Image

ശ്രീവിദ്യയുടെ കഥ പറഞ്ഞ തിരക്കഥ

Published on 21 October, 2011
ശ്രീവിദ്യയുടെ കഥ പറഞ്ഞ തിരക്കഥ
മലയാളം ഏറെ സ്‌നേഹിച്ച ഒരു ശ്രീവിദ്യ വിട പറഞ്ഞിട്ട്‌ അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒട്ടൊരു അമ്പരപ്പോടെയാണ്‌ ഈ യാഥാര്‍ഥ്യത്തിലേക്ക്‌ തിരിഞ്ഞു നോക്കിയത്‌. നിഷ്‌കളങ്കമായ പുഞ്ചിരിയുമായി നിരവധി വേഷങ്ങളിലൂടെ മലയാളിയുടെ ഏറ്റവും പ്രീയങ്കരിയായി മാറിയ ഒരാള്‍. നായികയായി നിറഞ്ഞു നിന്ന കാലത്ത്‌ മാത്രമല്ല പിന്നീട്‌ അമ്മ വേഷങ്ങളിലൂടെ കടന്നു വന്നപ്പോഴും ശ്രീവിദ്യക്ക്‌ പകരം വെക്കാന്‍ മാറ്റാരുമുണ്ടായിരുന്നില്ല സിനിമയില്‍.

ഒരുപക്ഷെ മലയാളി ഇത്രത്തോളം ശ്രദ്ധിച്ച ഒരു ചലച്ചിത്രതാരത്തിന്റെ ജീവിതവും മറ്റൊരിക്കലും സംഭവിച്ചിരിക്കില്ല. സിനിമയുടെ വെള്ളിവെളിച്ചതില്‍ തിളങ്ങിനിന്നവര്‍ പലരും വീഴ്‌ചയുടെയും തകര്‍ച്ചയുടെയും ആഴങ്ങളിലേക്ക്‌ പോകുന്നത്‌ എത്രയോ കണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം വീഴ്‌ചകള്‍ പലപ്പോഴും സിനിമയോടും അതിന്റെ ഗ്ലാമറിനോടുമുള്ള അമിത്ര ആവേശം കൊണ്ടായിരിക്കും. എന്നാല്‍ ശ്രീവിദ്യയുടെ ജീവിതം അങ്ങനെയായിരുന്നില്ല. ഒരിക്കലും സിനിമയുടെ ഗ്ലാമര്‍ ആഗ്രഹിക്കാത്ത സാധാരണ വീട്ടമ്മയായി കഴിയാന്‍ ആഗ്രഹിച്ച ശ്രീവിദ്യയെ തേടി ദുരന്തങ്ങള്‍ തേടിവരുകയായിരുന്നു.

കാമറക്ക്‌ മുമ്പില്‍ മാത്രമാണ്‌ ഞാന്‍ ആശ്വാസം കണ്ടെത്തുന്നത്‌ എന്ന്‌ സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ നാളുകളിലൊരിക്കല്‍ അവര്‍ പറഞ്ഞിരുന്നു. അത്‌ സത്യവുമായിരിക്കണം. അഭിനയം കഴിഞ്ഞുള്ള വ്യക്തിജീവിതം രോഗവും പിന്നെ ബന്ധങ്ങളുടെ വഴിപിരിയലും ചേര്‍ന്ന്‌ അസ്വസ്ഥപ്പെടുത്തിയതായിരുന്നു ശ്രീവിദ്യയുടെ ജീവിതം. സിനിമക്കാര്‍ വിദ്യാമ്മ എന്ന്‌ ഇഷ്‌ടത്തോടെ വിളിക്കുന്ന ശ്രീവിദ്യ എങ്കിലും തന്റെ നിഷ്‌കളങ്കമായ പുഞ്ചിരിക്കൊണ്ട്‌ പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുവാങ്ങി. അത്‌ തന്നെയായിരുന്നു എന്നും അവരുടെ താങ്ങും തണലും.

ശ്രീവിദ്യയുടെ മരണത്തിനും ഒരു വര്‍ഷത്തിനു ശേഷമാണ്‌ സംവിധായകന്‍ രഞ്‌ജിത്ത്‌ തന്റെ തിരക്കഥ എന്ന സിനിമയുടെ കഥ ആലോചിക്കുന്നത്‌. സിനിമക്കുള്ളിലേക്ക്‌ കാമറ തിരിക്കുവാനായിരുന്നു ഇത്തവണ രഞ്‌ജിത്ത്‌ ആലോചിച്ചത്‌. താന്‍ ഇത്രയും കാലം അനുഭവങ്ങളിലൂടെ ഒരുപാട്‌ പരിചയിച്ചിട്ടുള്ള സിനിമാ ലോകത്തെ ചില കാഴ്‌ചകള്‍ എന്നും തന്നെ വേട്ടയാടിയിരുന്നതായി രഞ്‌ജിത്ത്‌ പിന്നീട്‌ പറഞ്ഞിരുന്നു. ഇതിലൊന്നാണ്‌ ഗ്ലാമറിന്റെയും പ്രശസ്‌തിയുടെയും കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു നായിക ഒരു സുപ്രഭാതത്തില്‍ എവിടേക്കോ പോയി മറയുന്നു എന്ന കാമറക്കു പിന്നിലെ സ്ഥിരം സിനിമാ ജീവിത കാഴ്‌ച.

ഇവിടെ ശ്രീവിദ്യമാത്രമായിരുന്നില്ല രഞ്‌ജിത്തിന്‌ വിഷയമായത്‌. ശ്രീവിദ്യയെപോലെ നിരവധിപ്പേര്‍. എന്നാല്‍ മാളവിക എന്ന തന്റെ നായികാ കഥാപാത്രത്തിന്‌ രഞ്‌ജിത്ത്‌ ചാര്‍ത്തിക്കൊടുത്തത്‌ ശ്രീവിദ്യയുടെ അതേ ഭാവങ്ങളായിരുന്നുവെന്ന്‌ തിരക്കഥ കണ്ടിട്ടുള്ളവര്‍ക്കെല്ലാം മനസിലാകും. രഞ്‌ജിത്ത്‌ ഇത്‌ ഒരു പരിധിയോളം തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും തിരക്കഥയില്‍ നാം കണ്ടത്‌ ഒരുപരിധിവരെ ശ്രീവിദ്യയുടെ ആത്മകഥ തന്നെയായിരുന്നു.

മാളവിക എന്ന നായിക നടിയുടെയും അജയചന്ദ്രന്‍ നായക നടന്റെയും കഥയാണ്‌ തിരക്കഥ എന്ന ചലച്ചിത്രം. മാളവിക ഒരുകാലത്ത്‌ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു. ചില സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്ന അജയചന്ദ്രനും മാളവികയും തമ്മില്‍ പ്രണയത്തിലായി. ചലച്ചിത്രലോകം മുഴുവനും അറിഞ്ഞ പ്രണയം. വിലക്കുകള്‍ ലംഘിച്ച്‌ ഇരുവരും വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട്‌ ആര്‍ക്കും മനസിലാവാത്ത കാരണങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട്‌ മാളവികയെക്കുറിച്ച്‌ ആരും അറിയില്ല.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അക്‌ബര്‍ അഹമ്മദ്‌ എന്ന യുവ സംവിധായകന്‍ മാളവിക എവിടെ എന്ന്‌ നടത്തുന്ന അന്വേഷണത്തില്‍ അവരെ അര്‍ബുദ രോഗബാധിതയായി കണ്ടെത്തുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹോസ്‌പിറ്റലില്‍ കഴിയുന്ന മാളവികയെ തേടി അക്‌ബര്‍ അഹമ്മദിലൂടെ അനൂപ്‌ മേനോന്‍ എത്തുന്നിടത്താണ്‌ തിരക്കഥയുടെ ക്ലൈമാക്‌സിലേക്ക്‌ കടക്കുന്നത്‌.

ഇവിടെ അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുമ്പോള്‍ കമലഹാസനും ശ്രീവിദ്യയും തമ്മിലുണ്ടായ പ്രണയബന്ധമാണ്‌ രഞ്‌ജിത്തിനെ തിരക്കഥയുടെ കഥയിലേക്ക്‌ നയിച്ചത്‌. അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വിരിഞ്ഞ കമല്‍ ശ്രീവിദ്യ പ്രണയം പിന്നീട്‌ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അവസാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പല്ല മറിച്ച്‌ ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട അഭിപ്രായ വിത്യാസങ്ങളാണ്‌ കാരണമെന്നും പറയപ്പെടുന്നു. ഇത്‌ സംബന്ധിച്ച്‌ പരോക്ഷമായ ശ്രീവിദ്യ തന്നെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. പിന്നീട്‌ ചലച്ചിത്ര നിര്‍മ്മാതാവ്‌ ജോര്‍ജ്ജ്‌ തോമസ്‌ ശ്രീവിദ്യയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നു. ഒരു സിനിമാ ലോക്കേഷനില്‍ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും വിവാഹത്തില്‍ എത്തിയത്‌. വിവാഹത്തോടെ സിനിമ വിടാന്‍ ആഗ്രഹിച്ച ശ്രീവിദ്യക്ക്‌ പക്ഷെ അതിന്‌ കഴിഞ്ഞില്ല. വീണ്ടും സിനിമകളില്‍ അഭിനയിക്കാന്‍ ജോര്‍ജ്ജ്‌ തോമസ്‌ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. വിവാഹമോചനത്തിലാണ്‌ ഇത്‌ കലാശിച്ചത്‌. പിന്നീട്‌ ശ്രീവിദ്യ രോഗബാധിതയായതും ലോകം അറിഞ്ഞു. എന്നാല്‍ രോഗത്തിന്‌ മുമ്പില്‍ തളരാന്‍ ശ്രീവിദ്യ സ്വയം അനുവദിച്ചില്ല. മനസിന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രം ശ്രീവിദ്യ വീണ്ടും സിനിമകളില്‍ അഭിനയിച്ചു.

തിരക്കഥയുടെ ക്ലൈമാക്‌സിനും ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടായിരുന്നു. ശ്രീവിദ്യയുടെ അവസാന നാളുകളില്‍ ഒരിക്കല്‍ കമലഹാസന്‍ അവരെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഈ സംഭവമാണ്‌ തിരക്കഥ എന്ന ചിത്രത്തിലെ ക്ലൈമാക്‌സിന്‌ പ്രേരകമായിരിക്കുന്നത്‌ എന്ന്‌ വ്യക്തം.

തിരക്കഥയിലെ മാളവികയെപ്പോലെ സാമ്പത്തിക ബാധ്യതകള്‍ ഏറെ അനുഭവിച്ചിട്ടില്ലെങ്കിലും സന്തോഷങ്ങള്‍ അനുഭവിക്കാന്‍ ഒരിക്കലും കഴിയാതെ പോയ ജീവിതം തന്നെയായിരുന്നു ശ്രീവിദ്യയുടേത്‌. ഇത്‌ ശ്രീവിദ്യ തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്‌. എല്ലാമുണ്ടെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നുമ്പോഴും ഒന്നുമില്ലായ്‌മയിലാണ്‌ താന്‍ ജീവിച്ചതെന്ന്‌ ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്‌.

താത്‌പര്യമില്ലാതിരുന്നിട്ടു പോലും അഭിനയിക്കേണ്ടി വന്ന ഒരുപാട്‌ സിനിമകള്‍, സിനിമയില്‍ അഭിനയിക്കാന്‍ തള്ളിവിട്ട വീട്ടുകാര്‍, ആദ്യ പ്രണയത്തിന്റെ തകര്‍ച്ച, പിന്നീട്‌ ദാമ്പത്യജീവിതത്തിലെ വഴിപിരിയില്‍, അവസാന നാളുകളില്‍ രോഗത്തിന്റെ പിടിയില്‍. സ്‌നേഹിക്കുവാന്‍ ഒരുപാട്‌ ഉണ്ടായിരുന്നെങ്കിലും അധികം ആരുടെയും സ്‌നേഹം കിട്ടാതെ ജീവിതത്തില്‍ നിന്നും സിനിമയില്‍ നിന്നും ആകാലത്തില്‍ വിടപറഞ്ഞു പോയ അഭിനേത്രി. അങ്ങനെ മാത്രമേ ശ്രീവിദ്യയെക്കുറിച്ച്‌ ഓര്‍മ്മിക്കുവാന്‍ കഴിയു. എങ്കിലും അവര്‍ ബാക്കിവെച്ച സിനിമകള്‍ അവരെ എന്നെന്നും മലയാളികളുടെ മനസില്‍ നല്ലൊരു ഓര്‍മ്മച്ചിത്രമാക്കി മാറ്റുമെന്നതില്‍ സംശയമില്ല.
ശ്രീവിദ്യയുടെ കഥ പറഞ്ഞ തിരക്കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക