Image

സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയ വാര്‍ഷികവും ദുക്‌റോനോ പെരുന്നാളും

ജോയിച്ചന്‍ പുതുക്കുളം Published on 21 October, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയ വാര്‍ഷികവും ദുക്‌റോനോ പെരുന്നാളും
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെ 36-മത്‌ വാര്‍ഷികവും ഇടവക കാവല്‍ പിതാവ്‌ പരിശുദ്ധ പരുമല തിരുമേനിയുടെ (ചാത്തുരുത്തില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത) 109-മത്‌ ദുക്‌റോനോ പെരുന്നാളും സംയുക്തമായി നവംബര്‍ 5,5 (ശനി, ഞായര്‍) തീയതികളിലായി ആഘോഷിക്കുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രാസനത്തിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കുചേരും. ഇടവകാംഗമായ ഫിലിപ്പോസ്‌ കാവുങ്കലും കുടുംബവുമാണ്‌ ഈവര്‍ഷത്തെ പെരുന്നാള്‍ പ്രസുദേന്തി.

നവംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച ദേവാലയത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിക്ക്‌ ഉജ്വല സ്വീകരണം നല്‍കുന്നതാണ്‌. ആറുമണിക്ക്‌ ആരംഭിക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ വചന ശുശ്രൂഷ, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌, എന്നിവയാണ്‌ ഒന്നാംദിവസത്തെ പരിപാടികള്‍.

ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക്‌ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, അനുഗ്രഹങ്ങളുടെ ഉറവിടമായ പരിശുദ്ധന്റെ മഹാമധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും പെരുന്നാള്‍ ശുശ്രൂഷകളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്ന്‌ അറയിക്കുന്നു.

മലങ്കരയില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയ ആദ്യകാല സമൂഹത്തിലെ ഒരു ചെറിയകൂട്ടം വിശ്വാസികളുടെ വിശ്വാസ തീക്ഷണതയുടേയും ത്യാഗസന്നദ്ധതയുടേയും സഭാ സ്‌നേഹത്തിന്റേയും പ്രതീകമായി 1975-ല്‍ ഇടവകയായി രൂപീകൃതമായ സ്റ്റാറ്റന്‍ഐലന്റിലെ മോര്‍ ഗ്രിഗോറിയോസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയം ഐക്യനാടുകളിലേയും കാനഡയിലേയും ഒട്ടനവധി ഇടവകകളുടെ രൂപീകരണത്തിന്‌ ആത്മീയ പ്രചോദനമേകിയിട്ടുണ്ട്‌. കാലംചെയ്‌ത പുണ്യശ്ശോകനായ സാമുവേല്‍ യേശുമോര്‍ അത്തനാസിയോസ്‌ ആര്‍ച്ച്‌ ബിഷപ്പാണ്‌ സ്ഥാപക മെത്രാപ്പോലീത്ത. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ ആത്മീയാധികാരത്തിന്‍ കീഴില്‍ റവ.ഫാ. രാജന്‍ പീറ്റര്‍ ഇടവക വികാരിയായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു.

റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, പ്രസിഡന്റ്‌), ജോണ്‍ ആലുംമൂട്ടില്‍ (സെക്രട്ടറി), മാത്യു ഔസേഫ്‌ (ട്രഷറര്‍), ഈപ്പന്‍ മാളിയേക്കല്‍, ജോയി നടുക്കുഴി, ഫിലിപ്പോസ്‌ കാവുങ്കല്‍ എന്നിവര്‍ ഉള്‍പ്പെട്ട മാനേജിംഗ്‌ കമ്മിറ്റി പെരുന്നാള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ ആലുംമൂട്ടില്‍ (സെക്രട്ടറി) 718 761 6641, മാത്യു ഔസേഫ്‌ (ട്രഷറര്‍) 718 448 7411, ഫിലിപ്പോസ്‌ കാവുങ്കല്‍ (പ്രസുദേന്തി) 551 497 3267. ബിജു ചെറിയാന്‍ (പി.ആര്‍.ഒ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയ വാര്‍ഷികവും ദുക്‌റോനോ പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക