Image

ജിസിസി മന്ത്രിമാരുടെ സമ്മേളനം അബുദാബിയില്‍ തുടങ്ങി

Published on 21 October, 2011
ജിസിസി മന്ത്രിമാരുടെ സമ്മേളനം അബുദാബിയില്‍ തുടങ്ങി
അബുദാബി: ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ തൊഴില്‍, സാമൂഹിക കാര്യ മന്ത്രിമാരുടെ 28-ാം സമ്മേളനം അബുദാബിയില്‍ തുടങ്ങി. യുഎഇ തൊഴില്‍, സാമൂഹികകാര്യ മന്ത്രി സഖര്‍ ഗോബാഷ്‌ സയീദ്‌ ഗൊബാഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജിസിസി രാജ്യങ്ങളുടെ പൊതുനയ പരിപാടികളാണു പ്രധാനമായും ചര്‍ച്ച ചെയ്യുക. തൊഴില്‍ മേഖലയില്‍ ദേശസാല്‍ക്കരണത്തിനുള്ള അനുകൂല സന്ദര്‍ഭം വര്‍ധിച്ചതും തൊഴിലിനായി നടത്തുന്ന അനധികൃത മനുഷ്യക്കടത്തു രീതികളെ സംബന്ധിച്ചും ജിസിസി മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്‌ഖ്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെയും വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെയും ആശംസാ സന്ദേശങ്ങളും സമ്മേളനത്തിന്റെ ഉദ്‌ഘാടന വേളയില്‍ തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ്‌ വായിച്ചു. അറബ്‌ സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ സെക്രട്ടേറിയറ്റ്‌, ജിസിസി എക്‌സിക്യൂട്ടീവ്‌ ഓഫിസ്‌ പ്രതിനിധികളും തൊഴില്‍ മന്ത്രിമാര്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

യുഎഇ ഭരണാധികാരികളുടെ പ്രത്യേക നിര്‍ദേശാനുസരണം ജിസിസി രാജ്യങ്ങളിലെ യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളുടെ ദേശീയ മാനവ വിഭവശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പരിപാടികള്‍ക്ക്‌ ഈ തീരുമാനം ഉപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. അറബ്‌ രാജ്യങ്ങളില്‍ ഏകീകൃത തൊഴില്‍ സവിധാനം നടപ്പാക്കുന്നതോടൊപ്പം പൊതുവായ തൊഴില്‍ വര്‍ഗീകരണവും തൊഴില്‍ വിവരണങ്ങളും ഭാവിയില്‍ നടപ്പാക്കും.

സ്വദേശി വല്‍ക്കരണത്തിനു ജിസിസി രാജ്യങ്ങളില്‍ പൊതുനയപരിപാടി നടപ്പാക്കും. തൊഴില്‍ അപേക്ഷകരില്‍ ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പരിഗണന നല്‍കുന്ന ഏകീകൃത പരിപാടി യുഎഇയില്‍ നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക