Image

അമേരിക്കന്‍ മലയാളികളുടെ വിവിധ ഓണാഘോഷങ്ങള്‍ (ഒരവലോകനം -എ.സി. ജോര്‍ജ്ജ്‌)

Published on 24 October, 2013
അമേരിക്കന്‍ മലയാളികളുടെ വിവിധ ഓണാഘോഷങ്ങള്‍ (ഒരവലോകനം -എ.സി. ജോര്‍ജ്ജ്‌)
അമേരിക്കന്‍ മലയാളികളുടെ പ്രത്യേക ജീവിത ചുറ്റുപാടില്‍ ഓണമാഘോഷിക്കുന്നത്‌ അവരവരുടെ ഭവനങ്ങളിലല്ല. അവര്‍ ഓണമാഘോഷിക്കുന്നത്‌ വിവിധ മലയാളി അസ്സോസിയേഷനുകളിലൂടെയാണ്‌. ഇവിടെയുള്ള മലയാളി സംഘടനകളില്‍ അധികവും ആരംഭിച്ചത്‌ ഓണം ആഘോഷിക്കാന്‍ വേണ്ടിയാണ്‌. ഓണം ആഘോഷിക്കാന്‍ കൂടിയ പല കൂട്ടായ്‌മകളും പിന്നീട്‌ വിപുലമായ പദ്ധതികളും പരിപാടികളുമായി വലിയ മലയാളി പ്രസ്ഥാനങ്ങളും സംഘടനകളുമായി രൂപാന്തരപ്പെടുകയായിരുന്നു. ഇതിന്‌ ധാരാളം അപവാദങ്ങളുണ്ടാകാം. ഇവിടത്തെ ഓരോ മലയാളി അസ്സോസിയേഷനുകളുടെയും ഒരു വര്‍ഷത്തിലെ ഏറ്റവും വലിയ സംഭവവും മഹോല്‍സവവും ഓണം തന്നെ. അമേരിക്കയിലെ ഓരോ മലയാളി സംഘടനകളുടേയും ഇക്കൊല്ലത്തെ ഓണം ഈ വാരാന്ത്യത്തോടെ ഏതാണ്ട്‌ പര്യവസാനിച്ചല്ലൊ.

കണ്ടുകേട്ടറിഞ്ഞ വിവിധ മലയാളി അസ്സോസിയേഷനുകളുടെ ഓണാഘോഷങ്ങളുടെ ഹൃസ്വമായ ഒരു വിഹഗവീക്ഷണം നടത്തുകയാണ്‌ ഈ ലേഖനത്തിലൂടെ. ഓണാഘോഷങ്ങളിലൂടെ നടത്തിയ ഈ ഓട്ടപ്രദക്ഷിണത്തില്‍ എല്ലായിടത്തും ഓണസദ്യയും, മഹാബലിയുടെ എഴുന്നള്ളത്തും, തിരുവാതിരക്കളിയും ഉണ്ടായിരുന്നു എന്നുള്ളതാണ്‌.

ചില അസ്സോസിയേഷനുകളില്‍ മുഖ്യാതിഥികളായി അമേരിക്കയിലെ പ്രാദേശിക രാഷ്‌ട്രീയ ഇലക്‌റ്റഡ്‌ ഒഫീഷ്യല്‍സുമുണ്ടായിരുന്നു. ചില ഇടങ്ങളില്‍ ഓണക്കാലത്തുമാത്രം തല പൊക്കുന്ന ചില ബുദ്ധിജീവികളുടെ തോരാത്ത നിലയ്‌ക്കാത്ത പ്രസംഗങ്ങള്‍ പെരുമഴയായി പെയ്‌തിറങ്ങി. ചിലയിടങ്ങളില്‍ ഓഡിറ്റോറിയത്തിലുള്ളതിനേക്കാള്‍ കൂടുതലായി വിശിഷ്‌ടാതിഥികള്‍ സ്റ്റേജില്‍ തിക്കിക്കയറി ഓണാഘോഷങ്ങളുടെ ഭദ്രദീപം മല്‍സരബുദ്ധിയോടെ തെളിയിച്ചു. ചില സ്വാഗതപ്രസംഗകര്‍ ഓണത്തിന്റെ സത്യവും സത്തയും പൗരാണിക പശ്ചാത്തലവും സ്വാഗതവും മാത്രമല്ല നന്ദിപ്രസംഗവും കൂടെ നടത്തിയിട്ടേ സ്റ്റേജില്‍നിന്ന്‌ വിടവാങ്ങിയുള്ളൂ. പലയിടങ്ങളിലും`മലയാളം കൊരച്ച്‌ കൊരച്ച്‌ അരിയുന്ന' ഭാരവാഹികളുടെ സ്വന്തം കുട്ടികളെ - യുവപ്രതിഭകളെ തത്തപോലെ ഏതാണ്ടൊക്കെ അല്‌പസമയം അഭ്യസിപ്പിച്ച്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിമാരാക്കി പരിപാടി ഏതാണ്ട്‌ കുളവും ചളവുമാക്കി. പതിവുപോലെ മാതാപിതാക്കള്‍ അവരവരുടെ കുട്ടികളുടെ കലാപരിപാടികള്‍ ആദ്യം നടത്താന്‍ ധൃതികൂട്ടി. അവരുടെ കുട്ടികളുടെ ആട്ടം, പാട്ട്‌ തുടങ്ങിയ കലാപരിപാടികള്‍ക്ക്‌ ശേഷം അവര്‍ കുട്ടികളുമായി ഭവനം പറ്റി. മറ്റുള്ളവരുടെ പരിപാടികള്‍ ആസ്വദിക്കാനൊ അഭിനന്ദിക്കാനൊ ഉള്ള ക്ഷമയൊ മനസ്സൊ അവരില്‍ കണ്ടില്ല.

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ തരുണീമണികളാണ്‌ മഹാബലി തമ്പുരാനെ പലയിടത്തും എതിരേറ്റത്‌. അസ്സോസിയേഷന്‍ ഭാരവാഹികളും, ഫൊക്കാന, ഫോമ ഭാരവാഹികളും ക്ഷണിച്ചും ക്ഷണിക്കപ്പെടാതെയും വന്ന ചില മറ്റു ഭാരവാഹികള്‍ മാവേലിയുടെ ഘോഷയാത്രയില്‍ മാവേലിയെപോലും പിന്‍തള്ളിക്കൊണ്ട്‌ ഘോഷയാത്രയുടെ മുന്‍നിരയില്‍ മാധ്യമകണ്ണുകളുടെ ശ്രദ്ധയില്‍ പെടാന്‍ പ്രത്യേകം ശ്രമിക്കുന്നതായി തോന്നി.

അമേരിക്കയിലെ സംഘടനകളുടെ സംഘടന എന്നവകാശപ്പെടുന്ന ഫൊക്കാനയ്‌ക്കൊ ഫോമായ്‌ക്കൊ സ്വന്തമായി ഓണമാഘോഷിക്കാന്‍ ഒരിടവുമില്ല. മറ്റ്‌ പ്രാദേശിക അസ്സോസിയേഷനുകളുടെ പന്തലുകളിലാണ്‌ അവരുടെ ആഘോഷം. അവിടെയൊക്കെ പോയി ഓണമുണ്ണാനും ഘോഷയാത്രയില്‍ മുന്‍നിരയില്‍ എഴുന്നള്ളാനും സ്റ്റേജില്‍ തിരികൊളുത്താനും മുഖ്യപ്രഭാഷണത്തിലൂടെ ഓണ സന്ദേശം നല്‍കാനും അവരുടെ ഇഷ്‌ടപ്രാദേശിക സംഘടനകളുടെ അനുകമ്പയോടെയുള്ള ക്ഷണക്കത്തും വിളിയും കാത്ത്‌ അവര്‍ കാത്തിരിക്കുകയാണെന്ന്‌ മാത്രം. അതില്‍ യാതൊരു കുഴപ്പമൊ അഭംഗിയൊ ഇല്ല. കാരണം ആ പ്രാദേശിക സംഘടനകള്‍ ഫൊക്കാനയുമായൊ, ഫോമായുമായൊ അഫിലിയേറ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള അംഗസംഘടനകളാണല്ലൊ. മലയാളികളുടെ ഒരു ദേശീയ ഫെഡറല്‍ സംഘടനാ സംവിധാനമുണ്ടായിരുന്നപ്പോള്‍ അതിലെ നേതാക്കള്‍ പ്രാദേശികസംഘടനകളുടെ ഓണത്തിനെത്തിയിരുന്നപ്പോള്‍ കൂടുതല്‍ മതിപ്പും ബഹുമാനവും നേടിയിരുന്നു. ഇന്നിപ്പോള്‍ സംഗതിയാകെ മാറി. രണ്ട്‌ ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെത്തുമ്പോള്‍ ഏതു ഫെഡറേഷനില്‍ നിന്നുള്ള നേതാവിനെ കൂടുതല്‍ മാനിക്കും. രണ്ടിലേയും നേതാക്കളെ തുല്യമായി മാനിക്കണ്ടെ. രണ്ടുകൂട്ടര്‍ക്കും ഓണസന്ദേശം നല്‍കാന്‍ സമയം കൊടുക്കേണ്ടതല്ലെ. അങ്ങനെ അംഗ സംഘടനകള്‍ക്കും ഈ പിളര്‍പ്പ്‌ ഒരു തലവേദനയും പ്രശ്‌നവുമാണ്‌. ഇതേമാതിരിയുള്ള പ്രായോഗിക പ്രശ്‌നങ്ങളെ ചൊല്ലി ചില പ്രാദേശിക മലയാളി അസോസിയേഷനുകള്‍ പിളര്‍ന്നു. ചിലയിടങ്ങളുല്‍ പുതിയ മലയാളി സംഘടനകള്‍ തന്നെ ഉടലെടുത്തു. ഇപ്രകാരമുള്ള സംഘടനകളുടെ ബാഹുല്യവും പിളര്‍ച്ചയും അവിടങ്ങളിലെ ഓണാഘോഷങ്ങളെ തന്നെ ബാധിച്ചതായി കണ്ടു. ഫൊക്കാനയുമായി അഫിലിയേറ്റു ചെയ്‌ത മലയാളി സംഘടനകളുടെ ഓണം ഫോമാക്കാരും, ഫോമായുമായി അഫിലിയേറ്റു ചെയ്‌ത സംഘടനയുടെ ഓണം ഫൊക്കാനക്കാരും ബഹിഷ്‌കരിച്ചതായി കണ്ടു. മലയാളികളെ ഒരേ പോലെ ഒന്നായിക്കാണാനായി ആഗ്രഹിച്ചിരുന്ന മഹാബലിചക്രവര്‍ത്തിയുടെ മഹത്തായ ഒരുമയുടെ സന്ദേശം കൂടെ ഉള്‍ക്കൊള്ളുന്ന ഓണം ഇപ്രകാരം വിഘടിത ചിന്താശക്തികളോടെയാണൊ ആഘോഷിക്കേണ്ടത്‌. എന്നാല്‍ ചിലയിടങ്ങളില്‍ ജനങ്ങള്‍ക്ക്‌ ഫൊക്കാനാ-ഫോമാ ചേരിതിരിപ്പ്‌ ഒരു പ്രശ്‌നമായിരുന്നില്ല. അവര്‍ സൗകര്യമനുസരിച്ച്‌ ഈ രണ്ടുകൂട്ടര്‍ക്കും പ്രാമുഖ്യമുള്ള സംഘടനകളില്‍ പോയി ഓണമുണ്ടു. ചില സംഘടനകളില്‍ ഫൊക്കാനോ-ഫോമാ പ്രവര്‍ത്തകര്‍ പരസ്‌പരം കൈകോര്‍ത്തുപിടിച്ച്‌ തന്നെ ഓണാഘോഷങ്ങള്‍ നടത്തിയത്‌ പ്രശംസനീയം തന്നെ. ഏന്നാല്‍ ചിലയിടങ്ങളില്‍ മാവേലിയായി വേഷമിട്ടവരില്‍ തന്നെ ഫൊക്കാനാ-ഫോമാ വിഘടിത ചിന്താഗതി ദര്‍ശിച്ചു. ചിലയിടത്ത്‌ ഫൊക്കാനോ മാവേലിയും ചിലയിടങ്ങളില്‍ ഫോമാ മാവേലിയും പാതാളത്തില്‍ നിന്നെത്തി. ഏതൊരു വിധിവൈപരീത്യം.

ഇപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ വിവിധ മത ആരാധനാലയങ്ങളില്‍ ഓണം ആഘോഷിക്കുന്നതായി കാണുന്നു. ഈ പുതിയ പ്രവണത ശരിയൊ തെറ്റൊ ആശാവഹമൊ ആണെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. ഓണം ഒരു നല്ല ആശയവും സന്ദേശവുമല്ലെ നല്‍കുന്നത്‌. അതിനാല്‍ ആരാധനാലയങ്ങളും അതു സ്വന്തമായി പ്രത്യേകമായി ആഘോഷിക്കുന്നതില്‍ ഒരപാകതയുമില്ലായെന്ന്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ഓണമെങ്കിലും ഓരോ മതത്തിന്റെയോ, മതാലയങ്ങളുടെയോ സ്വന്തം പേരില്‍ ആഘോഷിക്കാതെ മതങ്ങള്‍ക്കതീതമായ മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരു ചേരിതിരിവും വകഭേദവും കൂടാതെ എല്ലാമലയാളികളും ഒരുമയഓടെ ആഘോഷിക്കണം. മഹാബലി ചക്രവര്‍ത്തി എല്ലാ മലയാളികളുടേയും ഭരണകര്‍ത്താവായിരുന്നു. ഈ ഒരാഘോഷമെങ്കിലും എല്ലാമതസ്ഥര്‍ക്കും ഒരുമിച്ച്‌ ആഘോഷിക്കാന്‍ അവസരം തരിക അല്ലെങ്കില്‍ അവസരമൊരുക്കുക. ഓരോ മതസ്ഥര്‍ക്കും ആരാധനാലയങ്ങളും പ്രത്യേകം പ്രത്യേകം ഓണസദ്യയും തിരുവാതിരയും മാവേലിയുടെ എഴുന്നള്ളത്തും നടത്തിയാല്‍, അതില്‍ മാത്രം പങ്കെടുക്കാന്‍ മതാധികാരികള്‍ വിശ്വാസികളെ നിര്‍ബന്ധിച്ചാല്‍ ഏല്ലാ മലയാളികളുടേതുമായ സാമൂഹ്യ സംഘടനകളുടെ ഓണാഘോഷങ്ങള്‍ പ്രായേണ പ്രസക്തി നഷ്‌ടപ്പെട്ട്‌ ശുഷ്‌കമായിത്തീരും. അതിനാല്‍ മതാധികാരികള്‍ ഓണത്തിന്റെ മഹത്തായ സന്ദേശം മനസ്സിലാക്കി വിശ്വാസികളെ ഓണത്തിന്റെ പൊതുവായ ആഘോഷങ്ങളിലേക്ക്‌ പ്രോല്‍സാഹിപ്പിക്കണമെന്നുമുള്ള അഭിപ്രായത്തിലല്ലെ ന്യായവും യുക്തിയും. അതുപോലെതന്നെ പുരോഹിതര്‍ക്കും മതാധികാരികള്‍ക്കും പ്രസംഗിക്കാനും സന്ദേശം നല്‍കാനും ആരാധനാലയങ്ങളില്‍ ദിനവും പ്രത്യേക അവസരങ്ങളുണ്ടല്ലൊ. പിന്നെയെന്തിന്‌ അവരെവീണ്ടും സാമൂഹ്യ സംഘടനകളുടെ ഓണാഘോഷങ്ങള്‍ തുടങ്ങിയ വേദികളിലേക്ക്‌ മുഖ്യ പ്രഭാഷകരായും സന്ദേശവാഹകരായും ക്ഷണിക്കുന്നു. ഇതും ഒരുതരം നിരുല്‍സാഹപ്പെടുത്തേണ്ട സംഗതിയല്ലെ. അവരും പരിപാടികളില്‍ വരട്ടെ സംബന്ധിക്കട്ടെ അത്രമാത്രം.

ഇന്ന്‌ പുരോഹിതരേയും പൂജാരികളേയും എവിടെയും തിരികി കേറ്റുകയാണ്‌ അല്ലെങ്കില്‍ അവര്‍തന്നെ എല്ലാ രംഗങ്ങളിലും തന്ത്രപൂര്‍വ്വം ഇടിച്ച്‌കേറുകയാണ്‌. അവരുടെ പ്രസംഗങ്ങളെയൊ ചെയ്‌തികളെയൊ ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ വരികയാണ്‌. അതിന്‌ എല്ലാവര്‍ക്കും ഭയമാണ്‌. അവരില്‍ ചിലര്‍ ദേവാലയങ്ങളിലെന്നപോലെ, അതേ രീതിയില്‍ പൊതുവേദികളിലും നീട്ടിപ്പിടിച്ച്‌ തലങ്ങും വിലങ്ങും പറഞ്ഞതുതന്നെ ശക്തിയായിട്ടും, ഊന്നിയും, തറപ്പിച്ചും അടിവരയിട്ടും പറഞ്ഞ്‌ മനുഷ്യനെ കൊല്ലാക്കൊലചെയ്യുകയും വിലയേറിയ സമയം നഷ്‌ടമാക്കുകയും ചെയ്യുന്നു. ഏന്നാല്‍ ഒരു സംസ്‌കാരിക പൊതുപ്രവര്‍ത്തകനെ കാര്യമാത്രപ്രസക്തമായിപ്പോലും ഒന്നു വായതുറക്കാന്‍പോലും ആരും സമ്മതിക്കില്ല. അവര്‍ പ്രസംഗം തുടങ്ങമ്പോഴെ പിറുപിറുക്കാനൊ കൂവാനൊ ഉള്ള ഒരു രീതിയാവും സംജാതമാകുക. ഓണാഘോഷങ്ങള്‍ക്കെങ്കിലും പ്രത്യേക പ്രാസംഗികരും മുഖ്യാതിഥികളുമായി മതാധിപരെയല്ലാ പരിഗണിക്കേണ്ടത്‌. അവരേയും സാധാരണക്കാരായി ഓണത്തില്‍ വന്ന്‌ സംബന്ധിക്കുന്നതിനായി സ്വാഗതം ചെയ്യുക. ഓണത്തിനെങ്കിലും മതാധിഷ്‌ടിത സങ്കുചിതചിന്ത കൈവെടിഞ്ഞ്‌ എല്ലാ മലയാളികളും ഒരുമയോടെ ഓണമാഘോഷിക്കുകയാണ്‌ വേണ്ടത്‌. ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസറിനുള്ളത്‌ സീസറിനും എന്ന ബൈബിള്‍ വചനം അനുസ്‌മരിക്കുക.

ആരാധനാലയങ്ങളില്‍ ഓണത്തിന്റെ പ്രതീകമായി ഒരു ദിവസം പരമ്പരാഗത വേഷത്തില്‍ വരുന്നതോ ഓണം ആശംസിക്കുന്നതോ ഒരല്‌പം ഓണപായസം വിളമ്പുന്നതോ അല്ലാ ഇവിടെ വിവക്ഷ. തെറ്റിദ്ധരിക്കരുത്‌ ഇവിടെ വിവക്ഷിക്കുന്നത്‌ വിവിധ മതസ്ഥരുമായി ഒരിക്കലെങ്കിലും ഒരേവേദിയില്‍ ഒത്തുകൂടാനും ഓണം ആഘോഷിക്കാനുമുള്ള സന്ദര്‍ഭങ്ങളെ തികച്ചും ഒഴിവാക്കിക്കൊണ്ട്‌ ഓണാഘോഷത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആരാധനാലയങ്ങള്‍ ഏറ്റെടുക്കുന്നതിനെയാണ്‌ ഈ ലേഖകന്‍ എതിര്‍ക്കുന്നതും. ഓണമെങ്കിലും ദേവാലയങ്ങള്‍ എല്ലാ മതസ്ഥര്‍ക്കുമായി വിട്ടുകൊടുത്തു കൂടെ എന്നാണ്‌ ചോദിക്കുന്നത്‌. അതുപോലെ ആ ആഘോഷത്തിലെങ്കിലും പൗരോഹിത്യ ഇടപെടലും മേധാവിത്വവും ഒഴിവാക്കിക്കൂടെ എന്നാണ്‌ ചോദിക്കുന്നത്‌.

അമേരിക്കയിലെ വിവിധ ഓണാഘോഷങ്ങളിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണത്തിന്റെ വെളിച്ചത്തില്‍ നടത്തിയ ഒരവലോകനവും വിശകലനവും വിലയിരുത്തലുമാണ്‌ ഇവിടെ നടത്തിയിരിക്കുന്നത്‌. നിഷ്‌പക്ഷ ചിന്താഗതിയോടെ നടത്തിയ ഈ വിഹഗ വീക്ഷണം ഇവിടെ പൂര്‍ണമാകുന്നില്ലായെന്നുകൂടെ രേഖപ്പെടുത്താനാഗ്രഹിക്കുന്നു.
അമേരിക്കന്‍ മലയാളികളുടെ വിവിധ ഓണാഘോഷങ്ങള്‍ (ഒരവലോകനം -എ.സി. ജോര്‍ജ്ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക