Image

പുതുകാലപ്പൈതല്‍ യുഗം (കവിത: ഷേബാലി)

Published on 25 October, 2013
പുതുകാലപ്പൈതല്‍ യുഗം (കവിത: ഷേബാലി)
നാണിച്ചു ഞാന്‍, നാണിച്ചു നിന്നു പോയ്‌
നാലാള്‍ക്കു മുന്നിലീ അഭിനയം മാത്രമായ്‌
അരാണു ഞാന്‍, ആരാണു ഞാനെന്ന ഞാന്‍?
പൊയ്‌മുഖ ധാരിയോ? സത്യമോ? മിഥ്യയോ?

ചുറ്റും നിറയുന്ന ദീന രോദനങ്ങള്‍
മറയ്‌ക്കാനെനിക്കുണ്ടൈപ്പാഡിന്‍ ഹെഡ്‌ഫോണുകള്‍
കാഴ്‌ചയ്‌ക്കു മങ്ങലില്ല, പക്ഷേ
കേള്‍ക്കാന്‍ കര്‍ണ്ണപുടത്തിലീ പാട്ടിന്‍
ശബ്ദ കോലാഹലങ്ങള്‍ മാത്രമായ്‌.

ചാരത്തു നില്‍ക്കുന്നതെന്‍ സ്‌നേഹിതനല്ലേ?
പിന്നെന്തേ ഞാനെന്റെ ഫോണിലീ
ദൂരത്തെ സൗഹൃദം പങ്കു വയ്‌പ്പൂ?....
മാറാപ്പിലെ കുഞ്ഞിന്റെ വിശപ്പടക്കാന്‍
കൈനീട്ടുമാ മാതൃഭാവം എന്നോടു
ചോദിച്ചതെന്തെന്നു കേട്ടീല ഞാന്‍.
ഹെഡ്‌ഫോണിലിപ്പൊഴും പാട്ടിന്‍
ശബ്ദ കോലാഹലങ്ങള്‍ മാത്രം.

വീടിന്റെ കോലായില്‍ ചാരിക്കിടന്നു ഞാന്‍
കാതില്‍ തുടിക്കുന്ന പാട്ടിന്റെയീണത്തില്‍
ടാബ്‌ളെറ്റില്‍ സൗഹൃദം പങ്കുവക്കുമ്പോള്‍
ഭാര്യ വന്നിട്ടെന്തോ ചോദിച്ചു...കേട്ടീല ഞാന്‍
കേള്‍ക്കാന്‍ കര്‍ണ്ണപുടത്തിലീ പാട്ടിന്‍
ശബ്ദ കോലാഹലങ്ങള്‍ മാത്രം.
കണ്ണുകള്‍ സൗഹൃദ വലയത്തിന്‍
പുതു പോസ്റ്റുകള്‍ക്കൊപ്പവും...

സൗഹൃദം ചൊല്ലിവന്നവന്‍ പങ്കിടാന്‍ തന്നതോ
കാല്‍ മുറിക്കാതിരിക്കുവാന്‍ കാരുണ്യം തേടുന്ന
കണ്ണന്റെ കണ്ണീര്‍ക്കയത്തിലെ
മുങ്ങുന്ന തോണിയിലെ
വിങ്ങുന്ന മണിമുത്തു മക്കളും
വല്ലാണ്ടു കണ്മിഴിച്ചാമിഴിക്കോണില്‍
തോരാതെയൊഴുകുന്ന മിഴിനീര്‍പ്പുഴയിലെ
നിലയില്ലാക്കയത്തില്‍ നീന്താനറിയാതെ
വല്ലാതെ പകച്ചൊരാ ദീനപങ്കാളി തന്‍ സ്വനവും...
കേള്‍ക്കാന്‍ കര്‍ണ്ണപുടത്തിലീ പാട്ടിന്‍
ശബ്ദ കോലാഹലങ്ങള്‍ മാത്രം.
കണ്ണുകള്‍ സൗഹൃദ വലയത്തിന്‍
പുതു പോസ്റ്റുകള്‍ക്കൊപ്പവും...

അച്ഛന്‍ കാളീയനായ്‌ നൃത്തമാടി
അമ്മ ഭദ്രയായുറഞ്ഞു തുള്ളി...

നാണിച്ചു ഞാന്‍, നാണിച്ചു നിന്നു പോയ്‌
നാലാള്‍ക്കു മുന്നിലീ അഭിനയം മാത്രമായ്‌
അരാണു ഞാന്‍, ആരാണു ഞാനെന്ന ഞാന്‍?
പൊയ്‌മുഖ ധാരിയോ? സത്യമോ? മിഥ്യയോ?
പുതുകാലപ്പൈതല്‍ യുഗം (കവിത: ഷേബാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക