Image

കുമാരേട്ടന്റെ ചായക്കടയും അല്പം നൊസ്റ്റാള്‍ജിയായും(ചെറുകഥ: മേരി ഏബ്രാഹം)

മേരി ഏബ്രാഹം Published on 28 October, 2013
കുമാരേട്ടന്റെ ചായക്കടയും അല്പം നൊസ്റ്റാള്‍ജിയായും(ചെറുകഥ: മേരി ഏബ്രാഹം)
ഇതാ മറ്റൊരുഅവധിക്കാലം. സ്‌കൂളിനടുത്തുള്ള ചായക്കട ആയതിനാല്‍ മാഷ്മാരെയും കുട്ടികളേയുമൊക്കെ കാണണമെങ്കില്‍ ഇനി രണ്ടു മാസം കഴിയണം.
മൂന്നം ക്ലാസിലെ ഗുണനപ്പട്ടികാ പഠനം ഒരു ബാലികേറാമലയായിരുന്നു എനിക്ക്. ഉറക്കെ വായിച്ചു പഠിച്ചു- മനസ്സില്‍ വായിച്ചു പഠിച്ചു- അനേക തവണ എഴുതി പഠിച്ചു നോക്കി. ഗുണനങ്ങള്‍ മൊത്തം ബുക്കിലിരുന്നതല്ലാതെ എന്റെ തലയിലേക്കൊന്നും കയറിയില്ല. ചാക്കോസാറിന്റെ തുളച്ചു കയറുന്ന നോട്ടവും ഒപ്പം ചൂരല്‍ പ്രയോഗവും ഓര്‍ത്തപ്പോള്‍ സ്‌കൂളില്‍ പോകാന്‍ തോന്നിയില്ല എനിക്ക്.
രണ്ടു ദിവസം പനി അഭിനയിച്ചു രക്ഷപ്പെട്ടു. മൂന്നാം നാള്‍ പിടിക്കപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും ശകാര വര്‍ഷങ്ങള്‍ക്കിടയില്‍, അതുവരെ നിശബ്ദനായിരുന്ന എന്റെ ശബ്ദം മുഴങ്ങിക്കേട്ടു- ''ഞാനിനി സ്‌കൂളിലേക്കില്ല''!ചായക്കടയില്‍ അച്ഛനെയും അമ്മയേയും സഹായിക്കാമെന്നേറ്റു.
മകന്‍ പഠിച്ചു വലുതായി ഒരു ഉദ്യോഗം ആകുമ്പോള്‍ ചായക്കടയിലെ പുകയില്‍ നിന്നൊരു മോചനം പ്രതീക്ഷിച്ച പാവം രണ്ടു പേര്‍!അവര്‍ക്കു വേറെ നിവൃത്തിയില്ല. അങ്ങനെ അന്നു മുതല്‍ അച്ഛന്റൊപ്പം ചായക്കടയിലേക്ക് എന്നുമുള്ള ആ പോക്ക്്- അതിപ്പോഴും തുടരുന്നു- അച്ഛനില്ല എന്നതൊഴിച്ചാല്‍ മറ്റൊരു വ്യത്യാസവും ഇല്ലാതെ.
അന്നും ഇന്നും പതിവുകാരാണ് ഏറെയും. രാവിലെയും ഉച്ചയൂണിനു ശേഷവും മാഷ്മാര്‍ക്ക് ചായ സ്‌കൂളിലെത്തിക്കുന്നതായിരുന്നു അച്ഛനെനിക്കു തന്ന ആദ്യ ജോലി. ചായയുമായി സ്‌കൂളിലേക്കു ചെല്ലാന്‍ ആദ്യ ദിവസങ്ങളില്‍ ലേശം മടി തോന്നിയെങ്കിലും ക്രമേണ അതു മാറി. ഇടവേളകളിലും പിന്നെ നാലു മണിക്കു സ്‌കൂള്‍ വിട്ടതിനു ശേഷവും ചങ്ങാതിമാര്‍ കടയില്‍ വന്ന് കപ്പലണ്ടി മിട്ടായിയോ ബോണ്ടയോ വാങ്ങുന്നത് എനിക്കു സന്തോഷമായിത്തുടങ്ങി.
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ ഓടിയകലുന്ന വര്‍ഷങ്ങള്‍! ചങ്ങാതിമാരൊക്കെ അടുത്തുള്ള ഹൈസ്‌കൂളിലേക്ക് പോയപ്പോള്‍ വല്ലാത്ത ഒരു നൊമ്പരം തോന്നി. എന്നാല്‍ വൈകുന്നേരം സ്‌കൂളില്‍ നിന്നും മടങ്ങുന്ന വഴി അവരില്‍ പലരും കടയില്‍ വന്നിരുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു.
ഒച്ചിന്റെ വേഗതയിലും ചിലപ്പോള്‍ അതി വേഗതയിലും കടന്നു പൊയ്ക്കൊണ്ടിരുന്ന വര്‍ഷങ്ങള്‍! അടുത്തറിയാമായിരുന്ന കൂടുകാരില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലന്വേഷിച്ചും ഒക്കെ ദൂരദേശങ്ങളിലേക്ക് ചേക്കേറി. സ്ഥലം മാറിയും പെന്‍ഷന്‍ പറ്റിയും മാഷ്മാര്‍ വന്നും പോയുമിരുന്നു.
അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍ ആരംഭിച്ചു; കടയില്‍ സഹായിക്കാനുള്ള കഴിവ് കുറഞ്ഞു തുടങ്ങി.
ആയിടയ്ക്കെന്നോ ഒരിക്കല്‍ അമ്മ അച്ഛനോട് പറയുന്നതു കേട്ടു : '' ജാനു കുമാരന്റെ മുറപ്പെണ്ണല്ലേ? കണിയാനേക്കൊണ്ട് ഒരു ദിവസം കുറിപ്പിച്ചാലോ''?
 അതംഗീകരിച്ച മട്ടില്‍ അച്ഛന്‍ മൂളുന്നതു കേട്ടു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അങ്ങനെ ജാനു എന്റെ ഭാര്യയായി.
വര്‍ഷങ്ങളുടെ ഒഴുക്കില്‍ ആദ്യം അമ്മ, പിന്നെ അച്ഛന്‍… ഒക്കെ തിരശ്ശീലയ്ക്കപ്പുറത്തേക്ക്- ഒപ്പം ചില അടുത്ത ബന്ധുക്കള്‍- ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ചില അയല്ക്കാര്‍- പിന്നെ അടുത്തറിയാമായിരുന്ന മാഷ്മാരില്‍ പലരും. ഓര്‍മ്മകളുടെ മധുരമുള്ള സുഗന്ധവും പരത്തി ഇവരില്‍ പലരും എന്റെയടുത്തെത്തിയിരുന്നു; പതിവുള്ള ഉച്ച മയക്കത്തില്‍!
ഞങ്ങളുടെ മൂത്ത മകന്‍ ഓട്ടോ മെക്കാനിസ്സം പഠിച്ച് സാമാന്യം നല്ല നിലയില്‍ പാസ്സായി. സ്വന്തമായി ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പ് അവന്റെ സ്വപ്നമായിരുന്നു. ജാനുവിന് വീതമായി കിട്ടിയ അല്പം പുരയിടം പണയപ്പെടുത്തി ചായക്കടയോടു ചേര്‍ന്ന് രണ്ടു മുറി കൂടി തരപ്പെടുത്തി; ചെറിയ തോതില്‍ അവന്‍ വണ്ടിപ്പണികളാരംഭിച്ചു.
ഞങ്ങളുടെ രണ്ടു കടകളും പുരോഗതിയുടെ പടവുകള്‍ മെല്ലെ കയറിത്തുടങ്ങി. വലിയ അല്ലലുകളില്ലാതെതന്നെ മകളെ വീട്ടില്‍ നിന്നധികം ദൂരെയല്ലാതെ ഒരു കുടുംബത്തിലേക്ക് അയയ്ക്കാനും സാധിച്ചു.
ബിസിനസ്സ് രക്തത്തിലലിഞ്ഞിരുന്ന ഇളയവന്‍ കോളജു പഠിത്തത്തിനിടെ ചേട്ടനുമായി ചേര്‍ന്ന് ചില പദ്ധതികളൊക്കെ ആലോചിച്ചുറപ്പിച്ച് എന്റെ മുമ്പിലവതരിപ്പിച്ചു. ചേട്ടന്റെ വര്‍ക്ക് ഷോപ്പിനരികെ ഒരു പെട്രോള്‍ പമ്പ്! മൊത്തത്തിലാലോചിച്ചപ്പോള്‍ വലിയ തരക്കേടില്ലാത്ത കാര്യമായി എനിക്കും തോന്നി. പണയപ്പെടുത്തിയിരുന്ന പുരയിടത്തിന്റെ തവണകള്‍ ഇതിനകം അടച്ചു തീര്‍ത്തിരുന്നു. അത് വീണ്ടും പണയപ്പെടുത്തി പെട്രോള്‍ പമ്പ് തുടങ്ങുന്നത് ഒരു ബുദ്ധിമുട്ടായി ഞങ്ങള്‍ക്കാര്‍ക്കും തോന്നിയില്ല.
'പഴഞ്ചന്‍ ചായക്കട' മാറ്റി ഒരു പുതിയ ഹോട്ടലാക്കാമെന്ന അഭിപ്രായത്തോടു മാത്രം ഞാനല്പം വിയോജിപ്പ് പ്രകടിപ്പിച്ചു. മൊത്തത്തിലൊരു രൂപമാറ്റം ഞാനിഷ്ടപ്പെട്ടില്ലെങ്കിലും അല്ലറ ചില്ലറ മിനുക്കുപണികള്‍ നടത്തി സ്ഥല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടൊപ്പം മൂന്നു നാലു ജോലിക്കാരേയും കൂടെ കൂട്ടി, ചെറിയ തോതിലുള്ള കേറ്ററിംഗും ബേക്കറിയും ആരംഭിച്ചത് എന്റെ നാട്ടുകാര്‍ക്ക് സൗകര്യമായി.
 എന്റെ കാലശേഷം ഒരു വലിയ ഹോട്ടലാക്കിക്കോളൂ എന്നെന്റെ മക്കളോടു പറയാന്‍ ഞാന്‍ മറന്നില്ല.
ഇതിനിടെ സ്‌കൂളിലൊരു പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം സംഘടപ്പിച്ചു. വിദേശത്തുജോലി ചെയ്യുന്ന പലരും കൈയ്യയച്ചു സഹായിച്ചതു കൊണ്ട് സ്‌കൂള്‍ മുറ്റത്തെ പൊട്ടിപ്പൊളിഞ്ഞു കിടന്ന കിണര്‍ നന്നാക്കി, പൈപ്പു സെറ്റും ഇട്ടു. അത് കുട്ടികള്‍ക്ക് വലിയ ആശ്വാസമായി.
റോഡില്‍നിന്നും സ്‌കൂള്‍ മുറ്റത്തേക്കുള്ള പടവുകള്‍ നന്നാക്കി, ചെറിയ ഒരു മതിലും പണിത്, നല്ല ഒരു ബോര്‍ഡും സ്ഥാപിച്ചു. ഹൈസ്‌കൂളായി ഉയര്‍ത്തിയ സ്‌കൂളിന് പ്ലസ് ടൂ അനുവദിച്ചു കിട്ടാന്‍ വലിയ കാലതാമസം വന്നില്ല. 
മക്കളുടെ പഠിപ്പ്, വിവാഹ കാര്യങ്ങള്‍... ഇവയ്ക്കൊക്കെ പണത്തിന്റെ ആവശ്യം വര്‍ദ്ധിച്ചപ്പോള്‍ ഇവിടെ അടുത്തുള്ള പല കാരണവന്മാര്‍ക്കും കുറേശ്ശേ ഭൂമി  വില്‍ ക്കേണ്ടതായി വന്നതോടെ, സ്‌കൂളില്‍ നിന്നും വളരെ ദൂരെയല്ലാതെ താമസ്സസ്ഥലം തരപ്പെടുത്തണമെന്ന് മാഷന്മാരില്‍ ചിലരുടെ ആഗ്രഹം സഫലമായി.
വലിയതാമസ്സമില്ലാതെ ഒരു ബാങ്ക്, പലചരക്കു കടകള്‍, തുണിക്കടകള്‍ ഒക്കെ ഈ പ്രദേശത്ത് ആരംഭിച്ചു. തനി ഗ്രാമീണ അന്തരീക്ഷം മാറി ഒരു ചെറിയ പട്ടണത്തിന്റെ മോടിയും സുഖങ്ങളും കൈയ്യെത്തും ദൂരത്തായഅനുഭവം ഞങ്ങള്‍ക്ക് അഭിമാനം നല്‍ കുന്നതായിരുന്നു.
നമ്മുടെ നാടിനെ പട്ടണവല്ക്കരിച്ചതില്‍ കുമാരേട്ടന്റെ പങ്ക് വലുതാണെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി  സമ്മേളനത്തിലെ പരാമര്‍ശം ബാങ്ക് മാനേജര്‍ ഈയിടെ എന്നോട് പറയുകയുണ്ടായി.
മാഷന്മാര്‍, ബാങ്ക് ജീവനക്കാര്‍, പിന്നെ ചില കടയുടമകള്‍… ഒക്കെ ഇരു ചക്ര വാഹനങ്ങള്‍ വാങ്ങിയതോടെ തെങ്ങിന്‍തോപ്പിന്റെയും വാഴത്തോപ്പിന്റെയും ഇടയിലൂടെ ഉണ്ടായിരുന്ന ചെറിയ നടപ്പാത അല്പ്പം വീതി കൂട്ടി വൃത്തിയുള്ളതാക്കാന്‍ നാട്ടുകാരില്‍ ഒട്ടു മിക്കവരും തയ്യാറായി.
കായഫലമില്ലാതെ നിന്ന ചില തെങ്ങുകള്‍ വെട്ടിക്കളയാന്‍ ആരും മടി കാണിച്ചില്ല. വെള്ളമില്ലാതെ ഉണങ്ങി വരണ്ടു കിടന്ന പാടത്തിനരികില്‍ ഒരു നല്ല പഞ്ചായത്ത് റോഡ് എന്ന ആശയം; ഇരു ചക്ര വാഹനങ്ങള്‍ നാലു ചക്ര വാഹനങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ വലിയ കീറാമുട്ടികളില്ലാതെ നടന്നു കിട്ടി.
വഴികളൊക്കെ നന്നാക്കി ടാറിട്ടു. സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വായനശാല, ആരാധനാലയങ്ങള്‍... അങ്ങനെ കെട്ടിടങ്ങള്‍ പെരുകി.
ഞങ്ങളുടെ പട്ടണത്തിനു മുകളില്‍ മഴയും വെയിലും മാറി മാറി വിരുന്നു വന്നു.   രാവും പകലും വന്നു പോയി.
പഠിത്തം കഴിഞ്ഞ കുട്ടികളില്‍ നല്ലൊരു പങ്കും ജോലിയന്വേഷിച്ച് മറുനാടുകളിലേക്ക് പോയി- മാതാപിതാക്കളെയും സഹോദരങ്ങളെയും ഒരു കരയ്ക്കടുപ്പിക്കാന്‍.
അന്യ ദിക്കുകളിലെ ജോലിയും താമസവും മതിയാക്കി ജീവിത സായാഹ്നം ശാന്തമായി കഴിച്ചു കൂട്ടുവാന്‍ മടങ്ങിയെത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങി.
എന്റെ നാടിന്റെ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു. പാദങ്ങള്‍ ചെളിയില്‍ മുങ്ങി നടന്ന ഞാന്‍, ടാറിട്ട റോഡിലൂടെ കാല്‍നടയായും വാഹങ്ങളിലും സഞ്ചരിക്കുന്ന അടുത്ത തലമുറയെ നോക്കി ആഹ്ലാദിക്കുന്നു. 'അവശ്യസാധനങ്ങള്‍ ഏറെ അകലെയല്ലാതെ' എന്ന മോഹം പൂവണിയുന്നതു കാണുക! എന്തൊരു ഈശ്വരാനുഗ്രഹമാണിത്.
''കുമാരേട്ടാ, ഉറങ്ങിപ്പോയോ'' എന്ന ഹാജിയാരുടെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെ ''ഈ നൊസ്റ്റാള്‍ജിയാക്കാരെക്കൊണ്ടിപ്പം ഇരിക്കപ്പൊറുതിയില്ലാതായി'' എന്നു പറഞ്ഞത് ചങ്ങാതിക്ക് മനസ്സിലായിക്കാണുമോ..... ആവോ?
പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയാ സഹോദരങ്ങളേ.... ഒന്നു ചോദിച്ചോട്ടേ? നിങ്ങള്‍ക്കു താമസിക്കാന്‍ മോടിയേറിയ വീടു വേണം.... ഏ.സിയില്ലാതെ ഉറങ്ങാന്‍ പറ്റില്ല.... ഏറ്റവും മുന്തിയ തരം കാറു വേണം; അരക്കാതം അകലെ പോകണമെങ്കില്‍ കൂടി.
സിങ്കിള്‍ ലെയ്നും ഡബിള്‍ ലെയ്നും ഉണ്ടെങ്കിലും, ഒരഞ്ചു മിനിട്ട് വഴിയിലൊരു തടസമുണ്ടായാല്‍.... ഈ വഴിയെന്തേ നാലു ലെയ്ന്‍ ആക്കാത്തതെന്ന് നിങ്ങള്‍ ആകോശിക്കില്ലേ?
പക്ഷേ രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ കുട്ടികളെയും കൂട്ടി നാട്ടിലെത്തുമ്പോള്‍ നിങ്ങള്‍ കാണാനാഗ്രഹിക്കുന്നത്- അല്ല; നിങ്ങളുടെ മക്കള്‍ക്ക് കാട്ടിക്കൊടുക്കാനാഗ്രഹിക്കുന്നത്..... പൊട്ടിപ്പൊളിഞ്ഞ കിണറും ഒക്കുകല്ലുകളില്‍ ഏറെയും തകര്‍ന്ന സ്‌കൂള്‍ വരാന്തയും ഒരു ബഞ്ചും ഡസ്‌കും, പിന്നൊരു ചില്ലലമാരയുമായി ഇപ്പോഴും തുടരുന്ന കുമാരേട്ടന്റെ ചായക്കടയും!- തെങ്ങിന്തോപ്പുകള്‍ക്കിടയിലൂടെയുള്ള കുണ്ടും കുഴിയും നിറഞ്ഞ ഒറ്റയടിപ്പാത... പിന്നെ വലുതും ചെറുതുമായ  നീരൊഴുക്കുള്ള കൊച്ചു തോടുകള്‍....; ഇതൊക്കെയല്ലേ??
നിങ്ങളുടെ മനസിന്റെ കുളിര്‍മ്മയുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കാലത്തിനൊപ്പമുള്ള മാറ്റവും വളര്‍ച്ചയും ഞങ്ങള്‍ക്ക് പാടില്ലെന്നുണ്ടോ?
ആരുടെയും മുന്നില്‍ തല കുനിക്കാതെയും നട്ടെല്ലു വളയ്ക്കാതെയും സാധാരണക്കാരന്റെ ജീവിത ശൈലിയിലെ വളര്‍ച്ചയില്‍ ഞങ്ങളെ അഭിനന്ദിക്കൂ..... അടുത്ത വിസിറ്റിന് വരുമ്പോഴെങ്കിലും!!                                                                                                                                                                                                                                                                                                    


കുമാരേട്ടന്റെ ചായക്കടയും അല്പം നൊസ്റ്റാള്‍ജിയായും(ചെറുകഥ: മേരി ഏബ്രാഹം)
Join WhatsApp News
krupa john 2013-11-14 00:11:06

'ഗൃഹാതുരത്വം'   കൊള്ളാം.. 
krupa john 2013-11-14 00:15:55
superrrr!! Expecting more from you dear sister
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക