Image

തിരയിലൂടെ ശോഭന തിരിച്ചു വരുന്നു

ജയമോഹനന്‍.എം Published on 21 October, 2013
തിരയിലൂടെ ശോഭന തിരിച്ചു വരുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയാണ്‌ ശോഭന. എന്നാല്‍ അഭിനയത്തിന്റെ തിരക്കുകളില്‍ നിന്നും ശോഭന മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമാകുന്നു. എണ്‍പതുകളിലും തൊണ്ണുറുകളിലും മോഹന്‍ലാല്‍ മമ്മൂട്ടി താരദ്വയങ്ങളെപ്പോലെ മലയാള സിനിമയിലെ തിളങ്ങുന്ന താരപരിവേഷം തന്നെയായിരുന്നു ശോഭന. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലമായി നിറഞ്ഞു നിന്ന ശോഭന ഒരു സൗത്ത്‌ ഇന്ത്യന്‍ സ്റ്റാര്‍ തന്നെയായിരുന്നു.

ചലച്ചിത്ര അഭിനയത്തിനൊപ്പം നൃത്ത രംഗത്ത്‌ മികവ്‌ തെളിയിച്ച ശോഭന രണ്ടായിരത്തിന്റെ തുടക്കത്തോടെ സജീവ ചലച്ചിത്രലോകത്ത്‌ നിന്നും പിന്മാറി നൃത്തലോകത്ത്‌ പുതിയൊരു ലോകം തുറന്നു. ഇപ്പോള്‍ ചെന്നൈയില്‍ ഡാന്‍സ്‌ സ്‌കൂള്‍ നടത്തുകയാണ്‌ ശോഭന. നൃത്ത പരിപാടികളില്‍ ഇന്നും യൗവ്വനം വിടാത്ത ശോഭനയെക്കാണുമ്പോള്‍ മലയാളികള്‍ എപ്പോഴും പ്രതീക്ഷിക്കുന്നത്‌ മലയാള സിനിമയിലേക്കുള്ള ശോഭനയുടെ മടങ്ങി വരവാണ്‌.

ഇപ്പോള്‍ ശോഭനയ്‌ക്ക്‌ പ്രായം 43. സിനിമയില്‍ നിന്നും ശോഭനയെപ്പോലെ ഇടവേളയെടുത്ത സൂപ്പര്‍നായികമാരായ ശ്രീദേവിയും, മനീഷയുമൊക്കെ പിന്നീട്‌ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലൂടെ തിരിച്ചുവന്നത്‌ പോലെയൊരു മടങ്ങി വരവും ശോഭനയുടെ കാര്യത്തിലുണ്ടായിരുന്നില്ല. ഇടക്ക്‌ എപ്പോഴോ അവര്‍ വന്ന്‌ പോയ മാമ്പഴക്കാലവും സാഗര്‍ ഏലിയാസ്‌ ജാക്കിയും, തമിഴിലെ പോടാ പോടിയുമൊന്നും ശോഭനയുടെ സര്‍ഗ പ്രതിഭയെ ഉപയോഗിക്കുന്ന ചിത്രങ്ങളായിരുന്നില്ല. പഴയ ബന്ധങ്ങളുടെ പേരില്‍ ശോഭന അഭിനയിച്ചു പോയ സിനിമകളായിരുന്നിരിക്കാം ഇവയെല്ലാം.

എന്നാലിപ്പോള്‍ ശോഭനയുടെ മടങ്ങി വരവിന്‌ ഒരുങ്ങിയിരിക്കുകയാണ്‌ മലയാള സിനിമ. നായിക പ്രധാന്യമുള്ള `തീര' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി ശോഭന മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌തിരിക്കുന്ന തിര ഒരു ത്രില്ലര്‍ ചിത്രമാണ്‌. മികച്ച അഭിനയ പ്രധാന്യമുള്ള ചിത്രത്തില്‍ മടങ്ങി വരവ്‌ ആഘോഷമാക്കുന്ന പ്രകടനം തന്നെയാണ്‌ ശോഭന കാഴ്‌ചവെച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ ട്രെയില്‍ ഇതിനോടകം യുട്യൂബില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. മണിച്ചിത്രത്താഴിലെ നാഗവല്ലിയെ അനശ്വര കഥാപാത്രമാക്കിയ ശോഭനയ്‌ക്ക്‌ അതിനോളം അഭിനയ സാധ്യത നല്‍കുന്ന ചിത്രം കൂടിയാണ്‌ തിര. രോഹിണി എന്നാണ്‌ ചിത്രത്തില്‍ ശോഭന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌.

ഇന്ത്യന്‍ നഗരങ്ങളില്‍ വ്യാപകമായ മനുഷ്യക്കടത്തും അത്‌ അന്വേഷിച്ചിറങ്ങുന്ന ഡോക്‌ടറുടെയും ഡോക്‌ടര്‍ക്കൊപ്പമെത്തുന്ന അപരിചിതനായ ചെറുപ്പക്കാരന്റെയും കഥയാണ്‌ തിരയിലൂടെ പറയുന്നത്‌. ശോഭന ചിത്രത്തില്‍ നായികയാകുമ്പോള്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്‌ വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനാണ്‌. നവംബര്‍ 15ന്‌ തിര കേരളത്തിലെ തീയറ്ററുകളിലെത്തും.
തിരയിലൂടെ ശോഭന തിരിച്ചു വരുന്നുതിരയിലൂടെ ശോഭന തിരിച്ചു വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക