Image

കൊടുങ്കാറ്റിലൂടെ നടന്ന്, പേമാരി നനഞ്ഞു, ഋതുക്കളിലൂടെ…

കെ.കെ.ജോണ്‍സണ്‍ Published on 20 October, 2011
കൊടുങ്കാറ്റിലൂടെ നടന്ന്, പേമാരി നനഞ്ഞു, ഋതുക്കളിലൂടെ…
"എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും…
മണ്ണുമൂടുന്നതിനു മുമ്പ് ഹൃദയത്തില്‍
നിന്നും ആ പൂവ് പറക്കണം”

തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ആ രഹസ്യവും പറഞ്ഞ് ഹൃദയത്തിലെ പൂവ് മാത്രം ബാക്കിവച്ച് അയ്യപ്പന്‍ യാത്രയായിട്ട് ഒരു വര്‍ഷം. തലസ്ഥാന നഗരിയും മാധ്യമങ്ങളും ഇത്രയും ദീര്‍ഘമായി ആഘോഷിച്ച് മറ്റൊരു മരണവും കേരളത്തില്‍ സമീപ കാലത്ത് ഉണ്ടായിട്ടില്ല. കുപ്പായത്തിന്റെ കൈചുരുട്ടില്‍ പൂര്‍ത്തിയാകാത്ത കവിതയും കുറച്ചു ഫോണ്‍ നമ്പറുകളും മനസ്സു നിറയെ ആശാന്‍ പ്രൈസ്സ് ലഭിച്ചതിന്റെ ആഹ്‌ളാദവുമായി സഹോദരിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയ അയ്യപ്പന് തലസ്ഥാനത്തെ തെരുവോരത്ത് ഏതോ വണ്ടി തട്ടി വീണവസാനിക്കാനായിരുന്നു നിയോഗം. വ്യക്തി ജീവതത്തിനു സമാനമായ കാവ്യ ജീവിത വഴികളിലൂടെ നടന്ന കവിക്ക് മരണം പലവട്ടം അവധി നല്‍കിയിരുന്നു. അയ്യപ്പന്റെ അന്ത്യം പ്രവചിച്ച പല ഡോക്ടര്‍മാരും അദ്ദേഹത്തിനു മുമ്പേ യാത്രയായി. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തണുത്ത വിറങ്ങലിച്ച കിടന്ന കവിയെ കാവ്യാസ്വദകനായ ഒരു ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍ ആശുപത്രി രേഖകളിലെ അനാഥ ശവങ്ങളില്‍ ഒന്നായ അയ്യപ്പന്‍ അവസാനിക്കുമായിരുന്നു.

വെയില്‍ തിന്നുന്ന പക്ഷിയായി ഒരു കൂട്ടിലു ചേക്കേറാതെ പറന്ന് അലഞ്ഞു നടന്ന ഒരു ജന്മമായിരുന്നു അയ്യപ്പന്റേത്. കേരളത്തിലെ ഏതു നഗരത്തിലും ഏതു ആള്‍ക്കൂട്ടത്തിലും എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന ഒരു നൊമാഡിക് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അയ്യപ്പന്റെ യാത്രകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കൂടെകൂടിയവരിലും അദ്ദേഹത്തെ കണ്ട് ഓടിഒളിച്ചവരിലും വിഐപികള്‍ , ബുദ്ധിജീവികള്‍ , രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹ ശ്രേണിയില്‍ ഏറ്റവും താഴെയുള്ളവര്‍വരെയുണ്ട്. ഈ ലേഖകന്റെ എണ്‍പതുകളിലെ തിരുവന്തപുരത്തേയും കോഴിക്കോട്ടേയും വാസകാലങ്ങളില്‍ അയ്യപ്പനോടൊപ്പം ആവോളം ആഘോഷിക്കുകയും അതു കഴിഞ്ഞ് ആട്ടി അകറ്റുകയും അദ്ദേഹത്തെ കണ്ട് പുറം തിരിഞ്ഞു നടക്കുകയും ചെയ്ത പലരേയും നേരില്‍ കണ്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ പോക്കറ്റിന്റെ ഘനകുറവുകൊണ്ടോ നേരംകെട്ട നേരമായതിനാലോ ഈ ലേഖകനും ചില നേരങ്ങളില്‍ മാറി നടന്നിട്ടുണ്ട്.

മദ്യപന്റെ ഇമേജ് കാരണം അയ്യപ്പനിലെ അനുഗ്രഹീത കവിയെ മിക്കപ്പോഴും വിസ്മരിക്കപ്പെട്ടു. സാഹിത്യ വിശാരദന്മാര്‍ മിക്കപ്പോഴും അദ്ദേഹത്തില്‍ നിന്നും മുഖം തിരിച്ചു നിന്നു. പുരസ്‌ക്കാരങ്ങള്‍ക്കു വേണ്ടി അദ്ദേഹം കവിത എഴുതിയില്ല. അക്ഷരങ്ങളോടും ജീവിതത്തോടും ഒരു പോലെ കലഹിച്ച് തന്റെ വേറിട്ട വഴികളിലൂടെ അദ്ദേഹം ഒറ്റയ്ക്ക് നടന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായരെ പോലെ കവിതയെ ജീവിതമാക്കുകയും ജീവിതത്തെ കവിതയാക്കുകയും ചെയ്ത മറ്റൊരാള്‍ അയ്യപ്പനേയുള്ളൂ. രണ്ടുപേരുടെയും അന്ത്യം ഏതാണ്ട് ഒരേ പോലെ ഒരേയിടത്ത് തന്നെ സംഭവിച്ചതും യാദൃശ്ചികം.

ഒരു കൂട്ടിലും കയറാത്ത പക്ഷിയെപ്പോലെ പറന്നു നടന്ന അയ്യപ്പനെ ഏറ്റവു കൂടുതല്‍ സ്വാധീനിച്ചൊരാള്‍ യുവകവി സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യനുമായുള്ള ബന്ധം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ എന്നതിലുപരിയായി നിര്‍വചനാതീതമായ ഏതോ ആത്മാംശം നിറഞ്ഞതായിരുന്നു അയ്യപ്പനുമായി ദീര്‍ഘകാല ബന്ധം സൂക്ഷിച്ച മറ്റൊരാള്‍ വടകരയിലെ ഒഡേസ സത്യനായിരുന്നു. സത്യന്‍ സംവിധാനം ചെയ്ത 'ഇത്രയും യാത ഭാഗം' എന്ന ഡോക്യുമെന്ററി അയ്യപ്പനെന്ന വ്യക്തിയേയും കവിയേയും പരിചയപ്പെടുന്നതില്‍ വളരെ വിജയിച്ചു.

അനാഥമായ ബാല്യമായിരുന്നു അയ്യപ്പന്റേത്. കുട്ടി നാളില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അയ്യപ്പന്‍ മൂത്ത സഹോദരിയുടെ സംരക്ഷണയിലാണ് വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും. പഠനകാലത്തു തന്നെ ഓണക്കാഴ്ച"" എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് എപ്പോഴോ കഥയില്‍ നിന്നും കവിതയിലേക്ക് ചുവടുമാറുകയായിരുന്നു. ആദ്യകാലത്തു വളരെ ചിട്ടയോടെ ജീവിച്ചിരുന്ന കവിയ്ക്കു വ്യക്തമായ രാഷ്ട്രീയ ദര്‍ശനങ്ങളും ഉണ്ടായിരുന്നു. നവയുഗത്തിന്റെ പ്രൂഫ് റീഡറായി തുടങ്ങിയ അയ്യപ്പന്‍ തുടര്‍ന്നു അതിന്റെ പ്രസ്സ് മാനേജരുമായി. ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടു ശ്രദ്ധേയമായ അക്ഷരം മാസികയുടെ പ്രസാധകനായും പത്രാധിപരായും മികച്ച പ്രവര്‍ത്തനം നടത്തി. പിന്നീടുണ്ടായ മാറ്റങ്ങള്‍ പെട്ടെന്നായിരുന്നു. തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് നെഞ്ചില്‍ കത്തുന്ന കവിതയുടെ കനലുമായി അലയുന്ന അയ്യപ്പനെയാണ് പിന്നെ കണ്ടത്.

അവാര്‍ഡുകളുടെ പിമ്പേ പായാത്ത കവിയെത്തേടി 1999 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡെത്തി. 'വെയില്‍ തിന്നുന്ന പക്ഷി' എന്ന സമാഹാരത്തിനായിരുന്നു പുരസ്‌കാരം. തുടര്‍ന്നു അനവധി അവാര്‍ഡുകള്‍ ലഭിച്ച കവിയെത്തേടി അവസാനമെത്തിയത് വിശിഷ്ടമായ "ആശാന്‍ പ്രൈസ് "ആയിരുന്നു. ആശാന്‍ പ്രൈസ് ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പങ്കുവയ്ക്കുകയും പ്രൈസ് വാങ്ങാന്‍ തന്നോടൊപ്പം ചെന്നൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആശാന്‍ പ്രൈസ് ലഭിച്ചതിലൂടെ അയ്യപ്പന്‍ 'അയ്യപ്പനാശാന്‍ ' ആയി എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തമാശ അദ്ദേഹം ആസ്വദിക്കുകയും ചെയ്തു. അതു വാങ്ങാനുള്ള യാത്രയുടെ ആരംഭം ജീവിതത്തിന്റെ അവസാനമായി തീര്‍ന്നത് അയ്യപ്പനെ അ
ിയുന്നവരേയും അദ്ദേഹത്തിന്റ കവിത യെ സ്‌നേഹിക്കുന്നവരെയും വേദനിപ്പിക്കുന്നതായിരുന്നു. ആരോടും പറയാതെ അയ്യപ്പന്‍ യാത്രയായപ്പോള്‍ ബാക്കിയായതു ആ ഹൃദയത്തിലെ പൂവ് മാത്രം.
കൊടുങ്കാറ്റിലൂടെ നടന്ന്, പേമാരി നനഞ്ഞു, ഋതുക്കളിലൂടെ…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക