Image

തീവ്രവാദം: ജയിലുകള്‍ സായുധപോലീസ് പരിശോധിക്കും

Published on 21 October, 2011
തീവ്രവാദം: ജയിലുകള്‍ സായുധപോലീസ് പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സായുധ പോലീസിന്റെ സാന്നിധ്യത്തില്‍ ഫോണുകള്‍ക്കായി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീവ്രവാദശൃംഗലകളെക്കുറിച്ച് അതീവ ഗൗരവകരമായ വിഷയമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ ഇക്കാര്യം പരിഗണിക്കും. മൊബൈല്‍ ഫോണുകള്‍ നിലവില്‍ വന്നകാലം മുതല്‍ ജയിലില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. കണ്ണൂര്‍ ജയിലില്‍ തടവുകാരുടെ ദേഹപരിശോധന തടഞ്ഞത് സി.പിഎം ആണ്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ആദ്യം പ്രതിപക്ഷത്തിനാണോലഭിച്ചതെന്നും തനിക്ക് സംശയമുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജയിലുകളിലെ തീവ്രവാദശൃംഗലകളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എയായ രാജുഎബ്രഹാം നല്‍കിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഐബി റോ മുതലായ ഏജന്‍സികള്‍ അന്വേഷിക്കണ്ടവയാണ് പലതും. സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ടെലിഫോണ്‍ കോളുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും പിന്മാറി.

ഉപഗ്രഹ ഫോണുകള്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ ശക്തമായ തീവ്രവാദശൃംഗല ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നതായി വ്യാഴാഴ്ചയാണ് എ. ഡി. ജി. പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് നല്‍കിയത്.

വിദേശ രാജ്യങ്ങളുമായി ജയിലിലെ'തീവ്രവാദികള്‍' ബന്ധപ്പെടുന്നതായി സംശയിക്കപ്പെടുന്നതിനാല്‍ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക