Image

വര്‍ണ്ണവസന്തം വിരുന്നൊരുക്കിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം

ജോയിച്ചന്‍ പുതുക്കുളം Published on 21 October, 2011
വര്‍ണ്ണവസന്തം വിരുന്നൊരുക്കിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം
ഷിക്കാഗോ: ഇല്ലനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപതാമത്‌ യുവജനോത്സവം വര്‍ണ്ണവസന്തങ്ങളുടെ വിസ്‌മയക്കാഴ്‌ചകളൊരുക്കി വിജയകരമായി സമാപിച്ചു. അടുക്കും ചിട്ടയോടുംകൂടി സമയബന്ധിതമായി നടത്തപ്പെട്ട ഈവര്‍ഷത്തെ കലോത്സവം കാഴ്‌ചക്കാര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ ആനന്ദകരമായ അനുഭവമായിരുന്നു.

ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്‌ചവെച്ച കലാമത്സരങ്ങളോടൊപ്പം മത്സരങ്ങളുടെ പിരിമുറക്കമൊഴിവാക്കി പ്രേഷകര്‍ക്ക്‌ വിനോദവിരുന്നായി അവതരിപ്പിക്കപ്പെട്ട ഫാഷന്‍ഷോയും കൂടിയായപ്പോള്‍ .ഷിക്കാഗോ ലാന്റിലെ കലാസ്‌നേഹികള്‍ക്ക്‌ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മറ്റൊരു സുന്ദരാനുഭവം ലഭിക്കുകയായിരുന്നു. മത്സരവിഭാഗങ്ങളിലും ഫാഷന്‍ഷോയിലുമായി അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഈവര്‍ഷത്തെ യുവജനോത്സവം ഐ.എം.എയുടെ വിജയക്കുതിപ്പിന്റെ മറ്റൊരു സാക്ഷ്യപത്രമായി.

ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച രാവിലെ എട്ടുമണി മുതല്‍ രാത്രി പത്തുമണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലാണ്‌ ഈവര്‍ഷത്തെ യുവജനോത്സവം നടത്തപ്പട്ടത്‌. രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ കഴിഞ്ഞവര്‍ഷത്തെ കലാതിലകങ്ങളായ നേഹാ ഹരിദാസ്‌, ജെനിത ടോമി, കലാപ്രതിഭ നെവിന്‍ തോബിയാസ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്‌ഘാടനം ചെയ്‌തു.

ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന്‌ രണ്ടുവേദികളിലായി ഒരേസമയം മുപ്പതില്‍പ്പരം ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നു. നൃത്ത, നൃത്തേതര വിഭാഗങ്ങളിലായി അനവധി പേര്‍ പങ്കെടുത്ത മത്സരങ്ങളുടെ ഫല വിവരം മിനിറ്റുകള്‍ക്കകം പ്രസിദ്ധപ്പെടുത്തിയതും മുന്‍കൂട്ടി പ്രഖ്യാപിച്ച സമയക്രമം ഏറെക്കുറെ പാലിക്കാനായതും ഈ വര്‍ഷത്തെ കലാമേളയുടെ മാറ്റു കൂട്ടിയതായി മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.

യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 2012 ജനുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം ഷിക്കാഗോ കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ഐ.എം.എയുടെ ക്രിസ്‌മസ്‌ - ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന അവാര്‍ഡ്‌ നിശയില്‍ നല്‍കുന്നതായിരിക്കും. ഗ്രൂപ്പ്‌ ഡാന്‍സ്‌ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയവര്‍ക്ക്‌ തദവസരത്തില്‍ തങ്ങളുടെ നൃത്തപരിപാടി അവതരിപ്പിക്കുവാനുള്ള അവസരമുണ്ടായിരിക്കും. വിജയികളുടെ പേരു വിവരങ്ങള്‍ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്‌. (www.ima4us.org)

ഈവര്‍ഷത്തെ യുവജനോത്സവം ഒരു വന്‍വിജയമാക്കിയതിന്‌ ബന്ധപ്പെട്ട എല്ലാവരേയും പ്രത്യേകിച്ച്‌ നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായി വിധിനിര്‍ണ്ണയം നടത്തിയ പ്രഗത്ഭരായ വിധികര്‍ത്താക്കളേയും അസോസിയേഷന്‍ നന്ദി അറിയിച്ചു. ഐ.എം.എ യൂത്ത്‌ ഫ്രണ്ടിന്റെ സഹകരണത്തോടെ ആവേശത്തിരയിളക്കിയ ഫാഷന്‍ഷോ പ്രോഗ്രാം സംഘടിപ്പിച്ച കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാം, കോ-കോര്‍ഡിനേറ്റര്‍ ഷെഫി കണ്ണച്ചാംപറമ്പില്‍, യൂത്ത്‌ ഫ്രണ്ട്‌ കണ്‍വീനര്‍ ജെറി കൊല്ലാപുരം, റൊബീന ഞാറവേലി, വീണ കണിയാലി, ടോമി കൊശക്കുഴിയില്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ നേതൃത്വത്തില്‍ ഡോ. ലൈജോ ജോസഫ്‌, മാത്യു കളത്തില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ചന്ദ്രന്‍ പിള്ള, ഫില്‍സ്‌ മാത്യു, ഷൈനി ഹരിദാസ്‌, ജയിംസ്‌ ലൂക്കോസ്‌, സന്തോഷ്‌ കളരിയ്‌ക്കപ്പറമ്പില്‍, മറിയാമ്മ പിള്ള, ജോര്‍ജ്‌ പണിക്കര്‍, ജോസ്‌ എളവന്ത്ര, ജോര്‍ജ്‌ ചക്കാലത്തൊട്ടിയില്‍, പയസ്‌ തോട്ടുകണ്ടത്തില്‍, ബേസില്‍ പെരേര, അനില്‍കുമാര്‍ പിള്ള, മോഹന്‍ സെബാസ്റ്റ്യന്‍, ബിജി വര്‍ഗീസ്‌, അശോകന്‍ കൃഷ്‌ണന്‍, ഡൊമിനിക്‌ ചൊള്ളമ്പേല്‍, രവീന്ദ്രന്‍ കുട്ടപ്പന്‍, ഷാജി പള്ളിവീട്ടില്‍ എന്നിവര്‍ യുവജനോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചു. ശബ്‌ദവും വെളിച്ചവും കൈകാര്യം ചെയ്‌ത ജേക്കബ്‌ ചിറയത്ത്‌, രുചികരമായ ഭക്ഷണവിഭവങ്ങള്‍ തയാറാക്കി നല്‍കിയ എലൈറ്റ്‌ കേറ്ററിംഗ്‌, ബിജു സക്കറിയ (ഏഷ്യാനെറ്റ്‌), ജോയിച്ചന്‍ പുതുക്കുളം (ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌) എന്നിവരേയും അസോസിയേഷന്‍ അഭിനന്ദനം അറിയിച്ചു.
വര്‍ണ്ണവസന്തം വിരുന്നൊരുക്കിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക