റ്ററെ അവഗണിച്ച്‌ സംഗീത ലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക