Image

കണ്ണൂരേ; നീ കൊയ്ത തലകള്‍ (കേരളത്തിലെ കൊലവെറിക്കെതിരേ) - ജോര്‍ജ് നടവയല്‍

Published on 28 October, 2013
കണ്ണൂരേ;  നീ കൊയ്ത തലകള്‍  (കേരളത്തിലെ കൊലവെറിക്കെതിരേ) - ജോര്‍ജ് നടവയല്‍
കണ്ണൂരേ നീ കൊയ്ത തലകള്‍
കണ്ണീര്‍കേരളത്തിന്റെ തലയോട്ടിക്കാല്‍വരികള്‍!
പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ കേരളം
ജനനായക ചോരയില്‍ മൂന്നാം കണ്ണു ചൂടണമോയിനിയും?
 
കിരാത രാഷ്ട്രീയദുര്‍മന്ത്ര രക്തരക്ഷസ്സുകള്‍ വാഴും
ഭ്രാന്താലയ ശിരസ്സിലാണി തറച്ചു തളയ്ക്കുവാനൊരു
വാത്മീകി യരുതു കാട്ടാളായെന്നു
കരുത്താര്‍ന്നെന്നിനി കടമ്മനിട്ടക്കാവുതീണ്ടി വരും?


രേണുകാംബതന്‍കഴുത്തറുത്ത പുത്രനാം
കേരള പരശുരാമ പരമ്പര്യത്തെരുവിലെ
കഴുത്തറപ്പു മാത്രമോ മലയാള പുത്രരേ;
നിങ്ങള്‍ മറക്കാത്തതിനിയും?

വാലു മാത്രം പിശാചിനു ദാനം ചെയ്ത്
മുഷ്ടി ചുരുട്ടി വായുവിലഭ്യാസം കാട്ടും ഗറില്ലകളേ;
കേരളത്തിന്റെ കരളില്‍ വഴിപിഴച്ചു  തറയ്ക്കാനല്ല
നിങ്ങള്‍ക്കു മാതാക്കള്‍ ദാനം തന്നീയരിവാള്‍ മുന!

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ കേരളം
ജനനായക ചോരയില്‍ നെറ്റിപ്പൂ ചൂടണമോയിനിയും?
 കണ്ണൂരേ നീ കൊയ്ത തലകള്‍
കണ്ണീര്‍കേരളത്തിന്റെ തലയോട്ടിക്കാല്‍വരികള്‍!

മുള്‍മുടിയണിഞ്ഞവന്റെ കണ്‍പോളകള്‍ കീറി
കല്ച്ചുറ്റികയടിച്ചു തകര്‍ക്കുന്നൂ ചില്ലുമേടയിലിരുന്നു
കലിയുഗ നായകനിരകള്‍, എഴുതിയതെഴുതിയതെന്നു
മൊഴിഞ്ഞും കീറക്കദറിനു ചിട്ടിയിട്ടും.

പരശുരാമ മഴുവിലണിഞ്ഞ നിണമിന്നും
ധാരയാകുന്നു കേരള ധരയുടെ നെറ്റിത്തടത്തില്‍;
ബിര്‍ളാ ഹൗസിലും സഫ്ദര്‍ജങ്ങ് റോഡിലും
ശ്രി പെരുമ്പുദൂരിലും ചോരക്കളമെഴുതിയ
കിരാത മന്ത്രങ്ങളേ  മലയാളനരബലിക്കരുതേയിനിയും;
അരുതമ്മതന്‍ മക്കളേ തമ്മില്‍ തല കൊയ്യായ്ക
മാമാങ്കമാകായ്ക; കുടല്‍ മാലയണിയായ്ക
കുടലു കരിഞ്ഞും പണിയുവോരുടെ ചുടുനിണമണിയായ്ക.

കണ്ണൂരേ;  നീ കൊയ്ത തലകള്‍  (കേരളത്തിലെ കൊലവെറിക്കെതിരേ) - ജോര്‍ജ് നടവയല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക