Image

ഡിട്രോയ്‌റ്റിലേക്ക്‌ വീണ്ടും ഒരു യാത്ര ( ജോണ്‍ മാത്യു)

Published on 22 October, 2013
ഡിട്രോയ്‌റ്റിലേക്ക്‌ വീണ്ടും ഒരു യാത്ര ( ജോണ്‍ മാത്യു)
ലാനയുടെ രണ്ടായിരത്തി പന്ത്രണ്ട്‌ ഒക്‌ടോബറിലെ റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിട്രോയ്‌റ്റില്‍ ആണെന്ന്‌ നിശ്ചയിച്ചപ്പോള്‍ മുതല്‍ ആ നഗരത്തിലേക്ക്‌ പോകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഡിട്രോയ്‌റ്റ്‌ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എന്നേ മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചവിട്ടി നടന്ന ഭൂമിയിലേക്ക്‌ വീണ്ടും പോകുന്നത്‌ ആവേശമുണര്‍ത്തി.

വിശ്വസാഹിത്യത്തിലെ ചില പ്രധാനപ്പെട്ട കൃതികളുടെ അവലോകനവും പരിചയപ്പെടുത്തലുമായിരുന്നു പ്രസ്‌തുത കണ്‍വന്‍ഷനില്‍ എന്നില്‍ ഏല്‌പിച്ചിരുന്നത്‌. കേരളത്തില്‍നിന്ന്‌ പ്രശസ്‌ത സാഹിത്യകാരനായ ഡോ. ജോര്‍ജ്ജ്‌ ഓണക്കൂറും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും അനേകം എഴുത്തുകാരും പങ്കെടുക്കുന്ന ശ്രദ്ധേയമായ സമ്മേളനം!

രണ്ടു ദിവസത്തെ സാധാരണയുള്ള ചര്‍ച്ചാസമ്മേളനങ്ങള്‍ക്കുശേഷം ഡിട്രോയ്‌റ്റിലെ ചരിത്ര പ്രസിദ്ധമായ `കാസ്‌കോറിഡോറി'ലേക്ക്‌ ഒരു പഠനയാത്ര നടത്താനും ആഗ്രഹമുണ്ടായിരുന്നു. കണ്‍വന്‍ഷന്റെ ഭാഗമായി അങ്ങനെയൊരു യാത്ര അത്ര പ്രായോഗികമല്ലെന്ന്‌ പിന്നീട്‌ മനസ്സിലായി.

അമേരിക്കയിലെ നഗരങ്ങളുടെ അകത്തളങ്ങളില്‍ ആദ്യകാല കുടിയേറ്റക്കാര്‍ പാര്‍പ്പിടങ്ങള്‍ കണ്ടെത്തിയത്‌ ചരിത്രസത്യമാണ്‌. ഇന്ന്‌ പലരും അത്‌ മറക്കുന്നു. ഒരു കാലത്ത്‌ ഡിട്രോയ്‌റ്റിലെ മലയാളികളുടെ താമസസ്ഥലമായിരുന്നു പീറ്റര്‍ബറോ എന്ന തെരുവും പ്രത്യേകിച്ച്‌ `കാസ്‌കോറിഡോര്‍' എന്ന വിവിധ ജനപദങ്ങളുടെ സാംസ്‌ക്കാരിക നാല്‍ക്കവലയും.

ഡിട്രോയ്‌റ്റ്‌ ഡൗണ്‍ടൗണില്‍നിന്ന്‌ വുഡ്‌വേഡ്‌ അവന്യൂവിന്‌ പടിഞ്ഞാറ്‌ സമാന്തരമായി ഏതാനും മൈല്‍ നീളത്തില്‍ `റിബണ്‍ ഫാം' എന്ന്‌ ഒരിക്കല്‍ അറിയപ്പെട്ടിരുന്ന പ്രദേശം നഗരത്തിന്റെ വിദ്യാഭ്യാസ സാംസ്‌ക്കാരിക കേന്ദ്രമായി മാറി. വെയ്‌ന്‍സ്റ്റേറ്റ്‌ കലാശാലയോട്‌ ചേര്‍ന്ന്‌ ആഢ്യന്മാരായ ഇംഗ്ലീഷ്‌ കുടിയേറ്റക്കാര്‍ ആസ്ഥാനമുറപ്പിച്ചെങ്കിലും പിന്നീടത്‌ കിഴക്കന്‍ യൂറോപ്പില്‍നിന്ന്‌ വന്ന ബൊഹീമിയന്‍ പാരമ്പര്യമുള്ളവര്‍ അവരുടെ നൃത്തശാലകളും റസ്റ്റോറന്റുകളുമായി കയ്യടക്കി.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട കലാശാലയായിരുന്നു വെയ്‌ന്‍ സ്റ്റേറ്റ്‌. ഓര്‍ക്കസ്‌ട്ര ഹാളും ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടും പബ്ലിക്ക്‌ ലൈബ്രറിയും മാസോണിക്ക്‌ ടെമ്പിളും മറ്റും തൊട്ടടുത്തുണ്ടായിട്ടും `കാസകോറിഡോറി'ലെ അപ്പാര്‍ട്ടുമെന്റുകളുടെ നിലവാരം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നത്‌ നമ്മുടെ ആദ്യകാല കുടിയേറ്റക്കാര്‍ക്ക്‌ ഒരനുഗ്രഹവുമായി.
ഞങ്ങളുംകൂടി ഉള്‍പ്പെട്ട സമൂഹം ഒരു കാലത്ത്‌ മലയാളികളുടെ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ച ഇടം ഒരിക്കല്‍ക്കൂടി സന്ദര്‍ശിക്കുകയും എഴുപതുകളിലെ ജീവിതം കേന്ദ്രീകരിച്ച്‌ ഒരു ഡോക്യുമെന്ററിയുടെ സാദ്ധ്യത ആരായുകയായിരുന്നു `കാസ്‌കോറിഡോര്‍' സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

കവിയും കഥാകൃത്തുമായ അബ്‌ദുള്‍ പുന്നയൂര്‍ക്കുളവും ഞങ്ങളുടെ ഒപ്പം ചേര്‍ന്നു. മയക്കുമരുന്ന്‌ ശീലമായവരെ അതില്‍നിന്ന്‌ കരകയറാനുള്ള ഉപദേശം കൊടുത്തുകൊണ്ടിരിക്കുന്ന അബ്‌ദുവിന്‌ `കാസ്‌കോറിഡോറി'ന്റെ മുക്കും മൂലയും പരിചിതമാണ്‌. പീറ്റര്‍ബറോ അപ്പാര്‍ട്ട്‌മെന്റ്‌ വീടുകള്‍ ഇന്നില്ല. പുത്തന്‍ ചായമണിഞ്ഞ്‌ ബര്‍ട്ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇപ്പോഴുമുണ്ടുതാനും. അവിടെയായിരുന്നല്ലോ കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യഅക്ഷരം എഴുതിയത്‌.

വ്യവസായ കേന്ദ്രമായിരുന്നെങ്കിലും വ്യാപ്‌തിയില്‍ ചെറുതായ നഗരത്തില്‍നിന്ന്‌ മെച്ചപ്പെട്ട ജീവിതം തേടി പ്രാന്തപ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ മാറിത്താമസം എന്നുമുണ്ടായിരുന്നു. അത്‌ അവസാനം നഗരത്തിന്റെ അധഃപതനത്തില്‍ കലാശിച്ചു. ഇവിടെയെത്തിയ ആദ്യകുടിയേറ്റക്കാരായ മലയാളി ചെറുപ്പക്കാരികളുടെ അമേരിക്കയിലെ ജീവിതത്തിന്‌ തുടക്കംകുറിച്ച ഡിട്രോയ്‌റ്റ്‌ മെമ്മോറിയല്‍ ഹോസ്‌പിറ്റലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്‌ കാലം കുറേയായി. എന്നാല്‍ `ഡൗണ്‍ടൗണ്‍' ഒരത്ഭുതമായി ഫീനിക്‌സ്‌ പക്ഷിയെപ്പോലെ സ്വന്തം ചാരത്തില്‍നിന്ന്‌ പറന്നുയരുന്നു!
`കാസ്‌കോറിഡോറി'ല്‍നിന്ന്‌, സാമ്പത്തികനില മെച്ചപ്പെട്ട മലയാളികള്‍, പ്രധാനമായും മാറിത്താമസിച്ചത്‌ പ്രാന്തപ്രദേശമായ ഡീയര്‍ബോണിലേക്കായിരുന്നു. അവിടെയുള്ള ടയര്‍മാന്‍ സ്‌ട്രീറ്റില്‍ക്കൂടി പോകുമ്പോള്‍ എന്റെ ആദ്യത്തെ പ്രവര്‍ത്തന സ്ഥാപനമായിരുന്ന ജോണ്‍സണ്‍ മോട്ടേഴ്‌സ്‌ ഓര്‍മ്മയിലേക്കു വന്നു.

അമേരിക്കയില്‍ എത്തിയിട്ട്‌ ഒരാഴ്‌ച തികഞ്ഞിട്ടില്ല. ഒരു തൊഴില്‍ വേണ്ടേ? ജോലിക്ക്‌ ഒഴിവുണ്ടെന്ന്‌ ആരോ പറഞ്ഞതനുസരിച്ച്‌ ജോണ്‍സണ്‍ മോട്ടേഴ്‌സിലേക്കങ്ങ്‌ കേറിച്ചെന്നു. ഇല്ല, ഇന്റര്‍വ്യൂ ഒന്നുമില്ലായിരുന്നു, പിറ്റേന്നുതന്നെ ജോലിയും തുടങ്ങി.

കെട്ടിയ ടൈ അഴിച്ചുവച്ചു, നീല `ഓവര്‍ഓള്‍' കുപ്പായവുമണിഞ്ഞു, പേനക്കുപകരം സ്‌ക്രൂഡ്രൈവര്‍! അത്‌ പിടിക്കാന്‍പോലും വശമില്ലായിരുന്നത്‌ മറ്റൊരു കഥ.
കാര്‍ബുറേറ്റര്‍ ആണ്‌ കാറിന്റെ ഹൃദയം. അതില്‍ക്കൂടിയാണ്‌ പെട്രോള്‍ പമ്പു ചെയ്യുന്നത്‌. എണ്ണയും മറ്റും അടിഞ്ഞുകൂടി പ്രവര്‍ത്തനരഹിതമായ കാര്‍ബുറേറ്റര്‍ സോപ്പും ആസിഡും വെള്ളവും മാറിമാറി ഉപയോഗിച്ച്‌ വൃത്തിയാക്കിക്കൊടുക്കുന്നത്‌ എന്റെ ജോലിയും. ഓഫീസില്‍ മാത്രമിരുന്ന്‌ ജോലി ചെയ്‌തിട്ടുള്ള ഞാന്‍ ഏതാനും നാളുകള്‍കൊണ്ട്‌ പുതിയ തൊഴിലില്‍ വിദഗ്‌ദ്ധനായിമാറി.

ഒരു ദിവസം അന്നത്തെ ജോലിയെല്ലാം തീര്‍ത്ത്‌ അല്‌പമൊന്ന്‌ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ്‌ ഫോര്‍മാന്‍ ഓടിയെത്തിയത്‌. `താനെന്താ ചെയ്യുന്നെ, പണിയൊന്നുമില്ലേ, ഇവിടെ വെറുതെയിരിക്കാന്‍ പാടില്ല. ഞങ്ങള്‍ നിനക്ക്‌ മണിക്കൂറിന്‌ രണ്ട്‌ ഡോളറാണ്‌ കൂലി തരുന്നത്‌.' ഇത്രയും പറഞ്ഞിട്ട്‌ ഒരു നീളന്‍ ചൂലെടുത്തുതന്നു. ഓര്‍ഡര്‍: `ഇവിടമെല്ലാം അടിച്ചുവാര്‌.....'

ഞാന്‍ അത്ഭുതപ്പെട്ടു. ആണുങ്ങള്‍ ചൂലെടുത്ത്‌ അടിച്ചു വാരുകയോ, അത്‌ പെണ്ണുങ്ങളുടെ പണി. അടുക്കളേലെക്കെങ്ങാനും ആമ്പിള്ളാര്‌ കേറിയാല്‍ അമ്മമാര്‍ പറയും:

`നിനക്കെന്താ ഇവിടെ കാര്യം, വെന്തു കഴിയുമ്പോള്‍ വിളിക്കാം....'
പക്ഷേ, ഇവിടെ മണിക്കൂറിന്‌ രണ്ടു ഡോളര്‍ നേടണമെങ്കില്‍ ചൂലെടുത്ത്‌ അടിച്ചുവാരിയേ തീരൂ.

അടുത്ത ദിവസം കമ്പനിയുടമ ഏണസ്റ്റ്‌ ജോണ്‍സണ്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക്‌ വിളിപ്പിച്ചു. ഞാന്‍ പേടിച്ചു പോയി. കുറേനേരം ജോലിയൊന്നും ചെയ്യാതെ വിശ്രമിച്ചിരുന്നതിന്‌ താക്കീതു ചെയ്യാനാണോ, എന്തോ.
നേരിയ ഫെയ്‌മുള്ള വട്ടക്കണ്ണടവെച്ച ഏണസ്റ്റിന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഹാരി ട്രൂമാന്റെ രൂപമായിരുന്നു. ആരോടും കടുത്തൊരു വാക്ക്‌ പറയുകയില്ല, സദാ പുഞ്ചിരിക്കുന്ന മുഖം!

ചെന്നയുടനെ അദ്ദേഹം കുശലം ചോദിച്ചു, തുടര്‍ന്നു പറഞ്ഞു. `ഇനിയും നിനക്ക്‌ ഇരുപത്തിയഞ്ച്‌ സെന്റ്‌ കൂടുതല്‍ കിട്ടും, അതായത്‌ രണ്ടേകാല്‍ ഡോളര്‍.' ഏണസ്റ്റ്‌ ജോണ്‍സണിന്റെ വിശാലമനസ്‌ക്കത ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്‌ ഞാന്‍ നന്ദി പറഞ്ഞു.

കഥ ഇവിടെ അവസാനിക്കുന്നില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാര്‍ത്ത വായിച്ചു. അമേരിക്കയിലെ സര്‍ക്കാര്‍ കുറഞ്ഞ വേതനം രണ്ട്‌ ഡോളറില്‍നിന്ന്‌ രണ്ടേകാല്‍ ആയി വര്‍ദ്ധിപ്പിച്ചുവെന്ന്‌!

എന്റെ യാത്രയുടെ അവസാനം, ഫ്‌ളൈവുഡ്‌ പലകകള്‍കൊണ്ട്‌ അടച്ച്‌ പൂട്ടിയിരിക്കുന്ന ജോണ്‍സണ്‍ കമ്പനിയുടെ മുന്നില്‍ അല്‌പനേരം മൗനമായി നിന്നു, ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയുമായി!
ഡിട്രോയ്‌റ്റിലേക്ക്‌ വീണ്ടും ഒരു യാത്ര ( ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക